Image

നരാധമാ നിനക്കു മാപ്പില്ല ( കഥ : സൂസൻ പാലാത്ര)

Published on 17 January, 2021
  നരാധമാ നിനക്കു മാപ്പില്ല ( കഥ : സൂസൻ പാലാത്ര)
 " മോനെ ഉമ്മ ഉപദ്രവിക്കാറുണ്ടോ?"
"ഇല്ല ''

"മോൻ്റെ ശരീരത്തിൽ ഉമ്മ എവിടെയെല്ലാം പിടിക്കും"

"ഉമ്മ പിടിക്കാറില്ല"

"ഉമ്മ മോൻ്റെ ഇച്ഛീച്ചി സ്ഥലത്ത് ....."

പൊട്ടിക്കരയുന്ന നിഷ്ക്കളങ്കബാല്യം. 

"എൻ്റുമ്മച്ചി പാവമാണ്. എൻറുമ്മച്ചിയെ വാപ്പച്ചി കുടുക്കിയതാ... വാപ്പച്ചിയ്ക്ക് വേറെ ഭാര്യേം മക്കളുമൊണ്ട്, എൻ്റുമ്മച്ചി പാവമാ..." അവൻ നിർത്താതെ ഏങ്ങലടിച്ചുകരഞ്ഞുകൊണ്ടേയിരിക്കുന്നു. നിയമപാലകരെയും അഭിഭാഷകരെയും തെറ്റിദ്ധരിപ്പിച്ചു പാട്ടിലാക്കി കെണിയൊരുക്കി എത്ര ബാല്യങ്ങൾ  നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അനാഥമാകുന്ന  ബാല്യങ്ങളും മാതൃത്വവും .. 
പോക്സോകേസിൽ ഒരിക്കലും ഊരിപ്പോരാത്ത നിയമങ്ങൾ കൂട്ടിച്ചേർത്ത് തുറുങ്കിലടയ്ക്കപ്പെട്ട മാതൃത്വത്തിൻ്റെ ദയനീയത. 
      
         സിസിലി ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്ക് ചെന്ന് മുട്ടുകുത്തി ദൈവത്തോട് പ്രാർത്ഥിച്ചു. "ദൈവമെ ഒരു നരാധമൻ്റെയും അയാളുടെ വെപ്പാട്ടിയുടേയും സ്വാർത്ഥതയ്ക്കും കോപാഗ്നിക്കും ഇരയാക്കപ്പെട്ട ആ നിഷ്ക്കളങ്കമാതൃത്വത്തെ രക്ഷിക്കണമെ"
പോറ്റമ്മയ്ക്ക് ഇങ്ങനെ നീചമായി മക്കളോട് പ്രവർത്തിക്കാൻ കഴിയും. ലഹരിക്കടിമയാകാത്ത, സുബുദ്ധിയുള്ള ഒരമ്മയ്ക്ക് കഴിയുമോ  അതും ഒരു പെറ്റമ്മയ്ക്ക്  തൻ്റെ മകനെ ബലാത്സംഗം ചെയ്യാനും പീഡിപ്പിയ്ക്കാനും കഴിയുമോ? 
       ഒരിക്കലുമില്ല. ഈ ഇന്ത്യാ മഹാരാജ്യത്തെ  ഒരമ്മയ്ക്കു പോലും ഇത്ര അധമമായി ചിന്തിയ്ക്കാൻ പോലുമാവില്ല. എന്തിനേറെ ലോകത്ത് ഒരു പെറ്റമ്മയ്ക്കും കഴിയില്ല. അത്ര മഹനീയമാണ് മാതൃത്വം. ജയം നേടാൻ ആരെയും  എന്തും പറഞ്ഞ് കുടുക്കി ഏതറ്റം വരെയും പോയി  തുറുങ്കിലടയ്ക്കാമെന്നോ?കേട്ടുകേൾവി പോലുമില്ലാത്ത കെട്ടിച്ചമച്ച കേസ്. മാതൃത്വത്തിൻ്റെ മഹനീയത അറിയാത്ത മനുഷ്യമൃഗമേ നിനക്കു മാപ്പില്ല. ആ നരാധമൻ്റെ തലയിൽ ആകാശത്തിലെ ഇടിവീഴട്ടെ. ഭൂമിയിലെ പാമ്പുകൊത്തട്ടെ.  ഓർക്കുന്തോറും സിസിലിയുടെ ബി.പി. കൂടിക്കൊണ്ടിരുന്നു. തുറുങ്കിലടയ്ക്കപ്പെട്ട 'പാവം പെണ്ണിൻ്റെ'  മാതാപിതാക്കളുടെ തോരാക്കണ്ണീർ.... മകൻ്റെ നിലവിളി.... ഇതെല്ലാം മനോമുകുരത്തിൽ തെളിഞ്ഞു തെളിഞ്ഞു വരികയാണ്. 
        ഈശ്വരാ സ്വതന്ത്ര ഭാരതത്തിലെ എത്ര അമ്മമാർക്ക് സ്വസ്ഥമായുറങ്ങാനാകും  ഇത്തരം വാർത്തകൾ കേട്ടിട്ട്. സിസിലി പതിവിനു വിപരീതമായി പ്രഷറിൻ്റെ രണ്ടു ഗുളികകൾ വിഴുങ്ങി. ടവ്വലിൽ വെള്ളം നനച്ച് നെറ്റിയിലിട്ടു. ഭർത്താവ് അവൾക്കേറ്റവും ഇഷ്ടപ്പെട്ട "മഹൽ സ്നേഹം മഹൽ സ്നേഹം " എന്ന ഗാനം വളരെ ,നേർത്ത സ്വരത്തിൽ വച്ചു കൊടുത്തു. എന്നിട്ട് അവളുടെ തലയിൽ മൃദുവായി തലോടിക്കൊടുത്തു. നോക്കാം... കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം... ഇപ്പോൾ ഒന്ന്  
കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്ക്. അവൾ കണ്ണടച്ചു കിടന്നു. ചിന്തകളെയെല്ലാം നാട്ടുകടത്താൻ ഒരു പാഴ്ശ്രമം നടത്തി. ഇല്ല അവ ഒഴിയാബാധപോലെ അവളെ പിന്തുടരുന്നു. കേവലം  ആറുവയസ്സുള്ള ഒരുപെൺകുട്ടി, പതിനൊന്നു വയസ്സുള്ള ആൺകുട്ടി, യുവതിയായ സുന്ദരിയായ ഒരമ്മ .... കരുണ യാചിച്ചു കൊണ്ട് മദ്ധ്യവയസ്സ് കഴിഞ്ഞ മാതാപിതാക്കൾ .... കരുണ യാചിക്കുന്ന ..... നീണ്ടുനീണ്ടു വരുന്ന കരങ്ങൾ.... തട്ടിമാറ്റാനാവുന്നില്ല.... സിസിലി ഉച്ചത്തിലലറി എനിക്കു വയ്യേ.... നമുക്കു  ഹോസ്പിറ്റലിൽ പോകാമേ....
                 .........

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക