ജോൺ ബ്രിട്ടാസ് വാഴ നട്ടു; ശീതൾ വെട്ടി; കഥ കഴിഞ്ഞില്ല...
EMALAYALEE SPECIAL
10-Jan-2021
EMALAYALEE SPECIAL
10-Jan-2021

നഗരജീവിതത്തിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് എന്താണെന്നു ചോദിച്ചാൽ മറുപടിക്കായി ഒരുനിമിഷം പോലും എനിക്ക് ആലോചിക്കേണ്ടതില്ല. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ പച്ചപ്പുല്ലിൽ ചവുട്ടി നിൽക്കുമ്പോൾ കിട്ടുന്ന ആനന്ദത്തിന്റെ പത്തിലൊന്ന് പഞ്ചനക്ഷത്ര വിതാനങ്ങളിൽ പോലും കിട്ടാറില്ല. അതുകൊണ്ടു തന്നെ ഫ്ലാറ്റുകളിൽ താമസിക്കേണ്ടി വന്നപ്പോഴും ഇത്തിരി മണ്ണിൽ എന്തെങ്കിലും കൃഷി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഡൽഹിയിലെ കൊടും ചൂടിൽ പോലും എന്റെ ബാൽക്കണിയിൽ പച്ചപ്പോടെ നിന്ന കറിവേപ്പിൻ ചെടി ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഞാൻ രണ്ടാമതും വാഴക്കുല വെട്ടി. വാഴക്കുലക്ക് പടലകൾ കുറവായിരുന്നെങ്കിലും മനസിലെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പടലകൾക്ക് തെല്ലും കുറവുണ്ടായിരുന്നില്ല
എന്നാൽ ആദ്യ വാഴക്കുല വെട്ടിയപ്പോഴുള്ള ഞെട്ടലിൽ നിന്നും ഞാൻ ഇപ്പോഴും അത്ര മുക്തനല്ല .എന്നെ പോലെ അല്ലെങ്കിൽ എന്നെക്കാളും കൃഷിയെ പ്രണയിക്കുന്ന ആളാണ് എന്റെ സഹോദരി റജീനയുടെ ഭർത്താവ് ജോണി. ദുബായിലെ ജോലിയിൽ നിന്നും വിരമിച്ച് സ്വന്തം നാടായ കണ്ണൂരിൽ പുഴയിറമ്പത്തുള്ള വിസ്തൃതമായ കൃഷിയിടത്തിൽ പല തരം കൃഷി പരീക്ഷണങ്ങളിൽ ആണ് കക്ഷിയിപ്പോൾ. അവർക്ക് രണ്ടു മക്കളാണ് . ശീതളും ഷാരോണും. ജോണിയെ പോലെ കൃഷിയോട് താല്പര്യം മക്കൾക്കും ഉണ്ടാവും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ ജോലിചെയ്യുന്ന അനുജത്തി ഷാരോണിനൊപ്പം നില്ക്കാൻ ദുബായിൽ നിന്നും പറന്നെത്തിയ ശീതൾ ലോക്ക് ഡൗണിൽ പെട്ടുപോയി. അങ്ങനെ കുറച്ചുകാലം ശീതളും ഷാരോണും കൂടി എന്റെ ഫ്ലാറ്റിൽ താമസത്തിനു വന്നു .ആ കൊറോണകാലത്താണ് ഫ്ളാറ്റിലെ ഇടുക്കിൽ വളർന്ന വാഴയുടെ ആദ്യ വാഴക്കുല വെട്ടാൻ ഇവരെയും കൂടെ കൂട്ടുന്നത് . ആ നടുക്കമാണ് വിട്ടുമാറാതെ എന്നെകൊണ്ട് ഇതെഴുതിക്കുന്നത്.
നല്ല കൈഗുണമുള്ളവർ വെട്ടിയാലേ വാഴക്കുല വേഗം പഴുക്കകയുള്ളു എന്ന് അമ്മ പറഞ്ഞത് ഓര്മയുള്ളതുകൊണ്ട് “കൊല” നടത്താൻ ശീതളിനെ തന്നെ ഞാൻ നിയോഗിച്ചു. പ്രതീക്ഷിച്ചത്ര പരിക്കൊന്നുമില്ലാതെ അവൾ വാഴക്കുല വെട്ടിയിറക്കി.
അതിന് ശേഷം വാക്കത്തി വാങ്ങി വാഴ വെട്ടി മാറ്റാൻ ആഞ്ഞതും ശീതളിന്റെ നടുക്കുന്ന പ്രസ്താവന. ”എന്തിനാ വാഴ വെട്ടുന്നത്, ഇനിയും വാഴക്കുല ഉണ്ടാവില്ലേ” എന്തെങ്കിലും പറയും മുൻപ് അടുത്ത ഡയലോഗ് കൂടി വന്നു “എന്ത് മണ്ടത്തരമാ കാണിക്കുന്നത് “. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു. ഭൂമി പിളർന്നു താഴേക്ക് പോയാലോ എന്ന് ആ വാഴയും എനിക്കൊപ്പം വിചാരിച്ചിരുന്നിരിക്കാം.
കർഷകശ്രീ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹനായ ജോണിയുടെ മൂത്ത മകളാണ് ഈ “കൊല പ്രയോഗം” നടത്തിയിരിക്കുന്നത്. ചക്കയും മാങ്ങയും പറിച്ചാൽ മാവും പ്ലാവും വെട്ടില്ലല്ലൊ എന്ന യുക്തിയുമായി അവളെന്നെ നേരിട്ടു. നിസ്സഹായനായി വാഴയുടെ തത്വശാസ്ത്രം ക്ഷമയോടെ അവളെ പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അതിനൊന്നും നിൽക്കാതെ വെട്ടിയ വാഴക്കുലയുമായി അവൾ അകത്തേക്ക് പോയി .
കഴിഞ്ഞ മാസം കണ്ണൂരിൽ പോയപ്പോൾ ജോണിയുടെ കൃഷി സ്ഥലത്തെ പലതരം കൃഷികൾ ഞാൻ നേരിട്ട് കണ്ടു. അവിടെ നിന്ന വാഴകളിൽ നിന്നും എന്റെ കണ്ണ് ശീതളിലേക്ക് എത്തി.എന്റെ നോട്ടത്തിന്റെ ഇക്മത്ത് പിടികിട്ടിയ ശീതൾ പുതിയ താറാവിൻ കുഞ്ഞുങ്ങളെകുറിച്ച് വാചാലയായി ചമ്മൽ മറച്ചു .
എന്തായാലും മകളുടെ ‘വാഴ ജ്ഞാന’ത്തെകുറിച്ച് ഞാൻ ജോണിയോട് പറയാൻ നിന്നില്ല.പക്ഷെ ഇന്ന് രണ്ടാമത്തെ കുല വെട്ടിയപ്പോൾ ‘കൊലച്ചിരിയുമായി’ അവൾ വീണ്ടും ഓർമയിൽ വന്നു.ശീതളിന്റെ ഈ വാഴ പരമ്പര ഞാനെന്റെ മക്കളോട് പറഞ്ഞിട്ടില്ല. അതിലും വലിയ കണ്ടുപിടിത്തവുമായി അവരെത്തുമോ എന്നൊരു ഭയം എനിക്കുണ്ട് .വാഴക്ക കുഴിച്ചിട്ടാൽ വാഴ മുളക്കില്ലേ എന്നെങ്ങാനും അവർ ചോദിച്ചു പോയാലോ!
കടപ്പാട്: കൈരളി ഓൺലൈൻ

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments