Image

സമയ രഥങ്ങളിലൂടെ (കഥ:രമണി അമ്മാൾ)

Published on 31 December, 2020
സമയ രഥങ്ങളിലൂടെ (കഥ:രമണി അമ്മാൾ)
കുറച്ചു ദിവസങ്ങളായി
അവരുടെ യാതൊരു വിവരവുമില്ല..
ഒരു ദിവസം പലവട്ടം ഫോൺ വന്നുകൊണ്ടിരുന്നതാ..
ഭാര്യയുടേയും ഭർത്താവിന്റേയും ഫോണിൽ മാറി മാറി വിളിച്ചുനോക്കി..
ഫോൺ  സ്വിച്ചോഫ്..
കഴിഞ്ഞ മാസം ഇവിടെ രണ്ടാഴ്ചയോളം ഉണ്ടായിരുന്നു....
സകുടുബം..
നിർബന്ധബുദ്ധികളായ 
രണ്ടു കുട്ടികളാണ് അവർക്കുളളത്..

തുടക്കം മുതലേ അലോസരമായിരുന്നു ആ ദാമ്പ്യത്യം..
പണ്ടുള്ളോരു പറയും,
 "ഒരു ബന്ധത്തിനുമേൽ മറ്റൊരു ബന്ധം ഏച്ചുവച്ചാൽ ശരിയാവില്ലെന്ന്..". 
ആ ചൊല്ലു ശരിയാണെന്ന്
അനുഭവം  പഠിപ്പിച്ചുകൊണ്ടിരിക്കുന്നു..
അന്നേ,  ആ ബന്ധമങ്ങു വേണ്ടായെന്നുവച്ചാൽ മതിയായിരുന്നു..
ഗതികേടിന്റെ നടുവിൽ നട്ടംതിരിച്ചിലായിരുന്നല്ലോ.. 
തളളാനും കൊളളാനുമാവാതെ..
മുറച്ചെറുക്കൻ...
അവൾക്ക്
അവനേത്തന്നെ മതിയെന്ന..ദു:ശ്ശാഠ്യവും...!

അമ്മയുടെ പെണ്മക്കളിൽ
കാണാൻ സുന്ദരി അവളായിരുന്നു...
ആരുകണ്ടാലും ഒന്നുകൂടി നോക്കിപ്പോകുന്ന ശാലീന സൗന്ദര്യം..
പ്ളസ്ടുവിനു പഠിക്കുന്ന കാലം തൊട്ടു പയ്യന്മാർ പ്രേമാഭ്യർത്ഥനയുമായി പുറകേ നടക്കുമായിരുന്നു..
ക്ളാസില്ലാത്ത ദിവസങ്ങളിൽ 
കാമുകനാവാൻ കച്ചകെട്ടിയിറങ്ങിയ പയ്യന്മാരുടെ
സൈക്കിളിൽ റോന്തുചുറ്റൽ വീടിന്റെ മുന്നിലൂടെയുളള റോഡിൽക്കൂടി തേരാപ്പാരാ
ഉണ്ടായിരുന്നു..
അതിനിടയിലാണ് മുറച്ചെറുക്കന്റെ യഥാര്‍ത്ഥ കാമുകവേഷം...
ആൾ, സർക്കാർ ജോലിക്ക് ഇന്റർവ്യു കഴിഞ്ഞു നില്ക്കുന്നു..
ഉറപ്പായിട്ടും ജോലി കിട്ടും ...
വീട്ടിൽ കുറേ പ്രാരാബ്ധങ്ങളൊക്കെ
ഉണ്ടെങ്കിലും...
അതുകൊണ്ടുതന്നെ
അവരുടെ പ്രേമത്തിനു മൗനമായി അനുവാദം  കൊടുത്തുംപോയി.....

"നാട്ടുകാരേക്കൊണ്ട് പറയിപ്പിക്കതെ, 
നിനക്കവളെ
ഇഷ്ടമാണെങ്കിൽ അങ്ങു കല്യാണം കഴിച്ചുകൂടേ..."

ഞാൻ  ചോദിച്ചു..

"ഇഷ്ടമൊക്കെത്തന്നെ...
കുറച്ചു സാവകാശം വേണം. "

പക്ഷേ, ആരോ പറഞ്ഞാണറിഞ്ഞത്..
അവന്റെ കൂട്ടത്തിൽ ജോലിചെയ്യുന്ന
ഒരു പെണ്ണിന്റെ ആലോചനയുണ്ടെന്ന്..
ഒറ്റമോൾ.....ഇട്ടുമൂടാൻ തക്ക സമ്പത്ത്...
അച്ഛനും അമ്മയും 
സർക്കാരുദ്യോഗസ്ഥർ.. അതറിഞ്ഞതുമുതൽ
അവന്റെ വീട്ടുകാർക്ക് അങ്ങയറ്റം താല്പര്യം...
അതുമതി...
മുറപ്പെണ്ണിനെ കെട്ടിയാൽ ഗതിപിടിക്കില്ല....

കാമുകിയെ കാണാനുളള അവന്റെ വരവും പോക്കും തീരെ കുറഞ്ഞു....
അവന്റെ മനസ്സിലും ചാഞ്ചാട്ടം തുടങ്ങിക്കാണണം.

"നിന്റെ വീട്ടുകാർ കെടികെട്ടിയ സ്ഥലത്തൂന്നു നിനക്കു കല്യാണം ആലോചിക്കുന്നെന്നു കേട്ടല്ലോ.....നിന്റെ സമ്മതത്തോടെയാണോ..?"
അവനെ  ഫോൺ ചെയ്തു ചോദിച്ചു..
"ഞാൻ അങ്ങോട്ടുവരുന്നു..
എനിക്കു കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.."

അവനെ മാത്രമേ ഞങ്ങൾ  പ്രതീക്ഷിച്ചുളളു...  
പക്ഷേ
ഒരു ട്രാവലർ നിറയെ ആൾക്കാർ... അവന്റെ  അപ്പനും അമ്മാവന്മാരും..
തികച്ചും വെറുതേക്കാരേപ്പോലെ അവർ കയറിവന്നു., ഉപവിഷ്ടരായി..
വിലപേശലിനുളള തയ്യാറെടുപ്പോടെ..
"അവനു താഴെ ഒരു പെണ്ണുണ്ട്.....
അതിനെ കല്യാണം കഴിപ്പിച്ചുവിടണം...
ജോലിമാത്രമാണവന്റെ സമ്പത്ത്.....
അതുകൊണ്ട്, ഇവിടുന്ന് പെണ്ണെടുക്കണമെങ്കിൽ എന്തെങ്കിലും നീക്കുപോക്കുകൾ വേണ്ടിവരും....
നിങ്ങൾക്ക് എന്തുതരാൻ പറ്റും....?

"ഇവിടുത്തെ കാര്യങ്ങളൊക്കെ  നിങ്ങൾക്കും അറിയാവുന്നതല്ലേ..
അതനുസരിച്ച് ചെയ്യാം.."

"പണമായി ഒരു നിശ്ചിത തുക വേണം.."
ഞങ്ങളുടെ പ്രാപ്തിക്കും അപ്പുറമായിരുന്നു അവരുടെ ആവശ്യം..
ചോദിക്കുന്നതു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ പേരും പറഞ്ഞ് ഒഴിഞ്ഞു 
മാറാനുളള  അടവുനയങ്ങൾ നിരത്തുകയായിരുന്നു..
വിലപേശലുകൾ തുടർന്നു..
ന്യായവാദങ്ങൾ നിരന്നു..

നാലു നല്ല വർത്തമാനം പറഞ്ഞ്
എഴുന്നേൽപ്പിച്ചിട്ടു വിടാനാണു തോന്നിയത്.. 
പക്ഷേ..
നാട്ടുകാർക്കും കൂട്ടുകാർക്കും മറ്റു ബന്ധുക്കൾക്കുമെല്ലാം അറിയാം, അവൻ വീട്ടിൽ കയറിയിറങ്ങി നടന്ന കാര്യം..
അവനെ, അവന്റെ വഴിക്കു വിട്ടിട്ട് പെങ്കൊച്ചിന് മറ്റു വല്ല
ചെക്കന്മാരേയും നോക്കാമെന്നുവച്ചാൽ.. 
അമ്മാച്ചന്റെ മോന്റെ കൂടെ അഴിഞ്ഞാടി നടന്നവളെന്ന പേരുദോഷം....
വിലപേശൽ കണ്ടും കേട്ടും എന്താണു സംഭവിക്കാൻ പോകുന്നതെന്ന അങ്കലാപ്പിലായി അവൾ..കരച്ചിലും പിഴിച്ചിലും...
അവരുടെ ആവശ്യങ്ങൾക്കുമുമ്പിൽ 
അടിയറവു സമ്മതിക്കേണ്ടിവന്നു.
ചോദിച്ചയത്രയും തുക,
കുടുംബ ഓഹരിയിൽ നിന്നൊരു വീതം...,അതു
വിറ്റിട്ട് കാശുകൊടുക്കണം..

എടുപിടീന്നു കല്യാണം ഉറച്ചു.....നടന്നു..
ആദ്യമൊന്നും വലിയ കുഴപ്പം കണ്ടില്ല.
പണത്തിനോടുളള അവന്റെ ആർത്തി അപാരമായിരുന്നു..
പെട്ടെന്നു പണക്കാരനാവണം..
സർക്കാർ ശമ്പളംകൊണ്ട് എന്താവാൻ...
അവന്റെ മണ്ടയിലുദിച്ച ബുദ്ധിയാണ്....
പണം, കുറഞ്ഞ പലിശയ്ക്ക് എവിടുന്നെങ്കിലും കടമെടുത്ത് കൂടിയ പലിശയ്ക്ക് മറിച്ചു കൊടുക്കുക....
കയ്യീന്നു കാൽക്കാശു ചിലവില്ലാതെ, നഷ്ടമാവാതെ 
ലാഭം കൊയ്യൽ.. 
അധികം നാൾ വേണ്ടിവന്നില്ല, 
കിട്ടാനുളളതും കൊടുക്കാനുളളതും തമ്മിൽ പൊരുത്തപ്പെടാതാവാൻ.. കടക്കെണിയിലായി..
ചെക്കു കേസുകളും ജപ്തിയും  മറ്റും...
ബ്ലെയിഡ് ബിസിനസ്സു പൊളിഞ്ഞു...
പണം ഇങ്ങോട്ടു തരാനുളളവർ മുങ്ങി...
അങ്ങോട്ടു കൊടുക്കാനുളളവർ..
വീടുകയറിവന്നു അസഭ്യം പറച്ചിലും ഭീഷണിയും.. നഗരത്തിലെ
പണി മുക്കാലും തീർന്ന  വീടും പറമ്പും. കേസിൽ പെട്ടു..അറ്റാച്ച്മെന്റുമായി..
എത്രയാണെന്നുവച്ചാ സഹായിക്കുന്നത്..?
കഴിവിനു പരമാവധി പണം കൊടുത്തും, പണ്ടം 
കൊടുത്തും  സഹായിച്ചുകൊണ്ടിരിക്കയായിരുന്നു.

അവൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വിളിച്ചു..
ഒരാഴ്ചയായി അങ്ങോട്ടു ചെന്നിട്ടെന്ന്...
പോലീസ് സ്റ്റേഷനിൽ
ഇൻഫോം ചെയ്താലോ എന്നു വിചാരിച്ച നിമിഷത്തിൽ
ഒന്നുകൂടി ഫോൺ ചെയ്തുനോക്കി....
ഫോൺ ശബ്ദിച്ചു...
"നിങ്ങൾ എവിടെയാ...ദിവസങ്ങളായിട്ട് നിന്റെ ഫോൺ  
സ്വിച്ചോഫ് ആയിരുന്നല്ലോ..."

മറുതലയ്ക്കൽ അടക്കിപ്പിടിച്ച 
കരച്ചിൽ....

"നാട്ടിൽ ഇനി നില്ക്കാൻ പറ്റില്ല..
ഞങ്ങൾ കന്യാകുമാരിയിൽ ഒരു ഹോട്ടലിൽ ആണ്...
ഭക്ഷണത്തിനുപോലും ഇനി നിവൃത്തിയില്ല...
അവസാനമായി ഒന്നു പറയാം 
എന്നു കരുതിയാണ് ഫോൺ ഓണാക്കിയത്..."
"നീയിങ്ങുവാ...നമുക്കെന്തിനും പരിഹാരമുണ്ടാക്കാം...
അവിവേകമൊന്നും കാണിക്കരുത്.. 
നേരെ ട്രെയിൻ കയറിക്കോ.."
എല്ലാരും മാറി മാറി വിളിച്ചു
നിലനില്പിനുളള വഴികൾ..സഹായങ്ങൾ  
ഉറപ്പു കൊടുത്തു.
അക്കൗണ്ടിലേക്കു കാശും ഇട്ടു..യാത്രച്ചിലവിന്....

വന്നു...ഒരു കുടുംബം.....
അർദ്ധപ്രാണനോടെ...
മരണത്തെ മുഖാമുഖം കണ്ടതിനു ശേഷം..
തലേന്നു രാത്രിയിലേ പൊലിഞ്ഞുപോകേണ്ടിയിരുന്ന ജീവനുകൾ..
വിഷം ചേർത്തുവച്ച ബിരിയാണി കഴിക്കാൻ മുത്ത പയ്യൻ വിസമ്മതിച്ചതുകൊണ്ട് മറ്റുളളവരും കഴിച്ചില്ല..

വർത്തമാനവും ഭാവിയും പിന്നെയങ്ങോട്ട് ഒരു
ഞാണിന്മേൽക്കളിയായിരുന്നു.. 
പാകത്തിന് അയച്ചുപിടിച്ചും മുറുക്കിയും ഇവിടംവരെ..

"ഇവൾക്കു വേണ്ടിയാണെന്റെ
നല്ല ഭാവി ഇല്ലാണ്ടാക്കിയത്.."

"ധൂർത്തടിച്ചും കളളുകുടിച്ചും
എല്ലാം നശിപ്പിച്ചിട്ട്.."

അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തലുകളുടെ
പരമ്പര നീണ്ടു നീണ്ടങ്ങനെ പോകും...
വർഷങ്ങൾക്കിപ്പുറവും
അവരുടെ രീതികൾക്കോ സ്വഭാവങ്ങൾക്കോ ഒരു മാറ്റവുമില്ല...

ഒരാശ്വാസമുണ്ട്..
നാലു ജീവനുകളെ രക്ഷിക്കാൻ കഴിഞ്ഞുവെന്നതിൽ..
ആ ഒരു ക്ഷണത്തിൽ ഒന്നു വിളിക്കാൻ തോന്നിയതുകൊണ്ട്...
അതുവരെ അനക്കമറ്റുകിടന്ന ഫോൺ അന്നേരം ശബ്ദിച്ചതുകൊണ്ട്....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക