Image

സൗഹൃദത്തിന്റെ ദ്വീപിൽ നടത്തപ്പെടുന്ന ഉച്ചകോടി (മൃദുല രാമചന്ദ്രൻ)

Published on 28 December, 2020
സൗഹൃദത്തിന്റെ ദ്വീപിൽ നടത്തപ്പെടുന്ന ഉച്ചകോടി (മൃദുല രാമചന്ദ്രൻ)
എന്റെ കുട്ടിക്കാലത്ത് വീടുകളുടെ മുൻവാതിലുകൾ എപ്പോഴും തുറന്ന് കിടക്കുമായിരുന്നു.രാവിലെ ആദ്യം എഴുന്നേൽക്കുന്ന ആൾ അത് തുറന്നിട്ടാൽ,പിന്നെ രാത്രി കിടക്കാൻ നേരത്തെ അടക്കൂ. മതിലും, ഗേറ്റും അധികം വീടുകൾക്കും ഉണ്ടായിരുന്നില്ല.മുള കൊണ്ട് തീർത്ത  വേലിയും, ഇല്ലിപ്പടിയും തന്നെ ഒരു ആർഭാടം ആയിരുന്നു.ആടും, പശുവും, മനുഷ്യരും തരം പോലെ ഇട ചാടി വേലി മിക്കയിടത്തും പൊളിഞ്ഞു കിടക്കും.അന്നൊക്കെ ഒരു പാട് തരം മനുഷ്യർ വരും വീടുകളിലേക്ക്...

കാറ്റ് കാലത്ത് പാടം മുറിച്ചു കടന്ന്, ചേലക്കരയിൽ നിന്ന് പുള്ളുവനും, പുള്ളുവത്തിയും വരും.കറുത്ത കരയുള്ള മുണ്ടുടുത്ത പുള്ളുവത്തി മുല്ല തണലിൽ ഇരുന്ന് അനുനാസിക സ്വരത്തിൽ നാവോറു പാടും.
കുംഭത്തിൽ, പൂരക്കാലത്തു പുറത്ത് തൂക്കിയിട്ട വലിയ ഭാണ്ഡവും കൊണ്ട് വള ചെട്ടിച്ചികൾ വരും.ഭാണ്ഡം അഴിച്ചു മിന്നുന്ന വളകളും, മുടി പിന്നുകളും  പുറത്ത് വച്ചു മോഹിപ്പിക്കും.

സ്വന്തം നടുംപുറത്ത് ചാട്ട കൊണ്ട് അടിച്ചു വേദനിപ്പിക്കുന്ന നായാടി, കുരങ്ങിനെയും കൊണ്ട് കുരങ്ങു കളിക്കാരൻ,മീനം മേടം മാസങ്ങളിൽ കോൽ ഐസ് ക്രീമിന്റെ പടമുള്ള വെളുത്ത പെട്ടി സൈക്കിളിൽ വച്ച് വരുന്ന ഐസ് പ്രൂട്ടുകാരൻ....അങ്ങനെ ഒരുപാട് ആളുകൾ , ഓരോ കാലത്തും കാറ്റിനും, മഴക്കും, വെയിലിനും ഒപ്പം വന്നു പോകുന്ന മനുഷ്യർ.

അകലങ്ങളിലേക്ക് നീണ്ടു പോകാത്ത, ചെറിയ വഴികൾക്ക് അതിന്റെ അരികോരങ്ങളിൽ ഉള്ള എല്ലാവരെയും അറിയാമായിരുന്നു.
എല്ലാ മാസവും പലചരക്ക് വാങ്ങിയിരുന്നത് ജാക്കോബേട്ടന്റെ കടയിൽ നിന്ന്...അടുത്തുള്ള കുരിശുപള്ളിയിൽ കത്തിച്ചു വച്ച മെഴുകുതിരി മണം കടവരാന്തയിൽ നിറഞ്ഞു കിടക്കും.ബാക്കി വരുന്ന പത്തോ, ഇരുപതോ പൈസക്ക് പച്ചക്കടലാസിൽ പൊതിഞ്ഞ മുട്ടായി വാങ്ങും.അരിയും, മുളകും പൊടിക്കാൻ ദേവസ്സിയേട്ടന്റെ കട-ദേവസ്സിയേട്ടൻ അരി പൊടിക്കുന്ന നേരം കൊണ്ട് അടുത്തുള്ള പാടത്ത് ഞങ്ങൾ ഒരു റൗണ്ട് കളിക്കും.ഉണക്ക മീനും, മുട്ടയും , ഇടക്ക് ഒരു ഗോലി സോഡയും ലൂയിസെട്ടന്റെ കടയിൽ നിന്ന്...സ്ലൈറ്റ് പെൻസിലും, നീല നിറമുള്ള റബ്ബറും അമ്മാമ്മേടെ കടയിൽ നിന്ന്...

രാവിലെ ആദ്യം വരുന്ന മീങ്കാരൻ ബഷീർ ആണ്, അത് അല്ലെങ്കിൽ പത്ത് മണി ആകുമ്പോൾ സുലൈമാൻ വരും.ഇതും കഴിഞ്ഞാൽ ഉച്ചക്ക് ഔസേപ്പുണ്ണി വരും.
പാൽ വാങ്ങാൻ പാത്രവും കൊണ്ട് രണ്ട് പറമ്പ് ചാടി അമ്മിണി അമ്മയുടെ അടുത്തേക്ക് പോകും, ചതുരത്തിൽ ഉള്ള മുളം കുട്ടയിൽ അടുക്കി വച്ച പപ്പടം കൊണ്ട് ആഴ്ചയിൽ ഒരിക്കൽ അമ്മാളുവോ, ഉഷ ചേച്ചിയോ വരും.ഓണത്തിന് ഓരോ വീട്ടിലും എത്ര ആളുണ്ടോ അത്രയും വല്യ പപ്പടം തരും.

ഏശന്റെ കടയിൽ നിന്ന് തുണി വാങ്ങും, തങ്കമണി ചേച്ചി തയ്ച്ചു തരും.
മാർച്ച് മാസത്തിൽ പരീക്ഷക്ക് പോകുമ്പോൾ തന്നെ, പഴേ പാഠപുസ്തകം തരണേ എന്ന് അങ്ങോട്ടും, ഇങ്ങോട്ടും പറഞ്ഞുറപ്പിക്കും.മെയ് മാസത്തിൽ റിസൾട്ട് വന്നാൽ ചാക്ക് ചരടിൽ കെട്ടി മുറുക്കിയ പുസ്തക കെട്ട് വീട്ടിൽ എത്തും.

വീട്ടിൽ ഉച്ച നേരത്ത് വിരുന്ന് വന്നാൽ, പാത്രം എടുത്ത് പിൻഭാഗത്ത് കൂടെ അടുത്ത വീടിന്റെ അടുക്കളയിലേക്ക് ഓടും.അവിടത്തെ കൂട്ടാൻ ഇവിടെ എത്തും. ഇവിടെ അമ്മ മീൻ നേരാക്കുന്ന നേരം കൊണ്ട് , അവിടെ അരപ്പ് റെഡിയാകും.
കല്യാണത്തിനും, ബന്ധു വീട്ടിലേക്കും പോകുമ്പോൾ കഴുത്തിൽ ഇടാൻ ഒരു മാലയോ, കയ്യിൽ ഇടാൻ രണ്ട് വളയോ കൊടുക്കൽ , വാങ്ങൽ ഉണ്ട്.

വീടിന്റെ ഉമ്മറത്ത്‌ വന്നിരിക്കാനും, കൂജയിൽ നിന്ന് ഇത്തിരി വെള്ളം എടുത്ത് കുടിക്കാനും ഉള്ള സമ്മതമായിരുന്നു തുറന്ന വാതിലുകൾ.വീട്ടിലെ വളർത്ത് പൂച്ചയ്ക്ക് ഒരു മീൻ കൂടുതൽ തന്നിരുന്നു മീൻകാരൻ, ഇത് നമ്മുടെ പാറൂട്ട്യേടത്തിടെ കുട്ടി ആണെന്നും പറഞ്ഞു, കൊടുക്കാത്ത കാശിന് ഒരു പച്ച മിട്ടായി കൂടുതൽ തരുമായിരുന്നു. കളിച്ചു തിമർത്ത് വരുമ്പോഴേക്കും , അളവ് ഒട്ടും കുറയാതെ അരിപ്പൊടി പാത്രത്തിൽ ഉണ്ടാകും.പാൽ വാങ്ങാൻ പോയാൽ, കടയുന്ന തൈരിൽ നിന്ന് ഒരു സ്പൂണ് വെണ്ണ ഇലയിൽ ഇട്ട് തരും.കുട്ടപ്പായീസിന്റെ കടയിൽ നിന്ന് നാല് ഇഡ്ലി വാങ്ങിയാൽ, രണ്ട് എണ്ണം ചട്ണി കൂട്ടാതെ,പഞ്ചസാര ഇട്ട് തരും...ഇത് കുട്ടിക്കാന്നും പറയും.

ഇപ്പൊ അതിഥി വന്നാൽ ഞാൻ ഉടനെ സോമറ്റൊക്കിട്ട് കുത്തും.പക്ഷെ വീട്ടിൽ വന്ന അമ്മായിക്ക് പച്ച മല്ലി കുത്ത് ഇഷ്ടമില്ലെന്നു സൊമാറ്റാക്കാരനുണ്ടോ അറിയുന്നു?
ആമസോണും, ഫ്ലിപ് കാർട്ടും അച്ഛനും, അമ്മയും അല്ലാത്തത് ഒക്കെ വീട്ടിൽ കൊണ്ട് വന്ന് തരും.പക്ഷെ നോട്ട് പുസ്തകത്തിന്റെ, നടുതാളിൽ റെയ്നോൾഡ്‌സ് പേന കൊണ്ട്‌ എഴുതിയ , ലിസ്റ്റ് പിടിച്ചു നിൽക്കുന്ന നമ്മളെ രണ്ടാമത് ഒന്ന് കൂടി നോക്കി ഒരു പിടി പരിപ്പ് ആമസോണിന്റെ ഓണർ കൂടുതൽ ഇട്ട് തരുമോ?
കള്ളന്മാരാണ് , പൊടിയാണ്, ഒച്ചയാണ്, നായാണ്, നരിയാണ് എന്ന് ഒക്കെ പറഞ്ഞു ഗേറ്റും പൂട്ടി, വാതിലും അടച്ചു ഫോണിന്റെ മുൻപിൽ ആണല്ലോ ഞാനും, നിങ്ങളും.
അങ്ങോട്ടും, ഇങ്ങോട്ടും എളുപ്പം ചാടുന്ന ഇല്ലിപ്പടികൾ ഇല്ലാതായാലും നമ്മൾ പച്ച വെളിച്ചം മിന്നിച്ചിട്ട്, on line ഉണ്ടല്ലോ.

ഉരുകി ഒലിച്ചു ഇല്ലാതാകുന്ന സ്നേഹത്തിന്റെ മഞ്ഞുമലകൾ കാണാമോ??അത് തീർത്തും നശിച്ചു പോകാതെയിരിക്കാൻ നമുക്ക് ഒരു ഉച്ചകോടി കൂടണ്ടേ??
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക