Image

ചെമ്പരത്തി (കവിത: ജിസാ പ്രമോദ്)

Published on 23 December, 2020
ചെമ്പരത്തി (കവിത: ജിസാ പ്രമോദ്)
അവന്റെ കൈപിടിച്ച് 

നടക്കാൻ കൊതിച്ചിരുന്ന 

ചെമ്പരത്തി പൂത്ത ഇടവഴിയിലൂടെ 

തനിച്ചു നടക്കുമ്പോൾ 

അറിയാതെ നിറയുന്ന മിഴികൾ 

ഒരു മഴച്ചാറ്റലിനായ് 

കൊതിക്കും 

ഒരിക്കലീ ഇടവഴിയോരത്ത് 

അവൻ നീട്ടിയ ചുംബനപൂക്കൾ 

നിരസിച്ചു 

കെറുവിച്ചു തിരിഞ്ഞു നടന്നതോർത്ത് 

മിഴികൾ പിന്നെയും പെയ്യും 

അവന്റെ കൂടെ നനയാൻ 

മാറ്റി വച്ച മഴച്ചാറ്റലുകളെയോർത്ത് 

നെടുവീർപ്പിടും 

അവനരികിലുണ്ടായിരുന്നെങ്കിൽ 

എന്ന് മനമൊന്ന് കൊതിക്കും 

അപ്പോൾ വീശിയ തെക്കൻ കാറ്റിൽ 

അവന്റെ ചന്ദന ഗന്ധം തിരയും 

ഇടവഴി തീരുമ്പോൾ ഒരു നിമിഷം നിൽക്കും 

പിന്നിലവന്റെ പാദനിസ്വനം കേൾക്കുന്നുവോ 

എന്ന് ശങ്കിക്കും 

പതിയെ തിരിഞ്ഞു നോക്കുമ്പോൾ 

നിറഞ്ഞു പൂത്ത ചെമ്പരത്തിപ്പൂക്കളുടെ മേൽ 

ചിണുങ്ങനെ ചാറ്റൽ പൊഴിയുന്നുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക