Image

കുട്ടിക്കവിതകൾ- ബാലകൃഷ്ണൻ മൂത്തേടത്

Published on 29 December, 2020
കുട്ടിക്കവിതകൾ- ബാലകൃഷ്ണൻ മൂത്തേടത്
വെളു  വെളുത്തൊരു  കുഞ്ഞാട്
വേശുക്കുട്ടീടെ  കുഞ്ഞാട്
വെള്ളം കുടിക്കാൻ  പോയപ്പോൾ
വേലിക്കെണിയിൽ  വീണല്ലോ.

ചക്ക വരട്ടിയത്  ചാക്കപ്പൻ
മാങ്ങ പറിച്ചത്  മാത്തപ്പൻ
കപ്പ പുഴുങ്ങിയത്   തങ്കപ്പൻ   
 വെട്ടി വിഴുങ്ങിയത്  കുട്ടപ്പൻ

പള  പള  മിന്നുന്ന  കുപ്പായമിട്ട്
പത്ത്രാസുകാരൻ  പത്രോസുചേട്ടൻ
പാതയോരത്തൂടെ  പോകുന്ന നേരം
പഴത്തൊലി  ചവിട്ടി  താഴെ  വീണു.

ചട്ടനും  പൊട്ടനും  നാലു കാല്
ചേട്ടിക്കും  പൊട്ടിക്കും  എട്ടുകാല്
ഈച്ചക്കും  പൂച്ചക്കും  പത്തു കാല്
ആകെ  കാലെത്ര  ചൊല്ലു  വെക്കം

ആനയെ കണ്ടു   ആകാശം  കണ്ടു
ആഴക്കടലിലെ  മീനുകൾ  കണ്ടു
അലയടിച്ചുയരുന്ന  തിരമാലകൾ കണ്ടു
അത്ഭുതം കൂറുന്ന  കാഴ്ചകൾ  കണ്ടു.

വാനം  ചിരിച്ചാലത്  വെയിലായി മാറിടും
വാനം  കരഞ്ഞെന്നാൽ  മഴയായി  മാറിടും
ചിരിയും   കരച്ചിലും  നിറുത്താതെ  വന്നാലോ
ഈ  മാലോകർ എല്ലാം  കഷ്ടത്തിലാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക