Image

കാര്‍ഷികനിയമത്തിനെതിരെയുള്ള സുപ്രീംകോടതി പരാമര്‍ശം കേന്ദ്രസര്‍ക്കാര്‍ മാനിക്കണം: വി.സി.സെബാസ്റ്റ്യന്‍

Published on 11 January, 2021
കാര്‍ഷികനിയമത്തിനെതിരെയുള്ള സുപ്രീംകോടതി പരാമര്‍ശം കേന്ദ്രസര്‍ക്കാര്‍ മാനിക്കണം: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകവിരുദ്ധ കാര്‍ഷികനിയമം മരവിപ്പിക്കണമെന്ന സുപ്രീം കോടതി നിരീക്ഷണവും പരാമര്‍ശവും കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്കെടുത്ത് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
കര്‍ഷകര്‍ക്കു വേണ്ടാത്ത കരിനിയമങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് പൊതുസമൂഹം മനസ്സിലാക്കിയിരിക്കുന്നു. പറ്റിപ്പോയ അബദ്ധവും തെറ്റും തിരുത്താന്‍ സുപ്രീംകോടതി നിരീക്ഷണം നല്ല അവസരമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത്തരം നിയമനിര്‍മ്മാണത്തിന് ഒരു കൂടിയാലോചന പോലുമില്ലാതിരുന്നത് കോടതിക്കും ബോധ്യപ്പെട്ടു.

ഒന്നരമാസമായി രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് ലക്ഷക്കണക്കിന് കര്‍ഷകര്‍ തുടരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് വിജയിക്കില്ല. കൂടുതല്‍ കരുത്താര്‍ജിക്കുന്ന കര്‍ഷകപ്രക്ഷോഭം രാജ്യത്താകമാനം പടരാതിരിക്കാന്‍ സുപ്രീംകോടതി നിരീക്ഷണങ്ങളെ മാനിച്ച് തിരുത്തലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്നും കര്‍ഷകപ്രക്ഷോഭം ശക്തിപ്പെടുത്തുവാന്‍ ജനുവരി 15നു ചേരുന്ന ഇന്‍ഫാം ദേശീയസമിതി, പരിപാടികള്‍ രൂപീകരിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക