Image

ബൈഡന്റെ സ്ഥാനാരോഹണം ഉജ്വലമാകും; പക്ഷെ പൊതുജനങ്ങൾ കുറയും

Published on 16 January, 2021
ബൈഡന്റെ സ്ഥാനാരോഹണം ഉജ്വലമാകും; പക്ഷെ പൊതുജനങ്ങൾ കുറയും
ലോകം ഉറ്റുനോക്കുന്ന ഒന്നാണ് യു എസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം. ജോസഫ് ആർ.ബൈഡൻ ജൂനിയർ പ്രസിഡന്റായി അധികാരമേൽക്കുന്നത് ജനുവരി 20, ബുധനാഴ്ച ഉച്ചയ്ക്കാണ്. പ്രധാന ചടങ്ങുകളെല്ലാം പരമ്പരാഗത രീതിയിൽ തന്നെ നടത്താനുള്ള തയ്യാറെടുപ്പുകൾ ചെയ്തുവരികയാണ്. കൊറോണ മഹാമാരിയോട് പൊരുതുന്നതിനിടയിൽ ചടങ്ങിന്റെ ഗാംഭീര്യത്തിനും ഗരിമയ്ക്കും കുറവുവരുത്താതെ ചില മാറ്റങ്ങളോടെയാണ് ഇത്തവണ   ഉദ്ഘാടന നാളിലെ ആഘോഷങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഉച്ചയ്ക്കുമുന്പേ തന്നെ ക്യാപിറ്റോളിന്റെ വെസ്റ്റ് ഫ്രണ്ടിൽ ബൈഡന്റെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അരങ്ങേറും. പുതിയ പ്രസിഡന്റ്  തന്റെ ഉദ്ഘാടന പ്രസംഗം നടത്തിയശേഷം സൈന്യത്തെ പരമ്പരാഗത രീതിയിൽ അഭിവാദ്യം ചെയ്യും.
ആവേശത്തിൽ ആർപ്പുവിളിക്കുന്ന പെൻസിൽവാനിയ അവന്യുവിലെ ജനസാഗരത്തെ സാക്ഷി നിർത്തി പ്രസിഡന്റും വൈസ് പ്രസിഡന്റും കുടുംബവുമായി പരേഡിന്റെ അകമ്പടിയോടെ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നതാണ് പതിവ്. പരേഡിന്റെ സ്ഥാനത്ത് ഇക്കുറി ഓരോ നഗരത്തിൽ  നിന്നും  മിലിറ്ററി ശാഖയിലെ ഓരോ പ്രതിനിധികൾ  അണിനിരന്ന് ഔദ്യോഗിക അകമ്പടി നൽകും. 

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക്, വെർച്വൽ പരേഡും ഉദ്ഘാടന സമിതി  രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്. സംഗീത- കാവ്യ-നൃത്ത രംഗങ്ങളിൽ നിന്നുള്ളവർ, മുൻനിരയിൽ നിന്ന് മഹാമാരിയെ നേരിട്ട അമേരിക്കയിലെ വീരനായകർക്ക് പ്രണാമം അർപ്പിക്കും.

ലേഡി ഗാഗ ഉദ്ഘാടനത്തിന് അമേരിക്കയുടെ ദേശീയ ഗാനം ആലപിക്കും. ടോം ഹാങ്ക്സ്, ജസ്റ്റിൻ ടിംബർലേക്ക്, ഡെമി ലൊവാറ്റോ, ജോൺ ബോൺ ജോവി എന്നീ സെലിബ്രിറ്റികളെ അണിനിരത്തി പ്രൈം ടൈം ടെലിവിഷൻ ഇവന്റ് ഉദ്ഘാടനരാത്രി ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 

കോറോണയിൽ ജീവൻ നഷ്ടപ്പെട്ട ജനങ്ങളുടെ ഓർമ്മയ്ക്കുമുന്നിൽ ആദരസൂചകമായി ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്ടറിംഗ് പൂളിൽ വച്ച് ദീപം തെളിക്കുന്ന ചടങ്ങ് സത്യപ്രതിജ്ഞയുടെ തലേനാളായ ജനുവരി 19 ന് വൈകുന്നേരം 5.30 ന് നടത്താൻ കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്.

ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ നടത്തിയ ആക്രമണത്തിന് സമാനമായ ഒന്ന് ഉണ്ടായേക്കാമെന്ന് മേയർ മ്യൂറിയേൽ ഇ ബൗസെർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ, നഗരത്തിൽ അടിയന്തരാവസ്ഥ ജനുവരി 21 വരെ നീട്ടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
എഫ്.ബി.ഐ യും സെക്രട്ട് സർവീസും കനത്ത സുരക്ഷയാണ് ഉദ്ഘാടന ദിവസം ഏർപ്പെടുത്തിയിരിക്കുന്നത്. 

പ്രസിഡന്റ് ട്രംപ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സാന്നിധ്യം താൻ സ്വാഗതം ചെയ്യുമെന്ന് ബൈഡൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, അദ്ദേഹം പങ്കെടുക്കുമെന്ന് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ലിയു ബുഷ്, ബറാക് ഒബാമ, ബിൽ ക്ലിന്റൺ എന്നിവരും  അവരുടെ പത്നിമാരും മുൻ പ്രഥമ വനിതകളുമായ ലോറ ബുഷ്, മിഷേൽ ഒബാമ, ഹിലരി ക്ലിന്റൺ എന്നിവർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. 

ജോയിന്റ് കോൺഗ്രഷണൽ കമ്മിറ്റി കോൺഗ്രസ് അംഗങ്ങൾക്ക് ചടങ്ങിന്റെ ഭാഗമാകാനുള്ള ആയിരക്കണക്കിന് ടിക്കറ്റുകൾ വിതരണം ചെയ്യുകയും, തങ്ങൾ പ്രതിനിധീകരിക്കുന്ന പ്രദേശത്തെ ജനങ്ങളെ ക്ഷണിക്കാൻ ഈ ടിക്കറ്റുകൾ അവർ വിതരണം നടത്തുന്നതുമായിരുന്നു പതിവ്. കോവിഡ്  മൂലം  ഈ വര്‍ഷം ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നില്ല.  

ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് ആഹ്വാനം. വലിയ ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുന്നതുകൊണ്ട് വെർച്വൽ ഇവന്റുകളിൽ പങ്കെടുക്കാനാണ് അഭ്യർത്ഥി ച്ചിരിക്കുന്നത്. പ്രസിഡൻഷ്യൽ ഇനോഗുറൽ കമ്മിറ്റിയും ന്യൂയോർക് ടൈംസും പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നടത്തും. 

ബുധനാഴ്ച രാവിലെ സ്ഥലം വിടുന്ന തനിക്ക് സൈനിക മേധാവികൾ പങ്കെടുക്കുന്ന യാത്രയയപ്പ് നൽകണമെന്ന് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്‌ച നടക്കാനിരുന്ന ബൈഡന്റെ ഉദ്ഘാടന റിഹേഴ്സൽ മാറ്റിവച്ചെന്ന് റിപ്പോർട്ട് 

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഉദ്ഘാടന റിഹേഴ്സൽ ഞായറാഴ്ച നടക്കാനിരിക്കെ സുരക്ഷാ കാരണങ്ങൾ കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ട്. 

ജനുവരി ആറിന് ക്യാപിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിന്റെ ഭീതി നിലനിൽക്കെ, ജനുവരി 16 നും 20 നും ഇടയിൽ സായുധ പ്രതിഷേധം എല്ലാ 50 സ്റ്റേറ്റ് ക്യാപിറ്റോളുകളിലും പ്രതീക്ഷിക്കുന്നെന്ന് എഫ് ബി ഐ മുന്നറിയിപ്പ് നൽകിയിരുന്നു. 

ജനുവരി 18 തിങ്കളാഴ്‌ച റിഹേഴ്സൽ നടക്കില്ലെന്നാണ് പൊളിറ്റിക്കോ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. 

സുരക്ഷാ ഭീഷണി മൂലം , ബൈഡനും സംഘവും വിൽമിങ്ങ്ടണിൽ നിന്ന് വാഷിങ്ങ്ടണിലേക്ക് തിങ്കളാഴ്‌ച നിശ്ചയിച്ചിരുന്ന ട്രെയിൻ യാത്രയും (Amtrak trip) വേണ്ടെന്ന് വച്ചതായി സൂചനയുണ്ട് . എന്നാൽ, ബൈഡൻ ട്രാൻസിഷൻ ടീമോ, സീക്രെട് സർവീസോ ജോയിന്റ് കോൺഗ്രഷണൽ കമ്മിറ്റിയോ ഉദ്ഘാടനച്ചടങ്ങിലെ  മാറ്റങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

നിയുക്ത പ്രസിഡന്റിന് എഫ് ബി ഐ യിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും ദേശിയ സുരക്ഷാ സംഘത്തിലെ പ്രധാനികളിൽ നിന്നും ഇത് സംബന്ധിച്ച് നിർദ്ദേശം ലഭിച്ചതായാണ് പൊളിറ്റിക്കോ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച മുതൽ സീക്രെട് സർവീസ്, ഉദ്ഘാടന ചടങ്ങിനു വേണ്ടി  പ്രത്യേക സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയെന്ന് ഹിൽ ന്യൂസ് വെബ്‌സൈറ്റിലെ വിവരങ്ങൾ പറയുന്നു.

വാഷിംഗ്ടൺ ഡി സി യിൽ കുറഞ്ഞത് 20,000 ദേശിയ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണിയ ശേഷം ജോ  ബൈഡന്റെയും കമലാ ഹാരിസിന്റെയും വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കോൺഗ്രസ് സെഷൻ കൂടുമ്പോഴാണ് ജനുവരി 6 ന് ക്യാപിറ്റോൾ  മന്ദിരത്തിൽ ആക്രമണം നടന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കലാപത്തിൽ ജീവൻ വെടിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക