Image

അപ്രതീക്ഷിതമായ മഴക്കാഴ്ചകൾ (ചരിത്രമുറങ്ങുന്ന നേപ്പാൾ-20: മിനി വിശ്വനാഥൻ)

Published on 03 January, 2021
അപ്രതീക്ഷിതമായ മഴക്കാഴ്ചകൾ (ചരിത്രമുറങ്ങുന്ന നേപ്പാൾ-20: മിനി വിശ്വനാഥൻ)
ഭക്‌താപൂർ പോട്ടറിസ്ക്വയറിലെ കാഴ്ചകൾക്ക് ശേഷം ഹിമാലയൻ വ്യു കാണാനുള്ള ഹിൽസ്റ്റേഷനിലേക്കായിരുന്നു  യാത്ര തീരുമാനിച്ചത്. രാത്രി അവിടെ തങ്ങി ഹിമാലയത്തിനു മുകളിൽ ഉദിക്കുന്ന സൂര്യനെ കാണാമെന്നായിരുന്നു ടൂർ ഗൈഡിന്റെ പ്ലാൻ .

യാത്ര തുടങ്ങുമ്പോഴേ മൂടിക്കെട്ടിയ അന്തരീക്ഷത്തോടെ മഴ നിർത്താതെ പെയ്തു കൊണ്ടേയിരിക്കുകയാണ്.
എയർപ്പോർട്ട് റോഡിനിരുവശത്തുള്ള  ചാലുകളിലൂടെ ഒഴുകിയൊലിക്കുന്ന മഴവെള്ളക്കാഴ്ചകൾ  മനസ്സിൽ ആശങ്കകളുണർത്തി. പക്ഷേ കൂടെയുണ്ടായിരുന്ന നരേഷ് ഇത്തരം മഴപ്പെയ്ത് ഈ കാലത്ത് നേപ്പാളിൽ പതിവാണെന്ന് ധൈര്യപ്പെടുത്തി. ഒരേ താളത്തിൽ ശന്തമായ  പെയ്യുന്ന മഴയാണ് നേപ്പാളിനെ എന്നും വെള്ളത്തിലാഴ്താറ് എന്ന് ദുബായിലെ നേപ്പാളി പെൺകുട്ടി പറഞ്ഞ ഓർമ്മയിൽ ഞാൻ ആശങ്കയോടെ പുറം കാഴ്ചകളിൽ മുഴുകി.

യാത്ര തുടരുന്നതിനനുസരിച്ച് റോഡിന്റെ അവസ്ഥ പരിതാപകരമായി ക്കൊണ്ടിരിക്കുകയായിരുന്നു.
ഞങ്ങളുടെ വാഹനം സാവധാനം കുന്നു കയറിത്തുടങ്ങുമ്പോൾ തന്നെ  എനിക്ക് പന്തികേട് തോന്നിത്തുടങ്ങിയിരുന്നു. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോവാനാവുന്നത്ര വീതിയേ ഉള്ളൂ ഹിമാലയൻ വ്യൂ പോയിന്റിലേക്കുള്ള റോഡിന് എന്ന അറിവ് എന്നെ വീണ്ടും പേടിപ്പിച്ചു. കൂടാതെ റോഡിന്റെ വശങ്ങളിൽ നിന്ന് പുത്തൻ മണ്ണ് ഇടിഞ്ഞു വീഴുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.

ഒരിടത്ത് ഞങ്ങളുടെ കൺമുന്നിൽ വെച്ച് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. തൊട്ടു മുന്നിൽ കടന്നുപോയ ലോറിക്ക് പിന്നാലെ നരേഷ് അതി സാഹസികമായി അവിടം കടന്നു കയറി. ഇതൊക്കെ മഴക്കാലത്ത് സ്വാഭാവികമാണെന്നും പേടിക്കാനൊന്നുമില്ലെന്നും നരേഷ് ധൈര്യം തന്നെങ്കിലും എന്റെ വശത്ത് നിന്ന് താഴേക്കു നോക്കുമ്പോൾ ദൂരെ കുന്നിൻ ചെരിവിൽ നിന്ന് മണ്ണ് ഇടിഞ്ഞു വീഴുന്ന കാഴ്ച കാണാമായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയ അപകടങ്ങൾ ഓർമ്മയുള്ളത് കൊണ്ട് ഞാൻ പ്രാർത്ഥനയോടെ നിശബ്ദയായി. മറുവശത്തുള്ള സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന കുന്നിൽ നിരകൾ മാത്രം കാണുന്നതിനാൽ മറ്റാരും ഈ യാത്രയുടെ ഭീകരാവസ്ഥ മനസ്സിലാക്കുന്നുമുണ്ടായിരുന്നി
ല്ല.

പഴയ ഹിന്ദിപ്പാട്ടുകൾ മൂളി മഴ ആസ്വദിച്ച് വിനിതയും ശ്രീക്കുട്ടിയും അന്താക്ഷരി കളിക്കുമ്പോൾ പെട്ടെന്ന് പൂജക്കുട്ടിയും ഡാഡിയും മമ്മിയും എന്റെ മനസ്സിലേക്കോടിയെത്തി. അവരെ ഒന്ന് കാണുക എന്ന് മാത്രമായി ആ സമയത്ത് എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം.
എന്റെ പരിഭ്രമം നരേഷ് അറിയുന്നുണ്ടായിരുന്നു. അവൻ എന്നെ സമാധാനിപ്പിക്കാനായി തമാശകൾ പറഞ്ഞു കൊണ്ടേയിരുന്നു....
മരവിച്ച മനസുമായി ചിരിക്കാനാവാതെ ഞാൻ മഴയെ നോക്കിയിരുന്നു ...

യാത്ര തുടരുന്നു , അപ്രതീക്ഷിതമായ മഴക്കാഴ്ചകളിലൂടെ


അപ്രതീക്ഷിതമായ മഴക്കാഴ്ചകൾ (ചരിത്രമുറങ്ങുന്ന നേപ്പാൾ-20: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക