Image

ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു നവയുഗം ക്യാമ്പയിനുകള്‍ സംഘടിപ്പിയ്ക്കും.

Published on 11 December, 2020
ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു നവയുഗം ക്യാമ്പയിനുകള്‍ സംഘടിപ്പിയ്ക്കും.
ദമ്മാം: നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന അവകാശപോരാട്ടത്തിന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യയിലെ കര്‍ഷകന് താങ്ങായി നിലവിലുള്ള താങ്ങുവില സമ്പ്രദായം എടുത്തുകളഞ്ഞ്, അംബാനിയെയും അദാനിയേയും പോലുള്ള കുത്തക മുതലാളിമാര്‍ക്ക്, കാര്‍ഷികോത്പന്നങ്ങള്‍ ചുരുങ്ങിയവിലയ്ക്ക് കൈക്കലാക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് വന്നിട്ടുള്ളത്. അദാനിയുടെയും അംബാനിയുടെയും പക്ഷമാണ് നരേന്ദ്ര മോഡി 'മന്‍ കി ബാത്തി'ല്‍ പോലും പറയുന്നത്.

രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. അവരുടെ അഭിപ്രായം പോലും ചോദിയ്ക്കാതെ, ഭരണഘടനാപരമായ നടപടിക്രമം ലംഘിച്ചാണ് പാര്‍ലമെന്റില്‍ മോഡി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. പാവപ്പെട്ട കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിന് വിട്ടു കൊടുക്കുന്ന നിയമങ്ങളാണ്  ഇവ. കര്ഷകന് ലഭിയ്‌ക്കേണ്ട മിനിമം താങ്ങുവില ഇല്ലാതാക്കി, കുത്തക മുതലാളിമാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.  പോരാട്ടം കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള സമരമാണ്. ഇത്രയും അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടും, മൂന്ന് കാര്‍ഷികനിയമവും  പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കര്‍ഷകര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നതും അത് കൊണ്ട് തന്നെയാണ്.

കോര്‍പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെയും, തൊഴിലാളികളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കര്‍ഷകരുടെ ജീവിതസമരം ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയും ഉപയോഗിച്ച് തകര്‍ക്കാനാകില്ല. പൊരുതുന്ന കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും പ്രവാസലോകം  പൂര്‍ണപിന്തുണ നല്‍കും.  

രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്‍ഷിക നയങ്ങള്‍ പിന്‍വലിച്ചു, കര്‍ഷക സമരം അവസാനിപ്പിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരണം.  നവയുഗത്തിന്റെ വിവിധ സംഘടനാകമ്മിറ്റികളുടെ നേതൃത്വത്തില്‍ മേഖലാടിസ്ഥാനത്തില്‍ കര്‍ഷകസമരത്തിന് പ്രവാസികളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിയ്ക്കുമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രപ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു നവയുഗം ക്യാമ്പയിനുകള്‍ സംഘടിപ്പിയ്ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക