Image

വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ

Published on 11 January, 2021
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
തിരുനക്കര അമ്പലത്തിന് അടുത്തുള്ള സാമു അയ്യർ കമ്പിനിയിൽ നിന്നാണ് രവി ചേട്ടൻ എന്ന എന്റെ അമ്മാവൻ റേഡിയോ വാങ്ങി വീട്ടിലെത്തിച്ചത്. റേഡിയോ പ്രവർത്തിപ്പിക്കാൻ  അതിന്റെ ഏരിയൽ ഘടിപ്പിക്കാൻ സാമു അയ്യരിൽ നിന്ന് രമേശനുമെത്തി. അമ്മച്ചിയുടെ ( അമ്മയുടെ അമ്മ) വലിയ ആഗ്രഹം , ആ വിശിഷ്ട അതിഥിയെ ഞങ്ങളുടെ വീട്ടിൽ എത്തിച്ചു.. കിടപ്പുമുറിയിലെ മേശമേൽ ആണ് റേഡിയോയ്ക്ക് ഇരിപ്പിടം ലഭിച്ചത്.

പി.& ടിയിൽ ജോലി ചെയ്തിരുന്ന രവി ചേട്ടൻ പോസ്റ്റ് ഓഫീസിൽ നിന്നാണ് റേഡിയോ ലൈസൻസ് എടുത്തത്.
ടെസ്റ്റർ കുത്തി പഴയ പ്ലഗ്ഗ് പോയിന്റ് പരിശോധിച്ച് റേഡിയോയുടെ പ്ലഗ്ഗ് കുത്തിയ രമേശന് ചായ നീട്ടിയപ്പോൾ വരട്ടെ ഇതു കഴിഞ്ഞ് കുടിക്കാം എന്നു പറഞ്ഞത് ഓർക്കുന്നു.

പൊട്ടലും ചീറ്റലും തുടക്കത്തിൽ കേട്ടെങ്കിലും മീഡിയം വേവിൽ ആദ്യമായി 'ആകാശവാണി തിരുവനന്തപുരം' എന്ന ശബ്ദം കേട്ടപ്പോൾ അഭിമാനത്തോടെ അമ്മച്ചി ഞങ്ങളെ നോക്കി. 

അടുത്ത ബാന്റ് ഞെക്കിയാൽ ഷോർട്ട് വേവ് കിട്ടുമെന്നും സിലോൺ വാണിജ്യ പ്രക്ഷേപണ കേന്ദ്രം കിട്ടുമെന്നും അറിയിച്ച രമേശന് അന്ന് അമ്മച്ചി സന്തോഷമായി പതിനഞ്ചു രൂപാ നൽകിയത് ഓർക്കുന്നു. മഞ്ഞ സാറ്റിൻ തുണി കവറായിരുന്നു തയ്യൽക്കാരൻ ചെല്ലപ്പൻ റേഡിയോയ്ക്ക് തയ്ച്ചു തന്നത്.

തിരുവനന്തപുരം നിലയത്തിലെ തുടർനാടകങ്ങൾ, കണ്ടതും കേട്ടതും, കുട്ടികളുടെ റേഡിയോ അമ്മാവൻ, പിന്നെ സിനിമാ ശബ്ദരേഖ ഒക്കെ അങ്ങിനെ വീട്ടിലെ കൂട്ടായി. ഒറ്റക്ക്, കൂട്ടുകാരില്ലാതെ വളർന്ന എനിക്ക് റേഡിയോ സംഗീതം പകർന്നു തന്നു.

പ്രഭാതത്തിൽ "കൗസല്യ സുപ്രജാ രാമാ  " പാടി തുടങ്ങി രാത്രി പത്ത് വരെ റേഡിയോ മിണ്ടിയും പാടിയും വീട്ടിലെ അംഗമായി.

ഗംഗാധരൻ നായർ, വേണു, കെ.ജി.മേനോൻ, ദേവകി അമ്മ, ടി.പി. രാധാമണി ഒക്കെ ശബ്ദം കൊണ്ട് ഉള്ളിൽ ഇടം പിടിച്ചവർ.

ലളിത ഗാന പാഠത്തിൽ എം.ജി. രാധാകൃഷ്ണൻ സാർ പഠിപ്പിച്ച
"ഓടക്കുഴൽ വിളി
ഒഴുകി ഒഴുകി വരും
ഒരു ദ്വാപരയുഗസന്ധ്യയിൽ"

അക്കാലത്ത് കലോൽസവ വേദികളിലെ സമ്മാനം ലഭിക്കുന്ന ഗാനമായി.

ആകാശവാണിയിൽ വാർത്ത രാവിലെ ഉണ്ടാവും .അത് അനുസരിച്ച് ആണ് പ്രഭാത കൃത്യങളും, രവി ചേട്ടന്റെ ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങളും. കീ കൊടുക്കുന്ന രവി ചേട്ടന്റെ വാച്ചിന്റെ സമയം കൃത്യമാക്കുന്നത് വാർത്ത തുടങുമ്പോഴായിരുന്നു.
വലിയ അമ്മാവന്റെ ഭാര്യ വല്യ അമ്മായി വന്നതോടെ തമിഴ് ചൊൽ മാലെ, ഉങ്കൾ വിരുപ്പം, പല്ലാണ്ട് വാഴ്ത്തുകൾ ഒക്കെ കിഴക്കേടത്തു വീട്ടിലേക്ക് റേഡിയോയിലൂടെ എത്തി.
അങ്ങിനെ രാവിലെ പ്രാദേശിക വാർത്തകൾ തിരുവനന്തപുരത്ത് നിന്ന്.
തുടർന്ന് ഉള്ള ഡൽഹി വാർത്തയിൽ ആണ് ആ പേര് ആദ്യമായി കേട്ടത്. 'വാർത്തകൾ വായിക്കുന്നത് -" പ്രതാപൻ.'
ദേശീയ വാർത്തകൾക്ക് ഗാഭീര്യമുള്ള സ്വരം . പലപ്പോഴും ലിങ്ക് വിട്ടു പോകുമെങ്കിലും ദേശീയ അന്തർദേശീയ വിശേഷങളിലേക്ക് ഉള്ള വാതിലായിരുന്നു ആ ശബ്ദം.

പിന്നിട് 1999 കളുടെ ഒടുക്കം ഞങ്ങളടെ മീനച്ചിൽ ഗാർഡൻസിലെ പന്തളത്തു കൊട്ടാരത്തിലെ അജി വർമ്മയുടെ വൈഷ്ണവം വീട്ടിൽ പുതിയ വാടകക്കാരെത്തി. വർമ്മയുടെ ബന്ധു , മനോരമ സർക്കുലേഷൻ മാനേജർ ജയദേവനെ പരിചയപ്പെട്ടപ്പോൾ അദേഹത്തിന്റെ അഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. 
തിരുവനന്തപുരം ശാസ്ത്രി നഗറിലെ തങ്കമ്മ ചേച്ചിയുടെ പുത്രൻ അനിക്കുട്ടന്റെ കൂട്ടുകാരൻ ജയനോട് ഏറെ അടുപ്പമായി.

ഒരു ഞായറാഴ്ച ശാരീരിക അസ്വസ്ഥതകൾ ഉള്ള ജയന്റെ അഛനുമായി സംസാരിക്കുമ്പോൾ ആ ശബ്ദം ഏവിടെയോ കേട്ടു മറന്നതു പോലെ. പ്രൗഢ ഗംഭീരമായ ആ ശബ്ദം .
അമ്മയും അഛനും ആകാശവാണിയിലിയിരുന്നു ജോലി എന്നു പറഞ്ഞപ്പോഴാണ് ജയന്റെ അഛനെ തിരിച്ചറിഞ്ഞത്
_" വാർത്തകർ വായിച്ചിരുന്ന' പ്രതാപവർമ്മയുടെ മുന്നിലാണ് ഞാനെന്ന് ഓർത്തത്.

പിന്നീട് ഡൽഹി ജീവിതത്തെ കുറിച്ച് വി.കെ. എൻ, കാക്കനാടൻ, വിജയൻ ,എം.പി നാരായണ പിള്ള തുടങ്ങിയ മലയാളി കൂട്ടായ്മകളെ കുറിച്ച് അദ്ദേഹത്തിന്റെ നാവിൽ നിന്ന് തന്നെ കേട്ടു.
അവിടുത്തെ കൂട്ടായ്മകളിൽ ഓട്ടു പുലായ്ക്കൽ വേലുക്കുട്ടി വിജയൻ അവതരിപ്പിച്ച ചെറുകഥയായിരുന്നു ഖസാക്ക്.

മലയാള സാഹിത്യത്തെ മാറ്റി മറിച്ച ഖസാക്കിനെ ചെറുകഥയിൽ നിന്ന് മാറ്റി നോവലിന്റെ ക്യാൻവാസിലേക്ക് മാറ്റിക്കൂടേ എന്ന നിർദേശം നൽകിയത് പ്രതാപവർമ്മ സാറായിരുന്നു.
അദ്ദേഹത്തിന്റെ പത്നി സുമംഗല ചേച്ചിയും ആകാശവാണിയിൽ തന്നെയായിരുന്നു.

വൃക്ക തകരാറും അതിനോട് അനുബന്ധിച്ചുള ചികിത്സയും മകനോട് ഒപ്പം കോട്ടയത്തെ താമസ കാലത്തെ വർമ്മ സാറിന്റെ സന്തോഷ ദിനങ്ങളിൽ കരിനിഴിൽ പരത്തി.

ഒരു വാർത്താവായനക്കാരൻ എന്നതിലുപരി ദൽഹിയിലെ  മലയാളി സാസ്ക്കാരിക കൂട്ടായമകൾക്ക് സൗമ്യ നേതൃത്വം നൽകിയ അദ്ദേഹം ഒരു മഴ ചാറ്റലിനോട് ഒപ്പം 2000 ഒക്ടോബർ ആറിന് നമ്മെ വിട്ടു പിരിഞ്ഞു.

കാലം തെറ്റിയ മഴ ഇടിമിന്നലോടെ ഇപ്പോൾ എന്റെ ജനൽ പാളികളിൽ ആർത്തലക്കുന്നു.

ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.
തിരുവനന്തപുരം ആകാശവാണി നിലയം അദ്ദേഹത്തെ മറന്നില്ല.
ആകാശവാണിയുടെ ശബ്ദശേഖരത്തിൽ നിന്ന് അദ്ദേഹത്തിന്റെ  ശബ്ദം രാവിലെ കേട്ടു.
പ്രണാമം
" വാർത്തകളുടെപ്രതാപകാലം" നമുക്ക് നൽകിയ വർമ്മ സാറിന് പ്രണാമം

മുരളീ കൈമൾ
parunith@gmail.com
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾവാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക