Image

കേരളത്തിൽ എത്ര സ്ത്രീകൾ ഉണ്ട്? (ഡോ.ഗംഗ .എസ് )

Published on 04 January, 2021
കേരളത്തിൽ എത്ര സ്ത്രീകൾ ഉണ്ട്? (ഡോ.ഗംഗ .എസ് )
3.5 കോടി  ജനസംഖ്യയുടെ പാതി വച്ചു കൂട്ടിയാൽ തന്നെ  ഏകദേശം ഒന്നേ മുക്കാൽ കോടി വരും. അതിൽ 25 ലക്ഷം  18 ൽ താഴെ ആണെങ്കിൽ ഒന്നര കോടി  പ്രായ പൂർത്തിയായ സ്ത്രീകൾ ഉണ്ട്.
മിടുക്കരായ സാമർഥ്യമുള്ള സ്ത്രീകൾ ധാരാളം പേരൂണ്ട്. ലക്ഷങ്ങൾ ഉണ്ടാവും.
അവരിൽ തന്നെ ഉന്നത സ്ഥാനത്തിരിയ്ക്കാനും കാര്യങ്ങൾ ഏകോപിപ്പിക്കാനും കഴിവുള്ളവർ ഉണ്ട്.
അതി സമർഥർ ഉണ്ട്.
പക്ഷേ  ശക്തരായ സ്ത്രീകൾ എത്ര പേരുണ്ട്?
ശക്തി കൊണ്ട് ധൈര്യം കൊണ്ട്  ശ്രദ്ധേയരായവർ. സമൂഹത്തിൽ അവരും ധാരാളം ഉണ്ടാവും.
ജീവിതം വേറിട്ട് തുഴഞ്ഞവർ!
എനിയ്ക്ക്  നേരിട്ട് അറിയാവുന്ന പ്രശസ്തി ഒന്നുമില്ലാത്ത നിരവധി സ്ത്രീകൾ ഉണ്ട്. ഞെട്ടിയ്ക്കുന്ന ധൈര്യശാലികൾ. ഒഴുക്കിനെതിരെ തുഴഞ്ഞവർ.
അതിൽ അറിയപ്പെടുന്നവർ?
ഗൗരിയമ്മ, അജിത,മേരിറോയ്,ദയാബായ്, ഒപ്പം അക്രമിയ്ക്കപ്പെട്ട നടി, ഇത്രയും പേരെയേ  എനിയ്ക്ക് അറിയാവുന്നവരും  പ്രശസ്തരും  എന്റെ കാലഘട്ടത്തിൽ കേരളത്തിൽ  ജീവിച്ചിരിയ്ക്കുന്നുള്ളു.
(അതിന് മുന്പുള്ളത് വിഷയമല്ല).
 ഇപ്പോഴും ഇവർ നാല് പേരേ ഉള്ളെന്നാണ് അറിവ്.  ഇവരാരെയും ഞാൻ നേരിട്ട് കണ്ടിട്ടില്ല.
ശക്തരായ എന്ന് വച്ചാൽ ധൈര്യശാലികൾ ആണെന്ന് മാത്രം അല്ല, എന്ത് വന്നാലും നഷ്ടങ്ങളെ ഓർക്കാതെ സ്വന്തം നിലപാട്‌ വെളിപ്പെടുത്തിയവർ. അതിനായി  നിലകൊണ്ടവർ.
 അവർ ഒരു ഘട്ടത്തിലും പേടിച്ച്  പിന്മാറിയില്ല. അവർ പൊരൂതിക്കൊണ്ടേ ഇരുന്നു. ഏറെക്കുറെ തനിച്ചു തന്നെ. ഏകാകികൾ.
കൂടെ ആരുമില്ലെങ്കിലും അവരുടെ പോരാട്ട വീര്യം കുറയുകയില്ല. ഒന്നിന്റെയും പിൻബലം ഇല്ലെങ്കിലും അവർ പിന്മാറുകയില്ല.
അതിൽ ഇപ്പോഴും  സജീവ  പ്രവർത്തനത്തിൽ  ദയാ ബായിയും നടിയും  മാത്രമേ ഉള്ളൂ.
ഇവരെല്ലാം, ഒരാളൊഴികെ  70 നു മേൽ പ്രായം ഉള്ളവർ.
അതിൽ തന്നെ നടി അവരുടെ സ്വന്തം അനുഭവങ്ങളുടെ പേരിലാണ് നിയമ പോരാട്ടം തുടങ്ങിയതും  നടത്തുന്നതും .  സാമൂഹിക വിഷയം മുൻനിർത്തി  ആയിരുന്നില്ല.പക്ഷേ അതൊരു സ്ത്രീ സംബന്ധിച്ച സാമൂഹിക വിഷയമായി തീർന്നു പിന്നീട്.
 അപ്പോൾ, അതിന് ശേഷം ശക്തരായ സ്ത്രീകൾ ഉണ്ടാവുന്നില്ലേ?
അങ്ങനെ ശക്തരാവുന്നതിൽ നിന്ന്, അവർ സമൂഹത്തിൽ പോരാടി  ഉയർന്ന് വരുന്നതിൽ നിന്ന്  അവരെ തടയുന്ന എന്തോ ഒന്ന് സമൂഹത്തിൽ ഉണ്ട്.
അതോ സ്ത്രീകൾക്ക് സകല നീതിയും  നിലവിലെ സാമൂഹ്യ  രാഷ്ട്രീയ വ്യവസ്ഥിതിയിൽ   നിന്ന് കിട്ടിക്കഴിഞ്ഞത് കൊണ്ടാണോ?
അവർ ഒതുക്കപ്പെടുന്നത് ആണോ?   അതുണ്ട്.
എന്നാലും,  സ്ത്രീകൾക്ക് ഒരു പ്രതിനിധി, സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സംരക്ഷിയ്ക്കാനും ഒരു കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിവുള്ള  സ്ത്രീകൾ  കേരളത്തിൽ ഉണ്ടാവുകയില്ലേ? ഉണ്ടാവേണ്ടതല്ലേ?
ആവശ്യം ആണ് സൃഷ്ടിയുടെ മാതാവ്. അങ്ങനെ ഒരാവശ്യം സ്ത്രീകൾക്കില്ലെന്നാണോ?
ഇല്ലെന്ന് തന്നെയാണ്‌ സമകാലീന സംഭവങ്ങൾ സൂചിപ്പിയ്ക്കുന്നത്.
മൂന്നാറിൽ എസ്റ്റേറ്റ് തൊഴിലാളി സ്ത്രീകൾ കൂലിയുടെ പേരിൽ സമരം ചെയ്തത് കണ്ടതാണ്. അത് ഒരു പ്രതീക്ഷയുടെ മുളയായിരുന്നു. പക്ഷേ ബുദ്ധിയുള്ളവർ അത്  മുളയിലേ നുള്ളി.
അത്രേ ഉള്ളൂ എന്ന് തെളിഞ്ഞു  സ്ത്രീകളുടെ സംഘടനാബോധം.
പീഡനങ്ങൾ, ഉൾപ്പെടെ   നീതി കിട്ടാതെ പോകുന്ന നിരവധി സ്ത്രീ വിഷയങ്ങൾ ഉണ്ട്. സമത്വം, സ്വാതന്ത്ര്യം, തുടങ്ങി.
പക്ഷേ നിലവിലെ വ്യവസ്ഥിതിയിൽ സ്ത്രീകൾ തൃപ്തരാണെന്നാണ് മനസ്സിലാകുന്നത്ത്. നിരാശാജനകം.
ഓരോ സ്ത്രീ വിരുദ്ധ സംഭവങ്ങൾ വരുമ്പോഴും സ്ത്രീകൾ കുറച്ച് ഒച്ചകൂട്ടും എന്നല്ലാതെ. ശാശ്വതമായ പരിഹാരം കാണേണ്ടന്ന് തന്നെ ആണോ അവരുടെ ഭൂരിപക്ഷം പേരുടെയും  നിലപാട്?
നിലവിലെ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരോടൊപ്പം തന്നെ ബഹുപൂരിപക്ഷം സ്ത്രീകളും നില കൊള്ളുന്നത്  എന്നത് നിരാശപ്പെടുത്തുന്നു.
സ്ത്രീകളുടെ പറഞ്ഞ്  തേഞ്ഞതെങ്കിലും എന്നും പുതുമയോടെ നിൽക്കുന്ന പ്രശ്നങ്ങൾ സജീവമായി അഭിസംബോധന ചെയ്യുന്നചെയ്ത് കൊണ്ടിരിയ്ക്കുന്ന   ഏത് രാഷ്ട്രീയ സംഘടന ഉണ്ട് നിലവിൽ?
(ഉണ്ടെങ്കിലും പരിഹരിയ്ക്കപ്പെടാതെ കിടക്കുകയാണ് എല്ലാ പ്രശ്നങ്ങളും).
അതായത്  സ്ത്രീകളും   ഇരയ്‌ക്കൊപ്പം അന്നേരം കുറച്ച്  ദൂരം ഓടും. പിന്നീട് വേട്ടകാരനൊപ്പം ചേരും.
സ്ത്രീകൾക്കൊപ്പം എന്ന് പറയുമെങ്കിലും  ഒറ്റപ്പെട്ടവരും പോരാടുന്നവരും  നിത്യ ദുരിതങ്ങളിൽ പെട്ടവരുമായ സ്ത്രീകളിൽ നിന്ന് മറ്റ്  സ്ത്രീകൾ  വളരെ ദൂരെയാണ്.
സ്ത്രീകളോടാണ്. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ നയിയ്ക്കപ്പെടുന്ന ഒരു സംഘടന.
(Wcc സിനിമയിൽ ഉള്ള സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ്. ആ സംഘടന കടുത്ത വിമർശനങ്ങൾ നേരിട്ടു.)
കിഴക്കമ്പലം ട്വന്റി ട്വന്റി, വി ഫോർ കൊച്ചി മോഡൽ  ശക്തമായ ഒരു കൂട്ടായ്മ   സ്ത്രീകൾക്കായി മാത്രം    ഉടനെ എങ്ങാനും സംഭവിക്കുമോ? എന്നെങ്കിലും?
കേരളത്തിൽ എത്ര സ്ത്രീകൾ ഉണ്ട്? (ഡോ.ഗംഗ .എസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക