Image

ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)

Published on 10 January, 2021
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)
വാസുവേട്ടൻ   മരിച്ചതിന്റെ പുലകുളിയടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്ന് വല്യ വട്ടപ്പൊട്ടും തൊട്ട്,  ചോന്ന സാരീം ഉടുത്തു റേഷൻ വാങ്ങാൻ ചെന്ന സുമതിയെ  നോക്കി നാട്ടുകാർ മൂക്കത്തു വിരൽ വച്ചു. റേഷൻ വാങ്ങാൻ വന്ന മറ്റു പെണ്ണുങ്ങൾ അവളുടെ അഹങ്കാരത്തെപ്പറ്റി മാറി നിന്ന് അടക്കം പറഞ്ഞു. കുമാരേട്ടന്റെ പെട്ടിപ്പീടികയിൽ നിന്ന് സോഡാ നാരങ്ങാവെള്ളം വാങ്ങി കുടിച്ചു കൊണ്ടിരുന്ന സുമേഷ് അടുത്തു നിന്ന കൊച്ചുണ്ണിയോട് പറഞ്ഞു. 
"കാര്യം വാസു മുഴുകുടിയനാരുന്നേലും, ഇവളെ എടുത്തിട്ട് തല്ലുമായിരുന്നെങ്കിലും, ഓൻ ചത്തിട്ടിന്ന് പതിനാറു കഴിഞ്ഞല്ലേ ഉള്ളു ഒരുങ്ങി കെട്ടിയിറങ്ങിയേക്കുന്നവള് "
കൊച്ചുണ്ണി അത് തലകുലുക്കി ശരി വച്ചു. 
ചുറ്റും നടക്കുന്ന കുറ്റപ്പെടുത്തുന്ന നോട്ടങ്ങളും കുശുകുശുക്കലുകളും മനസിലാകുന്നുണ്ടായിരുന്നെങ്കിലും സുമതി അതൊന്നും ഗൗനിക്കാതെ റേഷനും വാങ്ങി വീട്ടിലേക്ക് തിരിച്ചു. 
റോഡിനു ഇരുവശവും പച്ചവിരിച്ച പാടശേഖരങ്ങൾ. നെൽച്ചെടികൾ തഴുകിയെത്തുന്ന കുളിർമയുള്ള കാറ്റ്. അവൾ പതിയെ നടന്നു. പാടശേഖരങ്ങൾ അവസാനിക്കുന്നിടത്ത് ഒരു കല്ലുവെട്ടാംകുഴിയുണ്ട്. നിറയെ താമരകൾ വിടർന്നു നിൽക്കുന്ന തെളിഞ്ഞ ജലാശയം. എത്രയോ വട്ടം അതിലൊന്നിറങ്ങണമെന്നാശിച്ചിട്ടുണ്ട്. അവൾ ആ കല്ലുവെട്ടാംകുഴിക്കരികിലെത്തിയപ്പോൾ അല്പ നേരം നിന്നു. റേഷൻ സാധനങ്ങൾ നിറച്ച സഞ്ചി ഒരരികിലായി വച്ചിട്ട്, അവൾ സാവധാനം ആ ജലാശയത്തിലേക്കിറങ്ങി. തണുത്ത ജലം പാദങ്ങളെ സ്പർശിച്ചപ്പോൾ അവൾക്ക് കുളിർന്നു. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം അവൾ സഞ്ചിയെടുത്ത് വീട്ടിലേക്ക് നടന്നു. 

"ന്റെ മോൻ ചത്തു ചെതേടെ ചൂടറിയിട്ടില്ല അതിനു മുമ്പേ ഒരുങ്ങിക്കെട്ടിയിറങ്ങിയേക്കാണവള്, ആണുങ്ങളെ പിടിക്കാൻ "
പടികടന്നു ആ കൊച്ചുവീടിന്റെ മുറ്റത്തേയ്ക്ക് കടന്നപ്പോൾ തന്നെ കേട്ടു തള്ളേടെ പ്രാക്ക്. പതിനെട്ടു വർഷങ്ങളായി കേട്ട് കേട്ട് ചെവിതഴമ്പിച്ച പ്രാക്ക്. 
അവൾ സാധനങ്ങൾ അടുക്കളയിൽ കൊണ്ടു വച്ചു,അത്താഴത്തിനുള്ളത്   ഒരുക്കാൻ തുടങ്ങി. 

പുലകുളിയടിയന്തിരം കഴിഞ്ഞ് ബന്ധുക്കളൊക്കെ മടങ്ങിയിട്ടും പോകാൻ കൂട്ടാക്കാതെ ചുറ്റിപറ്റികൂടിയിരിക്കുന്ന അകന്ന ബന്ധത്തിലുള്ള നാണിത്തള്ള അടുക്കളയിലേക്കെത്തി നോക്കി ചോദിച്ചു. 
"ഇന്നും പച്ചക്കറിയാണ, ഇച്ചിരി മീനോ എറച്ചിയോ വാങ്ങായിരുന്നു "

അതിനവൾ മറുപടി പറയും മുമ്പേ അശരീരി പോലെ വാസൂന്റെ തള്ളേടെ തൊള്ള കേട്ടു.   
"അതിനെന്റെ മോൻ പോയില്ലേ, ഇനി ഇറച്ചിയും മീനും തിന്നാൻ കൊതിക്കണം, അവനൊണ്ടായിരുന്നപ്പ ഇവട മീനും ഇറച്ചിയും ഒഴിഞ്ഞ നേരമില്ലാർന്നു "

അതുകേട്ടവൾ തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി. 

അടുക്കളയിലേക്ക് വന്ന മക്കൾ രണ്ടുപേരും അവളുടെ അപ്പുറവും ഇപ്പുറവുമായിരുന്നു. 
"അവിയലാണോ അമ്മാ? "

മൂത്തവൾ ചോദിച്ചു. 
അതേന്നവള് മൂളി. 
"സാമ്പാറും കൂടി വെക്കമ്മാ "
"വയ്ക്കാം, മക്കള് പോയിരുന്നു പഠിച്ചോ "

ചിരിച്ചു കളിച്ചു പോകുന്ന മക്കളെ നോക്കി അവൾ നെടുവീർപ്പിട്ടു.മൂത്തയാൾ പത്തിലും ഇളയവൾ ഏഴിലും പഠിക്കുന്നു. രണ്ടുപേരും പഠിക്കാൻ മിടുക്കികൾ. അതാണവളുടെ ഏക ആശ്വാസം. 
അത്താഴം നിറച്ചുണ്ട് സംതൃപ്തിയോടെ ഉറങ്ങുന്ന മക്കളെ കണ്ട് അവളും ഉറങ്ങാൻ കിടന്നു. 

അവളുടെ കൂട്ടുകാരി അമ്മിണി പ്ലാസ്റ്റിക് കമ്പിനിയിൽ ഒരു ജോലി ശരിയാക്കിട്ടിട്ടുണ്ട്. നാട്ടിലുള്ള മിക്ക പെണ്ണുങ്ങളും അവിടെയാണ് ജോലിക്ക് പോകുന്നത്. ഇത്രേം നാളും വാസു അവളെ പുറത്തു വിടാതെ ഈ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ടു. ഇനി അതു പറ്റില്ല. നാളെ മുതൽ ജോലിക്ക് പോയി തുടങ്ങണം. മക്കളെ നല്ലരീതിയിൽ വളർത്തണം. ഓർമ്മകളിലുഴറി അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. 

പിറ്റേന്ന് ഒരുങ്ങിയിറങ്ങുന്ന അവളെ കണ്ട് തള്ള പിന്നെയും പ്രാക്ക് തുടങ്ങി. 
അവളതു ഗൗനിക്കാതെ പടിക്കൽ കാത്തുനിന്ന അമ്മിണിയോടൊപ്പം കമ്പനിയിലേക്ക് നടന്നു. 
കമ്പിനിയിലേക്ക് ജോലിക്ക് ചെന്ന അവളെക്കണ്ട നാട്ടുകാരിപെണ്ണുങ്ങൾ അടക്കം പറഞ്ഞു. 
വൈകിട്ട് കൂലിയും വാങ്ങി പോകാനിറങ്ങുമ്പോൾ അമ്മിണി അവളോട് പറഞ്ഞു. 

"സുമേ നീ കൊറച്ചീസം കൂടി വീട്ടിലിരിക്ക് "
അതെന്താ എന്ന ചോദ്യഭാവത്തിൽ സുമതി അവളെ നോക്കി. 
"അല്ല, വാസുവേട്ടൻ മരിച്ചിട്ട് ഇത്രല്ലേ ആയുള്ളൂ, പെണ്ണുങ്ങൾ അതുമിതും പറയുന്നു "
സുമതി ഒരു നിമിഷം നിന്നു. എന്നിട്ട് പറഞ്ഞു തുടങ്ങി. 
"അമ്മിണി നിനക്കറിയോ, വാസുവേട്ടൻ എന്നെ കെട്ടിക്കൊണ്ട് വന്നിട്ട് വർഷം പതിനെട്ടായി, കല്യാണം കഴിഞ്ഞ അന്ന് മുതൽ അങ്ങേര് ചാവുന്ന വരെ ഞാൻ മനഃസമാധാനത്തോടുറങ്ങിട്ടില്ല."
ഒന്നു നിർത്തിട്ടവൾ തുടർന്നു. 
"അപ്പോ നീ ചോദിക്കും രണ്ട് മക്കളെങ്ങിനെ ഉണ്ടായെന്ന്, എനിക്കറിയില്ല അമ്മിണി, പട്ടീം പൂച്ചേ പെറണ പോലെ ഞാനും പെറ്റു "

അവൾ നെടുവീർപ്പോടെ നിർത്തി. അമ്മിണി അവളെ സഹതാപത്തോടെ നോക്കി. 
സുമതി വീണ്ടും പറഞ്ഞു. 
"നിനക്കറിയോ അമ്മിണി, ജീവിതത്തിലാദ്യമായി ഇന്നലെ എന്റെ മക്കൾ വയർ നിറച്ചുണ്ട് സമാധാനത്തോടെ ഉറങ്ങുന്നത് ഞാൻ കണ്ടു "

"എനിക്ക് എന്റെ മക്കളെ നന്നായി വളർത്തണം, ഞാൻ നാളെയും ജോലിക്ക് വരും, അതിനിപ്പോ ആരെന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല "
"നിന്റെ കെട്ട്യോൻ നെന്നെ ഉപേക്ഷിച്ചു പോയിട്ടും മക്കളെ വളർത്താനല്ലേ നീയീ കഷ്ടപെടുന്നേ? "

ഇതും പറഞ്ഞവൾ മുന്നോട്ട് നടന്നു. ഒന്നു സംശയിച്ചു നിന്ന് ശേഷം അമ്മിണിയും അവൾക്കൊപ്പം നടന്നു. പാടശേഖരങ്ങൾ കടന്ന് കല്ലുവെട്ടാംകുഴിക്കരികിലെത്തിയപ്പോൾ സുമതി ഒന്നു നിന്നു.അമ്മിണിയോടായി പറഞ്ഞു. 
"ഡി പെണ്ണെ, നമ്മുക്കൊന്നിറങ്ങിയാലോ, ഒരു പൂ പറിച്ചാലോ "
അമ്മിണി അവളെ ചിരിയോടെ ഒന്നു നോക്കി. എന്നിട്ട് അവളുടെ കൈപിടിച്ച് കൊണ്ടു പതുക്കെ ആ താമരകുളത്തിലേക്കിറങ്ങി. തണുത്ത ജലത്തിൽ ആ നാലു പാദങ്ങൾ സ്പർശിച്ചതും പരൽമീനുകൾ വന്നവയെ ഉമ്മവച്ചു. ഇക്കിളിയിട്ടതുപോലവർ ചിരിച്ചു  കൈകൾ കോരുത്തുപിടിച്ചുകൊണ്ടവർ ആ കുളത്തിന്റെ കല്പടവിലിരുന്ന് ഭാവിയെപ്പറ്റി സ്വപ്നങ്ങൾ നെയ്തു.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക