Image

മരണ താണ്ഡവം; ഒരു മാസം ഒരു ലക്ഷം മരണമെത്തുന്നു; കാലിഫോർണിയ മെച്ചപ്പെട്ടു

മീട്ടു Published on 14 January, 2021
മരണ താണ്ഡവം; ഒരു മാസം ഒരു ലക്ഷം മരണമെത്തുന്നു; കാലിഫോർണിയ മെച്ചപ്പെട്ടു

അതികഠിനമായ ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 4400 ൽ അധികം പേർ യു എസിൽ ചൊവ്വാഴ്ച കോവിഡ് മൂലം മരണപ്പെട്ടു. ജനങ്ങൾ കോവിഡിന്റെ ഭീതിയിൽ കഴിയുമ്പോഴും ട്രംപ് അനുകൂലികൾ  വാഷിംഗ്ടണിൽ സൃഷ്‌ടിച്ച കോലാഹലങ്ങളിലേക്കാണ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും.

9/11 ന് രാജ്യത്തെ നടുക്കിയ തീവ്രവാദി  ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തെ അപേക്ഷിച്ച് 1,597 പേർ കൂടുതലാണ് ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതിനകം ലോകത്തെ തന്നെ ഏറ്റവും ഉയർന്ന മരണസംഖ്യയായ 4 ലക്ഷത്തോട് വളരെ അടുത്തു എന്ന നാണക്കേടും യു എസിന്റെ പേരിലായി. 3 ലക്ഷം പിന്നിട്ട് ഒരു മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അമേരിക്കയിൽ രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ പോലും ഇത്രയധികം ജീവഹാനി സാക്ഷ്യപ്പെടുത്തിയിട്ടില്ല.

ട്രംപിന്റെ ഇമ്പീച്ച്മെന്റിനെക്കുറിച്ച് മാത്രമാണ് ചർച്ച. ഹൗസ് അംഗങ്ങൾ ഇന്നലെ ട്രംപിനെതിരായി വോട്ട് ചെയ്തു. ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗപ്പെടുത്തി പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റ് മൈക്ക്  പെൻസ് തയ്യാറാകാതിരുന്നതിനെത്തുടർന്നാണ് ഇമ്പീച്ച്മെന്റ് നടപടിയിലേക്കു കടന്നത്. 

അധികാരത്തിന്റെ അവസാന നാളുകളിൽ ട്രംപ് എന്തുചെയ്യുമെന്ന് ആകാംക്ഷരായിരുന്നവർക്ക് മുൻപിൽ ക്യാപിറ്റോൾ മന്ദിരത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേർ മരിച്ചുവീഴുന്ന ദൃശ്യമാണ് നടന്നത്. ബ്രയാൻ ഡി. സിക്നിക് എന്ന ആ പോലീസുകാരനെ 'ഹീറോ' എന്ന നിലയിൽ രാജ്യം ഓർക്കണമെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞത്. 

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് 65 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുന്ന രീതിയിൽ എല്ലാ സംസ്ഥാനങ്ങളിലും  വാക്സിൻ ഡോസുകളുടെ വിതരണം ത്വരിതപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടത്തിലെ ആരോഗ്യ സെക്രട്ടറി അലക്സ്. എം.അസർ സമാശ്വസിപ്പിച്ചു. 

'ആവശ്യക്കാരുടെ കയ്യിലെത്താതെ വെയർഹൗസിൽ കെട്ടിക്കിടക്കുന്ന ഓരോ വാക്സിൻ ഡോസിനും പകരം ഒരു ജീവൻ നഷ്ടപ്പെടുകയോ ആശുപത്രിയിൽ ഒരു കിടക്കകൂടി അധികം വേണ്ട സാഹചര്യമോ വരും'. അസർ അഭിപ്രായപ്പെട്ടു.

അടച്ചുപൂട്ടലുകളിൽ നിന്ന്  കാലിഫോർണിയ ഉണർന്നത് ആശ്വാസമായി 

പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്നവർ രോഗമുക്തി നേടിയതും ഉൾപ്പെടെ ശുഭസൂചനകൾ കാണുന്നു എന്ന വിവരം കാലിഫോർണിയ ഗവർണർ ഗാവിൻ ന്യുസം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് നൽകി. സാക്രമെന്റോയിൽ ഹെയർ സലൂൺ, ഔട്ഡോർ ഡൈനിങ്ങ്, റെസ്റ്റോറന്റ്  എന്നിങ്ങനെയുള്ള ബിസിനസുകൾ ഭാഗീകമായി തുറക്കാൻ അനുമതി ലഭിച്ചു. പത്ത് മില്യൺ ജനസംഖ്യയുള്ള മൂന്ന് വലിയ  പ്രദേശങ്ങളിൽ,   നിയന്ത്രണങ്ങൾ തുടരുകയാണ്. അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഒത്തുചേരലുകൾ അനുവദനീയമല്ല. 

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞെത് നല്ല തുടക്കത്തിന്റെ സൂചന നൽകുന്നെന്ന് കാലിഫോർണിയ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്  ഡോ. മാർക്ക് ഘാലി അഭിപ്രായപ്പെട്ടു. 

പ്രതീക്ഷാവഹമായ റിപോർട്ടുകൾ ലഭിക്കുമ്പോഴും, സതേൺ കാലിഫോർണിയയിലും  സെൻട്രൽ വാലിയിലും ഇപ്പോഴും ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യമാണുള്ളത്. സ്റ്റേറ്റിൽ 720 പേർ ചൊവ്വാഴ്‌ച മരണപ്പെട്ടു. വാക്സിനേഷൻ പ്രോഗ്രാമുകൾ ത്വരിതപ്പെടുത്താൻ കാലിഫോർണിയ ശ്രമിക്കുന്നുണ്ടെങ്കിലും, ലഭ്യമായ ഡോസിന്റെ നാലിലൊന്ന് മാത്രമേ ഇതിനകം വിതരണം നടന്നിട്ടുള്ളൂ. ജനങ്ങൾ വാക്സിൻ ലഭിക്കാൻ അർഹരാകുമ്പോൾ അവർക്ക് സന്ദേശം എത്തുന്ന പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. 

' ഏറ്റവും അത്യാവശക്കാർക്ക് എന്നതിനപ്പുറം പ്രത്യേക മാനദണ്ഡങ്ങളോ മുന്‍ഗണനകളോ  വാക്സിൻ വിതരണത്തിൽ നോക്കുന്നില്ല. ഇപ്പോൾ അർഹത നേടാത്തവർ അല്പം കാത്തിരിക്കണം. എല്ലാവരിലേക്കും എത്രയും വേഗം വാക്സിൻ എത്തും. കൂടുതൽ ഡോസ് ആവശ്യപ്പെട്ടിട്ടുണ്ട്' ന്യൂസം വ്യക്തമാക്കി. 

ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോയുടെ സന്ദേശത്തിന്റെ പ്രസക്തഭാഗം 

സ്റ്റേറ്റിന് കീഴിൽ പുതിയ മൂന്ന് വാക്സിൻ സൈറ്റുകൾ തുടങ്ങി.
വരും ദിവസങ്ങളിൽ കൂടുതൽ സൈറ്റുകൾ തുറക്കും. അപ്പോയിന്റ്മെന്റ് എടുത്ത  ക്രമത്തിലാണ് വാക്സിൻ വിതരണം.

വാക്സിൻ ലഭിക്കാനുള്ള അർഹത പരിശോധിക്കാൻ 'Am I eligible' എന്ന ആപ്പിന്റെ സഹായം തേടാം. 

കൂടുതൽ അറിയാൻ ന്യൂയോർക് സ്റ്റേറ്റ് വാക്സിൻ ഹോട് ലൈൻ നമ്പറായ 1-833-697-4829)അഥവാ 1-833-NYS--4-VAX ൽ ബന്ധപ്പെടുക.

ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്.

വിതരണം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെ ഏറ്റവും വലിയ വെല്ലുവിളി ഫെഡറൽ ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന ഡോസുകളുടെ അപര്യാപ്തതയാണ്.

എല്ലാവര്‍ക്കും വാക്സിൻ ലഭ്യമാകുന്നതുവരെ ന്യൂയോർക്കുകാർ ക്ഷമയോടെ കാത്തിരിക്കണം.

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്: 8929 
1,96,868 പേരെ പരിശോധിച്ചതിൽ 14,577 പേരുടെ ഫലം പോസിറ്റീവായി.
പോസിറ്റിവിറ്റി നിരക്ക്: 7.40 ശതമാനം.
1501 രോഗികൾ ഐ സി യു വിൽ കഴിയുന്നു.
165 പേർ മരണപ്പെട്ടു.

ഹെൽത്ത് പ്ലാനിന്റെ ഭാഗമാകാനുള്ള അവസാന തീയതി ജനുവരി 15 വെള്ളിയാഴ്‌ചയാണ്..ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ നിലവിലെ പ്ലാൻ പുതുക്കുകയോ പുതിയതായി എൻറോൾ ചെയ്യുകയോ ആകാം. 

നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന്, യു എസിലേക്ക് വിമാനയാത്ര നടത്തുന്നവരുടെ കോവിഡ് പരിശോധന നിർബന്ധമാക്കിയ നിയമം ജനുവരി 26 ന് പ്രാബല്യത്തിൽ വരും.
 
3 യു കെ വേരിയന്റുകൾ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ വകഭേദം ബാധിച്ച ന്യൂയോർക്കുകാർ 15 ആയി.

7,32,066 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക