Image

ദാമ്പ്യത്യത്തിലെ അനുരജ്‌ഞനങ്ങള്‍ (ഒരു ഹാസ്യ വീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 June, 2012
ദാമ്പ്യത്യത്തിലെ അനുരജ്‌ഞനങ്ങള്‍ (ഒരു ഹാസ്യ വീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല. അവര്‍ തമ്മില്‍ വെടി നിര്‍ത്തല്‍ പോലുള്ള ചില സമാധാന പരീക്ഷണങ്ങള്‍ നടത്തി നോക്കി ഒരു ഒത്തുതീര്‍പ്പിലെത്തുകയാണ്‌ പതിവ്‌. വയസ്സായാലും ഒരങ്കത്തിനു ബാല്യവുമായി അവര്‍ വീറോടെ പടപൊരുതാന്‍ തയ്യാറായി മുന്നോട്ട്‌ ജീവിതം നയിക്കുന്നു. എന്നാല്‍ എല്ലാ ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ജീവിതവും യുദ്ധക്കളമാകുന്നില്ല. അതിന്റെ രഹസ്യം പലപ്പോഴും ആരും അന്വേഷിക്കുന്നില്ല. ദൈവ കല്‍പ്പനകള്‍ അനുസരിക്കാതെ ജീവിക്കുന്നത്‌ കൊണ്ടാണു ഭാര്യാ- ഭര്‍ത്താക്കന്മാര്‍ക്ക്‌ ഇങ്ങനെ കുടുംബം ഒരു യുദ്ധഭൂമിയാക്കേണ്ടി വരുന്നത്‌ എന്നൊക്കെ മത പരിവേഷം ചാര്‍ത്തിയവരും ഇരു വശത്തും വിദ്യാഭ്യാസ -സംസ്‌കാരിക നിലകളില്‍ വരുന്ന പാളിച്ചകള്‍ കൊണ്ടാണെന്ന്‌ സമുദായ നേതാക്കന്മാരും ഈ പ്രശ്‌നത്തെപറ്റി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വലിയ പ്രയോജനമുണ്ടാകുന്നില്ല സ്‌തീ ശക്‌തി എന്ന പേരിലും ഫെമിനിസം എന്ന പേരിലും സ്‌ത്രീകള്‍ ചില പരിപാടികളുമായി മുന്നോട്ട്‌ വന്നിട്ടുണ്ടെങ്കിലും ഈ പ്രശ്‌നത്തിനുള്ള പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.

ഭാര്യ- ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഏതൊരു പ്രശ്‌നവും വളരെ ശാന്തമായും സമാധാനത്തോടും കൂടി പരി ഹരിക്കാവുന്നതെയുള്ളു. അതിനു പരസ്‌പരം അറിയണം, മനസ്സിലാക്കണം പിന്നെ ഇത്തിരി സ്‌നേഹവും വേണം. ഇവരുടെ കഥയൊന്നു കേള്‍ക്കു.

ഇന്ത്യന്‍ ആര്‍മിയില്‍ വളരെക്കാലം സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചയാള്‍ക്ക്‌ ഇത്തിരി വെള്ളമടിക്കുന്ന സ്വഭാവമുണ്ട്‌. അദ്ദേഹത്തിന്റെ സ്‌നേഹസ്വരൂപിണിയായ ഭാര്യക്ക്‌ അതില്‍ പരിഭവമില്ല. എന്നാല്‍ കുടിയേറുമ്പോള്‍ കക്ഷി ചിലപ്പോള്‍ ബഹളം വക്കും അവരുടെ നേരെ കയ്യോങ്ങും. അത്തരം സാഹചര്യങ്ങളില്‍ സ്‌ത്രീകളില്‍ പതുങ്ങിയിരിക്കുന്ന ഭദ്രകാളി പുറത്ത്‌ ചാടുകയാണു പതിവ്‌. അതോടെ യുദ്ധാരംഭമായി. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ അങ്ങനെയല്ല. നരച്ച മീശ പിരിച്ച്‌ കണ്ണുകള്‍ ഉരുട്ടി ഒരു കൊച്ചു രാവണനായി ഭര്‍ത്താവ്‌ കലഹത്തിനു മുതിരാന്‍ തുടങ്ങുമ്പോള്‍ ഭാരത സ്‌ത്രീ തന്‍ ഭാവ ശുദ്ധിയോടെ അവര്‍ ഭക്‌തിപൂര്‍വ്വം, ദേശീയഗാനമായ `ജന ഗണ മന' സ്‌നേഹത്തിന്റെ ഒരീണത്തോടെ പാടാന്‍ തുടങ്ങും. ഒരു ജവാനായിരുന്ന ഭര്‍ത്താവു ഉടനെ `അറ്റെന്‍ഷന്‍' ആയി സലൂട്ടും അടിച്ച്‌ കര്‍ത്തവ്യബോധത്തോടെ അപ്പോള്‍ നില്‍ക്കാന്‍ തുടങ്ങുന്നു. ദേശിയ ഗാനം പാടി തീര്‍ത്ത്‌ അവര്‍ വിളമ്പി കൊടുക്കുന്ന ഭക്ഷണവും കഴിച്ച്‌ അയാള്‍ ഉറങ്ങുന്നു. എല്ലാവര്‍ക്കും അവരവരുടെ ജീവിത അവസ്‌ഥകള്‍ അനുസരിച്ച്‌്‌ ഇങ്ങനെ പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതെയുള്ളു.

എല്ലാ വായനക്കാര്‍ക്കും സന്തുഷ്‌ടമായ കുടുംബ ജീവിതം നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക