Image

ട്രംപിനെ പുറത്താക്കു; അല്ലെങ്കിൽ ഇമ്പീച്ച്മെന്റ്; പെൻസിനോട് സ്പീക്കർ നാൻസി പെലോസി

Published on 11 January, 2021
ട്രംപിനെ പുറത്താക്കു; അല്ലെങ്കിൽ ഇമ്പീച്ച്മെന്റ്; പെൻസിനോട് സ്പീക്കർ നാൻസി പെലോസി
വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് ട്രംപിനെ രണ്ടാമതും ഇമ്പീച്ച് ചെയ്യന്നതിനുള്ള പ്രമേയം ഇന്ന് അവതരിപ്പിക്കുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ട്രംപിനെ ഭരണഘടനയുടെ ഇരുപത്തഞ്ചാം ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോടും കാബിനറ്റിനോടും ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് അവതരിപ്പിക്കും. പെൻസിനു തീരുമാനമെടുക്കാൻ 24  മണിക്കൂർ നൽകുമെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.

എന്നാൽ അത്തരമൊരു പ്രമേയം റിപ്പബ്ലിക്കന്മാർ  അനുവദിക്കുമോ എന്ന് സംശയമുണ്ട്. അങ്ങനെയെങ്കിൽ നാളെ പ്രമേയം ഹൌസ്സിന്റെ എല്ലാ അംഗങ്ങളുമുള്ള സമ്മേളനത്തിന്റെ പരിഗണനക്ക് വയ്ക്കും.

പ്രസിഡന്റിന്റ് ചുമതല വഹിക്കാൻ കഴിവില്ല എന്ന സ്ഥിതി വരുമ്പോഴാണ് ഇരുപത്തഞ്ചാം ഭേദഗതി ഉപയോഗപ്പെടുത്തുക.  പക്ഷെ  പെൻസ് ഇതേ വരെ അതിനു അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പെൻസ് ഇതേ നിലപാടിൽ തുടർന്നാൽ പിന്നെ ഇമ്പീച്ച്മെന്റ് ആണ് വഴി. അതിനുള്ള പ്രമേയം അവതരിപ്പിച്ച് ഈ ആഴ്ച തന്നെ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഹൌസ്സിൽ പാസാക്കാനാണ് തീരുമാനം.

പക്ഷെ സെനറ്റ്  ഇനി 19-നു മാത്രമാണ് യോഗം ചേരുക. പിറ്റേന്നാണ്‌ ബൈഡൻ സ്ഥാനമേൽക്കുക. സെനറ്റ്  ഇമ്പീച്ച്മെന്റ് പ്രമേയം ചർച്ചക്കെടുത്താൽ അത് ജനശ്രദ്ധ ആകർഷിക്കും. ബൈഡന്റെ ആദ്യ ദിനങ്ങൾക്ക് ശോഭ പോകും. അതിനാൽ ഹൌസ്സിൽ പ്രമേയം പാസായാലും അത് സെനറ്റിലെക്ക്  100  ദിവസ്സം കഴിഞ്ഞ്  അയച്ചാൽ മതി എന്നാ നിലപാടിലാണെന്നു ഡമോക്രാറ്റിക് വിപ്പ് കോണ്ടഗ്രസംഗം ജെയിംസ് ഇ. ക്‌ളൈബേൺ   പറഞ്ഞു.

പക്ഷെ അപ്പോഴേക്കും ട്രംപ് ഒരു സ്വകാര്യ പൗരനായി മാറിയിരിക്കും. സാധാ പൗരന്മാരെ ഇമ്പീച് ചെയ്യാൻ വകുപ്പൊന്നും ഇല്ലെന്നു നിയമ  വിദഗ്ദർ പറയുന്നു.

അടുത്ത ബുധനാഴ്ചയാണ് ബൈഡൻ-ഹാരിസ് സ്ഥാനാരോഹണം 

'നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി ദ്രുതഗതിയിൽ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാക്കണം. കാരണം, ഈ പ്രസിഡന്റ് ഇരുകൂട്ടർക്കും ഭീഷണിയാണ്. ദിവസങ്ങൾ നീങ്ങും തോറും നമ്മുടെ ജനാധിപത്യത്തിനെതിരായ  ഭീകരത രൂക്ഷമാവുകയാണ്. അതിനാൽ, ഉടൻ  നടപടി വേണം' പെലോസി എഴുതി.

ക്യാപിറ്റോളിൽ അക്രമം അഴിച്ചുവിട്ടെന്ന കുറ്റം ചുമത്തി തയ്യാറാക്കുന്ന ഇമ്പീച്ച്മെന്റ് പ്രമേയത്തിൽ ചൊവ്വാഴ്ച തന്നെ ചേംബർ വോട്ട് ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു.

ഹൗസ് ഡെമോക്രറ്റുകളിൽ ഭൂരിപക്ഷം വിശ്വസിക്കുന്നത് ചെയ്ത കുറ്റങ്ങൾ വച്ച് പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്യാമെന്നാണ്. 

 ട്രംപിന് എട്ടുദിവസങ്ങൾ കൂടി ശേഷിക്കുന്നുണ്ട്.  ഈ ചുരുങ്ങിയ   കാലയളവിനുള്ളിൽ ഇമ്പീച്ച്മെൻറ് നടപടിയും വിചാരണയും പൂർത്തീകരിക്കാൻ കഴിയില്ലെന്ന്  മുതിർന്ന നേതാക്കൾക്കറിയാം. 

 'ഹൗസിലെ അംഗങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ജനങ്ങൾക്ക് വേണ്ടതെന്താണോ അത് ചെയ്യുകയാണ് ഞങ്ങളുടെ കടമ. അതുകൊണ്ട് പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യുന്ന നടപടിയുമായി നീങ്ങും. സെനറ്റിൽ പിന്നീട് എന്തും തീരുമാനിച്ചുകൊള്ളട്ടെ. ' ഡെമോക്രാറ്റിക്‌ വിപ് ജെയിംസ് ഇ. ക്‌ളൈബേൺ അഭിപ്രായപ്പെട്ടു.

'ഇമ്പീച്ച്മെന്റ് പ്രമേയം ലഭിച്ചാൽ  ഉടനെ സെനറ്റ് വിചാരണ തുടങ്ങും.പക്ഷേ, പ്രമേയം കിട്ടാതെവിചാരണ  തുടങ്ങാൻ കഴിയില്ലല്ലോ.  നിയുക്ത പ്രസിഡന്റ് ബൈഡൻ അധികാരമേറ്റ് ആദ്യ നൂറു നാളുകൾ  അദ്ദേഹത്തിന്റെ അജണ്ട നടപ്പാക്കാൻ വിനിയോഗിക്കട്ടെ. ഇടയ്ക്ക് പിന്നീട്  പ്രമേയം അയയ്ക്കാമെന്നാണ് ഞങ്ങൾ കരുതുന്നത്.' ക്‌ളൈബേൺ വിശദീകരിച്ചു.

ഞായറാഴ്‌ച രാവിലെയോടെ 222 ഡെമോക്രറ്റുകളിൽ 210 പേരും ഇമ്പീച്ച്മെന്റ് പ്രമേയത്തിൽ ഒപ്പുവച്ചു. അതോടെ, ചേംബറിന്റെ ഭൂരിപക്ഷം ട്രംപിനെതിരാണെന്ന് വ്യക്തമായി. റിപ്പബ്ലിക്കൻ സെനറ്റർ പാട്രിക്ക് ജെ.ടൂമി ട്രംപിന്റെ രാജി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിക്കുന്ന റിപ്പബ്ലിക്കന്മാർക്കിടയിൽ നിന്നുള്ള രണ്ടാമത്തെ സെനറ്ററാണ് പെൻസിൽവാനിയ പ്രതിനിധിയായ പാട്രിക്ക്. നേരത്തെ അലാസ്ക സെനറ്റർ മർക്കോവ്സ്കിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ട്വിറ്റർ  നിരോധനത്തിനെതിരെ സെനറ്റർ മാർക്കോ റുബിയോ 

യു എസ് ക്യാപിറ്റോൾ കലാപത്തെത്തുടർന്ന് പ്രസിഡണ്ട് ട്രംപിനെയും അനുയായികളെയും ബിഗ് ടെക് കമ്പനികൾ നിരോധിച്ചിരിക്കുന്നു. ഇത്തരം നിരോധനം വലതുപക്ഷ ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ കുത്തക അധികാരികൾ നടത്തുന്ന ശ്രമമാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റുബിയോ അഭിപ്രായപ്പെട്ടു.

' നമ്മൾ ജീവിക്കുന്ന ഈ രാജ്യത്ത് നാലോ അഞ്ചോ കമ്പനികൾക്കെന്തും തീരുമാനിക്കാനുള്ള കുത്തക അധികാരം ചാർത്തിക്കൊടുത്തിരിക്കുന്നു. അവർക്കാരെയും തുടച്ചുനീക്കാം, ഏത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും തുരത്താം.  സമൂഹ മാധ്യമങ്ങളിൽ സമ്മർദ്ദംചെലുത്തി  പ്രസിഡന്റിനെ മാത്രമല്ല എല്ലാവരെയും തുടച്ചുനീക്കാൻ ഇടതുപക്ഷം ഇത് ഒരവസരമാക്കുന്നു . ' റുബിയോ പറഞ്ഞു.

ട്വിറ്റർ ട്രംപിന് സമ്പൂർണ വിലക്കേർപ്പെടുത്തി രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴാണ് റുബിയോയുടെ പ്രതികരണം എത്തുന്നത്. ജനറൽ മൈക്ക് ഫ്ലിൻ, അഭിഭാഷകൻ സിഡ്‌നി പവൽ എന്നിവർ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടിങ് തട്ടിപ്പ് നടന്നെന്നു പറഞ്ഞപ്പോൾ അവർക്കും ഇത്തരം അനുഭവം ഉണ്ടായി.. 

ഫേസ്ബുക്കും ട്രംപിനെ വിലക്കി. പാർലർ എന്ന വലതുപക്ഷ മാധ്യമത്തിന്റെ സേവനം ശനിയാഴ്ച വെബ് ഹോസ്റ്റായ ആമസോൺ  പിൻവലിച്ചു.

സോഷ്യൽ മീഡിയ കമ്പനികൾ ട്രംപിനെയും അനുയായികളെയും വിലക്കുന്നത്  ശക്തരായ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട അധികാരികളുടെ പിന്തുണയ്ക്ക് വേണ്ടിയാണെന്ന് റുബിയോ ആരോപിച്ചു.

' ഫേസ്‍ബുക്, ട്വിറ്റർ. നിങ്ങളുടെ വിജയം ധാർമ്മികമല്ല. ഡെമോക്രറ്റുകൾ അധികാരത്തിൽ വരുമ്പോൾ അവരിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായി നിയമം പാസായി കിട്ടാനാണ് നിങ്ങൾ ഓരോന്ന് ചെയ്യുന്നതെന്ന് അറിയാം. ' റുബിയോ കുറ്റപ്പെടുത്തി.

രാഷ്ട്രീയ വ്യാഖ്യാനത്തിന് ആളുകൾക്ക് സെന്സർഷിപ്പ് ഏർപ്പെടുത്തിയാൽ ഫേസ്ബുക്, ട്വിറ്റർ പോലുള്ള കമ്പനികൾക്കെതിരെ കേസെടുക്കാമെന്ന് കഴിഞ്ഞ വർഷം റുബിയോ ഒരു ബിൽ അവതരിപ്പിച്ചിരുന്നു.

ട്രില്യൺ ഡോളറിന്റെ കോവിഡ്   ദുരിതാശ്വാസ പദ്ധതിയുമായി ബൈഡൻ 

ട്രില്യൺ ഡോളറിന്റെ കോവിഡ് സാമ്പത്തിക ദുരിതാശ്വാസ പദ്ധതി ഒരുക്കാൻ തയ്യാറാണെന്ന് നിയുക്ത പ്രസിഡന്റ്  ബൈഡൻ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. കൊറോണ മഹാമാരിയിൽ തൊഴിൽരഹിതരായി  തീർന്നവർക്ക് പിന്തുണ നൽകാനും  സംസ്ഥാന-പ്രാദേശിക ഗവൺമെന്റുകളെ  സമാശ്വസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഒരു ട്രില്യൺ ഡോളറിൽ താഴെയുള്ള പദ്ധതിയായിരുന്നു ബൈഡൻ ആദ്യം ഉദ്ദേശിച്ചത്.

 'സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തിൽ ഇന്നത്തെ പോലെ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, ബജറ്റ് കമ്മിയാണെങ്കിൽ പോലും  കുറഞ്ഞ പലിശ നിരക്കിൽ സഹായം വേഗം എത്തിച്ചാൽ, അത് രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനും സഹായകമാണെന്ന് അറിയാൻ കഴിഞ്ഞു. 600 ഡോളർ മതിയാകില്ലെന്നറിയാം. 2000 ഡോളർ ആയി സമാശ്വാസ തുക ഉയർത്താൻ വേണ്ടത് ചെയ്യും. കുടുംബങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും നേരിട്ടുള്ള ആശ്വാസം ആവശ്യമാണ്'. ബൈഡൻ വിലയിരുത്തി.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനമായും മുന്നോട്ടു വച്ച കുറഞ്ഞ വേതനം 15 ഡോളർ ആക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് സൂചനയുണ്ട്. ഡെമോക്രറ്റുകൾ കോവിഡ് ദുരിതാശ്വാസമായി 2000 ഡോളർ  അനുവദിക്കാൻ ഒരുങ്ങിയപ്പോൾ റിപ്പബ്ലിക്കന്മാർ അത് അംഗീകരിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക