Image

ജെസ്‌നയെ കാണാതായിട്ട് മൂന്ന് വര്‍ഷമാകുന്നു: ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു

Published on 14 January, 2021
ജെസ്‌നയെ കാണാതായിട്ട് മൂന്ന് വര്‍ഷമാകുന്നു: ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറ സ്വദേശിയും കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് മൂന്ന് വര്‍ഷത്തോട് അടുക്കുന്നു. 


ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. സാങ്കേതിക പിഴവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജെസ്‌ന കേസില്‍ കോടതി ഇടപെടല്‍ വേണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹറ, ക്രൈബ്രാഞ്ച് മുന്‍ മേധാവി ടോമിന്‍ തച്ചങ്കരി, പത്തനംതിട്ട മുന്‍ എസ്പി കെജി സൈമണ്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്.


ജെസ്‌ന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു എന്നും പുറത്തുപറയാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ കേസിലുണ്ട് എന്നും കഴിഞ്ഞ മാസം വിരമിക്കുന്നതിന് മുമ്ബ് കെജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 


എന്താണ് പുറത്തുപറയാന്‍ പറ്റാത്ത കാര്യമെന്നും എല്ലാം അന്വേഷണ സംഘം തങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെസ്‌നയുടെ പിതാവ് പ്രതികരിക്കുകയുമുണ്ടായി. 


ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം എവിടെ എത്തി എന്നത് പ്രധാനമായിരുന്നു. പക്ഷേ ഇതുവരെ കേസ് വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല.



2018 മാര്‍ച്ചിലാണ് ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. എരുമേലി വരെ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. 


തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പലയിടത്തും കണ്ടുവെന്ന വിവരം ലഭിച്ചെങ്കിലും അതൊന്നും ജസ്‌നയായിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക