Image

അഭയാർത്ഥി (കഥ: സൂരജ് കെ.ആർ)

Published on 16 December, 2020
അഭയാർത്ഥി (കഥ: സൂരജ് കെ.ആർ)
തീരത്തെ മണല്‍പ്പരപ്പില്‍ ചെവി ചേര്‍ത്ത് അവന്‍ കടലിന്റെ സംഗീതമാസ്വദിക്കുക- യാണെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നിയത്. ജീവനെടുത്ത കടലമ്മ തന്നെ കൈ നീട്ടി അയ്‌ലന്‍ കുര്‍ദ്ദി എന്ന മൂന്ന് വയസുകാരനെ തഴുകുകയാണെന്ന് ഫോട്ടോയ്ക്കടിയിലെ വാര്‍ത്ത സത്യം പറഞ്ഞു. ചേച്ചിയുടെ വാടകവീട്ടില്‍ മനോരമപ്പത്രമാണ് വരുത്തുന്നത്. വീട്ടില്‍ ദേശാഭിമാനിയാണ്. വാര്‍ത്ത വായന ശീലമല്ലെങ്കിലും എല്ലാ ദിവസവും പത്രം ഓടിച്ച് നോക്കാറുണ്ട്. അങ്ങനെയൊരു ഓടിച്ചുനോക്കലിലാണ് ഈ ചിത്രം കണ്ണില്‍പ്പെട്ടത്. കൂടുതല്‍ വായിക്കാന്‍ തോന്നിയില്ല. പുറത്ത് മഴ ചിന്നിപ്പെയ്യുന്നുണ്ട്.

രണ്ടാം നിലയിലെ ജനലിലൂടെ വെറുതെ പുറത്തേയ്ക്ക് നോക്കി. ഇലകളും മറ്റും വീണ് വീടിന്റെ പുറകുവശത്തുള്ള ആസ്ബറ്റോസ് ഷീറ്റ് നിറഞ്ഞിരിക്കുന്നു. പെട്ടെന്നാണത് ശ്രദ്ധിച്ചത്. ഷീറ്റിന് പുറത്തെ ഇലകള്‍ക്കിടയില്‍ എന്തോ അനങ്ങുന്നു; സൂക്ഷിച്ച് നോക്കി- മനസിലാകുന്നില്ല. അങ്ങനെ നോക്കി നിന്നപ്പോള്‍ ചെറിയൊരു കരച്ചിലും കേള്‍ക്കാം. മഴത്തുള്ളികള്‍ ഷീറ്റില്‍ വീഴുന്നതിനിടയിലൂടെ കാതോര്‍ത്താല്‍ മാത്രം. സ്ഥിരമായി കംപ്യൂട്ടര്‍ നോക്കി കണ്ണിന് കാഴ്ച കുറഞ്ഞിട്ടുണ്ട്. പക്ഷേ എപ്പോഴും കണ്ണട വയ്ക്കാനുള്ള മടി കാരണം അല്‍പ്പം ദൂരെയുള്ളതെല്ലാം ചായം മങ്ങിയ ചിത്രങ്ങളാണ്. ബാഗിനകത്ത് നിന്നും കണ്ണടയെടുത്ത് വച്ച് വീണ്ടും നോക്കി. ഒരു ചെറിയ കൊക്ക് കാണാം. തൂവല്‍ വിരിഞ്ഞിട്ടില്ലാത്ത ഒരു കുഞ്ഞു ശരീരവും. ഒരു പക്ഷിക്കുഞ്ഞാണ്. ഷീറ്റിന് മേലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളൊന്നുമില്ല. പിന്നെങ്ങനെ ഇതിവിടെയെത്തി?

അമ്മയെ വിളിച്ച് കാണിച്ചു. ചേച്ചിയും വന്നു. എല്ലാവരും അത് എന്തിന്റെ കുഞ്ഞാണെന്ന് നിരീക്ഷിക്കുകയാണ്. ശക്തിയില്ലെങ്കിലും ഇടയ്ക്കിടെ വീഴുന്ന മഴത്തുള്ളികള്‍ പക്ഷിക്കുഞ്ഞിനെ അസ്വസ്ഥമാക്കുന്നുണ്ടെന്നുറപ്പാണ്. വേദനയോ തണുപ്പേറ്റ വിറയോ എന്ന് മനസിലാകുന്നില്ല. അമ്മയെ ജനലിനരികെ നോക്കാന്‍ നിര്‍ത്തി വേഗം കോണിപ്പടികളിറങ്ങി താഴെയെത്തി. എത്തി നോക്കിയാല്‍ പോലും കാണാന്‍ പറ്റാത്ത ഉയരത്തിലാണ് ഷീറ്റിന്റെ മുകള്‍ഭാഗം. അപ്പോഴേയ്ക്കും മഴ കനത്തു. ചുറ്റും തിരഞ്ഞ് ഒരു മടല്‍ കണ്ടുപിടിച്ചു. പക്ഷിക്കുഞ്ഞിനെ തട്ടി താഴെയെത്തിക്കാനാണ് നീക്കം. മടലിന്റെ ആരുകളേറ്റ് നൊന്തേക്കാം. വീണ്ടും തപ്പി ചെറിയൊരു പൈപ്പിന്റെ കഷണം കിട്ടി. ഒരു കല്ലിന്റെ മുകളില്‍ കയറിനിന്നു. പക്ഷിക്കുഞ്ഞിനെ കാണാന്‍ പറ്റുന്നില്ല. അമ്മയുടെ ശബ്ദം എന്റെ കണ്ണായി.

'കുറച്ചൂടെ മുകളില്‍... അതെ... ഇടത്ത്... ഇത്തിരി വലത്ത്...' അമ്മ നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടേയിരുന്നു.

ഒടുവില്‍ ഷീറ്റിന്റെ അറ്റത്ത്, താഴെ വീഴാറായ നിലയില്‍ പക്ഷിക്കുഞ്ഞ് പ്രത്യക്ഷപ്പെട്ടു. പെരുവിരലൂന്നി, ഏന്തിവലിഞ്ഞ് അതിനെ കൈപ്പിടിയിലൊതുക്കി.

ഡൈനിങ് ഹാളിലെ ടേബിളിലിരുത്തി എല്ലാവരും പക്ഷിക്കുഞ്ഞിനെ വീക്ഷിച്ചു.

'കാക്കക്കുഞ്ഞാണോ... അതോ പ്രാവിന്റെയോ... കാക്കക്കുഞ്ഞായിരുന്നേല്‍ മറ്റെല്ലാ കാക്കകളും കൂടി ഇപ്പോ കൂടിയേനെ...' അമ്മ പറഞ്ഞു.

ചേച്ചിക്ക് സ്‌കൂളില്‍ പോകണം. തിരക്കിട്ടിറങ്ങുന്നതിനിടെ 'ഇതിനെ എന്ത് ചെയ്യാനാ ഉദ്ദേശ്യം' എന്ന് തിരക്കി.
'വീട്ടിലേയ്ക്ക് പോകുമ്പോ കൂടെ കൊണ്ടോവും...' ഞാന്‍ പറഞ്ഞു.

'ബസിലോ?'
'അതെ, ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി എടുത്തു താ...'

അമ്പത് കിലോമീറ്ററുണ്ട് വീട്ടിലേയ്ക്ക്. പോരാത്തതിന് പ്രൈവറ്റ് ബസും. വളവുകളില്‍ മരണക്കിണറിലെ അഭ്യാസിയെന്നോണമെന്നാണ് ഡ്രൈവറുടെ വെട്ടിക്കലും തെറ്റിക്കലും. കാര്‍ഡ് ബോര്‍ഡ് ബോക്‌സ് തട്ടാതെയും മുട്ടാതെയും ചേര്‍ത്ത് പിടിച്ചു. ഇടയ്ക്ക് ഉള്ളില്‍ നിന്നും ശബ്ദമുണ്ടോ എന്ന് കാതോര്‍ത്തു. ഒരുവിധേന വീട്ടിലെത്തി പെട്ടി തുറന്നു. ഭാഗ്യം, പക്ഷിക്കുഞ്ഞിന് ജീവനുണ്ട്

'ഇതെന്തായിരിക്കും കഴിക്കുക?' അടുത്ത ചിന്ത അതായി.
അത് ആകെ അവശതയിലാണ്. കുറച്ച് വെള്ളം കൊടുത്തുനോക്കി. കഴിച്ചില്ല. പാലായാലോ? ഇനി പഴം വേണമായിരിക്കുമോ?
‘അമ്മക്കളി ഭക്ഷണം ചെറുതായി കൊത്തി വായില്‍ വച്ചുകൊടുക്കുകയാ ചെയ്യുക...’ മനുഷ്യരെ ഊട്ടി പരിചയമുള്ള അമ്മ പറഞ്ഞു.

പക്ഷിക്കുഞ്ഞിനെ പെട്ടിയില്‍ തന്നെ ഒരു തുണി കൊണ്ട് പുതപ്പിച്ച് ഭദ്രമായി വച്ചു. തണുപ്പ് കുറഞ്ഞോട്ടെ.
‘ഇതെന്ത് കിളിയാണ്... ഒരു പേര് വിളിക്കണമല്ലോ... പിന്നെയാവട്ടെ... നല്ലൊരു പേരിടാം...’

വാതിലുകളെല്ലാം അടച്ചെന്ന് ഉറപ്പുവരുത്തി. ഇടയ്ക്കിടെ കയറി വരാറുള്ള ഒരു പൂച്ചയുണ്ട്. പേടിക്കണം.

രാത്രിയിലും കാര്യമായി ഒന്നും കഴിച്ചില്ല.

ഇടയ്ക്കിടെ ചെറുതായി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്യുന്നുണ്ട്.

പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന ഞാന്‍ അമ്മയോട് ചോദിച്ചു,
'കിളിയെവിടെ?'

'ആ കിളി മരിച്ചുപോയെടാ...'
പെട്ടിക്കരികെ ചെന്ന് നോക്കി. കണ്ണുകളടച്ച് ശാന്തമായി കിടക്കുകയാണ്.

'അതിന്റെ അമ്മ നോക്കും പോലെ നമുക്കാവില്ലല്ലോ...' എന്റെ അമ്മ പറഞ്ഞു.
പുറകുവശത്തെ പറമ്പില്‍ ഒരു ചെറിയ കുഴിയെടുത്ത് മൂടി.
പത്രം ഓടിച്ചുനോക്കുന്നതിനിടെ സിറിയയില്‍ നിന്നുമുള്ള പലായനങ്ങളെപ്പറ്റി നിറയെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. പലരും രാജ്യാതിര്‍ത്തികളില്‍ അഭയം കാത്ത് കിടക്കുകയാണത്രേ.
'അതെന്തിന്റെ കുഞ്ഞാണെന്ന് മനസിലായില്ലല്ലോ...' ജോലിക്കിടെ അമ്മ പറഞ്ഞു.
വീണ്ടും പത്രത്തിലേയ്ക്ക് കണ്ണയച്ചപ്പോള്‍ മറ്റൊരു ചിത്രം - കുഞ്ഞുങ്ങളെയുമെടുത്ത് നടന്നുനീങ്ങുന്ന ഒരു അഭയാര്‍ത്ഥി കുടുംബം. ചുറ്റും തോക്കേന്തിയ പട്ടാളക്കാര്‍. പക്ഷിക്കുഞ്ഞിനെ പറ്റി ആലോചിച്ചു; പേര് കിട്ടി - അഭയാര്‍ത്ഥി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക