Image

ആലങ്ങാട്ട് സംഘം സന്നിധാനത്ത് ശീവേലിയും താലം എഴുന്നള്ളിപ്പും നടത്തി

Published on 16 January, 2021
ആലങ്ങാട്ട് സംഘം സന്നിധാനത്ത് ശീവേലിയും താലം എഴുന്നള്ളിപ്പും നടത്തി
ശബരിമല: അമ്പലപ്പുഴ സംഘത്തിന്റെ ശീവേലിയും ആലങ്ങാട് സംഘത്തിന്റെ താലം എഴുന്നള്ളിപ്പും സന്നിധാനത്തെ ഭക്തി ലഹരിയിലാക്കി. ആദ്യം അമ്പലപ്പുഴ സംഘത്തിന്റെ എഴുന്നള്ളത്തായിരുന്നു. മാളികപ്പുറം മേല്‍ശാന്തി എം.എന്‍.റെജികുമാര്‍ തിടമ്പ് പൂജിച്ചു നല്‍കിയതോടെ ചടങ്ങ് തുടങ്ങി. തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടികള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പതിനെട്ടാംപടിക്കലേക്ക് എഴുന്നള്ളി. അവിടെ എത്തിയ ശേഷം പടി കഴുകി വൃത്തിയാക്കി. പടിയില്‍ കര്‍പ്പൂര ആരതി നടത്തി. തുടര്‍ന്ന് ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തു നിന്നു തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തി.

നെയ്യഭിഷേകവും മഹാനിവേദ്യവും നടത്തിയ ശേഷമാണ് സംഘം ശീവേലി എഴുന്നള്ളത്തിന് എത്തിയത്. ഇരുമുടിക്കെട്ടില്‍ കൊണ്ടു വന്ന എള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കിയ എള്ള് പായസമാണ് ദേവന് നിവേദിച്ചത്.കണ്ണെഴുതി വെള്ളമുണ്ട് ഉടുത്ത് താലവും ഏന്തിയാണ് ആലങ്ങാട് സംഘം എത്തിയത്. മാളികപ്പുറം മേല്‍ശാന്തി തിടമ്പ് പൂജിച്ചു കൈമാറി. വെളിച്ചപ്പാടുകള്‍ കല്‍പന ചൊല്ലി. ഗോളക, കൊടി, തിടമ്പ് എന്നിവയുടെ അകമ്പടിയോടെ പതിനെട്ടാംപടിക്കലേക്ക് നീങ്ങി. പടിയില്‍ കര്‍പ്പൂരം കത്തിച്ചു പടിപൂജ നടത്തി ദര്‍ശനം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക