Image

അമ്മിണി കുമ്മിണി (കവിത-ചന്ദ്രതാര)

Published on 27 December, 2020
അമ്മിണി കുമ്മിണി (കവിത-ചന്ദ്രതാര)
അമ്മക്ക് ഭ്രാന്തായിരുന്നു...

മുടി ചീകിക്കെട്ടി
പൂ വച്ചു തരുമ്പോൾ.....

തലയിൽ നിന്നു പേനെടുത്ത്
ശ്ചൂ ..... വെന്ന്
നഖങ്ങൾക്കിടയിൽ വച്ച്
ഞെരിക്കുമ്പോൾ....

ചേർത്തു പിടിച്ച് ഉറങ്ങുന്നതിനിടയിൽ
നനുത്ത ഉമ്മകൾ കൊണ്ട്
സ്നേഹത്തിൻ്റെ മിഠായിപ്പൊതി
തുറന്നു ചൊരിയുമ്പോൾ....

അപ്പോഴൊന്നും
എൻ്റെ അമ്മ ഭ്രാന്തി യായിരുന്നില്ല.

വെല്യ വീട്ടിൽ നിന്നു കിട്ടിയ
ഉണ്ണിയപ്പം തരാൻ
സ്കൂളിൻ്റെ വാതില്ക്കൽ
അമ്മ കാവൽ നിന്നു ....

നീണ്ടു കിടക്കുന്ന ജട
കുട്ടികൾ
കോർത്തു വലിച്ചു...
പിന്നിൽ പാട്ടകൊട്ടിക്കൊണ്ട്
പാടത്തിനക്കരേയ്ക്ക്
ഓടിച്ചു....

അമ്മിണി കുമ്മിണി
വാലാട്ടമ്മിണി
വാലും പൊക്കി
വടക്കോട്ടോട്ണ്...

കുട്ടികൾ പാടി.

അമ്മിണി കുമ്മിണി
വാലാട്ടമ്മിണി
വാലും പൊക്കി
തെക്കോട്ടോട്ണ്..

തലങ്ങും വിലങ്ങും ഓടി...
പാടത്തെ ചെളിയെടുത്തെറിഞ്ഞു....
കുട്ടികളാർത്തു ചിരിച്ചു.

സൂസന്ന ടീച്ചർ
ഔറംഗസീബ്
അയവെട്ടിക്കൊണ്ടിരുന്നു..
അബു മുസാഫ്ഫർ
മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ്
ആലംഗീർ.

കുട്ടികൾ വാ തുറന്ന്
മയക്കത്തിലേക്ക്....

ചെമ്പൻ
കുതിരപ്പുറത്തു നിന്നിറങ്ങി ഔറംഗസീബ്
വാളെടുത്തു വീശി ..
സഹോദരന്മാരുടെ
മുറിഞ്ഞ ശിരസ്സുകൾ
മണ്ണിൽ പുതഞ്ഞു കിടന്നു.
യുദ്ധത്തിൻ്റെ കാഹളം.

ക്ലാസ്സിൻ്റെ നാലു ചുവരുകൾ
എന്നെ വരിഞ്ഞുമുറുക്കി
തലയ്ക്കുള്ളിലൊരു
മേളം മാത്രം....
അമ്മിണി കുമ്മിണി
അമ്മിണി കുമ്മിണി
അമ്മിണി കുമ്മിണി
അമ്മിണി കുമ്മിണി

പുസ്തകം വലിച്ചു കീറി....
ആകാശത്തുയർന്ന്
ആയിരം ഉത്ക്കകളായി
കുട്ടികളുടെ തലയിൽ
പതിച്ചു.

ചെളിയിൽ പുതഞ്ഞ്
ചോര പൊടിഞ്ഞ്..
കരിഞ്ഞുണങ്ങിയ
പൊക്കിൾക്കൊടിയുടെ ഞെട്ടു തേടി....

വീണു ഞണുങ്ങിയ
കഞ്ഞിപ്പാത്രം പോലെ
അമ്മ കാത്തു നില്ക്കുന്നതറിയാതെ...
ദിക്കറിയാതെ ഓടി...

പിറ്റേന്ന്
കുട്ടികൾ പറഞ്ഞു
അംബിക കുംബിക
വാലാട്ടംബിക
വാലും പൊക്കി
വടക്കോട്ടോട്ണ്.

അംബിക കുംബിക
വാലാട്ടംബിക
വാലും പൊക്കി
തെക്കോട്ടോട്ണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക