Image

ഏഷ്യാനെറ്റിലെ ആദ്യ 'മുന്‍ഷി'നടന്‍ കെ.പി.എസ്.കുറുപ്പ് അന്തരിച്ചു

Published on 10 January, 2021
ഏഷ്യാനെറ്റിലെ ആദ്യ 'മുന്‍ഷി'നടന്‍ കെ.പി.എസ്.കുറുപ്പ് അന്തരിച്ചു

മലയാള ചലച്ചിത്ര-നാടക നടനും ഏറെക്കാലം ഏഷ്യാനെറ്റിന്റെ മുന്‍ഷി എന്ന ടെലിസ്കിറ്റിലെ അഭിനേതാവുമായിരുന്ന പരവൂര്‍ കുറുമണ്ടല്‍ അശ്വതിയില്‍ കെ.ശിവശങ്കരക്കുറുപ്പ് (കെ.പി.എസ്.കുറുപ്പ്-94) അന്തരിച്ചു. 


കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും നടനായിരുന്നു. കെ.പി.എ.സി.യുടെ ഇരുമ്ബുമറയെന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്ത് ചുവടുറപ്പിത്. ആള്‍ ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


ഏഷ്യാനെറ്റിലെ മുന്‍ഷിയിലൂടെ ലോകശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ആള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ പരവൂര്‍ മേഖല ഉപദ്ദേശക സമിതി അംഗമായിരുന്നു. അതേസമയം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനില്‍ പബ്ളിസിറ്റി ഓഫീസറായിരുന്ന അദ്ദേഹം, വിരമിച്ചശേഷവും അഭിനയരംഗത്ത് തുടര്‍ന്നു. 73-ാമത്തെ വയസ്സിലാണ് ഏഷ്യാനെറ്റില്‍ മുന്‍ഷിയായി അഭിനയിക്കാന്‍ എത്തിയത്.


കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്ന പരേതനായ പി.എന്‍.പണിക്കരുടെ മകള്‍ പരേതയായ ലീലാകുമാരിയാണ് ഭാര്യ. മക്കള്‍: ഗോപീകൃഷ്ണന്‍ (റിട്ട. ചലച്ചിത്ര അക്കാദമി), ശ്രീകല (റിട്ട. അധ്യാപിക), വിശാഖ് (ഏഷ്യാനെറ്റ്). മരുമക്കള്‍: സതികുമാരി, പരമേശ്വരന്‍ പിള്ള, മിനി. ശവസംസ്കാരം ഞായറാഴ്ച വൈകീട്ട്  വീട്ടുവളപ്പില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക