Image

പാവകുട്ടി (കവിത-അശ്വതി പ്ലാക്കൽ)

Published on 31 December, 2020
പാവകുട്ടി (കവിത-അശ്വതി പ്ലാക്കൽ)
അന്നവൾ അവനെ ഇറുക്കെ പിടിച്ചു
കുറെ നാളായി
ഇതു പതിവില്ലാത്തതാണ്
കുഞ്ഞിനെ നന്നായി നോക്കണേ
അവൾ പിറുപിറുത്തു
അവനത് വ്യക്തമായി കേൾക്കുകയും ചെയ്തു
അന്നൊരു കുട്ടി മരിച്ചിരുന്നു
വെള്ളത്തിൽ വീണുപോയി
ഒരു മാത്ര അമ്മകണ്ണുകൾ തെറ്റിയിരിക്കാം
ആ അമ്മ കരഞ്ഞതേയില്ല
കുഞ്ഞു സൈക്കിൾ തുടച്ചു വെച്ച്
കുഞ്ഞുടുപ്പു മടക്കിവെച്ചു
ഇങ്കുണ്ടാക്കുന്ന പാത്രം കഴുകി
ആ അമ്മ വേറെ ലോകത്താണ്
കുഞ്ഞുങ്ങൾ മരിക്കുന്ന അമ്മമാരെല്ലാം
ഒന്നാണ്
അവർ മരിച്ചു പോവുകയോ
അവരെ മറന്നു പോവുകയോ ചെയ്യുന്നു
കുഞ്ഞുറങ്ങി അവൾ പിറുപിറുത്തു
നന്നായി പുതപ്പിച്ചു ഉമ്മ വെച്ചു
അയാൾ അവളെ നോക്കി
അവളും ഉറങ്ങിതുടങ്ങി
കുഞ്ഞുങ്ങൾ  മരിക്കുന്ന അമ്മമാരെല്ലാം
ഒരേ പോലാണ്
അവർ മരിച്ചു പോവുകയോ
അവരെ മറന്നു പോവുകയോ ചെയ്യുന്നു
പിന്നീട് ഒരിക്കലുമുറങ്ങാത്ത
പാവകുട്ടിയെ കെട്ടിപിടിച്ചു
അയാളും
മറവിയുടെ ലോകങ്ങളിൽ
നിദ്രയെ കാത്തു 
പാവകുട്ടി (കവിത-അശ്വതി പ്ലാക്കൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക