Image

പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ (പ്രസന്ന ജനാർദ്ദൻ)

Published on 08 January, 2021
പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ (പ്രസന്ന ജനാർദ്ദൻ)
മുള്‍വേലിയില്‍ പടര്‍ന്ന് മുച്ചൂടും പച്ചച്ച് കിന്നരശില്‍പങ്ങളിലെ മുന്തിരിവള്ളികളെപ്പോലെ ആകാരസൗഷ്ഠവമാര്‍ന്ന ഇലകള്‍ പ്രദര്‍ശിപ്പിച്ച് നില്‍ക്കും പാവല്‍ വള്ളി. ചിലപ്പോള്‍ ഇടവഴിയോരത്ത് പീതവര്‍ണ്ണത്തില്‍ ചിരിച്ചു നില്‍ക്കാറുണ്ടത്. മെലിഞ്ഞ ഞെട്ടോടെ ആണ്‍പൂവും നിറയെ മുള്ളുകളായി പാവയ്ക്കയുടെ സൂക്ഷ്മരൂപമുള്ള ഗര്‍ഭപാത്രത്തില്‍ കാത്തിരിയ്ക്കുന്ന അണ്ഡങ്ങളുമായി പെണ്‍പൂവും. ദിവസവും നടക്കുന്ന വഴിയരികില്‍ ഓന്നോ രണ്ടോ കുഞ്ഞു പാവയ്ക്കകള്‍ വളര്‍ന്നു വരുന്നത് നിത്യക്കാഴ്ചയുടെ സുഖം തരും. ഒരുനാള്‍ പച്ചനിറം മാറി അവ മഞ്ഞച്ചുവരും. പഴുത്ത പപ്പായയോടൊക്കും മഞ്ഞനിറത്തില്‍ തൂങ്ങുന്ന കായകളില്‍ ചെഞ്ചോരത്തുള്ളികള്‍ പോലെ വിത്തുകള്‍ പുതച്ചു കിടന്നുറങ്ങുന്നുണ്ടാകും. എന്തു ഭംഗിയാണെന്നോ കാണാന്‍! ആ ചാട്ടക്കാരന്‍ പുഴു നിറഞ്ഞിട്ടില്ലെങ്കില്‍ പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ. പ്രകൃതീമാതാവു തുന്നിക്കൊടുത്ത മഞ്ഞയുടുപ്പിട്ട, ചോന്ന അടിവസ്ത്രമിട്ട സുന്ദരിപ്പെണ്ണ്. ഒരുനാള്‍ അവളെയിങ്ങു കൂടെക്കൊണ്ടു പോരണം. വീട്ടിലെത്തി കഞ്ഞി വെയ്ക്കുമ്പോള്‍ കൊപ്രയോ മൂത്തതേങ്ങയോ കൂട്ടി ചമ്മന്തിയരയ്ക്കാം.
കയ്പയ്ക്കച്ചമ്മന്തി ചമയ്ക്കാൻ എന്തെന്ത് ആർഭാടങ്ങൾ വേണമെന്നു നോക്കാം?
അടുപ്പത്ത് വെച്ച ചീനച്ചട്ടിയില്‍ കുറച്ച് എണ്ണയൊഴിയ്ക്കണം. ചൂടാകുമ്പോള്‍ അഞ്ചെട്ടു വറ്റല്‍മുളക് വറുത്തുകോരി മിക്‌സിയുടെ ജാറില്‍ നിക്ഷേപിയ്ക്കണം. കുരു കളഞ്ഞ പാവയ്ക്ക പച്ചയ്‌ക്കോ പഴുത്തതോ നനുങ്ങനെ അരിഞ്ഞ് എണ്ണയിലിട്ട് മൂപ്പിയ്ക്കണം. വായില്‍ കൊതിവെള്ളം നിറയ്ക്കും പാവയ്ക്ക മൂക്കുന്ന നറുമണം... ഹ! എന്റെ സാറേ! ഉണങ്ങിച്ചുരുണ്ട് എള്ളോളമാകുമ്പോള്‍ കോരി എടുത്തു വെയ്ക്കണം.
ചീനച്ചട്ടിയില്‍ എണ്ണ മിച്ചമുണ്ടെങ്കിലും ഇല്ലെങ്കിലും തരക്കേടില്ല- ഝടുതിയിലിത്തിരി തേങ്ങാക്കൊത്ത് (കൊപ്രയെങ്കിലും) വറുക്കാന്‍ തുടങ്ങുക. തേങ്ങ മൂത്ത മണം വന്നല്ലോ? നിസ്സംശയം തീ കെടുത്തൂ. ഗ്യാസെന്ന ഓമനപ്പേരിട്ടു നാം വിളിയ്ക്കുന്ന പ്രൊപയ്ന്‍ ബ്യൂട്ടെയ്ന്‍ മിശ്രിതത്തില്‍ നിറയെ കാര്‍ബണും ഹൈഡ്രജനുമാണ് (ഹൈഡ്രോകാര്‍ബ്ബണ്‍) അത് അന്തരീക്ഷത്തിലെ ഓക്‌സിജനുപയോഗിച്ച് കത്തുമ്പോള്‍ കിലോക്കണക്കിന്.. ലിറ്റര്‍ കണക്കിന് കാര്‍ബണ്‍ഡൈയോക്‌സൈഡാണ് ദൃശ്യ ശ്രാവ്യ രുചി ഗന്ധസ്പര്‍ശാനുഭവങ്ങള്‍ അസാദ്ധ്യമായ രീതിയില്‍ അടുക്കളമുറിയ്ക്കുളളിലെ വായുവിലേയ്ക്കു കലരുന്നത്. അതുകൊണ്ടു തന്നെ ഒരു ഇക്കോഫ്രണ്ട്‌ലി ചമ്മന്തിയുണ്ടാക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് വേലിപ്പത്തലിലെ ഓര്‍ഗാനിക് കയ്പ്പയ്ക്കയെ മാത്രമല്ല- ചട്ടിക്കടിയില്‍ എന്തിനോ വേണ്ടി വെറുതെ കത്തിപ്പാഴാകാന്‍ പാടില്ലാത്ത ഗ്യാസിനെക്കൂടെയാണ്. അന്തരീക്ഷവായുവിനെക്കാൾ ഭാരക്കൂടുതലുള്ള കാർബൺഡയോക്സൈഡ്  അടഞ്ഞുകിടക്കുന്ന അടുക്കളയിൽ കുമിയുന്നത് നിങ്ങളെ വീർപ്പുമുട്ടിച്ചു കൊല്ലുകയൊന്നുമില്ലെങ്കിലും എക്സോസ്റ്റ് ഫാനോ ഹുഡോ പിടിപ്പിച്ച, വായുഗതാഗതത്തിന് ഹർത്താലില്ലാത്ത അടുക്കയിൽ വെച്ച് പാകം ചെയ്യപ്പെടുന്നതാണ് പ്രായപൂർത്തിയായ കയ്പപ്പെണ്ണുങ്ങൾക്ക് പാതിരാവിലും ഇഷ്ടം.
ഇത്രയും നേരം എന്റെ പ്രസംഗം കേട്ട് വായും പൊളിച്ചു നിന്ന നേരം കൊണ്ട് വറുത്ത തേങ്ങ തണുത്തു കാണും. അതും മിക്‌സിയുടെ ജാറിലേയ്ക്കു സശ്രദ്ധം പോകട്ടെ. പിന്നാലെ  വേണ്ടത്ര ഉപ്പും ഒരു ജിമുക്കിക്കമ്മലോളം വാളന്‍പുളിയും കാലച്ച് ശര്‍ക്കരയും പോകട്ടെ. നന്നായി അരയണം. വറ്റൽമുളകിന്റെ എരിയുന്ന സ്വർണ്ണവിത്ത് പല്ലുകൾക്കിടയിൽ കുടുങ്ങി അലഭ്യലഭ്യശ്രീ നാടകം കളിച്ചാൽ കുഴഞ്ഞു ഗതികെടുന്നതരം നാവുള്ളവർ ആദ്യമേ കരുമുരാന്നിരിയ്ക്കുന്ന മുളക് പൊടിയ്ക്കാൻ മുൻകരുതലും മുൻകയ്യും എടുക്കേണ്ടതാണ്. വെള്ളമൊഴിക്കാത്ത ചമ്മന്തി ആയതുകാരണം പുട്ടിനു തേങ്ങയിടുംപോലെ ഇടയ്ക്കിടയ്ക്ക് നിറുത്തി ഇളക്കി കൊടുക്കേണ്ടി വരില്ലേ? വരും വരാതിരിയ്ക്കില്ല.
ലാസ്റ്റ് ബട്ട് നോട് ദ ലീസ്‌റ്റേ.. ആ വറുത്തു വെച്ച കയ്പ്പയ്ക്ക കൂടെയിട്ട് ജസ്റ്റൊരു ഡ്ര്‍ര്‍...ഡ്ര്‍ര്‍... പോരാ ഒന്നൂടെ ഡ്ര്‍ര്‍...
മതിമതി. സ്വാദുനോക്കി, സ്വാദുനോക്കി തീരുന്നതിനു മുമ്പ് നല്ല ഓമനത്തമുള്ളൊരു കുഞ്ഞി ഡവറയിലേയ്ക്കു മാറ്റൂ.
ഇനിയാണു രസം. ആ ചമ്മന്തിയ്ക്കു നടുവിലൊരു ചെറ്യേ കുഴി കുത്തണം. എന്നിട്ടൊരുണ്ട വെളുത്തുള്ളി ഇടിച്ചു ചതച്ച് അതിനകത്തിടുക. വറവിടുന്ന കയിലില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ നന്നായി ചൂടാക്കി ആ കുഴിയിലെ സുഗന്ധരാജാവിനു മുകളില്‍ ഒഴിക്കുമ്പോള്‍ ച്‌രീ...ന്നു ശബ്ദം കേള്‍ക്കണം. വശങ്ങളില്‍ നിന്നു ചമ്മന്തി നീക്കിയിട്ടു ക്ഷണനേരം കൊണ്ട് കുഴിമൂടണം. രണ്ടു മിനിറ്റു കഴിഞ്ഞ് നല്ലപോലെ ഇളക്കിയാല്‍ ലോകോത്തരഗുണമേന്മയുള്ള ചമ്മന്തി തയ്യാർ. ഒരു കലം കഞ്ഞി കുടിച്ച് ആനവയറായി ആനന്ദലബ്ധിയടയാൻ ഇനിയെന്തുവേണം!!
ഒറ്റനോട്ടം.
പഴുത്ത പാവക്ക- വലുതെങ്കിൽ ഒന്നിന്റെ അര മുക്കാൽ ഭാഗം മതി.
കൊട്ടത്തേങ്ങയോ പച്ചത്തേങ്ങയോ ലേശം വറുക്കുക.
ചുവന്നമുളക് എണ്ണയിൽ വറുത്തതും തേങ്ങയും ഉപ്പ്, പുളി, ശർക്കരയും കൂട്ടി അരയ്ക്കുക.
പഴുത്ത പാവയ്ക്ക ചെറുതായി കൊത്തിയരിഞ്ഞ് എണ്ണയിലിട്ട് വഴറ്റിയതും ചേർത്ത് ഒന്ന് ചതയണം.
വെളുത്തുള്ളി ഇടിച്ച് ചതച്ച്, ചമ്മന്തിയിൽ ഒരു കുഴികുത്തി വെച്ച് കുറച്ചു വെളിച്ചെണ്ണ നന്നായി ചൂടാക്കി അതിന്മേൽ ഒഴിച്ച് ചമ്മന്തി കൊണ്ടുതന്നെ മൂടിവയ്ക്കുക. കുറച്ചുകഴിഞ്ഞ് എടുത്ത് ഇളക്കി ഉപയോഗിയ്ക്കാം. കയ്യിലിരിപ്പിന്റെ തരമനുസരിച്ച് ഒരാഴ്ചയൊക്കെ നിലനിൽക്കും.
പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ (പ്രസന്ന ജനാർദ്ദൻ)
പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ (പ്രസന്ന ജനാർദ്ദൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക