Image

അജ്ഞാതം (കഥ: ജിസ പ്രമോദ്)

Published on 05 January, 2021
അജ്ഞാതം (കഥ: ജിസ പ്രമോദ്)

മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. ഗൗരി പതുക്കെ ജാലകപാളികൾ തുറന്നു. അകത്തേയ്ക്ക് കയറാൻ വെമ്പി നില്കും പോലെ ഈറൻ കാറ്റ് മുറിയിലേക്ക് അടിച്ചുകയറി. മഴപെയ്തു തോർന്നതേയുള്ളു.പൂത്തു നിൽക്കുന്ന രാജമല്ലിയുടെ ഇലകളിൽ മഴത്തുള്ളികൾ വൈരം പോലെ മിന്നി. നിലാവുണ്ട്,  മഴപെയ്തു കഴിഞ്ഞ ആകാശത്തു അമ്പിളിയും നക്ഷത്രങ്ങളും തിളങ്ങുന്നു. ഇന്നിനി രാത്രി മഴപെയ്യില്ല. ഗൗരി ഓർത്തു. 


കാറ്റിൽ മുല്ലപ്പൂ മണത്തോടൊപ്പം ഒഴുകി വരുന്ന ഗസലിന്റെ ശീലുകൾ. അവൾ ചെവിയോർത്തു. 

ഉമ്പായി പാടുകയാണ്…. 

അവൾക്ക് ഏറെ ഇഷ്ടമാണ് ഗസൽ. പക്ഷെ ഇപ്പോൾ ഈ ശീലുകൾ അവളിലെ സങ്കടത്തിന്റെ ആക്കം കൂട്ടിയതെയുള്ളൂ. ഗസലിന് അങ്ങനെയും ഒരു പ്രത്യേകത ഉണ്ട്. സങ്കടവും സന്തോഷവും നിറയ്ക്കാൻ ഗസലുകൾക്ക് കഴിയും. എന്നിരുന്നാലും അവൾ വീണ്ടുമാ ഈരടികൾക്ക് കാതോർത്തു.ഏതോ ഗന്ധർവ്വ ലോകത്തുനിന്നും ഒഴുകി വരുന്നപോലെ ആ സംഗീതം അവളിൽ നിറഞ്ഞു. പതുക്കെ അവളുടെ മനസ്സ് ശാന്തമാകുകയും അവളാ സംഗീതത്തിൽ ലയിച്ചു പോവുകയും ചെയ്തു. 

എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. ശക്തമായ കാറ്റോടുകൂടി മഴത്തുള്ളികൾ അവളുടെ മുഖത്തു പതിച്ചപ്പോഴാണ് അവൾ ഞെട്ടി കൺതുറന്നത്. ശക്തിയായ മഴയും കാറ്റും. കൂരിരുട്ട്. അമ്പിളിയും നക്ഷത്രങ്ങളുമൊക്കെ മറഞ്ഞിരിക്കുന്നു. എത്ര പെട്ടന്നാണ് പ്രകൃതിയുടെ ഭാവം മാറുന്നത്. ജനല്പാളികൾ വലിച്ചടക്കുന്നതിനിടയിൽ അവളോർത്തു. ചില മനുഷ്യരെ പോലെ !


മേശവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമേ മുറിയിലുള്ളു. അവൾ പതുക്കെ കണ്ണടച്ചു ഉറങ്ങാൻ ശ്രമിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവളെ അനുഗ്രഹിച്ചില്ല. 

അമ്മയും അച്ഛനും ഉറങ്ങിയുട്ടുണ്ടാവുമോ? ഇല്ല എങ്ങനെ ഉറങ്ങാനാണ്. അവരുടെ ഒരേഒരു മകൾ, വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുൻപേ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു വീട്ടിൽ എത്തിയിരിക്കുകയാണ്. കാരണമോ? അജ്ഞാതം !


അവളുടെ മിഴികൾ ചുവരിലെ ചിത്രങ്ങളിൽ പരതി. നാലു ചുവരിലും അവൾ വരച്ച ചിത്രങ്ങൾ. പ്രകൃതി ഭംഗി തുടിക്കുന്നവ. അവൾക്ക് അത്തരം ചിത്രങ്ങൾ വരയ്ക്കാനായിരുന്നു ഏറെ ഇഷ്ടം. മഴതോർന്ന നാട്ടുവഴികൾ, മഞ്ഞു മൂടിയ താഴ്വാരങ്ങൾ, മഴപെയ്യുന്ന പുഴ, അങ്ങനെയങ്ങനെ പ്രകൃതിയുടെ സുന്ദരഭാവങ്ങളെല്ലാം അവളുടെ ക്യാൻവാസിൽ മിഴിവാർന്നു വിടർന്നു. ഗൗരി തന്റെ ഡ്രോയിങ് മാഷിനെ പറ്റി ഓർത്തു. ചുവന്ന വെൽവെറ്റ് പുറംചട്ടയുള്ള സുവർണ ലിപികളിൽ തന്റെയും ശ്രീയുടെയും പേരെഴുതിയ ആ വെഡിങ് കാർഡ് അദ്ദേഹത്തിനു കൊടുക്കുമ്പോൾ ഒരു കള്ളചിരിയായിരുന്നു തന്റെ ചുണ്ടിൽ. അത് മനസിലാക്കിയിട്ടു തന്നെയാണ് അദ്ദേഹം പറഞ്ഞത്, കളിമട്ടിൽ, 

"എന്തൊക്കെയായിരുന്നു, മാഷേ പിജി കഴിഞ്ഞിട്ടേ ഞാൻ വിവാഹത്തെപ്പറ്റി ചിന്തിക്കൂ, ആദ്യം ഒരു ജോലി അത് കഴിഞ്ഞിട്ടേ വിവാഹം ഉള്ളു. എന്നിട്ടെന്തായി ഡിഗ്രി ഫൈനൽ പോലും ആയില്ല. "

"ഹാ എന്തായാലും നടക്കട്ടെ, ബെസ്റ്റ് വിഷസ് "


"അത് മാഷേ, കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാം എന്ന ശ്രീയേട്ടൻ പറഞ്ഞേക്കുന്നെ, പിന്നെ നല്ല ആലോചന വന്നപ്പോ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോ"



"സാരില്ല കുട്ടി നടക്കട്ടെ, ഒക്കെ നല്ലതിനാ, ചിത്രരചന തുടരണം നീ, അത്രയ്ക്ക് കഴിവുള്ള കുട്ടിയാണ്, അത്രേം ഉള്ളു. എല്ലാം നാം ആഗ്രഹിച്ചപോലെ നടക്കണം എന്നില്ലല്ലോ "


ഓർമ്മകൾ പിന്നെയും അവളുടെ കണ്ണുകൾ നിറച്ചുകൊണ്ടിരുന്നു. പാവം അച്ഛനുമമ്മയും, പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയുടെ നാല്പതാം വയസിലാണ് താനുണ്ടാവുന്നത്. താഴത്തും തലയിലും വയ്ക്കാതെ വളർത്തി. എന്നാൽ ചീത്തശീലങ്ങളോ വാശിയോ സമ്മതിച്ചു തന്നതുമില്ല. അവരുടെ ലോകം താൻ മാത്രമായിരുന്നു. തന്റെ ഇഷ്ടങ്ങൾക്കനുസരിച്ചേ എന്തും ചെയ്യുമായിരുന്നുള്ളു. താനും അങ്ങനെതന്നെ അച്ഛനുമമ്മയും വിട്ടൊരു ലോകം തനിക്കുമുണ്ടായില്ല. ശ്രീയേട്ടന്റെ കല്യാണാലോചന വന്നപ്പോഴും അച്ഛൻ ഒഴിവാക്കി വിട്ടതായിരുന്നു. പിജി കഴിഞ്ഞിട്ടേ കല്യാണം ഉള്ളു എന്ന് പറഞ്ഞു. പക്ഷെ ആ ബ്രോക്കറുടെ നിർബന്ധം ആയിരുന്നു ഒന്നു വന്നു കണ്ടു പൊയ്ക്കോട്ടേ എന്ന്. അങ്ങനെ ആറു മാസങ്ങൾക്ക് മുൻപായിരുന്നു ശ്രീയേട്ടൻ പെണ്ണുകാണാൻ വന്നത്.കൂടെ അച്ഛനും അമ്മയും. വലിയ ഒരുക്കങ്ങൾ ഇല്ലാതെ തന്നെ ചെന്ന് നിന്നു കൊടുത്തു. മുണ്ടും ഷർട്ടും അണിഞ്ഞു സുമുഖനായ ഒരാൾ. കട്ടിമീശയും താടിയും, ഒറ്റ നോട്ടമേ നോക്കിയുള്ളൂ. ചിരിച്ചു തന്നെ നോക്കുന്ന ആ രൂപം മനസ്സിൽ പതിഞ്ഞു പോയിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. വിവാഹമുറപ്പിക്കലും മോതിരമാറ്റവും. ഡിഗ്രി ഫൈനൽ കഴിഞ്ഞ് വിവാഹം എന്ന തീരുമാനവും. പ്രണയത്താൽ മനോഹരമായമാസങ്ങൾ.അതും എല്ലാവരുടെയും സമ്മതത്തോടെ. പ്രണയം ചുവപ്പിച്ച സായംസന്ധ്യകൾ,  കടൽത്തീരത്തു അസ്തമയസൂര്യന്റെ പൊൻകിരണങ്ങൾ നോക്കി ചേർന്നിരിക്കുമ്പോഴും, ഒരുവേള പോലും അനാവശ്യമായ നോട്ടമോ സ്പർശമോ ഉണ്ടായിട്ടില്ല. താനത് ആഗ്രഹിച്ചിരുന്നെങ്കിൽ പോലും. 

ശ്രീയേട്ടൻ തന്നെയായിരുന്നു വിവാഹത്തിന് തിടുക്കം കൂട്ടിയത്. ഫൈനൽ എക്സാം കഴിയുന്നതിനു മുൻപ് തന്നെ വിവാഹം. കഴിഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയൊന്ന് ദിവസങ്ങൾ മാത്രം.

ഗൗരി പിന്നെയും എഴുന്നേറ്റ് ജാലകവാതിൽ തുറന്നു. മഴപെയ്തൊഴിഞ്ഞിരിക്കുന്നു. നിലാവില്ല. ഈറൻകാറ്റ് അവളെ പൊതിഞ്ഞു. ഒന്നും വ്യക്തമായി കാണാനാവുന്നില്ല. കട്ടപിടിച്ച ഇരുട്ട്.എവിടെനിന്നോ നത്ത് കരയുന്ന ശബ്‍ദം. തന്റെ ജീവിതം പോലെ, ഇരുട്ട് നിറഞ്ഞ, അപശബ്‌ദങ്ങൾ നിറഞ്ഞ പ്രകൃതി. പ്രകൃതിക്ക് ഇങ്ങനെയും ഭീകാരാഭവങ്ങൾ ഉണ്ടായിരുന്നോ.താൻ സുന്ദരഭാവങ്ങൾ മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളൂ അല്ല ശ്രദ്ധിച്ചിരുന്നുള്ളു. അത് മാത്രമേ ക്യാൻവാസിൽ പകർത്തിയിരുന്നുള്ളു.


വിവാഹം കഴിഞ്ഞ ആ രാത്രി, അതോർക്കുംതോറും അവളുടെ ഉടൽ വല്ലാതെ വെട്ടിവിറച്ചു. തിരക്കുകൾ ഒഴിഞ്ഞു ശ്രീയേട്ടൻ  മുറിയില്ലെത്തുമ്പോൾ  താൻ ഉറങ്ങിപോയിരുന്നു. 

"ഗൗരി "

മൃദുലമായ ശബ്ദത്തിലുള്ള വിളി, താൻ ഉണർന്നു, കണ്ണുകൾ തുറന്നു നോക്കുമ്പോൾ. മുഖത്തോട് മുഖം ചേരുന്ന അകലത്തിൽ ശ്രീയേട്ടൻ. നാണത്താൽ കൂമ്പിയ മിഴികളോടെ ഒരു നോട്ടം താൻ നോക്കിയതോർമയുണ്ട്. പിന്നെ, പിന്നെ എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നതിനു മുൻപ്, ഒരു വേട്ടമൃഗത്തെ പോലെ തന്നെ ആക്രമിക്കുകയായിരുന്നു അയാൾ. മൃദുലതകളിൽ ആഴ്ന്നിറങ്ങുന്ന നഖങ്ങൾ, പല്ലുകൾ വേദന കൊണ്ട് ഒച്ചവയ്ക്കാനൊരുകിയപ്പോഴേക്കും, എപ്പോഴോ വലിച്ചു കീറിയ തന്റെ ഉടുപ്പിന്റെ ഒരു തുണ്ട് വായിലേക്ക് കുത്തിത്തിരുകി.കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു, പക്ഷെ പെട്ടന്നാണ്, വെട്ടിയിട്ട വാഴത്തടിപോലെ അയാൾ തളർന്നു കിടക്കയിലേക്ക് വീണത്. അനക്കം ഒന്നും കേൾക്കാതായപ്പോൾ പതുക്കെ കണ്ണു തുറന്നു നോക്കി. തളർന്നു മയങ്ങുകയാണ്. പതുക്കെ എഴുന്നേറ്റു ശരീരം മുഴുവൻ നുറുങ്ങിപ്പോകുന്ന വേദന, മാറിലും വയറ്റിലെയും മുറിപ്പാടുകളിൽ നിന്ന് രക്തം കിനിയുന്നു.വേറൊരു വസ്ത്രമിട്ടു വീണ്ടും വന്നു കിടന്നു. ഒരു പുതപ്പെടുത്തു തലവഴി മൂടിയിട്ടു കിടന്നു. നെഞ്ചുപൊട്ടി വന്ന കരച്ചിൽ തൊണ്ടകുഴിക്കുള്ളിൽ കെട്ടിനിന്നു.എപ്പോഴോ ഉറങ്ങിപ്പോയി. 

"ഗൗരി, എഴുന്നേൽക്ക് " സൗമ്യമായ വിളി. പതുക്കെ പുതപ്പ് മാറ്റി നോക്കി. ശ്രീയേട്ടൻ. ഭയന്നു വിറയ്ക്കുന്ന തന്നെ ചേർത്ത് പിടിച്ചു പറഞ്ഞു. 

"ക്ഷമിക്ക് ഗൗരി, ഇനിയാവർത്തിക്കില്ല, ഇത്രയും നാൾ കാത്തിരുന്നു നിന്നെ അടുത്ത് കിട്ടിയപ്പോൾ പറ്റിപോയതാണ് "

പക്ഷെ അതിലും ഭീകരമായിരുന്നു, വരാനിരുന്ന രാത്രികൾ, ഒരു വന്യമൃഗത്തേക്കാൾ ഭീകരമായി അയാൾ അവളെ ആക്രമിച്ചു. ഒടുവിൽ മുഴുമിക്കാനാവാതെ പരാജിതനായി തളർന്നു വീണു.പുലർച്ചകളിൽ കട്ടിലിൽ നിന്നെഴുനേൽക്കാനാവാതെ അവൾ തളർന്നു പോയി. തലവഴി പുതപ്പിട്ടു മൂടി അവൾ കട്ടിലിൽ തന്നെ കിടന്നു. അത്യാവശ്യങ്ങൾക്ക് മാത്രം എഴുന്നേറ്റു.രണ്ടു ദിവസം കഴിഞ്ഞതും വീട്ടിൽ മുറുമുറുപ്പ് തുടങ്ങി. കിടക്കയിൽ നിന്നെഴുന്നേൽകാത്ത പെണ്ണ്. അവളുടെ വീട്ടിലേക്ക് സന്ദേശം പോയി. പെണ്ണിനെ ഒന്നിനും കൊള്ളില്ല. വന്നു കൊണ്ട്പൊയ്ക്കോളാൻ. അച്ഛനും അമ്മയും വന്നു. മുറിയിലേക്ക് വന്ന അവർ മൂടിപ്പുതച്ചു കിടക്കുന്ന തന്നെ കണ്ടു. 

എന്തെങ്കിലും ചോദിക്കും മുൻപ് പൊട്ടിക്കരച്ചിലോടെ അമ്മയെ കെട്ടിപിടിച്ചു താൻ. 

"എന്നെ കൊണ്ട് പോ അമ്മേ, ഞാനും വരുന്നു "

അമ്മയ്ക്ക് തന്നെ ഒന്നേ നോക്കേണ്ടി വന്നുള്ളൂ. 

"മോളെ കൊണ്ട് പോകാം "

അച്ഛനോട് പറഞ്ഞു. അങ്ങനെ പതിനഞ്ചു ദിവസത്തെ ദാമ്പത്യത്തിനു വിരാമം. അച്ഛനുമമ്മയും ഇന്നുവരെ തന്നോട് കാരണം ചോദിച്ചിട്ടില്ല. അല്ലെങ്കിലും ഒരമ്മയ്ക്ക് ഊഹിക്കാവുന്ന കാര്യങ്ങൾ ആയതുകൊണ്ടും ആവാം. 

ഇതിനിടെ പലവട്ടം ശ്രീയേട്ടൻ വിളിച്ചു. ഇനിയവർത്തിക്കില്ല, തിരിച്ചു വരണമെന്നപേക്ഷിച്ചു. പക്ഷെ താനത് ആഗ്രഹിക്കുന്നില്ല.പതിനഞ്ചു നാൾ, ഒരു ജന്മത്തെ വേദന അനുഭവിച്ചു, ഇനി വയ്യ. 


അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു. പിറ്റേന്ന് പുലർച്ചയിലേക്കവൾ കൺതുറന്നത് ചില ഉറച്ച തീരുമാനങ്ങളോടെ ആയിരുന്നു. ചായക്കൂട്ടുകളും ബ്രഷുമായി അവൾ ക്യാൻവാസിനു മുമ്പിൽ നിന്നു. ഉദിച്ചുയരുന്ന ഒരു പൊൻസൂര്യനെ ക്യാൻവാസിൽ പകർത്തി. 

കാപ്പിയുമായി വന്ന അമ്മ അവളുടെ പുറകിൽ ഒരുനിമിഷം നിന്നു. പിന്നെ പുഞ്ചിരിയോടെ കാപ്പി കപ്പ് അവളുടെ നേരെ നീട്ടി. 

"എന്ന് മുതലാ ക്ലാസിൽ പോകാൻ തുടങ്ങുന്നത് "

"നാളെ മുതൽ അമ്മേ "


"അച്ഛനോട് പറയാം, പിന്നെ ബാക്കി കാര്യങ്ങളും റെഡിയാക്കാൻ "


"മം ശരി അമ്മേ, എനിക്കിന്ന് ഡ്രോയിങ് മാഷേ ഒന്നു പോയി കാണണം "


"മം പോയിട്ടു വാ "


അവൾ വീണ്ടും ചായകൂട്ടുകളിൽ തിരഞ്ഞു.. ഒരു പുതിയ വസന്തത്തെ വിടർത്താൻ. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക