Image

ഫ്‌ളോറിഡായില്‍ പുതിയ ആത്മീയ സദനം

സണ്ണി മാമ്പിള്ളി Published on 12 June, 2012
ഫ്‌ളോറിഡായില്‍ പുതിയ ആത്മീയ സദനം
ന്യൂജേഴ്‌സി: അമേരിക്കയുടെ ആത്മീയ നഭോ മണ്ഡലത്തില്‍ ഒരു നവനക്ഷത്രം കൂടി ഉദിച്ചുയരുന്നു. ലോകമെങ്ങും ദൈവവചനം വിതക്കപ്പെടണമെന്നുള്ള വിന്‍സെന്‍ഷ്യന്‍ സഭയുടെ ചിരകാലപ്രയന്തം സഫലീകരിക്കപ്പെടുകയാണ്; ഫ്‌ളോറിഡയിലെ പ്ലാന്റ് സിറ്റിയില്‍ ജൂണ്‍ 18-തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക് ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വെഞ്ചിരിപ്പുകര്‍മ്മം നടത്തുന്നതോടെ.

കഴിഞ്ഞ പത്തുവര്‍ഷത്തോളം കേരളത്തിലെ പോട്ട ധ്യാനകേന്ദ്രത്തിന്റെ കീഴില്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ഡിവൈന്‍ സെന്ററില്‍ അനേകായിരങ്ങള്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്നു കൊണ്ടിരുന്ന റവ.ഫാ.ആന്റണി തെക്കേനത്ത് ആണ് ഫ്‌ളോറിഡയിലെ ഈ പുതിയ ആത്മീയ സദനത്തിന്റെ ഡയറക്ടര്‍. ആത്മീയതയും ദൈവാശ്രയവും മാത്രം കൈമുതലാക്കി 2003 സെപ്തംബറില്‍ ന്യൂജേഴ്‌സിയിലെ വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ ഒട്ടേറെ ഇല്ലായ്മകളിലൂടെ തുടക്കം കുറിച്ച ഡിവൈന്‍ സെന്റര്‍ ഇന്ന് വളര്‍ന്ന് നൂറോളം പേര്‍ക്ക് വന്ന് താമസിച്ച് ആത്മീയ നിറവില്‍ ജീവിത പരിവര്‍ത്തനം സാധ്യമാക്കാന്‍ സാധിച്ചത് ആന്റണി അച്ചന്റെ അശ്രാന്തപരിശ്രമം മൂലമാണ്.

എളിയ ജീവിതവും ഉയര്‍ന്ന ചിന്തയും അതിലേറെ ആത്മീയനിറവുമുള്ള ആന്റണി അച്ചന്‍ ഒരു ചെറിയ ഭവനം മാത്രമുള്ള ഈ സെന്ററിലൂടെ അനേകര്‍ക്ക് ദൈവീക ജീവന്‍ പകരാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. എന്നും പ്രാര്‍ത്ഥനയും കൗണ്‍സിലിംങ്ങും വചന പ്രഘോഷണവും നടത്തി ജീവിത പ്രശ്‌നങ്ങളിലൂടെ നീറി നീങ്ങുന്നവര്‍ക്ക് ആശ്വാസവും ആത്മീയ ചൈതന്യവും പകരാനായി വൃതാ ഈ പ്രാര്‍ത്ഥനാകേന്ദ്രം അമേരിക്കന്‍ മലയാളികള്‍ക്ക് ഒരനുഗ്രഹമായിരിക്കും.

ഈ സെന്ററിന്റെ ഉത്ഘാടന വേളയില്‍ ലോകപ്രശസ്ത വചന പ്രഘോഷകനായ റവ. ഫാ. മാത്യൂ നായ്ക്കന്‍ പറമ്പിലച്ചനും സിസ്റ്റര്‍ തെരേസയും പങ്കെടുക്കും. താമ്പാ എര്‍പോട്ടില്‍ നിന്നും 27 മൈലും ഒര്‍ലാന്റോയില്‍ നിന്ന് 60 മൈലും ദൂരത്തിലാണ് ഈ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-ഫാ.ആന്റണി
ഫോണ്‍ 813 5671226
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക