Image

ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുമ്പോള്‍(സുനീതി ദിവാകരന്‍ )

സുനീതി ദിവാകരന്‍ Published on 01 January, 2021
ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുമ്പോള്‍(സുനീതി ദിവാകരന്‍ )
ലോക്കല്‍ ട്രെയിനുകള്‍ അന്നെനിക്ക് അത്ഭുതമായിരുന്നു.   ഇരമ്പത്തോടെ വന്നു നില്‍ക്കുന്നതും നിന്നിടത്തുനിന്നു കുതിച്ചു പായുന്നതും കണ്ട് വലിയ  ആദരവായിരുന്നു.  ഉണ്ണികൃഷ്ണന്റെ കുഞ്ഞു വായില്‍ ഈരേഴു പതിനാലു ലോകങ്ങളും കണ്ടപോലെ ഈ ലോക്കല്‍ ട്രെയിനുകള്‍ക്കുള്ളില്‍ ഒരു ലോകം മുഴുവന്‍ തെളിഞ്ഞു കാണാം .  മതിയാകാതെ വരുന്ന ഉറക്കം ഉറങ്ങി തീര്‍ക്കുകയാണ് ചിലര്‍ ഇവിടെ. ചിലരുടെ അടുക്കളയും,  ഊണ്‍മേശയുമാണ് ഇവിടം.  പരദൂഷണങ്ങളും, തമ്മിലടിയും ഇവിടെ കാണാം.  മുടങ്ങിപ്പോയ പിറന്നാളാഘോഷങ്ങള്‍ നടത്തുന്ന തിരക്കിലാണ് ഒരു കൂട്ടം ആളുകള്‍. വേര്‍പാടിന്റെ ദുഃഖങ്ങള്‍  കരഞ്ഞു തീര്‍ക്കുകയാണ് മുക്കിലിരിക്കുന്ന ഒരു സ്ത്രീ. പഠിപ്പും, പഠിപ്പിക്കലും ഇവിടെ നടക്കുന്നു. ഫോണിലൂടെ പ്രണയങ്ങള്‍ മൊട്ടിടുന്നതും, നുണകള്‍ പറഞ്ഞു പറ്റിക്കുന്നതും, ചീത്ത വിളിക്കുന്നതും ഇവിടെ സര്‍വ്വസാധാരണം. പൂക്കളുടെയും, പഴങ്ങളുടെയും, തുണികളുടെയും, പച്ചക്കറികളുടെയും എന്തിനു പറയുന്നു ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള അവശ്യ വസ്തുക്കളുടെ മാര്‍ക്കറ്റ് ആയി മാറും ചിലപ്പോള്‍ ലോക്കല്‍ ട്രെയിനുകള്‍. പോക്കറ്റടിയും, അല്ലറ ചില്ലറ പിടിച്ചു പറിയും ഇവിടെ നടക്കും. ഗ്രൂപ്പിസവും, രാഷ്ട്രീയവും,  കയ്യൂക്കുള്ളവന്‍ കാര്യക്കാരാവുന്നതും പുറത്തുള്ളത് പോലെത്തന്നെയാണ്  ട്രെയിനിനകത്തും.   

എല്ലാം കണ്ടും  കേട്ടും അറിഞ്ഞും ' ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ''  എന്ന മട്ടില്‍ ട്രെയിന്‍ ഇപ്പോഴും ഓടുക തന്നെയാണ്. വെയിലും മഴയും മഞ്ഞും ഇരുട്ടുമൊക്കെ ട്രെയിനിന്റെ കൂട്ടുകാരാണ്. രാത്രിയോടും പകലിനോടും ഒരുപോലെ അടുപ്പമാണ് ട്രെയിനിന്. 

പണ്ടുണ്ടായിരുന്ന അമ്പരപ്പൊക്കെ മാറി ഇന്ന് മനസ്സറിയുന്ന ഒരു കൂട്ടുകാരി ആയി മാറിയിരിക്കുന്നു ഈ ട്രെയിന്‍. കമ്പി പിടിച്ചു വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ട്രെയിനിന്റെ വേഗമാണ് മനസ്സിനും. നാളേക്കും, മറ്റന്നാളത്തേക്കും പിന്നെ അതിനുമപ്പുറത്തേക്കും മനസ്സോടിയെത്തും. മനസ്സിലെ ആശങ്കകളും, ഭീതികളുമൊക്കെ ട്രെയിനിനോടും പറയും.  വീശിയെത്തുന്ന കാറ്റ് തലോടി ആശ്വസിപ്പിക്കും, കുസൃതി കാട്ടും പിന്നെ ഒന്നിളകിയാടി സാരമില്ലെന്ന് പറയും.  

ഓടിത്തീര്‍ക്കാന്‍ ദൂരമേറെയുള്ളതിനാല്‍ നേരമ്പോക്കുകള്‍ക്കൊന്നും ട്രെയിനിന് നേരമില്ല.  ഇന്നലെയുടെ വേവലാതികളോ,  നാളെയുടെ ആശങ്കകളോ ഒന്നും ട്രെയിനിനെ അലട്ടുന്നില്ല.  ഓടിയോടി വയ്യാതായാല്‍ ഒന്ന് നില്ക്കാന്‍പോലുമിടയില്ലാതെ,  ഉച്ച നേരത്ത് ഒന്ന് നടു നിവര്‍ക്കാനുമാവാതെ കുശലങ്ങള്‍ പറഞ്,  പരിഭവങ്ങള്‍ ഇല്ലാതെ ലോക്കല്‍ ട്രെയിനുകള്‍ ഓടുകയാണ്. ഇണ ചേരുകയും, തിരിഞ്ഞു മാറുകയും ചെയ്യുന്ന പാളങ്ങളിലൂടെ ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുകയാണ്. 

ഒരു മണ്ണിരയെപ്പോലെ മുന്‍പും, പിന്‍പും ഒരുപോലെയാണെന്നു മാത്രമല്ല ഇനി മുറിച്ചിട്ടാലും, കത്തിച്ചാലും, പൊട്ടിത്തെറിച്ചാലും വേണ്ടില്ല കണ്ണടച്ച് തുറക്കുന്ന 
നേരം കൊണ്ട് ഈ ലോക്കല്‍ ട്രെയിന്‍ പിന്നെയും മുന്നോട്ടും പിന്നോട്ടും ഓട്ടം തുടരും. കണ്ടാലും കണ്ടാലും കൊതി തീരാത്ത ആനയും, പുഴയും, വിമാനവും പോലെ ഹോണടിച്ചു കുതിച്ചു പായുന്ന  ഈ ലോക്കല്‍ ട്രെയിനുകള്‍ ഇന്നും കാഴ്ചക്ക് ഒരു ഹരമായിത്തന്നെ  തുടരുന്നു.
സുനീതി ദിവാകരന്‍

ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുമ്പോള്‍(സുനീതി ദിവാകരന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക