ക്രിസ്തുവിനെ മറന്നുള്ള ക്രിസ്തുമസ്സുകൾ (എം.പി .ഷീല, ഫിലാഡെൽഫിയ)
EMALAYALEE SPECIAL
25-Dec-2020
M P Sheela
EMALAYALEE SPECIAL
25-Dec-2020
M P Sheela

ക്രിസ്തു ആഘോഷിക്കപ്പെടേണ്ട ഒരു ആദർശമാണ്...
അനുകരിക്കാവുന്ന ഒരു മാതൃകയാണ്...
പകർന്നുകൊടുക്കാവുന്ന ഒരു മൂല്യമാണ്...
സാദ്ധ്യമായ ഒരു പ്രവർത്തിയാണ്...
ഇന്നത്തെ ക്രിസ്മസ്സ് ആഘോഷങ്ങൾ എന്ത് സന്ദേശമാണ് നമ്മുക്ക് നൽകുക? വർണ്ണാഭമായ വിതാനങ്ങൾ. പ്രഭാപൂരിതമായ ദീപാലങ്കാരങ്ങൾ. കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ. രാജകീയ പ്രബഡിയിലുള്ള കാലിത്തൊഴുത്തുകൾ. ക്രിസ്തുമസ്സിനെ വരവേൽക്കാൻ നാം ഒരുക്കുന്ന ഈ ഒരുക്കങ്ങളിലൂടെ നാം വിസ്മരിച്ചു പോകുന്ന സത്യം ക്രിസ്തു തന്നെയാണ്. ക്രിസ്തു കാണിച്ചു തന്ന മാതൃക എന്തായിരുന്നു എന്നതുകൂടിയാണ്. കേവലം ഒരു മനുഷ്യനായി ജീവിച്ചു ലോകത്തെ കീഴടക്കിയ ആ മഹത് ജീവിതത്തിൻ്റെ ലക്ഷ്യവും പ്രവൃത്തിയും സന്ദേശവും മനസ്സിലാക്കിയിട്ടുള്ളയാരും ക്രിസ്തുവിനെ നിഷേധിക്കില്ലയെന്നത് പരമമായ സത്യം തന്നെ. ദൈവപുത്രൻ, കന്യാസുതൻ, അമാനുഷീകൻ എന്നീ അലങ്കാരങ്ങൾ ചാർത്തിയില്ലെങ്കിൽപ്പോലും ആരാധിക്കാനും ആഘോഷിക്കാനും ക്രിസ്തുവിനോളം യോഗ്യത മറ്റാർക്കാണുള്ളത്?
ദാരിദ്ര്യത്തിൻ്റെ 'മട്ടുപ്പാവിൽ' ജനിച്ച മിശിഹ അമ്മയ്ക്കും വളർത്തുപിതാവിനുമൊപ്പം നസ്രേത്തിലാണ് വളർന്നത്. ദിവ്യാത്ഭുത പ്രകടനങ്ങളൊന്നുമില്ലാതെ വളർന്ന ആ ബാലൻ ചെറുപ്പം മുതൽ അനുവർത്തിച്ചു പോരുന്ന കാര്യങ്ങളിൽ മനുഷ്യ സ്നേഹവും കാരുണ്യവും നിറഞ്ഞു നിന്നിരുന്നു. നീതിക്കുവേണ്ടിയുള്ള ദാഹവും നീതി നിഷേധിക്കപ്പെട്ടവരുടെയും ദു:ഖിതരുടെയും പാപികളുടെയും ദരിദ്രൻ്റെയും ശബ്ദമാകാനുള്ള പരിശ്രമവുമുണ്ടായിരുന്നു.
പന്ത്രണ്ടാംവയസ്സിൽ വേദശാസ്ത്രികളുമായി ദേവാലയത്തിൽ തർക്കിച്ചുക്കൊണ്ടിരിക്കുന്ന ഒരു ക്രിസ്തുവിനെ ബൈബിളിൽ കാണുന്നുണ്ട്. ക്രിസ്തുവിൻ്റെ മാതൃകാജീവിതം ഇവിടെ തുടങ്ങുകയാണ്. ജ്ഞാനം സമ്പാദിക്കുകയും അതോടൊപ്പം വന്നു ചേരുന്ന അമൂല്യമായ ധൈര്യവും സ്വായത്തമാക്കി മുന്നേറുകയാണ് ക്രിസ്തു ജീവിതം. ആരാലും അറിയപ്പെടാത്ത അഥവാ എഴുതപ്പെടാത്ത ലോകാരാധ്യനായ ക്രിസ്തുവിൻ്റെ അജ്ഞാത കാലഘട്ടം ജ്ഞാന-വിജ്ഞാനസമ്പാദനത്തിനു വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടി മാറ്റി വച്ചിട്ടുണ്ടാവില്ല എന്ന് നിശ്ചയമായും ഈ പന്ത്രണ്ടുകാരൻ്റെ തർക്കത്തിൽ നിന്ന് നമുക്ക് ഊഹിക്കാം . ചരിത്ര പഠനത്തിൽ ഗവേഷണം നടത്തുന്ന ഹോൾഗർ കേസ്റ്റൻ 'ജീസസ്സ് ലിവ്ഡ് ഇൻ ഇന്ത്യ' എന്ന തൻ്റെ പുസ്തകത്തിൽ സമർത്ഥിച്ചിരിക്കുന്ന ചില വസ്തുതകൾ ശരിയെന്നു വിശ്വസിക്കുവാനും ഇത് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഹോൾഗർ കേസ്റ്റൻ തൻ്റെ കൃതിയിൽ സമർത്ഥിക്കുന്നത് ക്രിസ്തു അജ്ഞാതവാസ കാലത്ത് ഇന്ത്യയിലെ പുരാതന സർവ്വകലാശാലയായ തക്ഷശിലയിൽ താമസിച്ചു വിദ്യ അഭ്യസിച്ചിരുന്നു എന്നാണ്. യേശുവിൻ്റെ സമകാലീനനും യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ ക്രിസ്തുവിനെ രേഖപ്പെടുത്താതെപ്പോയതിന് ഒരു കാരണവും ക്രിസ്തു സാന്നിധ്യം സുദീർഘകാലയളവിൽ യഹൂദയയിൽ ഉണ്ടായിരുന്നില്ല എന്നതുകൂടിയാവാം. എങ്കിലും ക്രിസ്തു ഒരു കെട്ടുകഥയായി പരിണമിക്കാതിരുന്നതും കാലഘട്ടങ്ങളെ അതിജീവിച്ച് സജീവമായി മനുഷ്യമനസ്സുകളിൽ തുടരുന്നതും ഒരു ധർമ്മ ഗുരുവായി പകർന്ന സന്മാർഗ്ഗ പ്രബോധനങ്ങളുടെ പ്രസക്തിക്കൊണ്ടാണ്.
ഗലീലിയിലും നസ്രേത്തിലും പരസ്യ ജീവിതത്തിലൂടെ 30 വയസ്സിൽ തുടങ്ങി 33 വയസ്സിൽ അവസാനിക്കുന്ന കേവലം 3 വർഷത്തെ കാലയളവുകൊണ്ടാണ് ക്രിസ്തു തൻ്റെ ദർശനങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയത്. ക്രിസ്തുമത വിശ്വാസ പ്രകാരം യേശു പഴയ നിയമത്തിൽ ഇസ്രയേൽ ജനതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ലോകരക്ഷയ്ക്കായി ശരീരമെടുത്ത ദൈവപുത്രനുമായാണ് പറയപ്പെടുന്നത്.
സുവിശേഷങ്ങളിൽ പ്രകടമാകുന്ന ക്രിസ്തുവിൻ്റെ വ്യക്തിത്വം പണ്ഡിതനെയും പാമരനെയും ഒന്നുപോലെ ആകർഷിക്കുന്നതാണ്. വെള്ളം വീഞ്ഞാക്കിയതും, കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കിയതും, മരിച്ചവരെ ഉയർപ്പിച്ചതും, കടലിനു മീതെ നടന്നതും, കാറ്റിനെ ശാസിച്ചു കീഴടക്കിയതും, മരണശേഷം ഉയർത്ത് ശിഷ്യൻമാർക്കൊപ്പം ജീവിച്ചതും വിശ്വാസികൾക്കിടയിലെ അത്ഭുത സാക്ഷ്യമായി നിൽക്കുമ്പോൾ ദൈവ പരിവേഷങ്ങൾക്കപ്പുറത്ത് ക്രിസ്തു പഠിപ്പിച്ച നൻമകൾ ലോകത്തിന് പ്രകാശം പരത്തുന്നതാണ്. നിന്നെപ്പോലെ തന്നെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക, ശത്രുക്കളോട് ക്ഷമിക്കുക, സഹോദരനോട് രമ്യതപ്പെടുക തുടങ്ങി സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു മനുഷ്യ കുലം സൃഷ്ടിച്ച് ഭൂമിയിൽ സമാധാനം സ്ഥാപിക്കുവാൻ പരിശ്രമിച്ച് രക്തസാക്ഷിയായ ഒരു നേതാവിനെയാണ് നാം ക്രിസ്തുവിൽ കാണുക.
ക്രിസ്തുമസ്സ് ആഘോഷവേളയിൽ സ്മരിക്കേണ്ട മറ്റു മാതൃകാഭാവങ്ങളും ഉണ്ട്. ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യുക, ഫലം തരാത്തവയെ ഉപേക്ഷിക്കുക, മുഖം നോക്കാതെ ശബ്ദിക്കാനും പ്രതികരിക്കാനും ക്രിസ്തു ജീവിതം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ആത്മീയ ശുശ്രൂഷ ചെയ്യേണ്ട ദേവാലയത്തിൽ കച്ചവടം നടത്തുന്നവർക്കെതിരെ ചാട്ടവാറെടുക്കുന്ന ക്രിസ്തു ചിത്രം ഈ കാലഘട്ടത്തിലെ ക്രൈസ്തവ സഭാ വിഷയങ്ങളിൽ ഏറെ പ്രസക്തമാകുന്നുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ട ദരിദ്രരെ കൂടെ ചേർത്ത്, ജ്ഞാനം പകർന്ന സ്നേഹ ഗായകൻ ക്രിസ്തു വല്ലാതെ മറ്റാരാണ്. വിധവയുടെ ചില്ലിക്കാശിന് ധനികൻ്റെ സ്വർണ്ണ നാണയങ്ങളേക്കാൾ മൂല്യം കൽപ്പിച്ച വീരപുരുഷൻ വേറാരാണ്? ഒരു പെണ്ണിൻ്റെ കണ്ണുനീരിനു മുന്നിൽ കണ്ണീർവാർത്ത ഇതിഹാസപുരുഷനെ മറ്റെവിടെ കാണാനാകും? ജീവൻ പിടയുന്ന നേരവും മനുഷ്യജീവിതം ആഗ്രഹിച്ച സ്വർഗ്ഗപുത്രൻ വേറെ ഉണ്ടാകുമോ? കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നൻമയുടെയും സന്തോഷത്തിൻ്റെയും പ്രതിരൂപമായ ക്രിസ്തുവിനെ ഹൃദയത്തിൽ പുനർജ്ജനിപ്പിക്കുന്നതാവട്ടെ ഓരോ ക്രിസ്തുമസ്സും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments