Image

കള്ളന്‍ ഉയിര്‍ത്തെഴുന്നേറ്റു(കവിത: ഡോ.സുകേഷ് )

ഡോ.സുകേഷ് Published on 23 December, 2020
  കള്ളന്‍ ഉയിര്‍ത്തെഴുന്നേറ്റു(കവിത: ഡോ.സുകേഷ് )
ക്രൂശിക്കപ്പെട്ട മൂന്നാം നാള്‍
ദേവന്‍ ഉയിര്‍ത്തെഴുന്നേറ്റു.
അവന്റെ നന്മകളെ, അവര്‍
അവരുടെ ഭാഷയില്‍
അലിഖിതങ്ങളും ലിഖിതങ്ങളുമാക്കി.

നന്മകളെ  ആരുമറിയാതെയാ
ക്രൂശില്‍ തറച്ചു.
നന്മ മനസ്സില്‍ വറ്റാത്ത മനുഷ്യന്‍
നേരറിയാന്‍ നിശ്ചയിച്ചു.
നെഞ്ചുവിരിച്ചു പോരാടാന്‍ തുനിഞ്ഞു.
നിലയുറപ്പിച്ചുറച്ച വിശ്വാസങ്ങള്‍
നീട്ടിത്തുപ്പി അവനു നേരെ.

നന്മകള്‍ ക്രൂശില്‍ക്കിടന്നു
നിണം വാര്‍ത്തുകൊണ്ടിരുന്നു.
നേരിട്ടവനെ സമ്പത്തും സ്വാധീനവും
നിരന്തരം വേട്ടയാടി.
അവനെ കള്ളനെന്ന് വിളിച്ചു.

നന്മകള്‍ക്രൂശില്‍ തറഞ്ഞതിനാല്‍  
തെളിവുകളും എതിരായിരുന്നു.
കള്ളനെ വിചാരണ ചെയ്തു
ക്രൂശില്‍ തറയ്ക്കാനാജ്ഞാപിച്ചു.
ക്രൂശില്‍ തറയ്ക്കുമ്പോള്‍
കണ്ണുകളും കാതുകളും വായും
ബന്ധിക്കാന്‍ പക്ഷേ ശ്രദ്ധിച്ചില്ല.

ക്രൂശില്‍ കിടക്കവേ, നന്മകള്‍
കിടന്നു പിടയ്ക്കുന്നത് തൊട്ടടുത്ത്
കള്ളന്‍ കണ്ടു.
കണ്ടകാര്യം ക്രൂശില്‍ കിടന്നവന്‍
അലറിപ്പറഞ്ഞു.
ചുറ്റുപാടും കിടുങ്ങി :
ക്രൂശിലെ ആണികള്‍ ഇളകിമാറി.
നന്മകളും സ്വതന്ത്രമായി,
അവനെക്കൊണ്ടുയര്‍ത്തി.
ഇപ്രാവശ്യം എല്ലാവരും കണ്ടു, അറിഞ്ഞു :
കള്ളന്‍ ഉയിര്‍ത്തെഴുന്നേറ്റെന്നു.

  കള്ളന്‍ ഉയിര്‍ത്തെഴുന്നേറ്റു(കവിത: ഡോ.സുകേഷ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക