Image

കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് തള്ളി നടി ലെന

Published on 14 January, 2021
കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് തള്ളി നടി ലെന

തിരുവനന്തപുരം: ഷൂട്ടിങ് പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് തള്ളി നടി ലെന. ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവാണ്. 


ബ്രിട്ടണില്‍ ജനിത വ്യതിയാനം വന്ന പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍, ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച്‌ ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താന്‍ ക്വാറന്റൈനിലാണ്. ഇത് തെറ്റിദ്ധരിച്ച്‌ തനിക്ക് കോവിഡാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്ന് ലെന ഫെയ്്‌സ്ബുക്കില്‍ കുറിച്ചു.


ബംഗളൂര്‍ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നടി ലെനയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്നതായിരുന്നു പ്രചാരണം. 'ബ്രിട്ടനില്‍ നിന്ന് എത്തിയതിനാല്‍ കൊവിഡിന്റെ വകഭേദമാണോയെന്ന് സംശയിക്കുന്നുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാലെ ഇത് വ്യക്തമാകൂ. താരം ഇപ്പോള്‍ ബംഗളൂരുവിലാണ്' -എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ഇത് നിഷേധിച്ചാണ് താരം രംഗത്തുവന്നത്.


കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ബ്രിട്ടണില്‍ നിന്ന് നാട്ടിലെത്തിയത്. എന്നാല്‍ നിലവിലെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ബംഗളൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു എന്ന് മാത്രം. ബ്രിട്ടണില്‍ നിന്ന്് എത്തുന്നവരില്‍ നടത്തുന്ന പതിവ് പരിശോധനയ്ക്ക് വിധേയമായി. 


ജനിതമാറ്റം വന്ന കോവിഡ് വകഭേദത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം ലെന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ വാട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനില്‍ എത്തിയത്. 


നടി നിമിഷ സജയനും ലെനക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാനസര്‍വീസുകള്‍ നിര്‍ത്തിയതോടെ ഇരുവരും ബ്രിട്ടനില്‍ കുടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബാംഗളൂരില്‍ ഇറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക