Image

ഗോപികാമനം (കവിത: ജിസ പ്രമോദ് )

ജിസ പ്രമോദ് Published on 19 December, 2020
ഗോപികാമനം (കവിത: ജിസ പ്രമോദ് )
കണ്ണാ, 
വൃന്ദാവനിയിലീ നീലകടമ്പിന്‍ചോട്ടില്‍, 
ഒരുവട്ടം പോലും നാമൊന്നിച്ചിരുന്നിട്ടില്ല. 
നിന്റെ ഓടക്കുഴല്‍ നാദത്തില്‍ മയങ്ങി,  നിന്‍മാറില്‍ ചാഞ്ഞുമയങ്ങുന്ന രാധയെ,  ഞാനെത്രവട്ടം കണ്ടിരിക്കുന്നു. 
നിങ്ങളുടെ പ്രണയസല്ലാപങ്ങള്‍ക്ക് ഞാനെത്രയോവട്ടം സാക്ഷിയായിരിക്കുന്നു. 
പ്രണയോന്മത്തരായി നിങ്ങളിരുവരും, 
ആടിപ്പാടിനടന്നയാ,  കാട്ടുപൂഞ്ചോലകള്‍ക്കരികില്‍, 
കണ്ണാ, ഞാനുമുണ്ടായിരുന്നു.
നിന്നെ തന്നെ കണ്‍പാര്‍ത്തു,
 നിന്റെ കുസുതികള്‍ കണ്ടു രസിച്ച്, 
നിന്റെ ഓടക്കുഴല്‍ നാദത്തില്‍ മയങ്ങി ഞാനും, 
ഒരിക്കല്‍പോലും കണ്ണാ, 
നിന്നൊരു നോട്ടം പോലുമെന്‍നേര്‍ക്കു നീണ്ടതേ ഇല്ല. 
ഒരിക്കല്‍പോലും നീയെന്നോടുരിയാടിയതേയില്ല. 
ഇങ്ങനെയൊരുവള്‍ ഇവിടെയുണ്ടെന്ന് പോലും നീ നിനച്ചിട്ടുണ്ടാവില്ല.
ഉണ്ടായിരുന്നു കണ്ണാ, 
നിന്നെ മാത്രം നിനച്ച്, 
നിന്റെ കാലൊച്ച കാതോര്‍ത്ത്, 
നിന്റെ ഓടക്കുഴല്‍ നാദത്തില്‍ മയങ്ങി, 
ഞാനുമുണ്ടായിരുന്നു.
ഈ വൃന്ദാവാനിയില്‍, 
ഈ യമുനാതീരത്ത്, 
ഈ നീലക്കടമ്പിന്‍ ചോട്ടില്‍, 
ഒരുപാടുപേര്‍ക്കിടയില്‍ ഒരുവളായ്, 
ആള്‍ക്കൂട്ടത്തില്‍ തനിച്ച്, 
ഞാനുമുണ്ടായിരുന്നു. 
എന്നും നിന്റേത് മാത്രമാവാന്‍ കൊതിച്ച്, 
ഒരിക്കലുമാതാവില്ലന്ന സത്യമുള്‍ക്കൊണ്ട്,
എങ്കിലുമെന്നും ഞാന്‍ നിന്റേതെന്നും, 
നീയെന്റേതെന്നും  സ്വയമാശ്വസിച്ച്, 
നിന്നെ നിശബ്ദമായ് പ്രണയിച്ച്, 
നിന്റെ മാത്രം ഗോപിക !


@ജിസ പ്രമോദ്

ഗോപികാമനം (കവിത: ജിസ പ്രമോദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക