Image

അമേരിക്കയിലെ മലയാളികള്‍ക്ക് ഒരു കത്ത് -സുഗതകുമാരി (അമ്പലമണി 1978)

(സമ്പാദകന്‍: ജോര്‍ജ് പുത്തന്‍കുരിശ്) Published on 24 December, 2020
അമേരിക്കയിലെ മലയാളികള്‍ക്ക്  ഒരു കത്ത് -സുഗതകുമാരി  (അമ്പലമണി 1978)
ആഴിക്കുമപ്പുറത്തൈശ്വര്യലക്ഷ്മിതന്‍

ആകാശ ചുംബികള്‍ മിന്നുമാഭൂമിയില്‍

ഇമ്മലനാടിന്റെ ദാരിദ്ര്യതപ്തമാം

നന്‍മടിത്തട്ടു വിട്ടെത്തിയ കൂട്ടരെ;

ഏതു പരിഷ്‌കാരമോടിയിലും, നവ്യ

ഭോഗലഹരികള്‍ നീട്ടും സുഖത്തിലും

നിങ്ങള്‍ മുഴുകിലും, ഞാനറിയുന്നിതേ

നിങ്ങള്‍ തന്നുള്ളിലൊരേകാകിയാം ശിശു

ഇന്നുമുറങ്ങാതിരിക്കുന്നു, മൂകമാ

യിന്നും കുരുന്നുകരങ്ങള്‍ നീട്ടുന്നിതേ

ഒന്നര ചുറ്റി, ക്കുളി കഴിഞ്ഞീറനാം

നന്‍മുടിത്തുമ്പില്‍ തുളസീദലവുമായ്

നെറ്റിയില്‍ ചന്ദനം തൊട്ടു കരം കൂപ്പി

നില്‍ക്കുമൊരമ്മയെത്തേടി; നേരല്ലയോ?

ചിറ്റുചൂടുള്ള ചമ്പാവരിക്കഞ്ഞിയും

പര്‍പ്പടവും കണ്ണിമാങ്ങയും കിണ്ണത്തി-

ലിത്തിരിയമ്മ വിളമ്പിത്തരികിലെ

ന്നിപ്പോഴുമോര്‍ത്തു പോകുന്നു; നേരല്ലയോ?

കാറുകള്‍ മുട്ടിയുരുമ്മിയൊഴുകുമീ

രാജപഥത്തില്‍ പൊടുന്നനെയെന്നപോല്‍

മുന്നില്‍, കുടമണി മുട്ടിക്കിലുങ്ങിടും

ഖിന്നമൊരു കാളവണ്ടിയും ചെമണ്ണു

തിങ്ങി നിറഞ്ഞ നടപ്പാതയും, കണ്ണു

പൊങ്ങുന്നിടത്തൊക്കെയോമനപ്പീലികള്‍

തിങ്ങുന്ന തെങ്ങിന്റ പച്ചത്തിരകളും

വന്നു നിറഞ്ഞു പോകുന്നു; നേരല്ലയോ?


എന്നുമഴിയാത്ത കെട്ടിത്, നമ്മളെ -

യൊന്നാക്കിടുന്ന മഹാസ്നേഹശൃംഖല

* * *

ഉള്ളിന്റെയുള്ളില്‍ ഗൃഹാതുരത്വം പേറി -

യല്ലലില്‍ താഴാതുയര്‍ന്ന ശിരസ്സുമായ്

തങ്ങള്‍ക്കഭിമതമായ പണികളില്‍

മുങ്ങിയധ്വാനിച്ചു ബുദ്ധിയാല്‍ മെയ്യിനാല്‍

മായപോല്‍ സര്‍വ സുഖങ്ങളും നല്‍കുമാ

ഡോളറിന്നൈശ്വര്യ സാമ്രാജ്യവേദിയില്‍

സ്വന്തമാം കാലില്‍ നിവര്‍ന്നുനിന്നും സ്വീയ -

മന്തസ്സിയന്നും വസിക്കും സഹജരേ,

നിങ്ങളെച്ചൊല്ലിയഭിമാനമേലുമീ -

യമ്മ ദരിദ്രയാണാര്‍ത്തയാണെങ്കിലും

മക്കള്‍ സുഖമായ് കഴിയുന്നവെന്നതേ

ദൂഃഖമാറ്റുന്നതീയാര്‍ദ്രമാം ജീവിനില്‍.

(സമ്പാദകന്‍: ജോര്‍ജ് പുത്തന്‍കുരിശ്)

അമേരിക്കയിലെ മലയാളികള്‍ക്ക്  ഒരു കത്ത് -സുഗതകുമാരി  (അമ്പലമണി 1978)
Join WhatsApp News
RAJU THOMAS 2020-12-24 13:10:24
Thanks a lot, Sree Punthenkuris. Please tell us when it came out and in which magazine/souvenir. [I guess, Fokana souvenir 1992.]
Mini 2020-12-24 13:55:22
Thanks for posting this beautiful poem by Sugathakumari.
American Mollakka 2020-12-24 15:52:46
ജനാബ് പുത്തൻ കുരിശ് സാഹേബ് ഇങ്ങള് പുലിയാണ് കേട്ട..ഇപ്പോൾ എന്ത് പറഞ്ഞാലും മതമാണല്ലോ ? മനുസന്മാര് തമ്മിൽ സ്‌നേഹമില്ല. അമേരിക്കൻ മലയാളികൾക്ക് യശ്ശശരീരയായ സുഗതകുമാരി ടീച്ചർ എഴുതിയ വരികൾ ശ്രദ്ധിക്കുക. ഒന്നര ചുറ്റി,ക്കുളി കഴിഞ്ഞീറനാം നന്മുടിത്തുമ്പിൽ തുളസീദളവുമായ് നെറ്റിയിൽ ചന്ദനം തൊട്ടു കരം കൂപ്പി നിൽക്കുമോരമ്മയെത്തേടി, നേരല്ലയോ? ഇത് ബായിച്ച് ഇത് പിള്ളേച്ചന്റെ അമ്മയെപ്പറ്റി ആണെന്ന് ആരും പറഞ്ഞിട്ടില്ല. ഇസ്‌ലാമിന്റെയും നസ്രാണിയുടെയും 'അമ്മ അതിൽപ്പെടുന്നു അതാണ് ഞമ്മള് കേരളക്കാരന്റെ ഐക്യം. ഞമ്മക്ക് ഇത് പെരുത്ത് ഇസ്റ്റായി .. ഹിന്ദുവിന്റെ വസ്ത്രം ഉടുത്താലും 'അമ്മ 'അമ്മ തന്നെ എന്ന് ഞമ്മളൊക്കെ ബിശ്വസിയ്ക്കുമ്പോൾ സമാധാനം ഉണ്ടാകും. അപ്പൊ അസ്സാലാമു അലൈക്കും. എല്ലാബർക്കും സന്തോഷകരമായ കൃസ്തുമസ്. കോവിഡ് പോകും , ഇപ്പോഴത്തത്തെ പ്രസിഡന്റ് പോകും 2021 സകലർക്കും പെരുത്ത് നന്മ കൊണ്ടുവരട്ടെ !
G. Puthenkurish 2020-12-24 16:16:02
Good morning Raju Thomas This is taken from 'Ambalamai', a collection of 41 poems by Sugathakumari. It was first published in 1984 by D. C. Books. It won the 'Odakuzhal' award of 1982 and 'Vayalar' award of 1984. The poem I posted in E-Malayalee was written in 1978, but there is no mention of the context.
ജി പുത്തൻകുരിശ് 2020-12-24 16:34:00
നിങ്ങളുടെ നല്ല വാക്കുകൾക്ക് പെരുത്ത നന്ദി മൊല്ലാക്ക. ഒരു മനോഹരമായ മുത്ത് കയ്യിൽ തടഞ്ഞപ്പോൾ അത് മറ്റുള്ളവരും ഒന്ന് കാണട്ടെ എന്ന് മാത്രമേ വിചാരിച്ചുള്ളു. പുലിയല്ലെങ്കിലും നിങ്ങളുടെ ഒക്കെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റുന്ന ഒരു പൂച്ചയായാൽ മതി. ശരിയാണ് അമേരിക്കയിൽ മതവും ജാതിയും, ട്രമ്പും , ബൈഡനും തലക്ക് പിടിച്ചു മലയാളികൾ പരസ്പരം കഴുത്തു ഞെരിക്കാൻ ശ്രമിക്കുമ്പോൾ , കവയിത്രി സുഗതകുമാരി പറഞ്ഞതുപോലെ, " ഇമ്മലനാടിന്റെ ദാരിദ്യ്രതപ്തമാം നന്മടിത്തട്ടു വിട്ടെത്തിയ മലയാളി, ഈ രാജ്യം നൽകുന്ന സുഖസൗകര്യങ്ങൾ നുണഞ്ഞു കുടിച്ചു മതവും രാഷ്ട്രീയവും നൽകുന്ന പൊങ്ങച്ച കസേരയിൽ ഇരുന്ന് കൊമ്പ് കുലുക്കുമ്പോൾ, അവരുടെ ഉള്ളിൽ ഒരു ഏകാകിയാം ശിശു മൂലമായിരുന്നു കുരുന്ന് കരങ്ങൾ നീട്ടുന്നു എന്നതാണ് സത്യം . നിങ്ങൾക്കും നിങ്ങളുടെ ബീബിമാർക്കും യേശു നബിയുടെ ഈ ജന്മദിനത്തിന്റെ നന്മകൾ നേരുന്നു. അതുപോലെ പുതുവത്സരാശംസകൾ . മൂന്ന് ബീബിമാരെയും അനുനയിപ്പിച്ചു കൊണ്ടുപോകുന്ന നിങ്ങൾ സിംഹിണികളെ ഭാര്യമാരാക്കിയ പുലിക്ക് സമമാണ്.
വിദ്യാധരൻ 2020-12-26 04:05:25
അമൂല്യമായ പ്രകാശം ചൊരിയുന്ന എത്രയോ ദിവ്യമുത്തുകൾ സമുദ്രത്തിന്റെ അഗാധതയിൽ ഇരുൾ മൂടിയ കുഴികളിൽ കിടപ്പുണ്ട്. അത്തരത്തിൽ ഒരു മുത്തിനെയാണ് പുത്തൻകുരിശ് ഇ-മലയാളികൾക്കായി എടുത്ത് പ്രകാശിപ്പിച്ചിരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടിൽ എഴുതിയതാണെങ്കിലും, കാലങ്ങൾക്ക് ശേഷവും അതിന്റെ മാറ്റ് നഷ്ടപ്പെട്ടില്ലയെന്ന്, 'മായപോൽ സർവ സുഖങ്ങളും നൽകുമാ ഡോളറിൻ ഐശ്വര്യത്തിൽ' കപട നാടകം ആടുന്ന മലയാളികൾ ഓരോ ദിവസവും ഓർപ്പിക്കുന്നു'. കാരണം ഈ കവിതയുടെ ഇടവഴികളിൽ എല്ലാം ആ ആശയത്തെ പാകിയിട്ടുണ്ട്. വന്ന വഴികളെ മറക്കുന്നവരാണ് മിക്ക മലയാളികളും. സ്വന്തം സത്വത്തെ മറച്ചു വച്ച്,അമേരിക്കൻ മൊല്ലാക്ക പറഞ്ഞതുപോലെ മതത്തിന്റെയും, ജാതിയുടെയും, രാഷ്ട്രീയത്തിന്റെയും മുഖമൂടിക്കുള്ളിൽ ഒളിഞ്ഞിരുന്നുകൊണ്ട്, അപരനെ ചവുട്ടി മെതിക്കാനും പൊങ്ങച്ചം കാണിക്കാനും അവർക്ക് ഒരു മടിയുമില്ല. 'ദരിദ്രയായ' അമ്മേയെപ്പോലും സമ്പന്നതയുടെ മായാവലയങ്ങളിൽ അകപ്പെട്ടു കഴിയുമ്പോൾ മറന്നു കളയുന്നവരാണ് നാം. പക്ഷെ മാതൃത്തിന്റെ മാഹാത്മ്യം അറിയുന്ന കവയിത്രി, പറയുന്നത്, ഒരമ്മ അവളുടെ മക്കൾ അവരെ മറന്നാലും, അവർ ആസ്വദിക്കുന്ന, ഐശ്വര്യം എന്നവർ തെറ്റ്ധരിച്ചിരിക്കുന്ന മായാവിലാസം നൈമഷീകവും നശ്വരമാണെന്നറികിലും അതിൽ അഭിമാനംകൊള്ളുന്നു. മലയാള കാവ്യലോകത്ത് അവരുടേതായ കാൽപ്പാടുകളെ വിട്ടിട്ട് അവർ വിട പറഞ്ഞാലും, ജീവൻതുടിക്കുന്ന അവരുടെ കവിതകൾ മരണം ഇല്ലാതെ ഇവിടൊക്കെ കാണും . അതുകൊണ്ട് ഒരു യഥാർത്ഥ കവിയോ കവയിത്രിയോ ഒരിക്കലും മരിക്കുന്നില്ല . "മരിക്കുമായിരുന്നു കാളിദാസനും കബീറും, മരിക്കുമായിരുന്നു ടാഗോറും അരവിന്ദഘോഷും, മരിക്കുമായിരുന്നു കുഞ്ചനും തുഞ്ചനും മരിക്കുമായിരുന്നാശാനും ഉള്ളൂരും മരിക്കുമായിരുന്നു ചങ്ങമ്പുഴയും വയലാറും മരണത്തിനെത്തി പിടിക്കാനാകുമായിരുന്നെങ്കിൽ. മരിക്കുന്നില്ല കവികളും കവയിത്രികളും ഭൂവിൽ മരിച്ചാലും ജീവിക്കുന്നവർ കാലങ്ങൾക്കപ്പുറം " ( വിദ്യാധരൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക