കോവിഡിന്റെ കൈകളിൽ നിന്ന് ... ഞാൻ (മീനു എലിസബത്ത്)
SAHITHYAM
29-Dec-2020
SAHITHYAM
29-Dec-2020

പുതിയ വർഷത്തിലേക്കു നമ്മൾ നടന്നെത്തിയിരിക്കുകയാണ്. പന്ത്രണ്ടു മാസം സംഭവ ബഹുലമായി കഴിഞ്ഞു പോയി. ലോകം ഇളക്കി മറിച്ച കോവിഡിൽ അമേരിക്കയിൽ മൂന്നു ലക്ഷത്തി മുപ്പതിനായിരം പേർ മരണത്തിനു കീഴടങ്ങി. ലക്ഷങ്ങൾ രോഗബാധിതരായി.
ജൂൺ 11 മുതലുള്ള 13 ദിവസങ്ങൾ! തന്റെ കോവിഡ് അനുഭവങ്ങൾ പങ്കു വെയ്ക്കുകയാണ് എഴുത്തുകാരി മീനു എലിസബത്ത്. ആറു മാസം കഴിഞ്ഞിട്ടും പോസ്റ്റ് കോവിഡ് ദുരിതങ്ങൾ അലട്ടുന്നത്തിന്റെ അസ്വസ്ഥത വിവരിക്കുന്നു.

അതിനുള്ള കാരണങ്ങളും ഉണ്ടായിരുന്നു.
പ്രമേഹ രോഗികൾക്കുള്ള പ്രത്യേക മുന്നറിയിപ്പുകൾ എന്നെ നടുക്കി ..
വരാതിരിക്കുവാനുള്ള എല്ലാ മാർഗങ്ങളും എല്ലാപേരെയും പോലെ ഞാനുമെടുത്തിരുന്നു.
പടികൊട്ടിയടച്ചു. പുറത്തു പോകൽ കുറച്ചു.
കഴിയുന്നതും കണ്മുന്നിൽ പെടാതിരിക്കാൻ ശ്രമിച്ചു.
അവനുണ്ടെന്നു സംശയിക്കപ്പെടുന്നിടം അവഗണിച്ചു..
മുഖം മൂടി ധരിച്ചു. ശുദ്ധികരിച്ചു. മന്ത്രങ്ങൾ ഉരുവിട്ടു.
മുടങ്ങാതെ വ്യായാമം ചെയ്തു !
പക്ഷെ, ജൂൺ മാസത്തിലെ ഒരു സന്ധ്യയിൽ
ക്ഷണിക്കപ്പെടാത്ത അതിഥിയായി, പകമുറ്റിയ ശത്രു എന്നെ തേടിയെത്തി.
എന്റെ വീട്ടിലെ ആരുടെയോ കൂടെ, അവർ പോലുമറിയാതെ അകത്തു കയറി.
ഞാനറിഞ്ഞതേയില്ല,..ആരും അറിഞ്ഞില്ല.
വളരെ ബുദ്ധിമാനായ ശത്രുവായിരുന്നല്ലോ അവൻ!
തൂണിലും തുരുമ്പിലും വസിക്കാൻ കെൽപ്പുള്ള, ചിറകുള്ള അരൂപി.
സ്‌ഥലകാലങ്ങളൊക്ക നിരീക്ഷിച്ചു പമ്മി നിന്ന ശേഷം,
അഞ്ചാം ദിവസം അവനെന്റെ കണ്ണ് വെട്ടിച്ച് അതിൽ മുളകിട്ട് കരുകരെ ചുവപ്പിച്ചു, തീ പാറിച്ചു.
കണ്ണുസൊക്കെടോ കൺകുരുവോയെന്നറിയാതെ തുള്ളി മരുന്നൊഴിച്ചു ഞാൻ സമാധാനിച്ചു .
എട്ടാം ദിനമെന്റെ കൈനഖപ്പാളികളിൽ കരി പടർന്നു.
ഓ ഒരു ഫങ്കൽ ഇൻഫെക്ഷനായി ഞാനതിനെ നിസ്സാരവൽക്കരിച്ചു.
ഇതെല്ലം അവന്റെ മുന്നൊരുക്കങ്ങളായിരുന്നെന്ന് ആരറിഞ്ഞു ?
വരാനുള്ള യുദ്ധത്തിന്റെ പടയൊരുക്കങ്ങളായിരുന്നെന്ന് ?
എന്റെ ശരീരത്തെ അറഞ്ഞു വീഴ്ത്തുന്നതിനു മുൻപുള്ള കോപ്പുകൂട്ടലുകൾ !
ഞാനിതൊന്നുമറിയാതെ ചിരിച്ചും കളിച്ചും !
ഹേയ്..ഇതതൊന്നുമല്ലന്നു സ്വയം വിശ്വസിപ്പിച്ചും ഉള്ളിൽ സംശയിച്ചും തിരസ്കരിച്ചും നിരാകരിച്ചും!
പതിനൊന്നാം ദിനം!
പതിനൊന്നാം ദിനമാണവൻ കലിയുടെ അവതാരമെടുത്തത് !
വാളും പരിചയും കാലാൾപ്പടകളും യുദ്ധമുറകളുമായെന്നോടെതിരിടാൻ തുടങ്ങിയത്!
എനിക്ക് ചുറ്റും കടുത്ത മഞ്ഞു പെയ്യിക്കുമ്പോൾ ഹിമാലയ്ക്കുളിരിൽ വിറച്ചു വിറങ്ങലിച്, നാല് കമ്പിളിയിട്ടു മൂടി ഞാൻ മഞ്ഞുകട്ടയിൽ കിടന്ന ആ രാത്രി!
അന്നവനെന്നിൽ ആദ്യമായി തീപ്പനിയിറക്കി, ചുട്ടു പൊള്ളിച്ചു കത്തിച്ചു. പുകച്ചു .
തലയോട്ടി നെരിപ്പോടാക്കി. തലചോറ് തിളപ്പിചൂറ്റി.
പിച്ചും പേയും രാപ്പകൽ ഞാൻ ചിലച്ചു.
വിട്ടു പോയ ആത്മാക്കളെന്നെ തേടി വന്നു.
അവർ എന്നെ കൂട്ടാനെത്തിയതായിരുന്നിരിക്കണം..
എനിക്ക് പേടി തോന്നിയിരുന്നില്ല, ഉള്ളത് വേദനയെന്ന ഒരൊറ്റ വികാരം മാത്രം..
മറ്റേതോ ലോകത്തിലായിരുന്നു ഞാനപ്പോൾ !
തലയോട്ടി കൂടം കൊണ്ടടിച്ചു പിളരുന്നു .
ചെന്നിക്കുത്തിന്റെ പുക കണ്ണുകളിലൂതിയിറങ്ങുന്നു.
നെഞ്ചിൻകൂടു പൊളിച്ചു വരണ്ട കഫം നിറഞ്ഞ ചുമ!
ഹൃദയഭിത്തിയിൽ കത്തി കുത്തിയിറക്കുന്നു.
തൊണ്ടക്കുഴി കനലായ്, ഉമി നീരിറക്കാനാവാതെ.
ശ്വാസകോശം ഉറുമ്പരിക്കുന്ന കിരുകിരുപ്പ്
ശ്വസന സഹായികൾ താൽക്കാലിക ആശ്വാസം.
എല്ലു നുറുക്കും സന്ധി വേദന
പച്ച മാംസം മുറിക്കുന്ന നൊമ്പരം !
നെഞ്ച് പൊത്തി വാവിട്ടു ഞാൻ നിലവിളിച്ചു.
ശരീരകോശങ്ങളിളെല്ലാം ശത്രു അധികാരം പിടിച്ചടക്കുന്നു.
അത് കൈ വെക്കാത്ത ഒരു ഭാഗം പോലുമില്ല, ഒരിഞ്ചു പോലുമില്ല
പ്രാണൻ നിലത്തു കിടന്നുരുളുന്നത് നോക്കി
എന്നെക്കാൾ ഉച്ചത്തിൽ നിലവിളിക്കുകയാണെന്റെ ശരീരം
നഖത്തിനടിയിലവൻ മുട്ട് സൂചിയിറക്കുമ്പോൾ
ഞാൻ കമിഴ്ന്നു കിടന്ന് തലയിണയിൽ മുഖമമർത്തി! കരയാനുള്ള ശക്തി കുറയുകയാണ്.
ശബ്ദവും അവൻ പിടിച്ചടക്കുകയാണ്.
ദിവസങ്ങളോളം രാപകലില്ലാതെ ശരീരത്തിന്റെ രണ്ടറ്റത്തു നിന്നും
അഴുക്കു ചാലൊരുപോലെയൊഴുകി എന്നെ നിര്ജ്ജലീകരിച്ചു.
ഞാൻ വരണ്ട്. ഉണങ്ങി , കരിഞ്ഞു,
മേലാകെ ഒരു കരിംചായം പുരട്ടി, അവനെന്റെ രൂപമേ മാറ്റുന്നു.
രുചിയോ മണമോ ഇല്ലാതെ ഞാൻ എന്തൊക്കെയോ കുടിച്ചു. ചവച്ചു. ഇറക്കി.
മക്കളും ഭർത്താവും ജോലി കഴിഞ്ഞു വന്നു പി പി ഇ കിറ്റിൽ പൊതിഞ്ഞു കെട്ടി എന്നെ ശുശ്രുഷിച്ചു.
എല്ലാവരും ആതുരസേവനം ഉപജീവനമാക്കിയവർ..
പനിനിവാരണികളും വേദന സംഹാരികളും മാറി മാറിയവർ തന്നു.
ഇഞ്ചി മഞ്ഞൾ വെളുത്തുളളി വെള്ളം കുടി.
എന്തൊക്കെയോ പച്ചിലമരുന്ന് തിളപ്പിച്ച ആവി പിടിത്തം.
നേഴ്‌സു മകൻ എന്നെ, കൊഞ്ചു പോലെ കമഴ്ത്തിയിട്ടു, പുറത്തു കൊട്ടുമ്പോൾ എല്ലൊടിയുമൊയെന്നു ഭയന്നു..
കഫമിളകി ചുമച്ചും കുരച്ചും ഞാൻ വലഞ്ഞു. വളഞ്ഞു.
നിർത്താത്ത ചുമ നല്ല ലക്ഷണമല്ലന്നവർ തമ്മിൽ തമ്മിൽ പറഞ്ഞു.
അപ്പോഴേക്കും എന്റെ ശത്രു, ഈ ചെയ്തതൊന്നും പോരാതെ, ന്യൂമോണിയയുടെ കൂട്ട് പിടിച്ചു
എനിക്കെതിരെ തിരിഞ്ഞു. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു.
"മതിയാക്കു.. എനിക്ക് മടുത്തുവെന്നു ഞാൻ പുലമ്പി
ഇതിലും നല്ലത് മരണമായിരിക്കുമെന്നു എനിക്ക് തോന്നിത്തുടങ്ങി .
അവൻ കഴുത്തിൽ പിടി മുറുക്കിയിറുക്കുമ്പോളേക്കും ഞാൻ ആശുപത്രിയിലേക്കെടുക്കപ്പെട്ടു.
വൈദ്യൻമാരെന്റെ ശരീരത്തിൽ ആന്റി ബയോട്ടിക്കിന്റെ ശൂലങ്ങൾ കുത്തിയിറക്കി , ചില മരുന്നുകളും കൂടെ സ്റ്റീറോയിഡും!
എനിക്കായി കുറേ പടയാളികൾ ഇറക്കപ്പെട്ടു! വെളുത്ത രക്താണുക്കൾ !
അവരെനിക്ക് വേണ്ടി പകലും രാത്രിയും യുദ്ധം ചെയ്തിട്ടുണ്ടാവണം!
പനിമാപിനിയിൽ സൂചി നൂറ്റിനാലിൽ നിന്നു നൂറിലേക്കു താണു.
അവൻ അപ്പോഴും പല അടവുകളെടുത്തു. പനി കൂട്ടി - കുറച്ചു
എനിക്കെടുക്കാൻ അടവുകളൊന്നും ഇല്ലായിരുന്നു.
കട്ടിൽ തന്നെ ശരണം. മയക്കാം . തളർച്ച. ക്ഷീണം.
പതിനൊന്നാം ദിവസം അവൻ ഞാനില്ലാതെ പടിയിറങ്ങുമെന്നു ധാരണയുണ്ടായി.
ഇരുപത്തി നാല് മണിക്കൂർ പനി നിർത്തലിന് ശേഷം
അവനും കൂട്ട് കൊലയാളികളുംഎന്റെ ശരീരം വിട്ടു.
ഞാനില്ലാതെ മടങ്ങി. കിടക്ക വിട്ടെഴുന്നേറ്റ ഞാൻ
മെല്ലെ പിച്ച നടന്നു. രണ്ടു ചുവടുകൾ ആയിരം കാതം പോലെ
രണ്ടാഴ്ച്ച കണ്ണാടി കാണാതിരുന്ന എന്റെ രൂപം ...
അത് മറ്റാരോ ആയിരുന്നു !
അവൻ കടിച്ചു വലിച്ചൊരു എല്ലിൻ കൂന!
വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിയും പൊങ്ങിയും ഞാനൊരു പൊങ്ങു തടി പോലെ,
പിന്നെയൊരു പ്രയാണമായിരുന്നു
ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ളൊരു ഓട്ടം
മറവി എന്നെ അലോസരപ്പെടുത്തി. ദൈനം ദിനം വസ്തുക്കളുടെ പേരുകൾ പോലും ഓർത്തെടുക്കുവാൻ പാടു പെട്ടു.. ബ്രെയിൻ ഫോഗെന്നാണതിന്റെ ഓമനപ്പേര് !
ഞാൻ മെല്ലെ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു.
കുടഞ്ഞു കളയാൻ ആവുന്ന ശ്രമിച്ചിട്ടും കടുത്ത വിഷാദം എന്നെ പിടികൂടി... അകാരണമായ ദുഃഖം.
ഇന്നും ഞാനെന്റെ യുദ്ധം തുടരുന്നു കൊണ്ടേ ഇരിക്കുന്നു.
ഈ ആറു മാസം കഴിഞ്ഞിട്ടും അവൻ പല ഭാവത്തിൽ, രൂപത്തിൽ പോസ്റ്റ് കോവിഡ് സിൻഡ്രം എന്ന വിളിപ്പേരിൽ ഭീഷണിപ്പെടുത്തുന്നു.
ഇടക്കെല്ലാം ശരീരമാസകലം അലർജി പടർത്തിയും അത് പഴുപ്പിച്ചും പൊട്ടിയൊലിപ്പിച്ചും ഹൃദയത്തിൽ നീർക്കെട്ടുണ്ടാക്കിയും ശ്വാസകോശത്തിൽ കലകളുണ്ടാക്കിയും ക്ഷീണവും മറവിയും മന്ദതയുമുണ്ടാക്കിയും സന്ധികളിൽ നീരുണ്ടാക്കിയും ഇടതൂർന്ന തലമുടി പൊഴിയിച്ചും അവന്റ്റെ ബാക്കിപത്ര രോഗങ്ങളാൽ എന്നെ വലക്കുന്നു.
എന്റെ ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ ഓരോ തവണയും വൈദ്യൻമാർ കണ്ണ് മിഴിക്കുന്നു.
അവൻ പുതിയ ആളാണത്രെ !
അവനെക്കുറിച്ചു കൂടുതലൊന്നും ആർക്കും അറിയില്ലത്രേ !
പഠനങ്ങൾ നടക്കുന്നതെയുള്ളത്രെ.!
അവനിനിയും വരാൻ സാധ്യതയുണ്ടത്രേ!
പ്രമേഹക്കാരോടും മറ്റും അവനു പ്രതേയക താല്പര്യമാണത്രെ !
എല്ലാരോടും അവനിങ്ങനെയല്ലത്രേ!.
ചിലരെ അവൻ വല്ലാതെ അവഗണിക്കുമത്രേ !
ഇഷ്ടക്കാരിൽ അവൻ പൂണ്ടു വിളയാടുമത്രെ !
അവൻ വടി വെട്ടാൻ പോയിട്ടേ ഉള്ളത്രെ !
അതാണത്രേ, ഇതാണത്രേ..!
എങ്കിലും ഞാൻ ഭാഗ്യവതിയെന്നല്ലാവരും പറയുന്നു!
അതെ! മാരക രോഗത്തിൽ നിന്നും രക്ഷപെട്ടവൾ!
ശാസ്ത്രത്തെ മാനിക്കാത്ത കുറെ വിഡ്ഢികളുള്ള അമേരിക്കയിൽ ഒരു ഭരണകൂട വ്യവസ്ഥയുടെ പിടിപ്പുകേടിൽ, മൂന്നു ലക്ഷത്തി മുപ്പത്തിനായിരത്തിൽ കൂടുതൽ ജനങ്ങൾ മരിക്കേണ്ടി വന്ന ഈ നാട്ടിൽ
ശത്രു കൊല്ലാതെ വെറുതെ വിട്ട ഞാൻ ഭാഗ്യവതി തന്നെ !
എന്റെ ആത്മാവിന്റെ മുറിവുകൾ എന്നുണങ്ങുമോ ആവൊ ?
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments