Image

ഡിസംബറിന്റെ ഓര്‍മ്മയ്ക്ക് (കഥ: സിസില്‍ മാത്യു കുടിലില്‍)

സിസില്‍ മാത്യു കുടിലില്‍ Published on 22 December, 2020
 ഡിസംബറിന്റെ ഓര്‍മ്മയ്ക്ക് (കഥ: സിസില്‍ മാത്യു കുടിലില്‍)
ഭാഗം - I
കുടകിലെ കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു. ഓരോ ശ്വാസത്തില്‍ പോലും കാപ്പിപ്പൂക്കളുടെ ഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു. ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. കുടകിലെ ആകാശനീലിമ തരുന്ന മഞ്ഞുനനവാര്‍ന്ന കുളിര്‍ക്കാറ്റിലൂടെ വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള ടിബറ്റന്‍ മനുഷ്യര്‍, അവരുടെ വേഷം, ജീവതചര്യകള്‍, ആരാധനാലയം അങ്ങനെന്തൊക്കെ.... മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു. രാത്രിയുടെ ഒരോ യാമങ്ങള്‍ കഴിയുമ്പോഴും എന്തേ ഇത്ര പെട്ടെന്നവസാനിച്ചത് എന്നു തോന്നിപ്പോയ നിമിഷങ്ങള്‍. ഈ തണുപ്പുള്ള രാത്രിയിലെ ഒരോ നിമിഷങ്ങളും എത്ര സുന്ദരങ്ങളായിരുന്നു.

മൂടല്‍മഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാര്‍ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. സില്‍വര്‍ ഓക്കുമരങ്ങള്‍ക്കിടയിലൂടെ നീളുന്ന പാതകള്‍. മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങള്‍. തേയില നുള്ളുന്ന സ്ത്രീകള്‍ വരിവരിയായി പാതയുടെ ഓരം ചേര്‍ന്നു പോകുന്നത് ഇടയ്‌ക്കൊക്കെ കാണാം. ഫ്രെഡി തന്റെ മൊബൈലില്‍ വെഡിങ് ഫോട്ടോകള്‍ കാണുകയും ആരോടൊക്കെയോ സംസാരിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കൊക്കെ പുറത്ത് കാഴ്ചകളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. വഴിയുടെ വശങ്ങളില്‍ കുപ്പികളില്‍ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനില്‍ക്കുന്നവര്‍. തമിഴ് ചുവയുള്ള മലയാളത്തില്‍ അവര്‍ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ഒരു ഹണിമൂണ്‍ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര. മടിയില്‍ ഉറങ്ങിക്കിടക്കുന്ന മെര്‍ലിന്റെ അലസമായ മുടിയിഴകളില്‍ ഫ്രെഡി വിരലോടിച്ചുകൊണ്ടിരുന്നു. മൂന്നു നാലു ദിവസങ്ങളായി ഉറക്കം കുറഞ്ഞ രാത്രികളായിരുന്നു. ഏറെ വൈകിയായിരിക്കും മിക്കവാറും ഉറങ്ങുന്നത്. ശാന്തമായി ഉറങ്ങിക്കോട്ടെ, ഫ്രെഡി മനസ്സില്‍ ഓര്‍ത്തു. അവളുടെ നീണ്ട മുടിയിഴകളില്‍ വീണ്ടും വിരലുകള്‍ ഓടിച്ചുകൊണ്ടിരുന്നു. ഒരു അറേഞ്ച് മാര്യേജായതു കൊണ്ടുതന്നെ അവര്‍ സ്‌നേഹിച്ചു തുടങ്ങിയതേയുള്ളു. കഥകളും വിശേഷങ്ങളും ഏറെ പറയാനുണ്ടായിരുന്നു ഇരുവര്‍ക്കും. രാത്രികള്‍ക്ക് ഏറെ ദൈര്‍ഘ്യം ഉണ്ടാകണമേയെന്ന് ആഗ്രഹിച്ച നാളുകള്‍. ഹെയര്‍പിന്‍ വളവുകള്‍ താണ്ടി കാര്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. 
ഫ്രെഡിയുടെ മടിയില്‍ അല്പം മയങ്ങി പോയ മെര്‍ലിന്‍ ഹാന്‍ഡ്ബാഗിലെ മൊബൈല്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. വീട്ടില്‍ നിന്നും മമ്മിയുടെ കാളാണ്. അല്ലേലും ഫ്രെഡിയുടെ മമ്മിക്ക് ഭയങ്കര ടെന്‍ഷനാണ്, ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വിളിച്ചോണ്ടിരിക്കും.
'എന്നാ മമ്മി '
'നിങ്ങളെവിടായി മോളെ...?'

'മമ്മി ഞങ്ങള്‍ മൂന്നാറിലേക്ക് പോക്കോണ്ടിരിക്കുവാ'
'നാളെ കഴിഞ്ഞ് ഞങ്ങള്‍ അവിടെ വരും. ഞങ്ങടെ ആദ്യത്തെ ക്രിസ്മസല്ലേ മമ്മി വരുന്നത്, ഇരുപത്തിനാലിന് രാവിലെ തന്നെ ഇവിടുന്നു തിരിക്കും. മമ്മി കൂടുതല്‍ ടെന്‍ഷനടിച്ച് ബി. പി കൂട്ടേണ്ടാ.''
'മോളേ, വാകത്താനത്തുള്ള ജോസുകുട്ടിച്ചായനും ഷേര്‍ലിയാന്റിയും മക്കളും പിന്നെ തിരുവല്ലായിലുള്ള ജോബിച്ചായനും റോസിചേച്ചിയും എല്ലാരും നിങ്ങക്കായി കാത്തിരിക്കുവാ...ഈ ക്രിസ്മസ്സിന് എല്ലാരും നിങ്ങളോടൊപ്പം കൂടാനാ....'
'മമ്മി... ആന്‍ഡ്രിയമോളും അപ്പൂസും എന്നാ പറയുന്നു''
'മോളെ, ആന്‍ഡ്രിയമോളിവിടെ പല പ്ലാനുകളും ചെയ്യുന്നുണ്ട്. ചേച്ചി വന്നിട്ടു വേണം എന്നു പറഞ്ഞോണ്ടിരിക്കുവാ. ഷേര്‍ലിയാന്റി മോള്‍ക്കു വേണ്ടി ഒരു സ്‌പെഷ്യല്‍ കേക്ക് ഒക്കെ ഉണ്ടാക്കുന്നുണ്ട്. പിന്നെ അപ്പൂസ്സും ആന്‍ഡ്രിയമോളും ക്രിസ്മസ്സ് ട്രീയില്‍ പുതിയ ബലൂണും ലൈറ്റുമൊക്കെ ഇടുവാ...'
'അപ്പച്ചന്‍ എന്തിയെ മമ്മി...?'
'മോളെ... അപ്പച്ചന്‍ ടൗണ്‍ വരെ പോയേക്കുവാ...'
'ക്രിസ്മസ്സിന് അറക്കാന്‍ ഒരാടിനെ ചന്തേന്ന് അപ്പച്ചന്‍ വാങ്ങിട്ടുണ്ട്, നിങ്ങളെല്ലാം വന്നിട്ടു വേണം....... മോളെ നാളെകഴിഞ്ഞ് രാവിലെ തന്നെ അവിടുന്ന് തിരിക്കണേ...' 
'ശരി മമ്മി...'
മെര്‍ലിന്‍ വീണ്ടും ഉറക്കക്ഷീണത്തോടെ ഫ്രെഡിയുടെ തോളത്തേക്ക് ചാഞ്ഞ് കിടന്നുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു. ഫ്രാന്‍സ്സില്‍ നിന്നും വന്ന് ഒരു മാസത്തിനുള്ളിലായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ കൂടുതലൊന്നും പ്ലാന്‍ ചെയ്യാന്‍ ഫ്രെഡിക്കായില്ല. ആറു വര്‍ഷമായി അവിടെയൊരു ഐ. ടി കമ്പനിയിലായിരുന്നു ഫ്രെഡി. കാഞ്ഞിരപ്പള്ളിയില്‍ പ്ലാന്ററായ പുലിക്കാട്ടില്‍ ഔസേപ്പച്ചന്റെയും ലാലിയുടെയും ഏക മകളായിരുന്നു മെര്‍ലിന്‍. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷക്കാലം വീട്ടില്‍ നില്‍ക്കുമ്പോഴായിരുന്നു ഫ്രെഡിയുമായുള്ള വിവാഹം. സിറ്റി ലൈഫിലെ തിരക്കുകള്‍ക്കിടയില്‍ ഹണിമൂണിനായി ഫ്രെഡി തന്നെയായിരുന്നു ശാന്തമായ കുടക് തിരഞ്ഞെടുത്തത്. നീണ്ട ഒരു യാത്രക്ക് ശേഷം സായാഹ്നത്തിലായിരുന്നു ആ നവദമ്പതികള്‍ മൂന്നാറിലെത്തിയത്. പഴയ മൂന്നാറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി കുന്നിന്‍ മുകളിലെ മെര്‍ലിന്റെ പപ്പയുടെ റിസോര്‍ട്ടിലേക്കാണ് അവരുടെ കാര്‍ കയറിപ്പോയത്. 
'എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം. ചെറുപ്പത്തില്‍ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു.' കാറില്‍ നിന്നിറങ്ങി ഹാന്‍ഡ്ബാഗുമായി റിസോര്‍ട്ടിലേക്ക് നടന്നപ്പോള്‍ മെര്‍ലിന്‍ പറഞ്ഞു.  
കുളിച്ചു ഫ്രഷായി ബാല്‍ക്കണിയില്‍ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി മെര്‍ലിന്‍ അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാര്‍ന്നകാറ്റ്. അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങള്‍ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം. പകലിന്റെ അന്ത്യത്തില്‍ സന്ധ്യ വന്നു പരന്നിരുന്നു. സായാഹ്നങ്ങള്‍ വന്ന് ആകാശമേഘങ്ങളില്‍ ചായമിടുന്നതു കാണാന്‍ എന്തു രസം. ഒരു പ്രാവശ്യം കോളേജില്‍ നിന്ന് ടൂറിന് മൂന്നാറില്‍ വന്നെങ്കിലും ടീച്ചര്‍മാരുടെയും സിസ്റ്റര്‍മ്മാരുടെയും ചിട്ടയിലും നിയന്ത്രണത്തിലും മറ്റുമായിരുന്നു. അന്നാ നിയന്ത്രണങ്ങള്‍ ആവശ്യമായിരുന്നു. പക്ഷെ ഇന്നു വളരെ സ്വതന്ത്രമായി. കാട്ടിലൂടെ മരച്ചില്ലകളിലേക്ക് മാറി മാറി പറക്കുന്ന ഇണക്കുരുവികളെ പോലെ... എനിക്കും ഫ്രെഡിക്കുമിടയില്‍ ഒരു ബന്ധനങ്ങളും ഇല്ല. പപ്പയുടെയും മമ്മിടെയും കൂടെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത എന്തെല്ലാം ഇന്നു കാണുന്നു ...! പൂക്കള്‍, പൂനിലാവ്, നീലനിശീഥിനി അങ്ങനെന്തൊക്കെ.... മഞ്ഞുപൊഴിയുന്ന ഡിസംബറില്‍ ആദ്യമായി ഇവിടെ.... ഒരു വര്‍ണ്ണപതംഗമായി മാറിയതു പോലെ.... എന്റെ സങ്കല്പ ചക്രവാളത്തിലെ സുന്ദര നിമിഷങ്ങളിലൂടെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. മധുവിധു രജനികള്‍ മതിവരുവോളം ആസ്വദിച്ചു. പ്രഭാതത്തില്‍ വിടരുന്ന പൂക്കളില്‍ തേന്‍ നുകരാന്‍ ആവേശത്തോടെ വരുന്ന കരിവണ്ടുകളെ പോലെ... ആ മന്മദരാത്രികള്‍, ഹൊ... പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തിയ ആ രാത്രികള്‍, ഓര്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നപോലെ.... ഇവിടെ ഫ്രെഡിയോടൊപ്പം കുറച്ച് ദിവസങ്ങള്‍ക്കൂടി നില്‍ക്കാന്‍ പറ്റിയിരുന്നുവെങ്കില്‍... മെര്‍ലിന്റെ ചിന്തകള്‍ അങ്ങനെ പോയി. സന്ധ്യയുടെ ചായക്കൂട്ടുകള്‍ പതിയെ മാഞ്ഞുപോയിരുന്നു. ഇരുട്ടു കനം വച്ചു തുടങ്ങി. കിഴക്കുനിന്നുവന്നൊരു മൃദുലമായ കാറ്റ് അവളുടെ മേനിയില്‍ മുത്തമിട്ട് എങ്ങോട്ടോ കടന്നുപോയി. യാത്രയുടെ ക്ഷീണത്തിലും മറ്റും ആ രാത്രിയില്‍ റിസോര്‍ട്ടിലെ മുറിയില്‍ അവര്‍ നേരത്തെ കിടന്നുറങ്ങി. 
പ്രഭാതത്തില്‍ ആകാശമേഘങ്ങളില്‍ സൂര്യകിരണങ്ങള്‍ പതിയും മുമ്പേ ഫ്രെഡി ഉണര്‍ന്നിരുന്നു. അലസമായി കിടന്ന നേര്‍ത്ത നൈറ്റ് ഗൗണില്‍ പാതി നഗ്‌നതയില്‍ മെര്‍ലിന്‍ ഉറങ്ങുകയാണ്. ഇരുളല ചിതറി പുലരി ഉണര്‍ന്നു. പ്രഭാതം അതിന്റെ എല്ലാ അവസ്ഥയിലും വിടര്‍ന്നിരുന്നു. തേന്‍ക്കുരുവികള്‍ ആവേശത്തോടുകൂടി ചുണ്ടുകള്‍ ആഴ്ന്നിറക്കി പൂക്കളില്‍ നിന്നു തേന്‍ വലിച്ചു കുടിക്കുകയാണ്. പ്രിയനു പകര്‍ന്നു കൊടുക്കുന്ന പ്രണയവികാര ചഷകങ്ങളായി ഇരുവരും മാറിയിരുന്നു... ഫ്രെഡി അല്പനേരം കൂടി ബെഡില്‍ ഇരുന്നു മെര്‍ലിന്റെ തുടുത്ത കവിള്‍ത്തടങ്ങളില്‍ വിരലുകളോടിച്ചു. അല്പം കൂടി ഉറങ്ങിക്കോട്ടെ.... ക്ഷീണം കാണും. ഫ്രെഡി യാത്രക്കായുള്ള ഒരുക്കത്തിലാണ്. 
ഇരുവരും അന്ന് മൂന്നാറിന്റെ ഭംഗി ആസ്വദിച്ചു നടന്നു. പച്ചപുല്ലുകളാല്‍ നിറഞ്ഞ മൊട്ടക്കുന്നുകളും താഴ്വരകളും എക്കോ പോയിന്റും വരയാടുകള്‍ നിറയെയുള്ള മലഞ്ചരിവുകളും എല്ലാം... എല്ലാം... ''കുന്നിന്‍മുകളില്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണുമ്പോള്‍ ഫ്രാന്‍സ്സിലെ പൂന്തോട്ടങ്ങളില്‍ വിരിയുന്ന ഐറിസ്സ് പൂക്കളെയും ഡാഫോഡില്‍ പുഷ്പങ്ങളെയും ഞാന്‍ ഓര്‍ക്കും. അവയ്‌ക്കൊന്നും കാണാത്ത വശ്യത ഈ കുറിഞ്ഞിപ്പൂക്കളില്‍ എങ്ങനെ വന്നു. ഒരു പക്ഷെ മെര്‍ലിന്‍ എന്റൊപ്പം ഉള്ളതുകൊണ്ടാവാം എനിക്കിങ്ങനെ തോന്നിയത്...' യൂക്കാലിപ്പ്സ്സ് മരങ്ങളുടെ നിഴല്‍വീണ നിലങ്ങളില്‍ മെര്‍ലിന്റെ മടിയില്‍ കിടന്നുകൊണ്ടു ഫ്രെഡി പറയും. ചില സമയങ്ങളില്‍ ഫ്രെഡി കൂടുതല്‍ റൊമാന്റിക്കാവും. ആ റൊമാന്‍സ് ഞാന്‍ കൂടുതല്‍ ആസ്വദിക്കും. ഞാന്‍ പലപ്പോഴും ചിന്തിക്കും. പര്‍പ്പിളും വയലറ്റ് നിറങ്ങളും ഇല്ലാതെ എന്തു റൊമാന്‍സ്. റൊമാന്‍സിന്റെ രാജാകുമാരികള്‍ തന്നെ ഈ വര്‍ണ്ണങ്ങളാണ്. 
ഇന്നത്തെ രാത്രി അവര്‍ക്കു വളരെ വിലപ്പെട്ടതാണ്. മൂന്നാറിലെ ഈ രാത്രിയോടുകൂടി ഹണിമൂണ്‍ യാത്രകള്‍ക്ക് വിട പറയുന്നു. നാളത്തെ പകല്‍ അവസാനിക്കുന്നത് ക്രിസ്മസ്സ് രാവിനെ വരവേറ്റുകൊണ്ടായിരിക്കും. എല്ലാവരോടുമൊത്തൊരു ക്രിസ്മസ്സ്. ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ്സ്. നാളെ എന്റെ മനസ്സു മറ്റൊരു തലത്തിലായി മാറും. പാതിരാ കുര്‍ബാനയ്ക്കായി മെത്രാപ്പോലീത്തന്‍ പള്ളിയിലേക്ക് പോകുമ്പോഴും അള്‍ത്താരയ്ക്ക് അഭിമുഖമായി നിന്ന് കുര്‍ബാന സ്വീകരിക്കുമ്പോഴും കുട്ടികളുമായി കളിക്കുമ്പോഴുമെല്ലാം. ഈ രാത്രിക്ക് അല്പം കൂടി ദൈര്‍ഘ്യമേറിയതായിരിക്കേണേ.... മെര്‍ലിന്‍ ചിന്തിച്ചു.
ആ രാത്രിയില്‍ മെര്‍ലിനായി ഒരു ഫ്രഞ്ച് ഡിന്നര്‍ തന്നെയായിരുന്നു ഫ്രെഡി ഒരുക്കിയത്. തൂവെള്ള നിറത്തില്‍, റോസാപ്പൂക്കളില്‍ മഞ്ഞുത്തുള്ളികള്‍ പതിപ്പിച്ചപോലെയുള്ള ഫ്രോക്കില്‍ മെര്‍ലിന്‍ കൂടുതല്‍ സുന്ദരിയായി മാറി. യവന കഥകളിലെ നായികയെ പോലെ...
''ഇതെന്താണ് ഫ്രെഡി...?'' ഡൈനിങ് ടേബിളില്‍ കണ്ട ഗ്ലാസ്സ് ബോട്ടിലില്‍ നോക്കിക്കൊണ്ട് മെര്‍ലിന്‍ ചോദിച്ചു.
''മെര്‍ലിന്‍ നീ വൈന്‍ കുടിച്ചിട്ടുണ്ടോ...?''
'വീട്ടില്‍ ചിലപ്പോള്‍ മമ്മി മുന്തിരി വൈന്‍ ഉണ്ടാക്കും, അതു കുടിക്കും.'
'ഞാന്‍ മെര്‍ലിനായി കൊണ്ടുവന്ന ഏറ്റവും വിലയേറിയ വൈനാണിത്. മെര്‍ലിനുമൊത്തുള്ള ഈ ദിവസത്തിനായി കാത്തുവച്ചതാണ്. ഫ്രാന്‍സ്സിലെ മാള്‍ഗാട്ടി പ്രവശ്യയിലെ തോട്ടങ്ങളില്‍ വിളയുന്ന പച്ചമുന്തിരിയില്‍ നിന്നും തയാറാക്കി, ഓക്കുമരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ ഭരണിയില്‍ കാലങ്ങളായി സൂക്ഷിക്കുന്ന പച്ചനിറമുള ഷാബ്ലി വൈന്‍.' 
ഈ വൈനിന്റെ നിറം തന്നെ വളരെ ആകര്‍ഷകമാണ്. പച്ചയും മഞ്ഞയും കലര്‍ന്ന നിറം.  ഇരുവരും ഫ്രഞ്ച് ഡിന്നര്‍ ആസ്വദിച്ചു കഴിച്ചു. ഫ്രെഡിക്കേറ്റവും ഇഷ്ടപ്പെട്ട മൂണ്‍ ഹാര്‍ബര്‍ വിസ്‌ക്കി രണ്ടു ഗ്ലാസ്സുകളിലേക്ക് പകര്‍ന്നു. മുറിയ്ക്കുള്ളിലെ മങ്ങിയ നീലപ്രകാശത്തില്‍ അന്നാദ്യമായി മെര്‍ലിന്‍ വിസ്‌ക്കി കഴിച്ചു. വിസ്‌ക്കിയും വൈനും ഇരുവരും ഏറെക്കഴിച്ചു.
ഡിന്നറിന് ശേഷം കുറെ കഴിഞ്ഞ് അവര്‍ പഴയ മൂന്നാറിന്റെ പാതയോരം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. ജീന്‍സ്സും ഓവര്‍കോട്ടും വിസ്‌ക്കിയുടെ ലഹരിയും അവരെ ഡിസംബര്‍ രാവിന്റെ തണുപ്പില്‍ നിന്ന് അല്പം ആശ്വാസമേകി. ഇടയ്‌ക്കൊരു തണുത്തകാറ്റ് വീശിയടിച്ചു കടന്നു പോയി. മെര്‍ലിന്‍ സ്‌കാര്‍ഫ് കൊണ്ട് തല മൂടി കഴുത്തിനു ചുറ്റും മഫ്‌ളര്‍ തട്ടി ഇട്ടു. കുറെദൂരം മുന്നോട്ട് നടന്നു. വഴിവിളക്കിന്റെ വെട്ടത്തില്‍ വിജനമായ വഴികള്‍. വീടുകളുടെ മുറ്റത്തു ക്രിസ്മസ്സ് വിളക്കുകള്‍ മിന്നിത്തെളിയുന്നു. ക്രിസ്മസ്സ് രാത്രികളില്‍ നീലാംബരത്ത് തെളിയുന്ന നക്ഷത്രങ്ങളെ അവര്‍ വ്യക്തമായി കണ്ടു. ദൂരെയെവിടെയോ കരോള്‍ സംഘങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാം.
'ദൈവം പിറക്കുന്നു... 
മനുഷ്യനായി ബെത്‌ലഹേമില്‍ ...
മഞ്ഞു പെയ്യുന്ന മലമടക്കില്‍...
ഹല്ലേലൂയാ... ഹല്ലേലൂയാ...
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും ...
മധുര മനോഹര ഗാനം....'
ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവര്‍. ഡിസംബര്‍ രാവിന്റെ കട്ടപിടച്ച തണുപ്പില്‍ വൈനിന്റെയും വിസ്‌ക്കിയുടെയും ലഹരി ഇരുവരുടെയും സിരകളില്‍ ചൂടുപിടിപ്പിച്ചിരുന്നു. കുറെ മുന്നോട്ടു നടന്നപ്പോഴാണ് കുന്നിന്‍ മുകളില്‍ സ്‌കോട്ടീഷ് മാതൃകയിലുള്ള കല്ലുകൊണ്ടു നിര്‍മ്മിച്ച ഒരു പഴയപള്ളി അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. യുറോപ്പ്യന്‍ രാജ്യങ്ങളിലാണ് സാധാരണയായി ഇത്തരം പള്ളികള്‍ കാണുന്നത്. കൗതുകകരമായി തോന്നിയ ആ ദേവാലയം കാണാന്‍ സൈപ്രസ്സ് മരങ്ങളുടെയും പൈന്‍ മരങ്ങളുടെയും ഇടയിലൂടെയുള്ള പാതയില്‍ അവര്‍ ആ രാത്രിയില്‍ കുന്നിന്‍ മുകളിലേക്ക് നടന്നു. പുല്ലുകളില്‍ മഞ്ഞുത്തുള്ളികള്‍ തൂവെള്ള രോമക്കുപ്പായമണിഞ്ഞതു പോലെ... പുല്ലുകളിലും പൂക്കളിലും എങ്ങും മഞ്ഞുകണങ്ങള്‍ മാത്രം. രാത്രിയുടെ അരണ്ട വെളിച്ചത്തില്‍ പള്ളിയുടെ വാതിലിന്റെ വശങ്ങളിലെ കല്‍പ്പടിയില്‍ അവര്‍ ഇരുന്നു. വിസ്‌ക്കിയുടെയും വൈനിന്റെയും ലഹരി അവരെ ഉന്മാദവസ്ഥയിലേക്ക് കൊണ്ടുപോയിരുന്നു. ഡിസംബറിലെ മഞ്ഞുപെയ്യുന്ന ആ രാത്രിയില്‍ ഒരു പുതപ്പിന്റെ കീഴില്‍ ഇരുവരും പള്ളിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്, ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാന്‍ കരോള്‍ സംഘങ്ങള്‍ വീടുകള്‍ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്. നീലാകാശത്തെ നക്ഷത്രകന്യകമാര്‍ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്. ഉറങ്ങാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഫ്രെഡിയുടെ മടിയില്‍ തലചായ്ച്ച് മെര്‍ലിന്‍ ഉറങ്ങുകയാണ്. രാവിന്റെ നിശ്ശബ്ദത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. 
ഏറെ നേരത്തെ മയക്കത്തിന് ശേഷം മെര്‍ലിന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. അല്പം അകലെ കുന്നിന്‍ മുകളിലുള്ള സെമിത്തേരിയിലെ ശവക്കല്ലറയില്‍ നേര്‍ത്ത വെട്ടം പരക്കുന്നു. തൂമഞ്ഞു മന്ദം മന്ദം ഒഴുകിയ രാവില്‍ നിറയെ കുന്തിരിക്ക സുഗന്ധം എങ്ങും പരന്നിരുന്നു. കുതിരവണ്ടികള്‍ വേഗത്തില്‍ ഓടി വരുന്ന ശബ്ദം കാതുകളില്‍ മുഴങ്ങി. ആരോ പിയാനോയില്‍ വായിച്ച ശോകരാഗം എവിടെ നിന്നോ കേള്‍ക്കാം. ഉയരത്തിലുള്ള പള്ളിമണികള്‍ ആര്‍ത്തലച്ചുകൊണ്ടിരുന്നു. പള്ളിയ്ക്കുള്ളിലെ ക്ലോക്കില്‍ രണ്ടു മണി അടിച്ചത് വാതില്‍പ്പടികളിലിരുന്നവര്‍ കേട്ടു. നടുക്കം മാറാതെ മെര്‍ലിന്‍, ഫ്രെഡിയെ തട്ടിയുണര്‍ത്തി. അല്പസമയത്തിന് ശേഷം, എല്ലാം നിശ്ശബ്ദമായതു പോലെ. ഇപ്പോള്‍ കുതിരക്കുളമ്പടി ശബ്ദങ്ങളില്ല, പള്ളിമണിയൊച്ചയില്ല.... നിശ്ചലം. എങ്ങും നിശ്ശബ്ദത മാത്രം. നേര്‍ത്ത പ്രകാശത്തിലെ പുകമഞ്ഞില്‍ പെട്ടെന്നാണ് സ്വര്‍ണ്ണത്തലമുടിയുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി കൈയില്‍ പൂക്കളുമായി ശവക്കല്ലറക്കരികില്‍ പ്രത്യക്ഷപ്പെട്ടത്. അവര്‍ ആരെയോ തിരയുകയാണ്. നിമിഷങ്ങള്‍ക്കകം കൈയില്‍ പനിനീര്‍ പുഷ്പങ്ങളുമായി വെള്ളവസ്ത്രങ്ങളണിഞ്ഞ് ഒരു യുവാവും പ്രത്യക്ഷപ്പെട്ടു.  ഇരുവരും ആ കാഴ്ചകളില്‍ സത്ബദരായി... പിയാനോയില്‍ നിന്നും വരുന്ന നേര്‍ത്ത വിഷാദസംഗീതം അവിടെയെങ്ങും അലയടിച്ചുകൊണ്ടിരുന്നു. ഭയന്നു വിറച്ച മെര്‍ലിന്‍, ഫെഡ്രിയുടെ കൈകളില്‍ മുറുകെ പിടിച്ച് ഒരു ഷാളിന്റെ കീഴില്‍ ആ കല്‍പടിയില്‍ തന്നെ ഇരുന്നു. നേര്‍ത്ത പ്രകാശത്തില്‍ ആ രണ്ടു രൂപങ്ങള്‍ ശവക്കല്ലറയ്ക്കരികില്‍ അല്പനേരം നിന്നു. വീണ്ടും കുതിരക്കുളമ്പടികളുടെയും പള്ളിമണികളുടെയും ശബ്ദങ്ങള്‍. പിയാനോയില്‍ നിന്നു വരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആ രണ്ടു രൂപങ്ങള്‍ അപ്രതീക്ഷമായി. കുതിരക്കുളമ്പടിയുടെ ശബ്ദങ്ങള്‍ പതിയെ പതിയെ നേര്‍ത്തില്ലാതായി. ആ തണുത്ത അന്തരീക്ഷത്തില്‍ പോലും അവരെ വിയര്‍ക്കുന്നുണ്ടായിരുന്നു. വാതില്‍പ്പടിയില്‍ നിന്നേഴുന്നേറ്റ് മെര്‍ലിന്റെ കൈയില്‍ മുറുകെപ്പിടിച്ച് വേഗത്തില്‍ റിസോര്‍ട്ടിലേക്ക് ഓടി. ഭയന്നുവിറച്ച മനസ്സുമായി ഓടിയും നടന്നും അവര്‍ ഏറെ ക്ഷീണിച്ചിരുന്നു. ഫ്‌ലാസ്‌ക്കില്‍ നിന്നു വെള്ളം കുടിച്ചു റിസോര്‍ട്ടിലെ റൂമില്‍ ഇരിക്കുമ്പോഴും മെര്‍ലിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ജനാല ചില്ലുകളില്‍ മഞ്ഞുകണങ്ങള്‍ ഒലിച്ചിറങ്ങുന്നതു കാണാം. പുറത്ത് ഡിസംബര്‍ മാസത്ത് കൊടുംതണുപ്പ്, അകത്ത് മനസ്സും ശരീരവും മരവിച്ച രണ്ടു ജീവനുകള്‍. ഫ്‌ളാസ്‌ക്കില്‍ നിന്ന് വീണ്ടും വെള്ളം കുടിക്കുമ്പോഴും മെര്‍ലിന്റെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.


ഭാഗം - II
ആ രാത്രിയില്‍ ഭയം കൊണ്ട് അവര്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും അവരുടെ മനസ്സില്‍ നീറിപ്പുകഞ്ഞു. ശവക്കല്ലറയില്‍ കണ്ട രൂപങ്ങള്‍ അവര്‍ ആരൊക്കെയായിരുന്നു...? ആരെ അടക്കം ചെയ്ത കല്ലറയായിരുന്നു അവിടെ കണ്ടത്...? ആ പാതിരാത്രിയില്‍ അവര്‍ എന്തിനവിടെ വന്നു...? മണിക്കൂറുകള്‍ക്കു മുമ്പ് നടന്ന ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഉറങ്ങാതെ ഏറെനേരം ആ മുറിയില്‍ തന്നെ അവര്‍ ഇരുന്നു. പുലരാറായപ്പോള്‍ എപ്പഴോ കിടന്നുറങ്ങിപ്പോയി. 
വല്ലാത്തൊരു ദൃഢനിശ്ചയത്തോടെയാണ് ക്രിസ്മസ് തലേന്ന് പുലരിയില്‍ ഫ്രെഡി ഉണര്‍ന്നത്. ഇലകളിലെയും പുല്ലുകളിലെയും മഞ്ഞുകണങ്ങളില്‍ സൂര്യകിരണങ്ങള്‍ പതിച്ചുരുകി നീര്‍ത്തുള്ളികള്‍ പോലെ താഴേക്ക് വീണുകൊണ്ടിരുന്നു. ഇന്നത്തെ സന്ധ്യ, ക്രിസ്മസ്സ് രാവാണ് എന്ന ചിന്തക്കള്‍ക്കപ്പുറം മറ്റൊരു ചിന്ത ഫ്രെഡിയുടെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരു തവണ കൂടി പള്ളിമുറ്റത്ത് പോകണം. ആ ശവക്കല്ലറ ഒന്നു കാണണം. ഇന്നലെ രാത്രിയില്‍പോയ അതേ വഴികളിലൂടെ അവര്‍ വീണ്ടും നടന്നു. കുന്നിന്‍ മുകളില്‍ ഗോത്തിക്ക് ശൈലിയില്‍ കല്ലുകൊണ്ട് പണിതീര്‍ത്ത ആ പഴയ ദേവാലയം തല ഉയര്‍ത്തി നില്‍ക്കുന്നു. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന കാഴ്ച മനസ്സില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. പള്ളിയിലേക്ക് കയറി പോകുന്ന വഴിയില്‍ മരപ്പലകയില്‍ ഇംഗ്ലീഷിലും തമിഴിലും എഴുതിയതവര്‍ വായിച്ചു. 
''സി. എസ്. ഐ ക്രൈസ്റ്റ് ചര്‍ച്ച്, മൂന്നാര്‍.''
കഴിഞ്ഞ രാത്രിയിലെ ഇരുട്ടിന്റെ മറവില്‍ ആ ബോര്‍ഡ് അവരു കണ്ടതേയില്ല. കരിയിലകള്‍ വീണുനിറഞ്ഞ വഴിത്താരകള്‍. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ സൈപ്രസ്സ് മരത്തിന്റെയും പൈന്‍ മരത്തിന്റെയും ഇലകള്‍ കാറ്റത്ത് താഴേക്ക് കൊഴിഞ്ഞു വീഴുന്നതു കാണാം. ഒന്നുരണ്ടാളുകള്‍ ചേര്‍ന്ന് വഴിയിലെ ഉണങ്ങിയ ഇലകളെല്ലാം തൂത്തു വൃത്തിയാക്കുന്നു. കുന്നിന്‍ മുകളിലെ നിരപ്പായ പ്രദേശത്ത് ശാന്തമായി ഉറങ്ങുന്ന ദേവാലയം. പൂര്‍ണ്ണമായി കല്ലുകൊണ്ട് പണിത വാച്ച്ടവര്‍ അല്പം മാറി കാണാം. തടിയില്‍ തീര്‍ത്ത പള്ളിയുടെ വലിയ വാതിലുകള്‍ തുറന്നു കിടക്കുന്നു. പുറത്തൊന്നും ആരെയും കാണുന്നില്ല. ബൈബിള്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്‌റ്റൈന്‍ ഗ്ലാസ്സില്‍ വരച്ച് പള്ളിയ്ക്കുള്ളില്‍ ഭിത്തിയില്‍ പതിച്ചിരിക്കുന്നു. റോമന്‍ അക്കങ്ങളുള്ള വലിയ ക്ലോക്ക് അള്‍ത്താരയ്ക്ക് മുന്നിലായി തൂക്കിയിരിക്കുന്നു.വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്നതെന്ന്  ഒറ്റനോട്ടത്തില്‍ തോന്നുന്ന പഴയൊരു ഇംഗ്ലീഷ് പിയാനോ വലത്തു വശത്തായി കാണാം.  ഇന്നലെ രാത്രിയില്‍ ഈ പിയാനോയില്‍ നിന്നാണോ വിഷാദരാഗം വന്നത്...? അങ്ങനെയെങ്കില്‍ അതാരായിരിക്കും വായിച്ചത്...? ഫ്രെഡിയുടെ മനസ്സില്‍   ഭയപ്പെടുത്തുന്ന പല സംശയങ്ങളും വന്നുകൊണ്ടിരുന്നു. ഇരുവരും പള്ളിയ്ക്കുള്ളിലെ വിസ്മയകാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. 
പള്ളിമുറ്റത്തു നിന്നു അല്പം മാറി മറ്റൊരു കുന്നിന്‍പ്പുറത്താണ് സെമിത്തേരി. ഇവിടുത്തെ മരങ്ങള്‍ പോലും ശോകമൂകമായാണ് നില്‍ക്കുന്നത്. എന്നോ നടന്ന ദുഃഖകഥയിലെ നായിക നായകന്മാരെ പോലെ...എല്ലാം ഉള്ളിലൊതുക്കി നില്‍ക്കുന്നു. കുന്നിന്‍മുകളിലെ സെമിത്തേരിയിലേക്ക് അവര്‍ നടന്നു. ഏറെ പഴക്കമുള്ള ശവക്കല്ലറകള്‍ പലയിടത്തും കാണാം. അനേകം ആത്മാക്കള്‍ ഉറങ്ങുന്ന സെമിത്തേരി ഇപ്പോള്‍ മൂകമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരണ തീയതികള്‍ മാര്‍ബിള്‍പ്പാളികളില്‍ കൊത്തിയിരിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ ആള്‍രൂപങ്ങള്‍ കണ്ട കല്ലറയ്ക്കരികിലേക്കവര്‍ നടന്നു. ആദ്യ കാഴ്ചയില്‍ തന്നെ സ്മാരകം പോലെ തോന്നിപ്പിക്കുന്ന കല്ലറ. പുല്‍ച്ചെടികള്‍ക്കു നടുവിലായുള്ള ശവക്കല്ലറയില്‍ കാട്ടുപൂക്കളും കരിയിലകളും വീണു നിറഞ്ഞിരിക്കുന്നു. നിറം മങ്ങിയ മാര്‍ബിള്‍ ഫലകങ്ങളില്‍ കൊത്തിവെച്ച പേര് മെര്‍ലിന്‍ പ്രയാസപ്പെട്ട് വായിച്ചു.
' ELENOR ISABEL MAY '
അല്പം താഴെയായി മറ്റൊരു മാര്‍ബിള്‍ ഫലകത്തില്‍ എന്തോ എഴുതിയിരിക്കുന്നു. പായലുകള്‍ മായ്ച്ചപ്പോള്‍ തെളിഞ്ഞു വന്നത് മെര്‍ലിന്‍ വായിച്ചു.
THE DEARLY BELOVED WIFE OF
HENRY MANSFIELD KNIGHT 
AND YOUNGEST DAUGHTER OF
BEAUFORT BRABAZON, M D
DIED 23RD DEC.1894, AGED 24 YEARS

'അപ്പോള്‍ ഇന്നലെ രാത്രിയില്‍ കണ്ട സുന്ദരിയായ പെണ്‍കുട്ടി എലേനര്‍ ഇസബെല്‍ ആയിരുന്നോ..?'' മെര്‍ലിന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു. ശവക്കല്ലറയ്ക്ക് മുകളിലായി വാടാത്ത കുറെ പനിനീര്‍ പുഷ്പങ്ങള്‍ വിതറിയപോലെ കിടന്നിരുന്നു. ചുറ്റുപാടും പിച്ചിപ്പൂക്കളുടെ സുഗന്ധം അവര്‍ക്കനുഭവപ്പെട്ടു. പെട്ടന്നാണ് മെര്‍ലിന് അതില്‍ എഴുതിയിരിക്കുന്ന ഡേറ്റ് ശ്രദ്ധയില്‍പ്പെട്ടത്.  23rd ഡിസംബര്‍ 1894...
'ഫ്രെഡി ഒരു കാര്യം ശ്രദ്ധിച്ചോ...' 'എന്ത്...?''
'അതിലെഴുതിയ ഡേറ്റ് കണ്ടോ...?''
''23rd ഡിസംബര്‍'' ''ഓ... മൈ ഗോഡ്'' 
അപ്പോള്‍ കഴിഞ്ഞ രാത്രി ഡിസംബര്‍ 23rd  ആയിരുന്നല്ലോ, ഈ മരണം നടന്നിട്ട് ഇന്നേക്ക് നൂറ്റിയിരുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആരാണീ ഇംഗ്ലീഷുകാരി 'എലേനര്‍ ഇസബെല്‍' എന്ന പെണ്‍കുട്ടി...? ചെറുപ്രായത്തിലെങ്ങനെ അവര്‍ മരണപ്പെട്ടു. ആശ്ചര്യപൂര്‍വ്വം ചുറ്റുപാടും നോക്കിയപ്പോള്‍ പലയിടത്തും ബ്രിട്ടീഷ് സൈനീകരുടെ ശവക്കല്ലറകള്‍, പലതിലും നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള മരണ തീയതികള്‍. ഇരുവരും കുറെ നേരം അവിടെ ചെലവഴിച്ച്  കുന്നില്‍ മുകളില്‍ നിന്ന് താഴേക്ക് നടക്കുമ്പോഴും കഴിഞ്ഞ രാത്രിയില്‍ കണ്ട ആ ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ മുഖമായിരുന്നു മനസ്സുനിറയെ... പള്ളിക്കുള്ളില്‍ വീണ്ടു അവര്‍ വന്നിരുന്നു. കുറെ കഴിഞ്ഞപ്പോഴാണ് എണ്‍പതുവയസ്സ് മേല്‍ പ്രായം തോന്നിക്കുന്നയാള്‍ കടന്നുവന്നത്.
'മെര്‍ലിന്‍ നമ്മുക്കിയാളൊടൊന്ന് ചോദിക്കാം. ഒരു പക്ഷെ ഈ മനുഷ്യനെ ഇതിനെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയും.' ഇത്ര രാവിലെ ഞങ്ങളെ കണ്ടതുകൊണ്ടാവാം ആ മനുഷ്യനില്‍ എന്തോ ഒരു ഭാവമാറ്റം പോലെ ...
'എന്താ മക്കളെ ഇത്ര രാവിലെ...? 'അതിരാവിലെ കണ്ടതുകൊണ്ടാവാം അങ്ങനെ ചോദിച്ചത്. 
'ഞങ്ങള്‍ ഇവിടൊക്കെ ഒന്നു കാണാന്‍ വന്നതാ. ഇന്നെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ഇവിടെ..? എല്ലായിടവും വൃത്തിയാക്കുന്നു.' 
'ഇന്നു ക്രിസ്മസ് രാത്രിയല്ലേ മക്കളെ, സന്ധ്യക്ക് ക്രിസ്മസ് കാരോള്‍ നടക്കും അതിന് ശേഷം പാതിരകുര്‍ബാന. അതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. കുറേ കഴിയുമ്പോള്‍ കരോള്‍ പ്രാക്ടീസിനുള്ള കുട്ടികള്‍ വരും.' ഇന്നലെ രാതിയില്‍ നടന്ന സംഭവങ്ങള്‍ അവര്‍ പറഞ്ഞു. അല്പനേരം ചിന്താമഗ്‌നനായി നിന്ന ആ മനുഷ്യന്‍ തുടര്‍ന്നു.
''എന്റെയൊക്കെ ചെറുപ്പത്തില്‍, അന്നത്തെ പിതാക്കമ്മാരില്‍ നിന്ന് പറഞ്ഞു കേട്ടതു  ശരിയാണെങ്കില്‍, നിങ്ങള്‍ കണ്ട കല്ലറയില്‍ നിത്യതയില്‍ ഉറങ്ങുന്നത് പ്രണയിച്ചു കൊതിതീരാത്ത മാലാഖയാണ്. ഹെന്‍ട്രി നൈറ്റിന്റെ പ്രിയപത്‌നി, ഇംഗ്ലണ്ടില്‍ സോമര്‍സെറ്റിലെ പ്രഭുകുമാരി ബ്രാബ്സ്സണ്‍ പ്രഭുവിന്റെ ഇളയ മകള്‍ 'മേ' എന്ന് ഓമനപേരില്‍ വിളിക്കുന്ന 'എലേനര്‍ ഇസബെല്‍ മെ.' മൂന്നാറില്‍ വന്നിട്ടുണ്ടെങ്കില്‍ ഒരു തവണയെങ്കിലും ഈ പള്ളിയും എലേനര്‍ ഉറങ്ങുന്ന കുന്നിന്‍മുകളും സന്ദര്‍ശിക്കാതെ ആരും പോകില്ല.''
'ഒരു ഡിസംബര്‍ മാസം, കൃത്യമായി പറഞ്ഞാല്‍ 1894 ഡിസംബറിലെ ദിനരാത്രങ്ങള്‍. മഞ്ഞുമേഘങ്ങളെ തൊട്ടുനില്‍ക്കുന്ന കുന്നിന്‍ മുകളില്‍ നീലകുറിഞ്ഞികള്‍ പൂത്തുനില്‍ക്കുന്ന കാലം. താഴ്വാരങ്ങളില്‍ മഞ്ഞുകണങ്ങള്‍ നൂല്‍മഴ പോലെ പെയ്തിറങ്ങുന്ന ഡിസംബറിലെ ആ രാത്രികള്‍. നിങ്ങളെ പോലെ വികാരതരളിതമായ മധുവിധു ആഘോഷിക്കാനാണ് എലേനറും ഹെന്‍ട്രിയും മൂന്നാറിലേക്ക് വന്നത്. കണ്ടില്ലേ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ മരങ്ങള്‍ പോലും എലേനറിന്റെയും ഹെന്‍ട്രിയുടെയും  പ്രണയത്തിന് സാക്ഷികളാണ്.' പിന്നീട് വൃദ്ധനായ ആ മനുഷ്യന്‍ പറഞ്ഞതെല്ലാം പ്രണയാര്‍ദ്രമായ എലേനറിന്റെയും ഹെന്‍ട്രിയുടെയും ജീവിതമായിരുന്നു.
'നിങ്ങക്കറിയാമോ... നൂറ്റാണ്ടുകള്‍ക്കു മുമ്പേ മലകളും താഴ്വരകളും അരുവികളും നിറഞ്ഞ കൊടും വനമായിരുന്നു ഇപ്പോഴത്തെ ഈ സുന്ദരമായ മൂന്നാര്‍. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ ആധിപത്യം മുതലാണ് ഇവിടെ തേയില കൃഷി ചെയ്തുപോന്നത്. അങ്ങനെ ഈ ഭൂമിയിലെ തോട്ടങ്ങളെല്ലാം ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ കൈകളിലായി. നമ്മളീ നില്‍ക്കുന്ന പഴയ മൂന്നാറിലുള്ള ആഷ്‌ലി ടീ പ്ലാന്റേഷനില്‍ ജനറല്‍ മാനേജരായിരുന്നു യുവാവായ ഹെന്‍ട്രി നൈറ്റ്. പ്രണയിനിയെ പിരിഞ്ഞ് ഇവിടേക്ക് വരാന്‍ ഹെന്‍ട്രിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. എങ്കിലും പ്രണയാതുരമായ ഹെന്‍ട്രിയുടെ മനസ്സ് മൂന്നാറിന്റെ ദൃശ്യഭംഗിയില്‍ അലിഞ്ഞിരുന്നു. എലേനര്‍ക്കൊപ്പം മൂന്നാറിന്റെ വശ്യതയില്‍ ഉല്ലസിക്കാന്‍ ഏറെ ആഗ്രഹിച്ചു. ഹെന്‍ട്രിയുടെ സ്വപ്നങ്ങളെല്ലാം എലേനറിനോടൊപ്പമായിരുന്നു.
ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ പ്രഭുകുമാരി തന്റെ കോളേജ് കാലഘട്ടത്തിലാണ് ഹെന്‍ട്രിയുമായി പ്രണയത്തിലാകുന്നത്. മേപ്പിള്‍മരങ്ങള്‍ ഇലകള്‍ പൊഴിക്കുന്ന രാവുകള്‍. ഇംഗ്ലണ്ടിലെ തെരുവോരങ്ങള്‍ അവര്‍ക്കും പ്രണയാര്‍ദ്രങ്ങളായ നിമിഷങ്ങള്‍ തന്നെയായിരുന്നു. ഓമനമകളുടെ പ്രണയം വളരെ വൈകിയാണ് ബ്രാബ്സ്സണ്‍ പ്രഭു  അറിഞ്ഞത്. ഇംഗ്ലണ്ടിലെ സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന പ്രഭുകുമാരിക്ക് തോട്ടക്കാരനായ ഹെന്‍ട്രിയുമായുള്ള പ്രണയം ബ്രാബ്സ്സണ്‍ പ്രഭുവിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. കടുത്ത പ്രണയത്തിലായ അവരെ പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ല. അവരുടെ അനശ്വര പ്രണയത്തിനു മുമ്പില്‍ ബ്രാബ്സ്സണ്‍ പ്രഭുവിന് മറ്റു മാര്‍ഗ്ഗങ്ങളിലാതെയായി. അങ്ങനെ ദീഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള വെല്‍സ്സ് കത്രീഡല്‍ ചര്‍ച്ചില്‍ വെച്ചായിരുന്നു എലേനറും ഹെന്‍ട്രിയും തമ്മിലുള്ള സ്വപ്നവിവാഹം. വിവാഹശേഷം ഹെന്‍ട്രിയുടെ ആഗ്രഹം പോലെ ജോലിയിടമായ മൂന്നാറിലേക്കാണ് ഇരുവരും പോയത്. മൂന്നാറിനെപ്പറ്റി ഹെന്‍ട്രി പറഞ്ഞ അറിവു മാത്രമേ എലേനറിലുള്ളായിരുന്നു. ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗമാണ് ഇരുവരും മദ്രാസിലെത്തിയത്. അവിടെ നിന്നും ബോഡി നായ്ക്കന്നൂര്‍ വഴി മൂന്നാറിലേക്ക്... തീവണ്ടിയില്‍ ഇറങ്ങിയ അവരെ സ്വീകരിക്കാന്‍ ഹെന്‍ട്രിയുടെ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നിരുന്നു. ബോഡി നായ്ക്കന്നൂര്‍ റസ്റ്റ്ഹൗസില്‍ ഹെന്‍ട്രിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഹൃദ്യമായ വിരുന്നൊരുക്കി. ഇവിടുത്ത് മേല്‍ത്തരം ചായയുടെ സ്വാദ് എലേനറിന് ഒരുപാട് ഇഷ്ടമായി. മധുവിധു നാളുകള്‍ മുറിയില്‍ തന്നെ ഇരിക്കാതെ ആ നവദമ്പതികള്‍ മൂന്നാറിന്റെ ദൃശ്യഭംഗികള്‍ കണ്ടു നടന്നു. ചൊക്കനാട് മലമടക്കും ആനമുടിക്കുന്നുകളുടെ നിഴല്‍ വീഴ്ത്തിയ താഴ്വരകളും പ്രണയസംഗീതവും മൂളി തരളമായി ഒഴുകുന്ന നദികളും എല്ലാം... എല്ലാം... പറഞ്ഞു കേട്ടതിനേക്കാള്‍ എത്ര സുന്ദരമാണീ ഈ മൂന്നാര്‍, എലേനര്‍ മനസ്സില്‍ ഓര്‍ത്തു. മാനം മുട്ടിനില്‍ക്കുന്ന യൂക്കാലിപ്പ്സ്സ് മരങ്ങളുടെ ഇടയിലൂടെ ഹെന്‍ട്രിയുടെ കൈപ്പിടിച്ച് ഒരു കൊച്ചുകുട്ടിയെ പോലെ എലേനര്‍ ഓടി നടന്നു. ആദ്യമായി നീലക്കുറിഞ്ഞിപ്പൂക്കള്‍ കണ്ടപ്പോള്‍ ആരെയും അതിശയിപ്പിക്കുന്ന സൗന്ദര്യം തോന്നി. നടന്നും കുതിരവണ്ടിയിലുമായി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിച്ചു. അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദീഘനിശ്വാസത്തിന് ശേഷം ആ വൃദ്ധന്‍ തുടര്‍ന്നു.
അങ്ങനെ ഈ പള്ളി സ്ഥിതി ചെയ്യുന്ന കുന്നില്‍ മുകളിലവര്‍ എത്തി. നീലക്കുറിഞ്ഞിപ്പൂക്കളുടെ വസന്തകാലമായിരുന്നു അന്ന്. ഈ കുന്നിന്‍ മുകളില്‍ നിന്നു നോക്കിയാല്‍ പഴയ മൂന്നാറിന്റെ മലയടിവാരങ്ങളും തൊഴിലാളി ലയങ്ങളും എല്ലാം കാണാം. ഹെന്‍ട്രിയുടെ മടിയില്‍ തലചായ്ച്ച് എലേനര്‍ പറഞ്ഞു. 'ഹെന്‍ട്രി, ഞാന്‍ മരിച്ചാല്‍ ഈ കുന്നില്‍ മുകളില്‍ എന്നെ അടക്കം ചെയ്യണം. എന്തു സുന്ദരമാണിവിടം, മടങ്ങി പോരാന്‍ തോന്നുന്നേ ഇല്ല.' അപ്രതീക്ഷിതമായുള്ള എലേനറിന്റെ വാക്കുകളില്‍ ഹെന്‍ട്രി പരിഭ്രമിച്ചു.  എലേനര്‍, നീ എന്താണി പറയുന്നത്. സുന്ദരമായ നമ്മുടെ മധുവിധു ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുകയല്ലേ വേണ്ടത്.'എലേനര്‍ വെറുതെ കളിയായി ഒന്നു ചിരിച്ചു.
അടുത്ത പ്രഭാതത്തില്‍ വളരെ ക്ഷീണാവസ്ഥയിലാണ് എലേനര്‍ ഉണര്‍ന്നത്. കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് തോട്ടം തൊഴിലാളികളുടെ ലയങ്ങളില്‍ കോളറ പടര്‍ന്നു പിടിച്ച വിവരം ഇരുവരും അറിഞ്ഞത്. മരുന്നു കണ്ടുപിടിക്കാത്ത പകര്‍ച്ചവ്യാധിയായിരുന്നു ആ കാലങ്ങളില്‍ കോളറ. ഡിസംബറിലെ ആ ദിനങ്ങള്‍, ക്രിസ്മസിനോട് അടുത്തടുത്തു വന്നു കൊണ്ടിരുന്നു. ഒരോ ദിവസങ്ങള്‍ കഴിയുംതോറും രോഗം മൂര്‍ച്ചിച്ചുവന്ന എലേനറിനെ വഹിച്ച് കുതിരവണ്ടി അടുത്തുള്ള പ്ലാന്റേഷന്‍ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവിടെ വെച്ച് എലേനര്‍ക്ക് കോളറ സ്ഥിതീകരിച്ചു. എലേനര്‍ കുന്നില്‍ മുകളിലിരുന്ന് പറഞ്ഞ വാക്കുകള്‍ അറം പറ്റുന്നതായിരുന്നുയെന്ന് പിന്നീട് തോന്നി. തളിര്‍ത്തുനിന്ന മേപ്പിള്‍പ്പൂക്കളുടെ ഇതളുകള്‍ പൊടുന്നനെ അടന്നുവീണപ്പോലെ ക്രിസ്മസ് കൂടാന്‍ കാത്തുനില്‍കാതെ ഹെന്‍ട്രിയെ തനിച്ചാക്കി ആ രാത്രിയില്‍ എലേനര്‍ മരിച്ചു. അത്യന്തം ദുഃഖിതനായി തീര്‍ന്ന ഹെന്‍ട്രിക്ക് അതൊരിക്കലും താങ്ങാന്‍ പറ്റുമായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോയി അവിടെ വച്ച് സംസ്‌ക്കാരം നടത്തണമെന്നായിരുന്നു ബ്രാബ്സ്സണ്‍ പ്രഭു. എങ്കിലും എലേനറിന്റെ ആഗ്രഹം പോലെ തന്നെ ഈ കുന്നില്‍ മുകളില്‍ അടക്കം ചെയ്തു. എലേനര്‍ മരിച്ചശേഷം അടക്കം ചെയ്ത കുന്നില്‍ മുകളില്‍ പൂക്കള്‍ വെക്കാന്‍ ഹെന്‍ട്രി വരുമായിരുന്നു. പിന്നെ ഹെന്‍ട്രി ഏറെനാള്‍ ഈ മൂന്നാറില്‍ തന്നെ ഉണ്ടായിരുന്നു. എലേനറിന്റെ ഓര്‍മ്മകളില്‍ തേയില തോട്ടങ്ങളിലെ ചുമതലകള്‍ നോക്കി പോരുന്നു.
''അന്നിവിടെ ഈ കാണുന്ന പള്ളിയുണ്ടായിരുന്നോ..?''അവരുടെ പ്രണയകഥയില്‍ വൈകാരികമായി അലിഞ്ഞുപോയ മെര്‍ലിന്‍ വളരെ ആകാംഷയോട് ചോദിച്ചു.
''വൃക്ഷങ്ങളും കുറിഞ്ഞിപ്പൂക്കളും നിറഞ്ഞ കുന്നില്‍ പ്രദേശമായിരുന്നു ഇവിടെ. എല്ലാ വര്‍ഷവും എലേനറിന്റെ ബന്ധുക്കള്‍ ഇംഗ്ലണ്ടില്‍നിന്നിവിടെ വരും, കല്ലറയ്ക്കരികില്‍ പൂക്കള്‍ വയ്ക്കും. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം 1914-ല്‍ ആണ് ഇന്നു കാണുന്ന ഈ പള്ളി പണിതത്. ഈ സെമിത്തേരിയില്‍ എലേനര്‍ ഒറ്റയ്ക്കല്ല, ബ്രിട്ടീഷ് സൈനീകരും കുതിരപ്പുറത്തു നിന്നും വീണുമരിച്ച നാലര വയസുകാരനും കൂട്ടായിട്ടുണ്ട്. പള്ളിയുണ്ടാകുന്നതിനു മുമ്പേ സെമിത്തേരി വന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.''
ആ മനുഷ്യന്‍ പറഞ്ഞ വാക്കുകള്‍ ഇരുവരെയും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാലങ്ങളിലേക്ക്  കൊണ്ടുപോയിരുന്നു. എന്നോ നടന്ന ദുഃഖകഥയിലെ കഥാപാത്രങ്ങള്‍ മെര്‍ലിന്റെ മനസ്സില്‍ സങ്കടത്തിന്റെ വിത്തുകള്‍ പാകി. ഒരിക്കലും മറക്കാനാക്കാത്തൊരു ഡിസംബര്‍, അവര്‍ക്കു സമ്മാനിച്ച മൂന്നാറിനോട് വിട പറയുമ്പോള്‍ രാവിലെ പതിനൊന്നു കഴിഞ്ഞിരുന്നു. കാര്‍ റിസോര്‍ട്ടിലെ ഗേറ്റ് കടന്നു പോകുമ്പോള്‍ മെര്‍ലിന്‍ ഫ്രെഡിയോട് ചോദിച്ചു.
'നമ്മളിനി ചങ്ങനാശ്ശേരിയില്‍ എപ്പഴെത്തും.' 
'വല്യ ട്രാഫിക്കൊന്നുമില്ലങ്കില്‍ വൈകുന്നേരം നാലുമണി കഴിയുമ്പോള്‍ എത്തും.''
'അപ്പോ നല്ലാട്ടൊന്ന് ഉറങ്ങാനുള്ള ടൈം ഉണ്ടല്ലേ...' ഫ്രെഡിയുടെ തോളത്തേക്ക് ചാഞ്ഞു കിടന്നുകൊണ്ട് മെര്‍ലിന്‍ പറഞ്ഞു.
നീണ്ട യാത്ര. മധുവിധു രാത്രികള്‍ ഒരു സ്വപ്നത്തിലെന്ന പോലെയായിരുന്നു അവര്‍ക്ക്. പള്ളിമുറ്റത്ത് കഴിഞ്ഞ രാത്രയിലുണ്ടായ അനുഭവം ഒരു സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമാകുന്നു. കാറിലിരിക്കുമ്പോള്‍ പല പ്രാവശ്യം എലേനറിന്റെയും ഹെന്‍ട്രിയുടെയും മുഖം നേര്‍ത്ത വെട്ടത്തില്‍ പുകമഞ്ഞിലെന്നപോലെ മെര്‍ലിന്റെ മനസ്സില്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ദു:ഖകഥയിലെ നായിക നായകന്‍മ്മാരായി ഇന്നും അവര്‍ ജീവിക്കുന്നു. 
യാത്ര... നീണ്ട യാത്ര... മണിക്കൂറുകള്‍ പിന്നിട്ടു കഴിഞ്ഞു. മൊബൈല്‍ ബെല്‍ കേട്ടാണ് മെര്‍ലിന്‍ ഉണര്‍ന്നത്. 
''ഓ.... ഫ്രെഡിയുടെ മമ്മിയാണ്.'' 
'എവിടായി മോളെ...'
'മമ്മി ഞങ്ങള്‍ വന്നു കൊണ്ടിരിക്കുവാ. അടുക്കാറായി. ഇപ്പോള്‍ ഏറ്റുമാനൂര് കഴിഞ്ഞു, അരമണിക്കൂറിനകം അവിടെ വരും.''
'മോളെ, ആന്‍ഡ്രിയമോളും അപ്പൂസും ഇവിടെ ചോദിച്ചോണ്ടിരിക്കുവാ... മെര്‍ലിന്‍ ചേച്ചി എപ്പവരും എപ്പവരുമെന്ന്.' ''ഇപ്പത്തന്നെവരുമെന്ന് പറഞ്ഞേര് മമ്മി.' 
ഫ്രെഡിയുമൊത്തുള്ള എന്റെ ആദ്യ ക്രിസ്മസ്സ്. ഉണ്ണിയേശു പിറന്ന രാത്രി, നീലാകാശത്തെ നക്ഷത്രങ്ങളെല്ലാം ഒന്നിച്ചു മിന്നിതെളിയുന്ന രാത്രി. ദേവദൂതന്‍മാരും മാലാഖമാരും വാനവിതാനത്തില്‍ സംഗീതമാധുരി പൊഴിക്കുന്ന രാത്രി. പ്രണയിച്ചു മതി വരാത്ത എലേനറും ഹെന്‍ട്രിയും വീണ്ടും വീണ്ടും മനതാരില്‍ തെളിഞ്ഞു വരുന്നു. ഫ്രെഡിയോടൊപ്പം സുന്ദരങ്ങളായ നിമഷങ്ങള്‍ എനിക്കു സമ്മാനിച്ച മൂന്നാര്‍ മനസ്സില്‍ എന്നുമുണ്ടാവും. ഒരിക്കലും മായാത്ത സ്വപ്നം പോലെ....
--------------------------------------------------------------------------------------------------------------------------------------
സിസില്‍ മാത്യു കുടിലില്‍  
കുടിലില്‍ വീട് 
നൂറോമ്മാവ് പി.ഒ, പുന്നവേലി  
മല്ലപ്പള്ളി, പത്തനംതിട്ട (ജില്ല)
മൊബൈല്‍: 9495437509 
തീയതി - 12.11.2020
                             




 ഡിസംബറിന്റെ ഓര്‍മ്മയ്ക്ക് (കഥ: സിസില്‍ മാത്യു കുടിലില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക