Image

പ്രത്യാശയുടെ പുതുവര്‍ഷം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 01 January, 2021
പ്രത്യാശയുടെ പുതുവര്‍ഷം          (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

കോവിഡ് മഹാമാരി തന്‍ താഡനങ്ങളില്‍
ലോകം പരിഭ്രാന്തമായൊരാ കാലം,
രണ്ടായിരത്തിന്റെ ഇരുപതിറ്റാണ്ടില്‍
ഉണ്ടായൊരാപത്തുകള്‍ ഭീകരം!

നീണ്ടൊരാ തപ്ത സംവത്സരം മായുന്നു,
വീണ്ടും ഇതാ പുതുവര്‍ഷം പുലര്‍ന്നു;
തോരാത്ത കണ്ണീര്‍ കണങ്ങളതേകിയ
ശോകാര്‍ദ്ര നാളുകള്‍ പോയകലുന്നു!

ഉറ്റവര്‍ പെട്ടെന്നപ്രത്യക്ഷമകവെ
ഇറ്റുവീഴുന്നോരാ കണ്ണുനീരും
കാണുവാനൊരുനോക്കുപോലുമാവതെ
കേഴുവോര്‍ തന്‍ ആര്‍ദ്ര നൊമ്പരവും 
മായ്ക്കുവാനാവില്ല ഓര്‍മയിലെങ്കിലും
മായയാകുന്നൊരീ പ്രപഞ്ചത്തില്‍,
പോയകാലത്തിന്റെ കഷ്ടനഷ്ടങ്ങളെ
ഓര്‍ത്തേറെ ഖിന്നരായ് മേവിടാതെ 
പ്രത്യാശ, പ്രാര്‍ത്ഥനയും പ്രയത്‌നങ്ങളും 
പ്രത്യയശാസ്ത്രമായ് മാറ്റി നമ്മള്‍, 

പുതുവല്‍സരത്തിനെ പുത്തന്‍ പ്രതീക്ഷയില്‍
പുതിയൊരുന്മേഷമോടെ ഉണര്‍ത്തിന്‍ 
          *****************

പ്രത്യാശയുടെ പുതുവര്‍ഷം          (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)
Join WhatsApp News
Sudhir Panikkaveetil 2021-01-01 17:06:18
കഴിഞ്ഞവർഷം ഏൽപ്പിച്ച നടുക്കത്തിന്റെയും വേദനകളുടെയും ഖേദം പ്രകടിപ്പിക്കുമ്പോഴും ശുഭാപ്തി വിശ്വാസം നൽകുന്നു കവി. നിരാശ വിട്ടു പ്രത്യാശയോടെ പുതുവത്സരത്തെ എതിരേൽക്കണമെന്നു കവി ഉപദേശിക്കുന്നു. ഈ പ്രപഞ്ചം ഒരു മായയാണ് ഇവിടത്തെ കഷ്ടനഷ്ടങ്ങളെ ഓർത്ത് നമ്മൾ ഖിന്നരാകരുത്. പ്രതീക്ഷാനിർഭരമായ നാളെയാകണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം ഉൽബോധിപ്പിക്കുന്നു. കവി ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രത്യക്ഷപ്പെടുകയാണ് ഇ മലയാളിയിൽ . വീണ്ടും സ്വാഗതം കവേ ആശാൻ എഴുതിയത് ഒന്ന് മാറ്റി പറയട്ടെ . നമസ്കാരം ഡോക്ടർ പൂമൊട്ടിൽ സാർ വരിക ഭവാൻ വീണ്ടും ജോലിയിൽ നിമഗ്നനാകാതെ.എന്നും കവിതയുമായി.
amerikkan mollakka 2021-01-04 20:02:17
അസ്സലാമു അലൈക്കും ഡോക്ടർ പൂമൊട്ടിൽ സാഹിബ്. ഇങ്ങള് എബടെ ആയിരുന്നു. കോബിഡ് ഒന്നും പടച്ചോന്റെ കൃപകൊണ്ട് പിടിച്ചില്ലെന്നു ബിശ്വസിക്കുന്നു. ഇങ്ങടെ കബിത ഞമ്മക്ക് ഇസ്ട്ടമാണ് . ബായിച്ചാൽ മനസ്സിലാകും. പുതിയ ബർഷം എല്ലാബർക്കും കൃപാലുവായ അല്ലാഹു നല്ലതാക്കാട്ടെ എന്നു ദുവ നേരാം. ഡോക്ടർ സാഹിബിനും ബീബി സാഹിബിനും മക്കൾക്കും പെരുത്ത് പെരുത്ത്' സുഖങ്ങളുള്ള 2021 ആസംസിക്കുന്നു.
Easow Mathew 2021-01-05 22:05:32
കവിത വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരിച്ച ബഹുമാന്യരായ വ്യക്തികള്‍ക്ക് നന്ദി. എല്ലാവര്‍ക്കും നന്മ നിറഞ്ഞ നവവല്‍സരാശംസകള്‍ നേരുന്നു! Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക