Image

മായാത്ത തിരുവാതിര ഓര്‍മ്മകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ Published on 30 December, 2020
 മായാത്ത തിരുവാതിര ഓര്‍മ്മകള്‍  (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
തിരുവാതിര എന്ന ദിവസത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ് മാഞ്ഞുപോയ വര്ഷങ്ങളുടെ യവനികള്‍ക്ക് പിന്നിലേക്കോടുന്നു.

തിരുവാതിര ഇപ്പോഴും തരുന്നത് ഒരു കുളിര്‍മയുള്ള ഓര്‍മ്മയാണ്. കാരണം  ധനുമാസത്തില്‍ മഞ്ഞുപൊഴിയുന്ന   കുളിരേകുന്ന കാലത്താണ്  തിരുവാതിര ആഘോഷം. വെളുത്തവാവും തിരുവാതിര നക്ഷത്രവും കൂടിവരുന്ന ദിവസമാണ് തിരുവാതിര. അതിനാല്‍ ആ ദിവസങ്ങളില്‍ നമ്മെനോക്കി ചിരിച്ചുകാട്ടുന്ന നിലാവ് മനസ്സില്‍ ഒരു ആഘോഷത്തിന്റെ തൂവെളിച്ചം പകരുന്നു. ശൂളമടിച്ച് ഓടി നടക്കുന്ന കാറ്റും ഗ്രാമങ്ങളില്‍ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
   

തിരുവാതിരയെ സ്ത്രീകളുടെ ആഘോഷമായാണ് കണക്കാക്കപ്പെടുന്നത്. ചെറുപ്പകാലത്ത് തോന്നുന്ന ഒരു സംശയമായിരുന്നു എന്തുകൊണ്ടാണ് തിരുവാതിര സ്ത്രീകള്‍ക്ക് മാത്രം എന്നത്. തിരുവാതിര  പരമേശ്വരന്റെ  തിരുനാളാണ് അതിനാല്‍ കന്യകമാര്‍ക്ക്  നല്ലൊരു ദാമ്പത്യം ലഭിക്കാനും, വിവാഹിതരായവര്‍ക്ക് ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീര്‍ഘമാംഗല്യത്തിനുമായി സ്ത്രീകളും പെണ്‍കുട്ടികളും വ്രതമെടുക്കണം. തിരുവാതിര നാളില്‍ അരിഭക്ഷണം കഴിയ്ക്കാന്‍ പാടില്ല എന്നും 'അമ്മ കര്ശനമായി പറയാറുണ്ട്. 


ദക്ഷരാജാവ് നടത്തിയ യാഗത്തില്‍ ക്ഷണിക്കാതെ, പരമേശ്വരന്റെ വാക്കുകള്‍ കേള്‍ക്കാതെ പങ്കെടുത്ത സതിദേവിയെ ശിവന്റെ  നാമത്തില്‍ യാഗത്തില്‍ പങ്കെടുത്തവര്‍ക്കുമുന്നില്‍ ദക്ഷരാജന്‍ ആക്ഷേപിച്ചു. ഈ അപമാനം താങ്ങാനാകാതെ യാഗാഗ്‌നിയില്‍ ചാടിമരിച്ച സതീദേവി പാര്‍വ്വതിയായി ജന്മമെടുത്ത് ശിവനെത്തന്നെ ഭര്‍ത്താവായി ലഭിക്കുവാന്‍ ദിവസം മുഴുവന്‍ വ്രതമെടുക്കുകയും ആഗ്രഹപ്രകാരം ശിവനെ ഭര്‍ത്താവായി ലഭിക്കുകയും ചെയ്തു . അതിനാലാണ് കന്യകമാര്‍ നല്ല മംഗല്യത്തിനും വിവാഹിതരായ സ്ത്രീകള്‍ നെടുമാംഗല്യത്തിനും ഈ പവ്രതമെടുക്കുന്നത് എന്നതാണ് ഐതിഹ്യം .

തിരുവാതിരനാളില്‍ വെളുപ്പിന് ഞങ്ങള്‍ സ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് കുളത്തില്‍ 
മുങ്ങികുളിയ്ക്കാന്‍ പോകും. എല്ലാവരുംചേര്‍ന്ന് നിലാവില്‍ വിശേഷങ്ങളെല്ലാം പറഞ്ഞുള്ള കുളിക്കാന്‍പോക്ക് മനസ്സിന് എത്രയോ സന്തോഷം നല്‍കുന്ന നിമിഷങ്ങളായിരുന്നു. ഞങ്ങളെപ്പോലെത്തന്നെ അന്ന് കുസൃതിക്കാറ്റും മഞ്ഞിന്റെ കുളിരില്‍ പാട്ടുപാടി നേരത്തെ ഓടിയെത്തും. കാറ്റും മഞ്ഞുംകൊണ്ട് ആ ദിവസങ്ങളില്‍ കുളത്തിലെ വെള്ളത്തിനു വല്ലാത്ത തണുപ്പായിരിക്കും. ആദ്യമെല്ലാം വെള്ളത്തിലിറങ്ങാന്‍ മടിതോന്നും എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയവഴി  മൂന്നുപ്രാവശ്യം മുങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തണുപ്പെല്ലാം മറക്കും. മാത്രമല്ല എല്ലാവരും കൂടിയുള്ള ആ കുളിക്കടവില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഒരായിരം വിശേഷങ്ങളായിരിക്കും.   വെള്ളത്തില്‍ മുങ്ങി ഈറനുടുത്തുനില്‍ക്കുന്നവരെ ഓടിവന്ന് തലോടി ഇക്കിളികാട്ടി തിരക്കുപിടിച്ചോടുന്ന കാറ്റിന്റെ കുസൃതിയും രസമാണ്.

കുളിച്ചുവന്ന് ഈറന്‍മാറിയതിനുശേഷം കറുക, വിഷ്ണുക്രാന്തി,  മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയല്‍ചെവിയന്‍, ചെവൂള, കയ്യണ്യം എന്നീ ദശപുഷ്പങ്ങള്‍ മുടിയില്‍ ചൂടും. അതിനുശേഷം കണ്ണെഴുതി പൊട്ടുതൊടും. ഈ ദിവസം കണ്ണെഴുതണമെന്നത് നിര്‍ബന്ധമാണെന്ന് 'അമ്മ പറയാറുണ്ട്. കൊളുത്തിവെച്ച നിലവിളക്കിനുമുന്നില്‍ വെറ്റിലയും അടക്കയുംവച്ച് ഗണപതിയേയും ശിവപാര്‍വ്വതിമാരെയും പ്രാര്‍ത്ഥിക്കും. 
അതിനുശേഷം ശിവക്ഷേത്രദര്ശനം നടത്താറുണ്ട്. ക്ഷേത്രത്തില്‍ പോയി തിരിച്ചുവന്നാല്‍ 'അമ്മ ഞങ്ങള്‍ക്ക് ഇളനീര്‍  തരും. മധുരവും, തണുപ്പും കലര്‍ന്ന ആ വെള്ളത്തിനും, മാര്‍ദ്ദവമുള്ള ഇളനീരിനും നല്ല സ്വാദായിരുന്നു. ഇത് ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ഒരു ആനുകൂല്യമായി തോന്നി അഭിമാനിക്കാറുണ്ട്.


അതിനുശേഷം അധികം വിളയാത്ത തേങ്ങയിട്ട് കൂവ്വ കുറുക്കിത്തരും. അന്നേദിവസതത്തേക്കായി വീട്ടില്‍ ഉണ്ടായ  പലയിനത്തില്‍പ്പെട്ട ചെറുപഴങ്ങള്‍ പഴുപ്പിച്ചിട്ടുണ്ടാകും. കൂവ്വ കുറുക്കിയതും ചെറുപഴങ്ങളുമാണ് അന്നത്തെ പ്രഭാതഭക്ഷണം.

ഉച്ചഭക്ഷണത്തിനായി ചേന, കാച്ചില്‍, ചേമ്പ്, കൂര്‍ക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തയ്ക്ക, വന്‍പയര്‍, ചിലപ്പോള്‍ മുതിര  ഇവയെല്ലാം വേവിച്ച് അതില്‍ നിറയെ കറിവേപ്പിലയും, ചിരകിയ അധികം വിളയാത്ത തേങ്ങയും  മുളകും ചേര്‍ത്ത്   പച്ചവെളിച്ചെണ്ണ ഒഴിച്ച് തയാറാക്കുന്ന തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കും. കൂട്ടത്തില്‍ കുടിക്കുന്നതിനായി ഗോതമ്പുകഞ്ഞിയും. ഇതാണ് തിരുവാതിരദിവസത്തെ പ്രധാന ഭക്ഷണം. തീയടുപ്പില്‍വെച്ച് വേവിച്ചെടുത്ത തിരുവാതിരപ്പുഴുക്കിന്റെ രുചി, പ്രത്യേകിച്ചും 'അമ്മ ഉണ്ടാക്കുന്നതിന്റെ ഇന്നും നാവില്‍ തങ്ങിനില്‍ക്കുന്നതുപോലെ തോന്നുന്നു.



ഉച്ചഭക്ഷണത്തിനുശേഷം അധികവും ഞങ്ങളുടെ ഗ്രാമത്തിലെ കലാവേദികള്‍ സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളിയിലും മറ്റു നൃത്തനൃത്ത്യങ്ങളിലും പങ്കെടുക്കും.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറക്കമൊഴിച്ചിരിക്കാന്‍ എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടികള്‍ ഏകദേശം വെളുപ്പിനുവരെ കാണും. പിന്നെ വീട്ടില്‍ തിരിച്ചെത്തി വെളുപ്പിന് ഒരല്പസമയം ഉറങ്ങും.  മുതിര്‍ന്നവരെല്ലാം   നേരം വെളുക്കുന്നതുവരെ 'ഓം നമശ്ശിവായ' ജപിച്ച് ഉറങ്ങാതിരിക്കും. പിന്നെ കുളത്തില്‍പ്പോയി മുങ്ങിക്കുളിച്ച് പറ്റുമെങ്കില്‍ ക്ഷേത്രദര്ശനം നടത്തും.  തുളസീതീര്‍ത്ഥം സേവിച്ച് പുണര്‍തം     നാളിലാണ് തിരുവാതിരവ്രതം അവസാനിപ്പിക്കുന്നത്.  ഇതാണ്  കുഞ്ഞുനാളിലെ തിരുവാതിരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍.
 .

'അമ്മ മകയിരം നാളിലും വ്രതമെടുത്തിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. മകയിരം നാളില്‍ വ്രതമെടുക്കുന്നത് മക്കള്‍ക്കുവേണ്ടിയും, തിരുവാതിര ദിവസം ദീര്‍ഘസുമംഗലിയാകുന്നതിനും,  പുണര്‍തം സഹോദരങ്ങള്‍ക്കുവേണ്ടിയുമുള്ള വ്രതമാണെന്ന് അമ്മ  പറയാറുണ്ട്. 


ചില സ്ഥലങ്ങളില്‍ മകയിരം വ്രതമെടുക്കുകയും കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ ഇവ ചുട്ടെടുത്ത് അതില്‍ തേന്‍, പഴം, കരിമ്പ് ഇവയെല്ലാം ചേര്‍ത്ത് ശര്‍ക്കരപ്പാവിലിട്ട് വരട്ടി എടുക്കുന്ന  എട്ടങ്ങാടി ഗണപതിയ്ക്കും പാര്‍വ്വതി-പരമേശ്വരനും നിവേദിയ്ക്കാറുണ്ട്. പൂജിച്ചതിനുശേഷം പ്രസാദമായി എല്ലാവരും പങ്കിട്ടുകഴിയ്ക്കും


വിവാഹം കഴിഞ്ഞ ആ വര്‍ഷത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു. ആ ദിവസമാണ് ശിവ-പാര്‍വ്വതിമാര്‍ വിവാഹിതരായത് എന്നാണ് വിശ്വാസം. അതിനാല്‍ ഭര്‍ത്താവിന്റെ ആയുസ്സരോഗ്യത്തിനായി  തിരുവാതിരദിവസം രാത്രി 
മൂന്നുപ്രാവശ്യം വെറ്റിലമുറുക്കി, കണ്ണെഴുതി സീമന്തരേഖയില്‍ കുംകുമം ചാര്‍ത്തി പാതിരാപ്പൂ ചൂടുന്നു. (അടയ്ക്കാമണിയന്‍ എന്ന ഔഷധ ചെടിയുടെ പൂവാണതിരെ പാതിരാപ്പൂ എന്ന് പറയുന്നത്  അത് സുലഭമായി ഇല്ലാത്തതിനാല്‍ മുല്ലപ്പൂവാണ് ചൂടാറുള്ളത്). പൂത്തിരുവാതിര എന്ന ഈ ദിവസവും ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു ദിവസമാണ്.

പരമേശ്വരന്റെ ഭര്‍ത്താവായി ലഭിച്ച പാര്‍വ്വതിദേവി കളിച്ചും ചിരിച്ചും വെറ്റിലമുറുക്കിയും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ചും അണിഞ്ഞൊരുണിയും ആഹ്‌ളാദിച്ചതിന്റെ സ്മരണയ്ക്കായും അനുഗ്രഹത്തിനായുമാണ് വിവാഹിതയായ ആദ്യവര്ഷത്തെ 
പൂത്തിരുവാതിരയായി ആഘോഷിയ്ക്കുന്നതെന്നാണ് ഐതിഹ്യം.
   

സ്ത്രീയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകളുടെ ആഘോഷമായ തിരുവാതിര സുദിനത്തില്‍  എല്ലാവര്‍ക്കും 'തിരുവാതിര ആശംസകള്‍'

Join WhatsApp News
Sudhir Panikkaveetil 2020-12-30 18:18:27
പഴമയുടെ താംബൂലം ഇങ്ങനെ ചവക്കുന്നത് ഒരു സുഖമാണ്. കുളിച്ചീറനുടുത്ത് "നെഞ്ചെയും അമ്പുമായ്‌" അംഗനമാർ ചൂട്ടും കത്തിച്ചുകൊണ്ട് പാതിരാക്കുളി കഴിഞ്ഞുവരുന്ന ദൃശ്യങ്ങൾക്ക് ഒപ്പമെത്താൻ ഇന്നത്തെ ടി വി യിലെ ഒരു പ്രോഗ്രാമിനും കഴിവില്ല. അശ്ലീലവും അധർമവും കാണിച്ച് കാണികളെ പറ്റിക്കുന്നത് ഉണ്ടാകാം. . "മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക " ഒരു കാമുകനെപോലെ കുളക്കടവിൽ നിന്നും കന്യകമാർക്കൊപ്പം നടക്കുന്നു. ജാതിവ്യവസ്ഥക്ക് ഇളവ് വന്നപ്പോൾ ഇല്ലത്തെ മുറ്റത്തുനിന്നും തിരുവാതിരക്കളി എല്ലായിടത്തേക്കും പരന്നു. മൂന്ന് സെന്റ വീതം ഭൂമി മുറിച്ച് അവിടെ അംബരചുംബികൾ ഉയരും മുമ്പേ കേരളത്തിന്റെ വിശാലമായ തൊടികളും മു റ്റവും സ്വർഗീയാനുഭൂതി നിറച്ചു വച്ച് ജനങ്ങളെ സന്തോഷിപ്പിച്ചിരുന്നു. ശ്രീമതി നമ്പ്യാരെപ്പോലുള്ളവർ ഇങ്ങനെ അക്ഷരങ്ങളിലൂടെ അതിനെ അയവിറക്കുമ്പോൾ വായനക്കാരനും കഴിഞ്ഞ കാലത്തേക്ക് വെറുതെ നോക്കുന്നു. വൈലോപ്പിള്ളി കവിത ഓർക്കുന്നു. "ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീത്തിരുവാതിര രാവു താമ്പൂലപ്രിയയല്ലോ ....മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ, നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം.
amerikkan mollakka 2020-12-31 23:08:57
തിരുബാതിര എന്ന് ബച്ചാൽ പെണ്ണുങ്ങളുടെ കുളിയും തീറ്റയുമാണോ? അവരുടെ കുളി തെറ്റിയാലും കൊയപ്പമാകുമല്ലോ? എന്തിനാണ് ഇങ്ങനെ ഒരു ബിശേഷം. ഞമ്മള് കേട്ടിരിക്കണത് ഇമ്മടെ ശിവൻ പടച്ചോൻ കണ്ണുരുട്ടി കാമനെ കൊന്നുവെന്നും കാമ്‌നില്ലാതെ മനുസന്മാര് ബെപ്രാളം കൂട്ടീന്നും ബേറെ ബയി ഇല്ലാതെ കാമനെ ജീവിപ്പിക്കാൻ പെണ്ണുങ്ങളോട് കുളങ്ങളിലും പുഴകളിലും രാത്രി കുളിക്കാൻ പറഞ്ഞുന്നൊക്കെ ആണ്. എന്തായാലും ഇമ്മടെ കേരളത്തിൽ ഇപ്പോൾ കാമൻ വിലസുകയാണ്. ഓനെ ശിവൻ ദേവൻ ഒരു ദിബസം കൊല്ലുമോ ജ്യോതിലക്ഷ്മി സാഹിബ . അപ്പൊ അസ്സലാമു അലൈക്കും .
Sreedevi 2021-01-02 00:38:50
Jyothy Lakshmi' S' Thiruvaathira' memories brought nostalgic memories to me, especially that ' Puzhukku' part of it ,being a great foodie myself !!! Jyothy's uncanny knack of not only observing all details but translating them to expressive narration is simply superb . I wish the author a very Happy New Year when she could walk the memory lane more often and share her thoughts with the readers .
girish nair 2021-01-02 12:07:58
ഒരുപിടി മണ്ണിൽ അലിഞ്ഞു ചേരും വരെ ഓർക്കാനോരു ഗന്ധമുണ്ട് പടരുമാ മരത്തിലെ കുഞ്ഞു പൂ പോലെ ചേർത്തു നിർത്താനൊരുഓർമ്മയുണ്ട്. ഏതൊരു മലയാളിയിലും ഗൃഹാതുരത്വം ഉണർത്തുന്നതാണ് ശ്രീമതി ജ്യോതിലക്ഷ്മിയുടെ ഈ ലേഖനം. കുട്ടിക്കാലത്തെ സന്തോഷഭരിതമായ ഒരു തിരുവാതിരയുടെ നനുത്ത ഓർമ്മകൾ. നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്ക് നമ്മെ കുട്ടികൊണ്ടുപോകുന്ന ഇത്തരം ഓർമ്മ ചിത്രങ്ങൾക്ക് ഇഷ്ട വായനക്കാർ ധാരാളമാണ്. ഏറെയും നാട്ടോർമ്മകളെ താലോലിക്കുന്ന പ്രവാസികൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക