Image

യുഎസ് എച്ച്1ബി വിസ പരമാവധി സംഖ്യയിലെത്തി; ബാഗില്‍ ഒതുങ്ങുന്ന പൈലറ്റില്ലാ വിമാനം

Published on 14 June, 2012
 യുഎസ് എച്ച്1ബി വിസ പരമാവധി സംഖ്യയിലെത്തി; ബാഗില്‍ ഒതുങ്ങുന്ന പൈലറ്റില്ലാ വിമാനം
വാഷിംഗ്ടണ്‍: ദീര്‍ഘകാലത്തിനുശേഷം ആദ്യമായി അമേരിക്കയില്‍ എച്ച്1ബി തൊഴില്‍ വിസ അപേക്ഷകളുടെ എണ്ണം യുഎസ് കോണ്‍ഗ്രസ് നിശ്ചയിച്ച 65,000 എന്ന പരമാവധി സംഖ്യയിലെത്തി. ഇന്ത്യന്‍ പ്രഫഷണലുകളാണ് യുഎസ് തൊഴില്‍ വിസകളുടെ പ്രധാന ഗുണഭോക്താക്കള്‍. 2013 സാമ്പത്തികവര്‍ഷത്തേക്കുള്ള എച്ച്1ബി വിസകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ജൂണ്‍ 11 ആയപ്പോള്‍ത്തന്നെ ആവശ്യത്തിന് അപേക്ഷകള്‍ ലഭിച്ചതായി യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വ്യക്തമാക്കി. അധികം ലഭിക്കുന്ന അപേക്ഷകള്‍ അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയോ അപേക്ഷാ സ്വീകരണം വര്‍ഷാവസാനം മാത്രം അവസാനിപ്പിക്കുകയോ ആയിരുന്നു പതിവ്.

സമീപകാലത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വര്‍ഷമധ്യത്തില്‍ത്തന്നെ അപേക്ഷകള്‍ പരമാവധിയില്‍ അവസാനിപ്പിച്ചത്. എന്നാല്‍, ശരിയായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍, അവ പോസ്റ്റ് ചെയ്ത തീയതി നോക്കാതെതന്നെ സ്വീകരിച്ചതായി പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള എച്ച്1ബി ജോലിക്കാരുടെ കാലാവധി നീട്ടുക, തൊഴില്‍ കരാറുകള്‍ മാറ്റുക, തൊഴില്‍ദാതാക്കളെ മാറ്റുക തുടങ്ങിയ നടപടിക്രമങ്ങള്‍ തുടരാന്‍ തടസമില്ല.

മുംബൈ ആക്രമണം: ഹെഡ്‌ലിയെയും റാണയെയും ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന് ഇന്ത്യ

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും തഹാവുര്‍ ഹുസൈന്‍ റാണയെയും ചോദ്യം ചെയ്യാനായി വിട്ടു നല്‍കണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയാണ് ഇക്കാര്യമുന്നയിച്ചത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും സഹകരണം തുടരുമെന്ന് കൂടിക്കാഴ്ചയ്ക്കുസേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഹിലരി പറഞ്ഞു.

ബാഗില്‍ ഒതുങ്ങുന്ന പൈലറ്റില്ലാ വിമാനം

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരേ മിസൈല്‍ ആക്രമണത്തിനുപയോഗിക്കുന്ന പൈലറ്റില്ലാ വിമാനമായ ഡ്രോണിന്റെ ചെറുപതിപ്പ് അഫ്ഗാനിലെ യുഎസ് സൈനികര്‍ക്കു വിതരണം ചെയ്തതായി ലോസാഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈനികരുടെ തോള്‍സഞ്ചിയില്‍ തൂക്കാവുന്ന ഈ ആയുധത്തിന്റെ ഭാരം കേവലം ആറു പൗണ്ടില്‍ താഴെ മാത്രമാണ്. സ്വിച്ച് ബ്ലഡ് എന്നു പേരിട്ടിട്ടുള്ള ഇവയ്ക്ക് ഉയര്‍ന്ന കൃത്യതയും സ്‌ഫോടനശേഷിയുമുണ്ട്. ലക്ഷ്യം ഉറപ്പാക്കിയശേഷം അതിവേഗം ആക്രമണം നടത്താമെന്നതാണു പ്രധാന പ്രത്യേകത. വിദൂരതാവളത്തിലുള്ള വലിയ ഡ്രോണുകളെ മേഖലയില്‍ വരുത്തി ആക്രമണം നടത്തുന്നതിലുള്ള താമസം ഒഴിവാക്കപ്പെടും. ഡ്രോണ്‍ ആക്രമണങ്ങളില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കുകയാണ് ഇവയുടെ ഉപയോഗത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങളില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് അഫ്ഗാന്‍, പാക്കിസ്ഥാന്‍ ഭരണകൂടങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

അഫ്ഗാനിലേക്കായി യുഎസ് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നു

വാഷിംഗ്ടണ്‍:അഫ്ഗാനിസ്ഥാനിലെ സൈനികാവശ്യത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ യുഎസ് തീരുമാനിച്ചു. റഷ്യന്‍ ആയുധ ഡീലര്‍ റോസോബോറോണ്‍എക്‌സ്‌പോര്‍ട്ട് എന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കാനാണു തീരുമാനം. സിറിയയ്ക്ക് ആയുധം വില്‍ക്കുന്നത് ഈ കമ്പനിയാണെന്നു കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍ ആരോപിച്ചിരുന്നു. പത്ത് എംഐ17 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണു തീരുമാനം. അഫ്ഗാനില്‍ നിന്നു പോര്‍ വിമാനങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായാണു നടപടിയെന്നു പെന്റഗണ്‍. 217.7 മില്യണ്‍ ഡോളറാണു കരാര്‍ തുക. ഈ വര്‍ഷമാദ്യം ഇവരില്‍ നിന്നു രണ്ടു ഹെലികോപ്റ്ററുകള്‍ വാങ്ങിയിരുന്നു.

സ്ത്രീകള്‍ക്ക് സുരക്ഷയില്‍ ഇന്ത്യക്ക് നാണക്കേടിന്റെ ഒന്നാം സ്ഥാനം; ആറാമത് അമേരിക്ക

ലണ്ടന്‍: ജി 20 രാജ്യങ്ങളില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നത് ഇന്ത്യയിലാണെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണേ്ടഷന്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വേ. സ്ത്രീ സുരക്ഷയില്‍ അമേരിക്കയ്ക്ക് ആറാം സ്ഥാനമേയുള്ളൂ. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതസാഹചര്യങ്ങള്‍ നല്‍കുന്ന രാജ്യം കാനഡയാണ്. ഇന്ത്യയില്‍ ഇപ്പോഴും ശിശുഹത്യയും ബാലവിവാഹവും നിലനില്‍ക്കുന്നു. ചൂഷണത്തിനും അക്രമത്തിനും എതിരായ സുരക്ഷാസംവിധാനങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ നയങ്ങള്‍ പിന്തുടരുന്ന കാഡയാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം. കാനഡയ്ക്കു പിന്നാലെ ജര്‍മനി, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അഞ്ചാം സ്ഥാനംവരെ. മോശം രാജ്യങ്ങളില്‍ ഇന്ത്യക്കു താഴെ സൗദി അറേബ്യയാണ്. ഇവിടെ സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണെ്ടങ്കിലും വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക