Image

വര്‍ഗീസ് ഉലഹന്നാന്‍ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

മൊയ്തീന്‍ പുത്തന്‍ചിറ Published on 13 June, 2012
വര്‍ഗീസ് ഉലഹന്നാന്‍ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ന്യൂയോര്‍ക്ക്: വിജയത്തിന്റെ പടവുകള്‍ താണ്ടി മൂന്നാം പതിറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ഫൊക്കാനയുടെ അമരക്കാരിലൊരാളാകാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള വര്‍ഗീസ് ഉലഹന്നാന്‍ തയ്യാറെടുക്കുന്നു.

ഫൊക്കാനയുടെ പതിനഞ്ചാം ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് ഹൂസ്റ്റണില്‍ നടക്കുന്ന 2012-14ലേക്കുള്ള തെരഞ്ഞെടുപ്പില്‍ എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് വര്‍ഗീസ് ഉലഹന്നാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പ്രവൃത്തിപഥത്തില്‍ മൂന്നു പതിറ്റാണ്ട് തികയ്ക്കുന്ന ഫൊക്കാനയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള നേതൃത്വം ഇത്തരുണത്തില്‍ അനിവാര്യമാണെന്നാണ് വര്‍ഗീസ് ഉലഹന്നാന്റെ അഭിപ്രായം.

ഫൊക്കാനയുടെ രൂപീകരണം മുതല്‍ നാളിതുവരെ കര്‍മ്മോത്സുകരായ നേതാക്കളെ സംഭാവന ചെയ്ത മികച്ച അംഗസംഘടനകളിലൊന്നായ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ പോളാണ് വര്‍ഗീസിനെ പ്രസ്തുത സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സില്‍ ബിരുദം നേടിയിട്ടുള്ള വര്‍ഗീസ്, വിവിധ മേഘലകളില്‍ അക്കൗണ്ടന്റ്, മാനേജര്‍, അസി. എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചതിനുശേഷമാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അഥോറിറ്റിയിലെ സൂപ്പര്‍വൈസറാണ്.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളില്‍ നേതൃത്വസ്ഥാനം വഹിച്ചിട്ടുള്ള വര്‍ഗീസ്, ഫൊക്കാനയിലും വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 2010 ആല്‍ബനി കണ്‍വന്‍ഷനിലെ ബിസിനസ്സ് സെമിനാര്‍ ചെയര്‍മാനായിരുന്നു.

സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ മാത്രമല്ല ബിസിനസ്സ് രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വര്‍ഗീസ് നിഷ്പക്ഷമായും നീതിപൂര്‍വ്വകമായും കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനും മടികൂടാതെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും കഴിവുള്ള വ്യക്തി കൂടിയാണെന്ന് അഗസ്റ്റിന്‍ പോള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെപ്പോലെയുള്ളവരുടെ സേവനമാണ് ഫൊക്കാനക്ക് ഈ കാലഘട്ടത്തില്‍ പ്രയോജനകരമാകേണ്ടതെന്നും അഗസ്റ്റിന്‍ പോള്‍ പറഞ്ഞു.

ഹൂസ്റ്റണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ സ്ഥാനാര്‍ത്ഥിയായി വര്‍ഗീസ് ഉലഹന്നാനെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ തനിക്കും ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും അതീവ സന്തോഷമാണെന്ന് അഗസ്റ്റിന്‍ പോള്‍ പ്രസ്താവിച്ചു.
വര്‍ഗീസ് ഉലഹന്നാന്‍ ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക