ജനുവരി 20 -നു സ്ഥാനമൊഴിയും; എന്നാൽ പോരാട്ടം അവസാനിച്ചിട്ടില്ലെന്നു പ്രസിഡന്റ് ട്രംപ്
AMERICA
07-Jan-2021
AMERICA
07-Jan-2021

ജനാലകൾ തകർത്തും, മതിലിൽ വലിഞ്ഞുകയറിയും, ട്രംപ് അനുകൂലികൾ പ്രതിഷേധസൂചകമായി അമേരിക്കൻ പതാക നീക്കി. കയ്യിൽ കരുതിയ 'ട്രംപ്യൻ പതാക' പകരം പ്രതിഷ്ഠിച്ചു. സ്പീക്കറുടെ കസേരയിൽ കയറി ഇരുന്നു ചിലർ ഫോട്ടോയ്ക്ക് പോസ് ചെയ്തു. യു എസ് ക്യാപിറ്റോൾ മന്ദിരത്തിൽ ജനുവരി ആറിന് നടന്നത് അവിശ്വസനീയമായ നാടകീയമുഹൂർത്തങ്ങൾ.
9/11 ആക്രമണത്തിന് ശേഷം രണ്ടു ദശകങ്ങളായി യു എസ് കോൺഗ്രസ് ക്യാമ്പസിൽ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ക്യാപിറ്റോൾ മന്ദിരത്തിനുമുന്നിൽ പ്രതിഷേധങ്ങൾ പതിവാണെങ്കിലും, ഇത്തരത്തിലൊന്ന് ആദ്യമാണ്.
ഉച്ചയോടെ അപ്രതീക്ഷിതമായൊരു ആൾക്കൂട്ടം രൂപപ്പെട്ടു. ചുവന്ന ബേസ്ബോൾ തൊപ്പികൾ ധരിച്ച അവർ പതാകകൾ വീശി. പോലീസ് ബാരിക്കേഡ് ഭേദിച്ച് അക്രമകാരികൾ ക്യാപിറ്റോൾ മന്ദിരത്തിന്റെ കൂറ്റൻ ഇരുമ്പു വാതിലുകൾ കടന്ന് കെട്ടിടത്തിനുള്ളിൽ കയറി.
മന്ദിരത്തിലെ സ്ഥിരം സന്ദർശകർക്ക് പോലും പ്രവേശനം അത്ര എളുപ്പമല്ല. ട്രംപ് അനുകൂലികളായതിന്റെ പേരിലാകാം ഇങ്ങനൊരു സൗകര്യം.
വാഷിംഗ്ടൺ ഡി സി യിൽ പ്രതിഷേധം നടക്കുമെന്ന അറിയിപ്പ് മുൻപേ ലഭിച്ചിരുന്നതാണ്. യു എസ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിന് കോൺഗ്രസ്സ് വോട്ട് ചെയ്യാൻ ഒത്തുചേരുന്ന ദിവസം ഒരു ഭീകരാന്തരീക്ഷം വേണ്ടെന്നോർത്താണ് കൂടുതൽ പോലീസിനെ വിന്യസിപ്പിക്കാതിരുന്നത് എന്ന ന്യായമാണ് അധികൃതർ പറയുന്നത്.
സർക്കാർ കാര്യങ്ങൾ തടസ്സപ്പെടുത്തുന്നവരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷ നൽകണം. കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവീഴ്ച നിയമപരമായി ഗുരുതരമായ കുറ്റമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് വ്യക്തമാണെന്നും ഒത്താശ ചെയ്തുകൊടുത്തവരും ശിക്ഷാർഹരാണെന്നും വിമർശനം ഉയരുന്നു.
'നടന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദി ട്രംപാണ്.' ഹാർവാർഡിലെ ലോ പ്രൊഫസർ ലോറെൻസ് എച്ച്. ട്രൈബ് ട്വിറ്ററിൽ കുറിച്ചു.
'ക്യാപിറ്റോളിലെ അഭൂതപൂർവമായ അരാജകത്വം രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കുന്നു, മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ അഭിപ്രായപ്പെട്ടു.
'ഈ ആക്രമണം ചരിത്രത്തിൽ ഇടം നേടും. പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ഒരാൾ നിയമപരമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമാണ് നൽകിയിരിക്കുന്നത്. ഇത് അപ്രതീക്ഷിതമായിരുന്നെന്ന് വിശ്വസിച്ചാൽ നമ്മൾ വിഡ്ഢികളാകും. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്താങ്ങുന്ന മാധ്യമങ്ങൾ തങ്ങളുടെ ഭാവനയാണ് കഴിഞ്ഞ കുറച്ചുകാലമായി എഴുതി വിടുന്നത്. യാഥാർഥ്യത്തെ വളച്ചൊടിച്ച് അവർ വർഷങ്ങളായി വിത്തുപാകി മുളപ്പിച്ച അമർഷമാണ് ഇന്ന് പ്രതിഷേധമായി അണപൊട്ടിയത്.' ഒബാമ പ്രസ്താവനയിലൂടെ അറിയിച്ചു.
ട്രംപിനെതിരെ നിലകൊണ്ട റിപ്പബ്ലിക്കന്മാരെ അഭിനന്ദിക്കാനും ഒബാമ മറന്നില്ല. ജോർജിയയിലെ ഉദ്യോഗസ്ഥർ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ചുമതലകൾ മാന്യമായി നിർവ്വഹിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
' ഇതുപോലുള്ള നേതാക്കളെയാണ് നമുക്ക് വേണ്ടത്. ഇപ്പോൾ മുതൽ, വരും ദിവസങ്ങളിലും ആഴ്ചകളിലും മാസങ്ങളിലും നിയുക്ത പ്രസിഡന്റ് ബൈഡനൊപ്പം പൊതുലക്ഷ്യം സാധ്യമാകുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകാം. പാർട്ടി ഏതും ആകട്ടെ, അമേരിക്കക്കാർ എന്ന നിലയിൽ ഒറ്റക്കെട്ടായി നമുക്ക് ലക്ഷ്യം നേടാം. ' ഒബാമ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തോടുള്ള വിയോജിപ്പ് ഉണ്ടെങ്കിലും താൻ അധികാരത്തിൽ നിന്ന് ജനുവരി 20 ന് ഒഴിയുമെന്ന് ട്രംപ് പറഞ്ഞു. വോട്ടിങ്ങിലെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്റെ' പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇതൊരു തുടക്കമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്വിറ്ററും ഫേസ്ബുക്കും താൽക്കാലികമായി ട്രംപിനെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ബൈഡന്റെയും കമല ഹാരിസിന്റെയും വിജയം മൈക്ക് പെൻസ് പ്രഖ്യാപിച്ച ശേഷമാണ് ട്രംപിന്റെ പ്രസ്താവന.
ബുധനാഴ്ച രാത്രി, ഇലക്ട്‌റൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി ബൈഡൻ നാല്പത്തിയാറാം പ്രസിഡന്റാകുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. ബൈഡൻ 306 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ ട്രംപിന് നേടാനായത് 232 വോട്ടുകൾ മാത്രമാണ്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സെനറ്റിലെയിലെയും ഹൗസിലെയും അംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നാലുപേരുടെ ജീവൻ പൊലിഞ്ഞ ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കുണ്ട്. 52 അക്രമകാരികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments