Image

ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് കര്‍ഷകര്‍ തെരുവില്‍ പൊരുതുന്നത് : ബിനോയ് വിശ്വം.

Published on 21 December, 2020
 ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് കര്‍ഷകര്‍ തെരുവില്‍ പൊരുതുന്നത് : ബിനോയ് വിശ്വം.
ദമ്മാം: സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രമല്ല, ഇന്ത്യക്കാരുടെ മുഴുവന്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും കൂടി വേണ്ടിയാണ്, കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ, ഇന്ത്യന്‍ കര്‍ഷകര്‍ ഡല്‍ഹിയിലെ കൊടുംതണുപ്പത്തും തെരുവുകളില്‍ സമരം നടത്തുന്നതെന്ന് രാജ്യസഭാഎംപിയും, സിപിഐ ദേശീയനിര്‍വ്വാഹക സമിതി അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു.

നവയുഗം സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച, 'അന്നദാതാക്കളുടെ ജീവിതപോരാട്ടത്തിന് പ്രവാസലോകത്തിന്റെ പിന്തുണ' എന്ന പ്രമേയം ചര്‍ച്ച ചെയ്ത ഓണ്‍ലൈന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

കര്‍ഷകര്‍ക്ക് നല്‍കിവരുന്ന വിവിധ സബ്സിഡികളും, ആനുകൂല്യങ്ങളും നിര്‍ത്തലാക്കി, അവരെ പൂര്‍ണ്ണമായും സ്വകാര്യ കുത്തക മുതലാളിത്വത്തിന്റെ ചൂഷണത്തിന് വിട്ടു കൊടുക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ കാര്‍ഷിക നിയമഭേദഗതികളുടെ അടിസ്ഥാനം. ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ കുത്തക കമ്പനികളുടെ കൈവശം ഇന്ത്യയിലെ ഭക്ഷ്യധാന്യ സംഭരണത്തിന്റെയും, വില്പനയുടെയും നിയന്ത്രണം എത്തിച്ചേരുന്നതോടെ, പാവങ്ങളുടെ ആശ്രയമായ പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിന്റെ കടയ്ക്കലും കത്തി  വീഴും. കൊറോണക്കാലത്ത് ഇന്ത്യയിലെ കോടിക്കണക്കിനു പാവപ്പെട്ട മനുഷ്യരെ പട്ടിണിയില്‍ നിന്നും രക്ഷിച്ചത് റേഷന്‍ സമ്പ്രദായം ആണ്. ആ ഭക്ഷ്യസുരക്ഷയാണ് കേന്ദ്രസര്‍ക്കാരിന്റെ മുതലാളിത്ത അനുകൂല നിയമഭേദഗതികള്‍ മൂലം ആത്യന്തികമായി തകരാന്‍ പോകുന്നത്. അംബാനിയുടെയും, അദാനിയുടെയും കമ്പനികള്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിയ്ക്കാനും, കര്‍ഷകരെ ചൂഷണം ചെയ്യാനും അവസരമൊരുക്കാനും വേണ്ടിയാണ്  നരേന്ദ്ര മോഡി സര്‍ക്കാര്‍, കൊറോണബാധയുടെ ഈ ദുരിതകാലത്തും ഇന്ത്യന്‍ ഭരണഘടനയ്ക്കും, ഫെഡറല്‍ സംവിധാനങ്ങള്‍ക്കും, പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഈ കാര്‍ഷിക നിയമഭേദഗതികള്‍ കൊണ്ടുവന്ന് പാസ്സാക്കിയെടുത്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ അദ്ധ്യക്ഷനായ സെമിനാറില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു  പി.പി.റഹീം (ന്യൂഏജ് ജിദ്ദ), രഞ്ജിത് (നവോദയ), മുഹമ്മദ് സാലി (ന്യൂഏജ് റിയാദ്), മുഫീദ് (ഐ.എം.സി.സി), ഉണ്ണി മാധവം (നവയുഗം അല്‍ഹസ്സ), അഷറഫ് (നവയുഗം ജുബൈല്‍) എന്നിവര്‍ സംസാരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ദാസന്‍ രാഘവന്‍ സ്വാഗതവും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം നന്ദിയും പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍  രാജ്യത്താകമാനം നടത്തുന്ന സമരപോരാട്ടങ്ങള്‍ക്ക് പ്രവാസലോകത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു കൊണ്ട് സെമിനാര് അവസാനിച്ചു. സൂം ആപ്പ്‌ളിക്കേഷനില്‍ നടന്ന സെമിനാര്‍ ഫേസ്ബുക്കിലും ലൈവ് ആയിരുന്നു.

 ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് കര്‍ഷകര്‍ തെരുവില്‍ പൊരുതുന്നത് : ബിനോയ് വിശ്വം. ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് കര്‍ഷകര്‍ തെരുവില്‍ പൊരുതുന്നത് : ബിനോയ് വിശ്വം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക