Image

ഉപ്പിലിട്ടത് (കവിത:ജിസ പ്രമോദ് )

Published on 01 January, 2021
ഉപ്പിലിട്ടത്  (കവിത:ജിസ പ്രമോദ് )
ചോറ്റുപാത്രം നിറയ്ക്കുന്ന നേരം 

ഉപ്പിലിട്ട ലൂബിക്കയൊരെണ്ണം 

ചുമ്മായെടുത്തവളൊന്ന് കടിച്ചു. 

ഉപ്പും പുളിയും

ചീന്തിയിട്ട ചേനമുളകിന്റെ എരിയും 

വായിൽ വെള്ളം നിറച്ച് 

രുചിമുകുളങ്ങളെ ത്രസിപ്പിച്ചങ്ങിറങ്ങിയപ്പോൾ 

അവളിടംകണ്ണൊന്നിറുക്കിയാ 

രുചിയിൽ ലയിച്ചോരു നിമിഷം 

കാലചക്രമൊന്ന് പുറകോട്ടോടി. 


നീലയും വെള്ളയും യൂണിഫോമണിഞ്ഞ

രണ്ട് പെൺകുട്ടികൾ പെരുമഴയത്തൊരു കുടക്കീഴിൽ 

കലപില പറഞ്ഞ്

വീട്ടിലേക്കുള്ള മടക്കത്തിൽ 

വഴിവക്കിലെ പാത്തുമ്മാത്തയുടെ 

പെട്ടിക്കടയിൽ ചില്ലുഭരണിയിലെ 

കാന്താരിയുടെ എരിയുള്ള 

ചുകചുകാ നിറത്തിലുള്ള

കടുംപുളിയുള്ള ഉപ്പിലിട്ട ലൂബിക്ക 

അമ്പതുപൈസയ്ക്കഞ്ചെണ്ണം വാങ്ങിയതും 

തുല്യമായ് പകുത്തു കഴിച്ചതുമോർത്തനേരമവൾക്കൊന്ന് 

തന്റെ സഖിയെ കാണണമെന്നാശതോന്നി.

കഴിഞ്ഞയാണ്ടിൽ നാട്ടിലെ 

സന്ദർശനവേളയിൽ 

തപ്പിപിടിച്ചയവളുടെ 

വാട്സാപ്പ് നമ്പറിലേക്കവളൊരു 

സന്ദേശമയച്ചു. 

എന്നത്തേയും പോലെ രണ്ടു നീലശരികൾ  

തെളിഞ്ഞെങ്കിലും 

മറുപടി സന്ദേശമവൾക്കെത്തിയില്ല. 


പകുതികടിച്ച ലൂബിക്ക 

പാഴ്ക്കൂടയിലേക്കിട്ടവൾ 

നിറകണ്ണൊന്ന് തുടച്ച്‌ 

ചോറ്റുപാത്രമടച്ചു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക