Image

പാമ്പും കോണിയും - നിർമ്മല - നോവൽ 28

Published on 09 January, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ 28
- നെനക്ക് അവിടുത്തെ ജീവിതം ഇഷ്ടമല്യോ മോനേ ?
- ഒന്നു പോയിക്കിടന്ന് ഉറങ്ങുന്നുണ്ടോ?
അതു പറഞ്ഞ് ഈപ്പൻ വേഗം സ്വന്തം മുറിയിലേക്കു പോയി.
പെണ്ണമ്മയുടെ നെഞ്ചിൽ ഒരു കുട്ടകം നെല്ലു വേവുന്ന ചൂട്. അവർക്കു ശ്വാസംവിടാൻ വിഷമംതോന്നി. മകനെഴുന്നേറ്റുപോയ പടിയിലിരുന്ന് അവർ കിതച്ചു. പിന്നെ കുറെ നേരം മാതാവിനോടു സങ്കടം പറഞ്ഞു കരഞ്ഞു.
- മക്കടെ നന്മയെ കരുതിയല്ലേ മാതാവേ നിർബന്ധിക്കുന്നത്.
മകന്റെ വഴിയിൽ ഒരിക്കലും നിന്നിട്ടില്ലാത്ത മാതാവ് എന്തു മറുപടി പറയാനാണ്!
ഈപ്പന് അടക്കാനാവാത്ത അരിശംതോന്നി. ഹൃദയത്തിൽനിന്നും ചോര മുഴുവനും വാർന്നു പോയതു പോലെ. ഒന്നുമില്ലാതെ ഒഴിഞ്ഞു ശൂന്യമായി.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ നോവൽ ,
പാമ്പും കോണിയുംകളി തുടരുന്നു...
          ......       ......     .......
- പണ്ടിവന് അമേരിക്കേ പോകാൻ എന്നാ മടിയാരുന്നു. ദേ, നോക്കിക്കേ ഇപ്പം.
ഈപ്പൻ ഉത്തരമൊന്നും പറഞ്ഞില്ല. ചിരിക്കുകയും ചെയ്തില്ല.
- ഇപ്പം തോന്നുന്നുണ്ടോടാ പോകണ്ടാരുന്നെന്ന്?
- എന്നും കുറഞ്ഞത് അഞ്ചു തവണയെങ്കലും . ഉണരുമ്പോൾ , പുറത്തേക്കു നോക്കുമ്പോൾ , ഓഫീസിലിരിക്കുമ്പോൾ , ഉറങ്ങാൻ കിടക്കുമ്പോൾ , തെയ്യാമ്മയുടെ അടുത്തിരിക്കുമ്പോൾ .
അയാൾ ആ ഉത്തരം പറഞ്ഞില്ല. ആകാശത്തേക്കു വെറുതെ നോക്കി.
- മഴ പെയ്യുമോ ഇന്ന് ?
ഒരു വൃഥാ ചോദ്യത്തിൽ ഈപ്പൻ ഉത്തരത്തെ മുക്കിക്കൊന്നു. ഉത്തരം പറയാനാവാതെ വരുമ്പോഴൊക്കെ.
അപ്പോൾ കൂടിയിരുന്നവരൊക്കെ മഴയെപ്പറ്റി ചർച്ച ചെയ്തു. ഇന്നലെ പെയ്ത മഴ . കഴിഞ്ഞ വർഷത്തെ മഴക്കാലം. അയാളുടെ ചെവിക്കു ചുറ്റും മഴപോലെ ചർച്ച ചെയ്തിറങ്ങി.
- അവന് അമേരിക്കയ്ക്കു പോയതു സന്തോഷമായിരിക്കും.
അപ്പനോർത്തു. കൈനിറയെ പണം. വണ്ണം വെച്ചു , വെളുത്തു . അധികാരമുള്ള ജോലിയുണ്ട്. എന്നിട്ടും ഈപ്പൻ കുളിക്കാൻ പോയ സമയത്ത് ഊണുമുറിയിൽനിന്നും അപ്പൻ ചോദിച്ചു:
അവനു സന്തോഷമായിരിക്കും. കൊച്ചുന്നാളിലെ ഓരോ പോഴത്തം അത്രേ ഒള്ളാരിക്കും. അല്ലേ പെണ്ണമ്മേ?
- ആ ... ചോദിച്ചിട്ട് അവൻ സമാധാനം ഒന്നും പറഞ്ഞില്ലല്ലോ!
- കണ്ടിട്ട് അവനു കൊറവൊന്നും ഇല്ല.
- എല്ലാ കൊറവുകളും പൊറത്തു കാണാമ്പറ്റ ത്തില്ല.
ആ വാചകം പെണ്ണമ്മ മനസ്സിൽ പറഞ്ഞതേയുള്ളു. ഭാര്യയുടെ മൗനം അയാളെ വീണ്ടും സംശയിപ്പിച്ചു.
രാത്രിയിൽ അപ്പനുറങ്ങിയിട്ടും ഉറങ്ങാതെ കിടന്ന ആ അമ്മ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പുറത്തേക്കു വന്നു. ഈപ്പൻ പുറത്തേക്കു നോക്കി നടക്കല്ലിൽ ഇരിക്കുന്നുണ്ടായിരുന്നു.
- ഒറക്കം വരുന്നില്യോ മോനേ ?
- ഇല്ല ,ചൂടല്ലേ !
- ഫാനിട്ടിട്ടില്ലേ ?
- ഉം .
അയാൾ മൂളി . അവർ അടുത്തുവന്ന് അയാളുടെ തോളിൽ കൈ വെച്ചു.
- നെനക്ക് അവിടുത്തെ ജീവിതം ഇഷ്ടമല്യോ മോനേ ?
- ഒന്നു പോയിക്കിടന്ന് ഉറങ്ങുന്നുണ്ടോ?
അതു പറഞ്ഞ് ഈപ്പൻ വേഗം സ്വന്തം മുറിയിലേക്കു പോയി.
പെണ്ണമ്മയുടെ നെഞ്ചിൽ ഒരു കുട്ടകം നെല്ലു വേവുന്ന ചൂട്. അവർക്കു ശ്വാസംവിടാൻ വിഷമംതോന്നി. മകനെഴുന്നേറ്റുപോയ പടിയിലിരുന്ന് അവർ കിതച്ചു. പിന്നെ കുറെ നേരം മാതാവിനോടു സങ്കടം പറഞ്ഞു കരഞ്ഞു.
- മക്കടെ നന്മയെ കരുതിയല്ലേ മാതാവേ നിർബന്ധിക്കുന്നത്.
മകന്റെ വഴിയിൽ ഒരിക്കലും നിന്നിട്ടില്ലാത്ത മാതാവ് എന്തു മറുപടി പറയാനാണ്!
ഈപ്പന് അടക്കാനാവാത്ത അരിശംതോന്നി. ഹൃദയത്തിൽനിന്നും ചോര മുഴുവനും വാർന്നു പോയതു പോലെ. ഒന്നുമില്ലാതെ ഒഴിഞ്ഞു ശൂന്യമായി.
- വെറുതെയിരിക്കാൻ സമ്മതിക്കാതെ !
കാനഡയ്ക്കു പോയിക്കഴിഞ്ഞിട്ട് ആദ്യമായാണ് ഈപ്പൻ തനിയെ നാട്ടിൽ വരുന്നത്. കുറച്ചു ശുദ്ധവായു ശ്വസിക്കാൻ കിട്ടിയിരുന്നെങ്കിൽ . എങ്ങോട്ടെങ്കിലും പോകാൻ പറ്റിയിരുന്നെങ്കിൽ . ചോദ്യങ്ങൾ ചോദിച്ച് ശ്വാസം മുട്ടിക്കുവാൻ ആരും ഇല്ലാത്ത ഒരിടത്ത്.
കുമരകം.
പിറ്റേന്ന് ഒരു കൂട്ടുകാരനെ കാണാനെന്നു പറഞ്ഞ് ഈപ്പൻ കുമരകത്തിനു പോയി.
- സായിപ്പിന്റെ വേലക്കാരൻ!
തെയ്യാമ്മയുടെ കല്യാണാലോചന വന്നപ്പോൾ തീരെയും ആശങ്കപ്പെടാതെയാണ് ഈപ്പൻ പറഞ്ഞത്.
- എനിക്ക് എൻജിനീയറെ മതി.
- രണ്ട് ഇഞ്ചിനീയറൊണ്ടാക്കുന്നേന്റെ എരട്ടി ഒണ്ടാക്കും അമേരിക്കേലൊരു നഴ്സ്.
അപ്പൻ ചീറ്റിത്തെറിച്ചത് ഈപ്പന്റെ തലച്ചോറിൽ തറച്ചിരിപ്പുണ്ട്.
- നിന്നെ രൂപായെറക്കി പഠിപ്പിച്ചത് ഇതുവഴി തെക്കുവടക്കു കളിച്ചു നടക്കാനല്ല!
പ്രതാപത്തിന്റെ തഴമ്പുകൾ മാത്രമുള്ള വീട് ഈപ്പന്റെ ജീവിതംകൊണ്ടു വലയിട്ടു നിർത്താനായിരുന്നു അപ്പന്റെ തീരുമാനം. വർഷങ്ങളായി ഈപ്പൻ മനസ്സിൽ കൂട്ടിയ കണക്കുകളെല്ലാം പെട്ടെന്നു പൂജ്യമായി മാറി. 
അയാൾക്ക് അന്ന് എല്ലാം തല്ലിത്തകർക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. എന്തിനാണിത്രയും കഷ്ടപ്പെട്ട് പഠിച്ചത്. ക്ളാസ്സിൽ ഒന്നാമനാകാൻ പാടുപെട്ടത്. പുറകിലത്തെ ബെഞ്ചിലിരുന്ന് ഉഴപ്പിയിരുന്നെങ്കിൽ ...
ഈപ്പന്റെയൊപ്പം പഠിച്ച ബാബുവിനും ഗോപിക്കും ഗവൺമെന്റ് ജോലിയുണ്ട്. അവധിക്ക് ചെല്ലുമ്പോൾ അവർ ഇടയ്ക്ക് ഈപ്പനെ കാണാൻ ചെല്ലും. സർക്കാർ ജീപ്പിൽ സർക്കാർ ശമ്പളം കൊടുക്കുന്ന ഡ്രൈവറോട് അവർ പറയുന്നു എങ്ങോട്ടു പോകണമെന്ന് ഈപ്പൻ നഴ്സിന്റെ ഡ്രൈവറായി ജോലി ചെയ്യുന്നു. കൂലി രണ്ടാഴ്ച കൂടുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്കു വരുന്നുണ്ട്.
ഈപ്പൻ ഗോപിയെ ആലപ്പുഴയിൽ വെച്ചു കണ്ടു. അയാൾ അസിസ്റ്റന്റ് എൻജിനീയറായി ജോലി ചെയ്യുന്നു. ഗോപി മറ്റു കൂട്ടുകാരെപ്പറ്റിയൊക്കെ പറഞ്ഞു. എല്ലാവരും നല്ല നിലയിലെത്തിയിട്ടുണ്ട്. ചിലരൊക്കെ ബിസിനസ്സിലേക്കിറങ്ങി. കേരളത്തിൽ കൺസ്ട്രക്ഷൻ നന്നായിട്ടുണ്ട്.
നിനക്കും അവിടെ ബിസിനസ്സല്ലേ?
ഗോപി ചോദിച്ചു.
- അതേ , മെയ്ൻലി റെസിഡൻഷ്യൽ .
-  കാശൊണ്ടാക്കണമെങ്കി ബിസിനസ്സു ചെയ്യണം.
ഗോപി പറഞ്ഞു. ഈപ്പന്റെ നിർബന്ധത്തിൽ അവർ ഊണുകഴിച്ചു.
പലതും സങ്കല്പിച്ച് ഈപ്പൻ ഒരു ദിവസം ആലപ്പുഴയിൽ തങ്ങാൻ തീരുമാനിച്ചു. അടുത്ത ദിവസം ഗോപിയുടെ ഓഫീസ്ജീപ്പിൽ അവർ കുമരകത്തേയ്ക്കു പോയി. കുമരകത്തെ ലക്ഷ്വറി കോട്ടേജിൽ ഒറ്റയ്ക്കു താമസിക്കുന്ന അതിഥി ഈപ്പൻ മാത്രമായിരുന്നു. സൂര്യാസ്തമയം നോക്കി പാടത്തിനരികിലെ ബെഞ്ചിൽ അയാൾ ഒറ്റയ്ക്കിരുന്നു.
കൂട്ടുകുടുംബസ്പർദ്ധകൾ ഞെരിച്ചുടച്ച ബാല്യം. അനാഥത്വം പിച്ചിച്ചീന്തിയ കൗമാരം, അപ്പൻ വിറ്റു കളഞ്ഞ യൗവ്വനം. എല്ലാം കഴിഞ്ഞ് ജീവിതം സ്വന്തമായ ഔചിത്യത്തോടെ ഈപ്പൻ മധ്യവയസ്സിനെ സ്നേഹിക്കാൻ ശ്രമിച്ചു.
ഈപ്പൻ എഴുപതുകളെ ഓർത്തെടുക്കാൻ ശ്രമിച്ചു. ആ കാലത്താണു മധ്യതിരുവിതാംകൂറിലെ ഇല്ലായ്മയെ ദിനാറും ഡോളറും ആക്രമിക്കാൻ തുടങ്ങിയത്. കോട്ടയത്തെയും തിരുവല്ലയിലെയും ചങ്ങനാശ്ശേരിയിലെയും കോളജുകളിൽ ബെൽബോട്ടം പാന്റുകളും ഫോറിൻ തുണിയിൽ തയ്പിച്ച ഷർട്ടുകളും തിങ്കൾ മുതൽ വെള്ളിവരെ മൽസരത്തിനിറങ്ങി, ടി.സി.മാത്യുവിന്റെ കടയിൽ കാണാൻ കിട്ടാത്ത നിറങ്ങൾ , ഡിസൈനുകൾ , ബോർഡറില്ലാത്ത ഫോറിൻ സാരികൾ കോട്ടയത്തെ പാർത്ഥാസിനെയും ശീമാട്ടിയെയും നാണിപ്പിച്ചു കളഞ്ഞു. ടു ബൈ ടു ബ്ലൗസ്സിനടിയിൽ ലേസുള്ള ബ്രാകൾ വിദേശത്തു ബന്ധുക്കളില്ലാത്ത പെൺകുട്ടികളെ അസൂയപ്പെടുത്തി, ആൺകുട്ടികളുടെ പ്രായം വിജൃംഭിച്ച ഹോർമോണുകളെ വട്ടംചുറ്റി മറിച്ചു.
വീടുകളിൽ ഭംഗിയുള്ള വേഗം പൊട്ടാത്ത പാത്രങ്ങൾ നിരന്നു. എന്തൊരു വെളുപ്പാണു പാത്രങ്ങൾക്ക ! വെളുപ്പിനെ നാണിപ്പിക്കുന്നത്ര വെളുപ്പ്. അമ്മച്ചിമാർ ഭംഗിയുള്ള കല്ലുവെച്ച സ്വർണ്ണ ബ്രോച്ചുകൾ കുത്തി. റോസാപ്പൂവ് , നീരാളി, കണ്ണിൽ കല്ലുള്ള പുലി . പരുത്തിച്ചട്ടകൾക്കു പകരം തിളങ്ങുന്ന വെളുപ്പുനിറമുള്ള പോളിയസ്റ്റർ ചട്ടകളും കച്ചമുറിയും ഉടുത്തു. മടങ്ങുന്ന ചെറിയ കുടയും കൈയിലൊതുങ്ങുന്ന പേഴ്സിൽ പണവുമായി അവർ ഫലം കായ്ക്കുന്ന മക്കളെ ലോകത്തിനു കാണിച്ചു കൊടുത്തു.
അപ്പന്മാർ മടക്കുന്ന കാലൻകുടകൾ പിടിച്ചു. മുമ്പു കണ്ടിട്ടില്ലാത്ത തരത്തിലുള്ള ടീഷർട്ടുകളും പോളിയസ്റ്റർ ഷർട്ടുകളും ഇടാൻ തുടങ്ങി. തോൽചെരിപ്പിട്ട് പോസ്‌റ്റോഫീസിൽ പോയി എയറോഗ്രാം ഉണ്ടോ എന്ന് ഉറക്കെ ചോദിച്ചു. നാലും ആറുമെണ്ണം ഒന്നിച്ചു വാങ്ങി.
ഒറ്റമുണ്ടും ചീട്ടിത്തുണി ഷർട്ടുമിട്ട് ചെരിപ്പില്ലാതെ വരുന്നവരായിരുന്നു പോസ്റ്റോഫീസിൽ കൂടുതലും.കാർഡ് ഇൻലന്റ് അല്ലെങ്കിൽ ഒരു കവർ വാങ്ങി മടങ്ങിപ്പോകുന്നവർ. നാല് എയറോഗ്രാം ഒന്നിച്ചു വാങ്ങുന്ന വാർത്ത താങ്ങാൻ പോലും ശേഷിയില്ലാത്തവർ. അവരും ധൃതിപ്പെട്ട് മക്കളെ വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാൻ ശ്രമപ്പെട്ടു. ഒരു ദരിദ്രരാഷ്ട്രത്തിന്റെ സർപ്ലസ് .
കല്യാണ ബ്രോക്കർമാർ പുറത്തു പോയ മക്കളുള്ള വീടുകൾക്കുചുറ്റും വലവിരിച്ചു കാത്തുകാത്തിരുന്നു. ഒരു വിസയ്ക്കു മുന്നിൽ പ്രതാപവും കുടുംബമഹിമയും പഠിപ്പും സൗന്ദര്യവും ചരക്കായി തല കുനിച്ചു നിന്നു.
അവധിക്കു വരുമ്പോൾ ചോദിച്ചതിനേക്കാൾ അഞ്ചു രൂപ കൂടുതൽ കൊടുത്ത് മീൻകാരിയുടെ സ്നേഹവും സന്തോഷവും വിദേശമലയാളി വാങ്ങി പോക്കറ്റിലാക്കി.
- നിങ്ങളു വന്നേച്ചങ്ങു പോകും. ഞങ്ങക്കു പിന്നേം മീൻ മേടിക്കാനൊള്ളതാ.
വീട്ടിൽ അടിഞ്ഞുപോയവർ അവധിക്കു വന്ന അധികച്ചെലവുകാരോടു പരാതിപ്പെട്ടു.
കാനഡയിലെത്തിയ ഈപ്പൻ വാശിയോടെ പണമുണ്ടാക്കി. കാനഡയിലെ എൻജിനീയറിംഗ് ബിരുദം എടുക്കാൻ മിനക്കെട്ടില്ല. സത്യത്തിൽ ഈപ്പന് മരവിപ്പും അരിശവുമായിരുന്നു. ലോകത്തോടും മലയാളികളോടും. പ്രത്യേകിച്ച് തെയ്യാമ്മയോടും. ലോകമലയാളിയുടെ പ്രതീകമായി തെയ്യാമ്മ ഈപ്പന്റെ ജീവിതത്തിലെ ഓരോ നിമിഷവും മുറിപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ട് തെയ്യാമ്മയിലെ ഓരോ അംശത്തെയും സ്വയമറിയാതെ അയാൾ വെറുത്തു.
ഈപ്പന്റെ അപ്പനും മടക്കുന്ന കാലൻകുടയുമായി ചന്തയിലേക്കു പോയി. നെയ്മീൻ , വാടാത്ത പച്ചക്കറി, ചെമ്മീൻ . പിന്നെ വയലുകൾ, തെങ്ങിൻ പറമ്പുകൾ, സിമന്റ്, ഇഷ്ടിക . ഈപ്പന്റെ അപ്പനും നഷ്ടപ്പെട്ട ആഡംബരകാലങ്ങൾ തിരികെപ്പിടിച്ചു.
ഈപ്പൻ കാനഡയിൽ നിന്നും ന്യൂ ഇയറിനു വിളിച്ചപ്പോൾ അപ്പൻ ചോദിച്ചു:
- ക്രിസ്തുമസ്സെന്നും പറഞ്ഞു കഴിഞ്ഞയാഴ്ച വിളിച്ച തല്യോടാ. എന്തിനാ പിന്നേം വിളിച്ചു കാശു കളയുന്നത്?
അതോടെ ഈപ്പൻ വീട്ടിലേക്കു വിളിക്കുന്നതു നിർത്തി. എന്നിട്ടും തെയ്യാമ്മ മുടങ്ങാതെ കത്തുകളയച്ചു. കത്തുകളിൽ ചെക്കോ ഡ്രാഫ്റ്റോ തെറ്റാതെ വെച്ചു. വള്ളക്കാലി കുടുംബത്തിൽപ്പെട്ട ആ വീട്ടിൽ വിലപ്പെട്ടവളാകുന്നതിൽ തെയ്യാമ്മയ്ക്കു നന്ദിയുണ്ട്.
ആ വർഷം ഈപ്പൻ വന്നപ്പോൾ എല്ലാവരുടെയും ചോദ്യം എന്താണു നാട്ടിൽ വന്നു നില്ക്കാത്തത്. മക്കളെ എന്താണിവിടെ പഠിപ്പിക്കാത്തത് എന്നൊക്കെ ആയിരുന്നു. അയാൾ ചോദിച്ചു.
- ഇവിടെ വന്നിട്ട് അവർ എന്തു ചെയ്യാനാ?
- ഇവിടേം പിള്ളാരു പഠിക്കുന്നില്യോ?
അമേരിക്കക്കാരന്റെ അഹങ്കാരം ചോദ്യം അയച്ചവർക്കു തീരെ പിടിച്ചില്ല.
അതൊക്കെ പഴങ്കഥകളായിരിക്കുന്നു. ഇപ്പോൾ ഓർമ്മകളുടെ പെരുങ്കാട്ടിനുള്ളിൽ ഈപ്പന്റെ അപ്പൻ വഴി തെറ്റി ഉഴറുകയാണ്. പുറത്തേക്കുള്ള വഴികളൊന്നും കാണാതെ ഉൾക്കാടുകളിൽ കൊച്ചു കുട്ടിയെപ്പോലെ ഒളിച്ചുകളിച്ചു. മറിയാമ്മ, ലീലാമ്മ, അന്നമ്മ , സൂസമ്മ, ഏലിയാമ്മ, പൊടിയമ്മ, കുഞ്ഞമ്മ പേരുകൾ ഓർമ്മയിൽ അലിഞ്ഞില്ലാതെയാകുന്നു. മുഖങ്ങളും പേരുകളും തമ്മിലിഴുകിപ്പിണഞ്ഞ് പരസ്പരം കൊത്തി നുറുക്കി അയാളുടെ വാർദ്ധക്യത്തെ അപമാനിക്കുന്നു.
                            .തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ 28പാമ്പും കോണിയും - നിർമ്മല - നോവൽ 28
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക