Image

പാമ്പും കോണിയും - നിർമ്മല - നോവൽ -25

Published on 19 December, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ -25
- ഓ... ശരി.. ശരി... ജോയി പറഞ്ഞിരുന്നു. നിങ്ങൾ ഇവിടെ എവിടെയാണു താമസം. ഒരു ദിവസം ഇങ്ങോട്ടുവരണം.
പിന്നെ അവരെ ഊണുകഴിക്കാൻ വിളിക്കും. അത്യാവശ്യ സ്ഥലങ്ങൾ കാണിച്ചു കൊടുക്കും. പള്ളി, സമാജം തുടങ്ങിയവയുമായി ബന്ധപ്പെടുത്തും. ചിലപ്പോൾ ആ ബന്ധം നിത്യമായി നിലനിൽക്കും. അല്ലെങ്കിൽ പിന്നീടു കാണുമ്പോൾ പരസ്പരം ചിരിച്ചു കുശലംപറഞ്ഞു തീരുന്നതായി ചുരുങ്ങും.
യോഹന്നാൻ ഫോൺ വെച്ചതും എൽസി താക്കീതു ചെയ്തു.
- വല്ലിയ സ്നേഹത്തിനൊന്നും പോകണ്ട. ചെറുക്കന്റെ കല്യാണം വരുകാണെങ്കി പിന്നെ അവരേക്കൂടെ വിളിക്കാൻ പറ്റിയെന്നു വരില്ല. കുറച്ചു മാറ്റി നിർത്തിയൊള്ള സ്നേഹം മതി...
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു..
                               .....   ......   .......

ടൊറന്റോയിൽനിന്നും ഒരു കുടുംബം ജോലി കിട്ടി ആൽബർട്ടയിലേക്കു മാറുന്നു. അവർ ജോയിയെ വിളിച്ച് ആൽബർട്ടയിൽ പരിചയമുള്ള മലയാളികളെ അന്വേഷിച്ചു. പരിചയമില്ലാത്ത സ്ഥലത്തേക്കു പോകുമ്പോൾ ഒരു മലയാളിയുടെ ഫോൺ നമ്പർ ഉള്ളത് നല്ലതാണ്. ജോയി യോഹന്നാനോട് ആൽബർട്ടയിലേക്കു ചെല്ലുന്ന കുടുംബത്തെപ്പറ്റി പറഞ്ഞു. അവർക്ക് യോഹന്നാന്റെ ഫോൺ നമ്പറുണ്ട്. പുതിയ സ്ഥലത്ത് എത്തിക്കഴിയുമ്പോൾ അവർ വിളിക്കും.
- ഞാൻ സുമേഷ്. ടൊറന്റോയിലെ ജോയി തന്നതാണ് ഈ നമ്പർ. യോഹന്നാൻ അങ്കിളല്ലേ ?
- ഓ... ശരി.. ശരി... ജോയി പറഞ്ഞിരുന്നു. നിങ്ങൾ ഇവിടെ എവിടെയാണു താമസം. ഒരു ദിവസം ഇങ്ങോട്ടുവരണം.
പിന്നെ അവരെ ഊണുകഴിക്കാൻ വിളിക്കും. അത്യാവശ്യ സ്ഥലങ്ങൾ കാണിച്ചു കൊടുക്കും. പള്ളി, സമാജം തുടങ്ങിയവയുമായി ബന്ധപ്പെടുത്തും. ചിലപ്പോൾ ആ ബന്ധം നിത്യമായി നിലനിൽക്കും. അല്ലെങ്കിൽ പിന്നീടു കാണുമ്പോൾ പരസ്പരം ചിരിച്ചു കുശലംപറഞ്ഞു തീരുന്നതായി ചുരുങ്ങും.
യോഹന്നാൻ ഫോൺ വെച്ചതും എൽസി താക്കീതു ചെയ്തു.
- വല്ലിയ സ്നേഹത്തിനൊന്നും പോകണ്ട. ചെറുക്കന്റെ കല്യാണം വരുകാണെങ്കി പിന്നെ അവരേക്കൂടെ വിളിക്കാൻ പറ്റിയെന്നു വരില്ല. കുറച്ചു മാറ്റി നിർത്തിയൊള്ള സ്നേഹം മതി.
ഒരു സൗഹൃദത്തിന്റെ വില ഒരു പ്ലേറ്റ് ഊണിനേക്കാൾ താഴെയാണ്. അയാളോർത്തു. സ്വാതന്ത്ര്യം , അങ്ങനെയൊന്നു ജീവിതത്തിലുണ്ടോ ?
യോഹന്നാന് അപ്പന്റെ കാളവണ്ടി ഓർമ്മ വന്നു. നിലം ഉഴാനുപയോഗിക്കുന്ന കാള .നുകം കഴുത്തിൽ വെച്ചുകെട്ടി. അല്ലെങ്കിൽ വണ്ടിയുടെ പിടി . വെളുത്തു സുന്ദരനായ കാള. കാളവണ്ടി വലിച്ച് ക്ഷീണിച്ചു പോയ കാള . കുറച്ചുകൂടി കഴിഞ്ഞാൽ ചിത്രങ്ങളിൽ മാത്രമായിത്തീരുന്ന കാളവണ്ടികൾ.
ഡോക്ടർമാരുടെ മുന്നിൽ എൽസി ചുരുങ്ങിച്ചുളുങ്ങി. അതുകൊണ്ടു തന്നെ മക്കളെ രണ്ടുപേരെയും ഡോക്ടർമാരാക്കണമെന്ന വാശി അവളിൽ കൊടുങ്കാറ്റായി വളർന്നു. ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതുവരെ അവൾ കുട്ടികളെ അത് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ജോലിയുടെ മഹത്ത്വം, ജോലി കിട്ടാനുള്ള ബുദ്ധിമുട്ട്, പഠിക്കേണ്ടതിന്റെ ആവശ്യം , പഠിച്ചില്ലെങ്കിൽ വന്നു കൂടാവുന്ന നഷ്ടങ്ങൾ . അന്തിമമായി ജീവിതത്തിന്റെ ലക്ഷ്യം ഡോക്ടറാവുക എന്നതു മാത്രമാണെന്ന് എൽസി കുട്ടികളെ ബോധ്യപ്പെടുത്തി,
ആ അറിവും ആവശ്യവും അവൾ ഭർത്താവിലേക്കും പകർന്നു. അയാളും മക്കൾ ഡോക്ടർമാരാകന്നതു സങ്കല്പിച്ചു. ഡോക്ടർമാരല്ലാതെ മറ്റൊന്നും ആകുന്നത് അവർക്കു സങ്കല്പിക്കാനേ കഴിഞ്ഞില്ല. പരിചയപ്പെട്ട ഇന്ത്യൻ ഡോക്ടർമാരെയെല്ലാം അവർ വീട്ടിൽ ക്ഷണിച്ചുവരുത്തി ഊണു കൊടുത്തു. പഠിക്കാൻ സമർത്ഥരായ മക്കളെ പരിചയപ്പെടുത്തിക്കൊടുത്തു. അവർക്കും വൈദ്യശാസ്ത്രത്തിലാണു താൽപ്പര്യമെന്നും പറ്റുന്ന ഉപദേശങ്ങൾ കൊടുക്കണമെന്നും താഴ്മയോടെ പറഞ്ഞു. ഊണിന്റെയും സമ്മാനങ്ങളുടെയും പ്രകാശത്തിൽ പലരും ഉപദേശങ്ങൾക്കപ്പുറം പോയി. ഹോസ്പിറ്റലിൽ ജോലി , അവസരം , അങ്ങനെ ചെറിയ ചില പകരംവെക്കലുകൾ.
ബോബിയൊരു ഇറ്റാലിയൻ പെൺകുട്ടിയെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അവൻ യോഹന്നാനോടാണു കാര്യം അവതരിപ്പിച്ചത്. അത് അത്ര വലിയ അത്ഭുതമായി യോഹന്നാനു തോന്നിയില്ല. അമേരിക്കയിൽ ജനിച്ചു വളർന്നവൻ. വെള്ളക്കാരുടെ സ്കൂളിൽ പഠിച്ച് അവരുടെ സംസ്കാരത്തിനു നടുവിലാണു വളർന്നത്. കൂട്ടുകാരി മലയാളി ആവണമെന്നു ശാഠ്യം പിടിക്കാൻ അവകാശമില്ല. രാജ്യവും സംസ്കാരവും ഉപേക്ഷിച്ചു പോരുമ്പോൾ ഇതൊക്കെ സ്വീകരിക്കാൻ തയ്യാറായേ പറ്റൂ.
വെള്ളക്കാരി എന്നു കേട്ടപ്പോൾ എൽസി ആദ്യം കരഞ്ഞു.
- അയ്യോ ഭൂമി പിളർന്നു ഞാനങ്ങു താഴോട്ടു പോയെങ്കിൽ.
യോഹന്നാനു ദേഷ്യം വന്നു.
- ഭൂമിക്കെന്താ നടുക്കൊരു സിപ്പറുണ്ടോ ? എടയ്ക്കൊക്കെ തൊറന്ന് ഓരോരുത്തരെ കേറ്റി വലിച്ചടയ്ക്കാൻ. ശ്ശെടാ... വാല്മീകി എഴുതിയപ്പം കൊള്ളാരുന്നു അതു കഴിഞ്ഞ് അയ്യായിരം തവണ ഇതു കേട്ടു. അയ്യായിരത്തി ഒന്നാമതാവുമ്പഴത്തേക്ക് മനുഷ്യന് ഓക്കാനം വരൂ. നീ നടക്കുന്ന കാര്യം വല്ലോം പറ
വധുവും ഡോക്ടറാണെന്നതിൽ എൽസിക്ക് ആശ്വാസം തോന്നി. കല്യാണത്തെപ്പറ്റി പറയുമ്പോൾ ചീറ്റിത്തെറിക്കുന്ന ബോണിയെ ഓർക്കുമ്പോൾ മദാമ്മ ആയാലും മകൻ ഒറ്റപ്പെട്ടു പോവില്ലല്ലോ എന്ന സമാധാനത്തിലായി എൽസി.
യോഹന്നാൻ മകനോടു പറഞ്ഞു:
- നിനക്ക് ആരെ വേണേലും കല്യാണം കഴിക്കാം. നിന്നെ നീയായിട്ട് അംഗീകരിക്കുകേം ബഹുമാനിക്കുകേം ചെയ്യുന്ന ആളായിരിക്കണം.
അങ്ങനെയൊരു പ്രതികരണം അവൻ ജീർണിച്ചതെന്നു കരുതിയ സംസ്കാരത്തിൽ നിന്നും പ്രതീക്ഷിച്ചിരുന്നതല്ല. അതുകൊണ്ടുതന്നെ ബോബി ഒലീവിയയെപ്പറ്റി ഡാഡിയോടു വിസ്തരിച്ചു. ഒലീവിയ ഒരു തനി ഇന്ത്യൻ പെൺകുട്ടിയെപ്പോലെയാണ്. കറുകറുത്ത മുടി. വെയിലു കൊള്ളുമ്പോൾ തവിട്ടു നിറമാകുന്ന തൊലി. അവൾ വീട്ടിൽ വളരെ നിഷ്കർഷതയോടെയാണ് വളർന്നത്.
- നമ്മളേക്കാൾ കഷ്ടമാണു ഡാഡി!
ആരെയാണു ഫോൺ വിളിക്കുന്നതെന്നു പറയണം. ഡാഡിയും മമ്മിയും പറയുന്നത് അനുസരിക്കണം. കല്യാണം കഴിയുന്നതു വരെ അവരുടെ കൂടെ താമസിക്കണം. ഞായറാഴ്ച മുടങ്ങാതെ പള്ളിയിൽ പോകണം.
- അവർ റെസ്‌റ്റോറന്റിലൊന്നും പോകാറേയില്ല.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. പോരാത്തതിന് അറുപിശുക്കും. ആവശ്യമില്ലാതെ ഒന്നും ചെലവാക്കുകയില്ലെന്നു മാത്രമല്ല നൂറുതവണ വില നോക്കിയിട്ടേ എന്തെങ്കിലും വാങ്ങൂ. ഇതിലേറെ സാമ്യം എന്തിനാണാവശ്യം എന്നായിരുന്നു ബോബിയുടെ നിലപാട്. അവൻ പറഞ്ഞത് കുറെയേറെ ശരിയായിരുന്നു. ഒലിവിയ മാത്രമല്ല ഫ്രാങ്കും പാറ്റിയും ഇടപെടാൻ എളുപ്പമുള്ളവരായിരുന്നു. എൽസി ഉണ്ടാക്കിയ സോസ് നല്ലതാണെന്നവർ കോഴിക്കറിയുടെ ചാറിൽ ബ്രെഡ്‌ഡുമുക്കി തിന്നിട്ട് പ്രശംസിച്ചു.
മക്കളുടെ ഭാവിയെപ്പറ്റി അവർക്കുമുണ്ടായിരുന്നു ഇന്ത്യൻ മാതാപിതാക്കളുടേതുപോലെയുള്ള വേവലാതികൾ. ഇതു വെറും കുട്ടിക്കളിയായിരിക്കുമോ ? ജീവിതം അവരെ തോൽപിക്കുമോ? പരസ്പരം കഥകൾ പറയാനല്ലാതെ പങ്കു വെക്കാൻ അവർക്കിടയിൽ ഭൂതകാലം ഇല്ലാതെയായി പോകുമോ?
നാലു പേർക്ക് ടൊറന്റോയിൽനിന്നും എഡ്മൺഡൻവരെയുള്ള ഫ്‌ളൈറ്റിന്റെ വില കേട്ട് ജോയി സ്തംഭിച്ചുപോയി. അയാൾ പല ഏജന്റുമാരെയും പിന്നെയും പിന്നെയും വിളിച്ചുനോക്കി.
കല്യാണത്തിനു പോവാതെ പറ്റില്ല. സാലിയുടെ ഒരേയൊരു ബന്ധുവാണ്. അവളെ പഠിപ്പിച്ചതും കാനഡയിൽ കൊണ്ടുവന്നതും അവരാണ്. ഡ്രൈവു ചെയ്യാമെന്നു വച്ചാൽ ടൊറന്റോയിൽ നിന്നും ആൽബർട്ട വരെയെത്താൻ എത്ര ദിവസമെടുക്കും എന്നറിയില്ല. മടങ്ങിവന്ന് ജോലിക്കു പോകാൻ പിന്നെയും സമയമെടുക്കും. ആ നഷ്ടം പ്ലെയിൻ ടിക്കറ്റിന്റെ ചെലവിനേക്കാൾ കൂടുതലാണ്. ജോയിയുടെ മനസ്സ് വിശ്രമമില്ലാതെ കണക്കുകൂട്ടിക്കൊണ്ടിരുന്നു.
അഞ്ചും നാലും ഒൻപതും ഏ... ഏഴും പതിനാറ് ???
നൂറ്റി ഇരുപത് ഗുണം ഇരുപത്തിയഞ്ച് - മൂവായിരം രൂപ !!
കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും വീണ്ടും കുറച്ചും ഗുണിച്ചും ജോയിക്കു വെറിപിടിച്ചു.
                         തുടരും ....
പാമ്പും കോണിയും - നിർമ്മല - നോവൽ -25
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക