Image

ഓർമ്മയ്ക്കായ് (കവിത: ജിസ പ്രമോദ്)

Published on 17 January, 2021
ഓർമ്മയ്ക്കായ്  (കവിത: ജിസ പ്രമോദ്)

ഇല്ലയെനിക്ക് കരുതിവയ്ക്കാൻ,  

ഒരു ചുംബനചൂടിനോർമ്മപോലും. 

ഒന്നിച്ചിരുന്ന മാത്രകളില്ല, 

ഒരു വഴിയോരത്തും നീയെനിക്കായ് കാത്തതില്ല. 

ഒരു കടൽക്കാറ്റിൻ തീക്ഷ്ണവേഗങ്ങളും, 

നമ്മളെതൊട്ടു കടന്നുപോയതില്ല. 

ഒന്നിച്ചു നനഞ്ഞ മഴയോർമ്മകളില്ല, 

ഒന്നിച്ചു കൊണ്ട വെയിൽച്ചൂടുകളുമില്ല.  

ഓർമ്മിക്കുവാനില്ല ഒരു നനുത്ത സ്പർശത്തിൻ തണുപ്പ് പോലും. 

തിരച്ചറിഞ്ഞീടാനേകിയതില്ലൊരാലിംഗനത്തിൻ  ചൂരുപോലും. 

എങ്കിലും ഞാനറിയുന്നോമലേ, 

നമ്മളിരിരുപേരൊറ്റയാത്മാക്കൾ, 

ഒരു പുഴയ്ക്കക്കരെയിക്കരെയിരുന്നു നാം, 

ഒരേ സ്വപ്നത്തിൻ തോണിതുഴയുന്നതായ്,

നിന്റെ ജീവിതപാതയോരങ്ങളിൽ നീയെന്നെ തിരയുന്നതായ്, 

നിന്റെ ശ്വാസക്കാറ്റിൽ, 

എന്റെ നിശ്വാസത്തെ തേടുന്നതായ്, 

നീ നനഞ്ഞ മഴയും, 

ഞാൻ കൊണ്ട വെയിലും, 

ഒരേയാകാശത്തിൻ കീഴിലെന്നോർത്തു,

വൃഥാ, ആശ്വാസനിശ്വാസമുതിർക്കുന്നതായ്.

ഞാനുമതേ ചിന്തകൾ തൻ സ്വപ്നത്തേരിൽ 

ആകാശദീപങ്ങൾ  തെളിയുന്ന  രാവിൽ, 

ഒറ്റതിരിഞ്ഞു നിൽക്കുമൊരു ദീപത്തെ,  

നീയെന്നോർത്തു കണ്ണിമയ്ക്കാതെ നോക്കിനില്പ്പൂ. 

എല്ലാം മിഥ്യയെന്നോർക്കുന്ന നേരം, 

പുനർജ്ജനിയുണ്ടീ ഭൂവിലെങ്കിൽ, , 

ഒരേ മഴകൊണ്ട്, 

ഒരേ വെയിൽചൂടറിഞ്ഞു, 

ഒരു പുഴക്കരയിൽ, , 

അല്ലലറിഞ്ഞും സുഖമറിഞ്ഞും, 

നിന്റെ മക്കളെ പെറ്റുവളർത്തിയും, 

നിന്റെ സ്നേഹത്താലോടലേറ്റും, 

ഒന്നിച്ചൊരുജന്മം നിന്റെ കൂടെ, 

നിന്റേതു മാത്രമായി ജീവിച്ചീടാം. 

എല്ലാം വ്യർത്ഥമാം പ്രതീക്ഷകൾ മാത്രമെന്നറികിലും, 

ഈ പ്രതീക്ഷകൾ നല്കുമുണർവിനാലെ, 

നിന്നോർമ്മകൾ തൻ പായ്വഞ്ചിയിലെറിയീ  

ജീവിതനദി  ഞാൻ തുഴഞ്ഞീടുന്നു.

അക്കരെനിൽക്കും നിന്നരികിലെത്താൻ. 

ഒന്നിച്ചൊരുജന്മം പുണർന്നുറങ്ങാൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക