Image

ഒബാമയുടെ രാജ്യാന്തര ജനപ്രീതി കുത്തനെ ഇടിഞ്ഞു; റോണ്‍ ബാര്‍ബര്‍ അരിസോണയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക്

Published on 13 June, 2012
 ഒബാമയുടെ രാജ്യാന്തര ജനപ്രീതി കുത്തനെ ഇടിഞ്ഞു; റോണ്‍ ബാര്‍ബര്‍ അരിസോണയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക്
വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യുഎസ് പ്രസിഡന്‍ര് ബറാക് ഒബാമയ്ക്ക് വീണ്ടും തിരിച്ചടി. ഒബാമയുടെ രാജ്യാന്തര ജനപ്രീതിയിലും അംഗീകാരത്തിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വന്‍ ഇടിവാണുണ്ടായതെന്ന് പ്യൂറിസര്‍ച്ച് നടത്തിയ സര്‍വെയില്‍ പറയുന്നു. സര്‍വെ നടത്തിയ 21 രാജ്യങ്ങളില്‍ ചൈനയിലാണ് ഒബാമയുടെ ജനപ്രീതി ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. ചൈനയില്‍ ഒബാമയുടെ അംഗീകാരം 57 ശതമാനത്തില്‍ നിന്ന് 27 ശതമാനമായാണ് ഇടിഞ്ഞത്. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങളും അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ മേഖലകളില്‍ യുഎസ് നടത്തുന്ന ഡ്രോണ്‍ ആക്രമങ്ങളെ എതിര്‍ത്തുവെന്നതും ശ്രദ്ധേയമാണ്. ചൈനയ്ക്കു പുറമെ ദീര്‍ഘകാല സഖ്യകക്ഷിയായ ജപ്പാനിലും മെക്‌സിക്കോയിലും ഒബാമയുടെ നയങ്ങള്‍ക്കുള്ള അംഗീകാരം ഇടിഞ്ഞു.

യൂറോപ്പിലും ജനപ്രീതി ഇടിഞ്ഞെങ്കിലും മറ്റു രാജ്യങ്ങളിലേതുപോലെ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി, സര്‍വെയില്‍ പങ്കെടുത്ത അഞ്ചു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒബാമയുടെ ജനാംഗീകാരം 78 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഇടിഞ്ഞു. എന്നാല്‍ സര്‍വെയില്‍ പങ്കെടുത്ത അഞ്ചു മുസ്‌ലീം രാജ്യങ്ങളില്‍ ഒബമായുടെ അംഗീകാരം 34 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. പൊതുവെയുള്ള ജനപ്രീതിയില്‍ തന്റെ മുന്‍ഗാമി ജോര്‍ജ് ബുഷിനെക്കാള്‍ പിന്തുണയുണ്‌ടെങ്കിലും പാക്കിസ്ഥാനിലെ ജനപ്രീതിയില്‍ ഇരുവരും ഒപ്പമാണെന്നും സര്‍വെ വ്യക്തമാക്കുന്നു.

റോണ്‍ ബാര്‍ബര്‍ അരിസോണയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക്

അരിസോണ: ഗബ്രിയേലെ ഗിഫോര്‍ര്‍ഡ്‌സിന്റെ സഹായി റോണ്‍ ബാര്‍ബര്‍ അരിസോണയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അരിസോണയെ പ്രതിനിധീകരിച്ചിരുന്ന ഗിഫോര്‍ഡിന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തലയ്ക്ക് വെടിയേറ്റ് ഗുരുതരമായു പരിക്കേറ്റതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചിരുന്നു. ഈ സീറ്റിലേക്കു നടന്ന പ്രത്യേക തെരഞ്ഞെടുപ്പിലാണ് ബാര്‍ബര്‍ തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസി കെല്ലിയെയാണ് ബാര്‍ബര്‍ വ്യക്തമായ ലീഡില്‍ മറികടന്നത്. വിജയിച്ചുവെങ്കിലും നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലും സീറ്റ് നിലനിര്‍ത്താനായി ബാബറിന് വോട്ടര്‍മാരെ അഭിമുഖീകരിക്കേണ്ടിവരും. യുഎസ് ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സെനറ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കുമാണ് ഭൂരിപക്ഷം.

കൊളറാഡോയിലും ന്യൂ മെക്‌സിക്കോയിലും വന്‍ കാട്ടുതീ; ഒരു മരണം

കൊളറാഡോ: കൊളറോഡോയിലും ന്യൂമെക്‌സിക്കോയിലും വന്‍ കാട്ടു തീ. കാട്ടു തീയില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചു. ലിന്‍ഡ സ്റ്റെഡ്മാന്‍ എന്ന 62കാരിയാണ് മരിച്ചത്. കൊളറോഡോയുടെ തലസ്ഥാനമായ ഡെന്‍വര്‍ വരെ വ്യാപിച്ചു. കനത്ത പുക തീ കെടുത്താനുള്ള ഫയര്‍ ഫൈറ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട്. കാട്ടു തീയില്‍ 43,000 ഏക്കര്‍ വനപ്രദേശം ഇതുവരെ കത്തി നശിച്ചു. വരള്‍ച്ചബാധിത സംസ്ഥാനങ്ങളായ അരിസോണ, കാലിഫോര്‍ണിയ, ഉഠാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ കാട്ടു തീ പടരുന്നുണ്ട്. അതിനിടെ കൊളറോഡോ ഗവര്‍ണറെ പ്രസിഡന്റ് ബറാക് ഒബാമ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ ന്യൂമെക്‌സിക്കോ ഗവര്‍ണറുമായി ബന്ധപ്പെടാനുള്ള ഒബാമയുടെ ശ്രമം പരാജപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇന്ത്യയും ചൈനയും അഴിമതി രാജ്യങ്ങളെന്ന് വാള്‍മാര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യാ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞതെന്ന് വാള്‍മാര്‍ട്ടിന്റെ അഭിഭാഷകര്‍. വാള്‍മാര്‍ട്ടിന്‍രെ അഴിമതിവിരുദ്ധ നയത്തോടനുബന്ധിച്ച് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് അഭിഭാഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതനുസരിച്ച് ഈ രാജ്യങ്ങളിലെ പ്രവര്‍ത്തന നയങ്ങളിലും മാനേജ്‌മെന്റ് നയങ്ങളിലും കമ്പനി വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അഴിമതിക്ക് അടിസ്ഥാനമായ കാര്യങ്ങളൊന്തൊക്കെയെന്ന് വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

റോംനിയുടെ പ്രചാരണ തന്ത്രങ്ങള്‍ ഒറ്റ ട്വീറ്റില്‍ ഒതുക്കാമെന്ന് ഒബാമ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയുടെ തെരഞ്ഞേടുപ്പ് പ്രചാരണം ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ ഒതുക്കാമെന്ന് പ്രസിഡന്റ് ബറാക് ഒബാമ. മേരിലാന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണ പരിപാടിയിലാണ് ഒബാമ റോംനിയെ നിശിതമായി വിമര്‍ശിച്ചത്. റോംനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ദര്‍ശനങ്ങളും 140 വാക്കില്‍ കൂടുതല്‍ ടൈപ്പ് ചെയ്യാനാകാത്ത ട്വിറ്റര്‍ സന്ദേശത്തില്‍ ഉള്‍ക്കൊള്ളാനെയുള്ളൂ. എന്നാല്‍ പോലും കുറച്ചു വാക്കുകള്‍ ബാക്കിയുണ്ടാകുമെന്നും ഒബാമ കളിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക