Image

ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 15 January, 2021
 ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ജനിക്കാതെ
മരിച്ചു പോയ
ചില ഓര്‍മ്മകള്‍ക്ക്
ഞാന്‍
അടയിരിക്കാറുണ്ട്

അമ്മപ്പക്ഷിയെപ്പോലെ
ചിന്തകളുടെ
ചെറുചൂടേറ്റ്
പുറന്തോടു പൊട്ടി
പുറത്തു വരുന്ന
ഓര്‍മ്മകളുടെ
ചിറകില്ലാ കുഞ്ഞിന് 
കാവലിരിക്കാറുണ്ട്

കാലത്തിന്റെ
നനഞ്ഞ ഹൃദയത്തില്‍
പറ്റി ചേര്‍ന്ന്
ദിശമാറിയ ജീവിതത്തിന്റെ
ഭ്രമണപഥങ്ങളിലെ
ചില ഓര്‍മ്മതെറ്റുകള്‍
അയവിറക്കാറുണ്ട്

ഋതുഭേദങ്ങള്‍
പൊഴിച്ചിട്ടു പോയ
ഓര്‍മ്മച്ചില്ലകളിലെ
മണമില്ലാ പൂക്കളെ
മനസ്സിന്റെ
കനല്‍ച്ചൂടില്‍
കൊരുക്കാറുണ്ട്

വഴിയാത്രകളിലെ
ഉഷ്ണ ഭൂവില്‍
ദാഹജലത്തിന്റെ
മരീചികകള്‍
താമരക്കുമ്പിളിലേകുന്ന
ഓര്‍മ്മ പ്രസാദങ്ങള്‍
തൊട്ടു തൊഴാറുണ്ട്.

നിദ്രയുടെ
നിശ്ശബ്ദയാമത്തില്‍
താരകങ്ങള്‍ പൂത്ത
ആകാശ വനത്തിലെ
കാലം തെറ്റി മിന്നിയ
ഒരു കൊള്ളിയാനില്‍
അടയിരുന്ന ഓര്‍മ്മകള്‍
ചാപിള്ളയായി
ജനിക്കാറുണ്ട്. ....




 ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക