Image

കാലത്തിന്റെ കൈരേഖകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 18 December, 2020
കാലത്തിന്റെ കൈരേഖകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പ്രവചിക്കാനാകാത്ത
ചില അദൃശ്യ രേഖകളുണ്ട്
കാലത്തിന്റെ
കൈ വെള്ളയില്‍

അനര്‍ഘളമൊഴുകുന്ന
ജീവിതത്തിന്റെ
നിശ്ശബ്ദ യാത്രകളെ
അത് ചിറകെട്ടി നിര്‍ത്തും

ഇളം കാറ്റിന്റെ കുളിരേറ്റ്
സ്വയം മറന്ന് നില്‍ക്കുമ്പോള്‍
അത് വന്യതയുടെ
കൊടുങ്കാറ്റുകള്‍ തീര്‍ക്കും

വസന്തത്തിന്റെ
പുഷ്പാര്‍ച്ചനകളെ
ചിലപ്പോള്‍ ഇലപൊഴിയും
ശിശിരമായ് മാറ്റും

മഞ്ഞുമണികളുതിരുന്ന
പുലരിയുടെ വദനത്തെ
സൂര്യതാപം കൊണ്ട്
പൊള്ളിയ്ക്കും

ജീവിതത്തിന്റെ
നല്ല പ്രഭാതങ്ങളില്‍
അസ്തമനത്തിന്റെ
ഗ്രഹണം തീര്‍ക്കും

വാര്‍ദ്ധക്യത്തിന്റെ
ഏകാന്തതയില്‍ 
ആ ആദൃശ്യ രേഖകള്‍
തെളിഞ്ഞു നില്‍ക്കും

ബന്ധങ്ങളുടെ
നിരര്‍ത്ഥകത
പാപഗ്രഹങ്ങളായി
ആവേശിക്കും ....

ഇടറുന്ന നിശ്വാസങ്ങളും
ഉതിരുന്ന കണ്ണീരും 
കാലം മായ്ച്ച രേഖകളില്‍
ചായം പുരട്ടും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക