Image

ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 June, 2012
ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയുടെ അടുത്ത നഗരമായ ട്രോയ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സാര്‍ജന്റ് പാട്രിക് റോസ്‌നിയെ 14 വയസ്സുള്ള പെണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ പരിചയപ്പെടുകയും, ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച് നേരില്‍ കാണാന്‍ ശ്രമിക്കുകയും ചെയ്തതിന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഡിവിഷന്റെ ആവശ്യപ്രകാരം ട്രോയ് പോലീസ് അറസ്റ്റു ചെയ്തു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ 14 വയസ്സുള്ള പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് റോസ്‌നിയുമായി പരിചയപ്പെടുകയും നിരന്തരം ഓണ്‍ലൈന്‍ ചാറ്റിംഗ് ചെയ്തുമാണ് റോസ്‌നിയെ കുടുക്കിയത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട റോസ്‌നി തന്റെ ചിത്രങ്ങളും ഓണ്‍ലൈന്‍ ചാറ്റിംഗിനിടയില്‍ അയച്ചിരുന്നു. തന്നെയുമല്ല, താനൊരു പോലീസ് ഓഫീസറാണെന്നും പറഞ്ഞിരുന്നു.അതുകൊണ്ടുതന്നെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ന്യൂയോര്‍ക്ക് ക്യൂന്‍സ് ഡിസ്ട്രിക് അറ്റോര്‍ണി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതി ഒരു പോലീസ് ഓഫീസറാണെന്ന് തിരിച്ചറിഞ്ഞ ന്യൂയോര്‍ക്ക് പോലീസ് നേരിട്ടു വന്ന് അറസ്റ്റു ചെയ്യാതെട്രോയ് പോലീസില്‍ വിവരമറിയിക്കുകയും റോസ്‌നി ജോലിക്ക് ഹാജരായ ഉടനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. യൂണിഫോമിലുള്ള ഒരു പോലീസ് ഓഫീസറെ സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസ് ഓഫീസര്‍ അറസ്റ്റു ചെയ്യുന്നത് വളരെ ഖേദകരമാണെന്ന് പോലീസ് ബനവലന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. പക്ഷേ, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്.ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമായിപ്പോയി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അറസ്റ്റു രേഖപ്പെടുത്തിയതിനുശേഷം യൂണിഫോം അഴിച്ച് സിവിലിയന്‍ വസ്ത്രം ധരിപ്പിച്ചാണ് റോസ്‌നിയെ ക്യൂന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്.

ട്രോയ് പോലീസും ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്റ്റീവുകളും റോസ്‌നിയുടെ വസതി പരിശോധിക്കുകയും കംപ്യൂട്ടറുകളും മറ്റും കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗവും ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവസാനം ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത്ഗൗരവമായ കുറ്റമാണെന്ന് പോലീസ് ചീഫ് ജോണ്‍ ടെഡസ്‌കോ പറഞ്ഞു.26 വര്‍ഷമായി റോസ്‌നി (53) ട്രോയ് പോലീസിലാണ്. എത്ര വര്‍ഷം പോലീസ് ഓഫീസറായി എന്നതല്ല പ്രധാനം, ചെയ്ത കുറ്റത്തിന്റെ ഗൗരവമാണെന്ന് പോലീസ് ചീഫ് പ്രസ്താവിച്ചു.

ജാമ്യത്തിലിറങ്ങിയ റോസ്‌നിയെ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും തന്റെ ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവില്‍ റിട്ടയര്‍മെന്റിന് അപേക്ഷ കൊടുത്തിരിക്കുകയാണിപ്പോള്‍. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു
Troy police Sgt. Patrick Rosney
ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു
Police Chief John Tedesco speaks in a news conference
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക