Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 23

Published on 05 December, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 23
രണ്ടു മണിക്കൂർ നേരത്തേക്ക് ഏഴും അഞ്ചും വയസ്സുള്ള കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തിയിട്ടു പോകുമ്പോൾ ജോർജിയ്ക്ക് ഉള്ളിൽ ഭയമായിരുന്നു.
അപ്പാർട്ടുമെന്റിൽ തീ പിടിച്ചാൽ, ആരെങ്കിലും വാതിൽ തല്ലിപ്പൊളിച്ച് അകത്തു കയറിയാൽ , കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ... അതൊക്കെ കേൾക്കുമ്പോൾ ഷൈലയ്ക്കു ചിരി വരും. ഫയർ ബെല്ലടിച്ചാൽ കോണിയിറങ്ങി പോകാൻ അവർക്കറിയാം. അഞ്ചാം വയസ്സിൽ നമ്മളൊക്കെ ഒറ്റയ്ക്ക് ഒന്നാം ക്ലാസ്സിൽ പോയിട്ടില്ലേ പിന്നെ രണ്ടു മണിക്കൂറുകൊണ്ട് ഹാർട്ട് അറ്റാക്കൊന്നും കൊച്ചു കുട്ടികൾക്കു വരാൻ പോകുന്നില്ല. ഏതെങ്കിലും ടി.വി ഷോ കണ്ട് അവർ ഇരുന്നു കൊള്ളും. ആരു മുട്ടിയാലും വാതിൽ തുറക്കരുതെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. എന്നിട്ടും എപ്പോഴും ജോർജി എന്തൊക്കെയോ ഭയപ്പെട്ടുകൊണ്ടിരുന്നു.
കാനഡ മരത്തിൽ ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
        ......    .....    ....

അമലയും സുനിലയും ഡാൻസ് ചെയ്യുന്നതു കണ്ടപ്പോൾ കുട്ടികൾ വളർന്നു പോയല്ലോന്ന് ജോർജി ഓർത്തു. പിന്നെ കുട്ടികളല്ലേ , ഡാൻസല്ലേന്നു സമാധാനിച്ചു.
ഒരു സിഗരറ്റു വലിക്കാൻ ജോർജി ഒറ്റയ്ക്കു പുറത്തിറങ്ങി. ഹാളിനു പുറത്തുനിന്ന് ചെറുപ്പക്കാർ വെടിപറയുന്നുണ്ടായിരുന്നു. അവരിൽ ദാസൻ , തമാശക്കാരൻ , ഗ്രൂപ്പിന്റെ നിറം, ചോദിച്ചു.
- ഏതാടാ മാടപ്രാവേ ഡാൻസുകളിച്ച ആ ഉരലും മദ്ദളവും ? ബ്ലൗസ്സു കവിഞ്ഞൊഴുകുന്ന സൗന്ദര്യം.
അയാളുടെ വികടച്ചിരിയെ അടക്കാൻ ശ്രമിച്ചു കൊണ്ട് പുന്നൂസിന്റെ അനുജൻ സുനി അവന്റെ കാലിൽ ചവുട്ടി.
- ഛെ നാറീ ചവിട്ടാതെടാ ..
അപ്പോഴേക്കും ജോർജി കമന്റുകാരന്റെ അടുത്തെത്തിയിരുന്നു.
- തെണ്ടീ, ഞങ്ങടെ പ്രോഗ്രാമിനു വന്നിട്ട് തോന്ന്യാസം പറയുന്നോടാ !
- ചൂടാകാതെ കാർന്നോരെ !
ആ കാർന്നോരെ വിളി ജോർജിയെ കാട്ടുപോത്താക്കി. കാട്ടുപോത്ത് കുത്തിക്കീറാതെ സുനിയും കുറെപ്പേരും ചേർന്ന് ദാസനെ പിടിച്ചു മാറ്റി. ജോർജിയുടെ പരിചയക്കാർ എന്താണു സംഭവിക്കുന്നത് എന്നറിയാതെ ഓടിവന്ന് അയാളെ തടയാൻ ശ്രമിച്ചു. കശപിശ അപ്പോൾ തീർന്നെങ്കിലും അവിടെ വന്നവരുടെയെല്ലാം ചെവിയിലേക്കും മനസ്സിലേക്കും കശ കശ പിശ പിശയെന്നു ചില പശപ്പുകൾ പടർന്നു കയറി. പെണ്ണുങ്ങൾ പരസ്പരം പറഞ്ഞു.
- ആ പീറ്റർബറോയിന്നു വന്ന ചെറുക്കമ്മാരു നമ്മടെ പെമ്പിള്ളാരെ കമന്റടിച്ചെന്ന് .
- ശ്ശോ, ഇവിടെങ്ങും ഇങ്ങനൊരു സംഭവം ഇല്ലാത്തതല്ലേ.
പിള്ളേരെ സൂക്ഷിച്ചോണേ !
അമ്മമാർക്ക് പെട്ടെന്ന് ആധികയറി. കേരളത്തിലെ കലുങ്കും ബസ്‌റ്റോപ്പും ഇടവഴികളും കാനഡയിലേക്ക് ഇഴഞ്ഞെത്തിയതറിഞ്ഞ് അവർ പെൺകുട്ടികളോട് ഒപ്പം നിൽക്കാനാവശ്യപ്പെട്ടു. കുട്ടികൾക്ക് അതു തീരെയും ഇഷ്ടമായില്ല. മലയാളിപ്രോഗ്രാമിനു വരുമ്പോഴാണ് അവർ വെച്ചുകെട്ടുകളില്ലാതെ ആഹ്ളാദിക്കുന്നത്. ഉടുപ്പിനെക്കുറിച്ചും നടപ്പിനെക്കുറിച്ചും നിറത്തെക്കുറിച്ചും മുടിയെക്കുറിച്ചും അച്ഛനമ്മമാരെക്കുറിച്ചും അവർക്ക് അപമാനപ്പെടേണ്ടാത്തത്.
വീട്ടിലെത്തിക്കഴിഞ്ഞിട്ടും സ്റ്റേജിൽ ഇളകിമറിയുന്ന പെൺമക്കളുടെ നൃത്തം ജോർജിയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. അയാൾ ഉറപ്പിച്ചു പറഞ്ഞു.
- ഇനി പിള്ളേരെ ഡാൻസു കളിപ്പിക്കണ്ട.
ഷൈലയ്ക്കു തീരെ മനസ്സിലായില്ല. അവരു കൊച്ചുപിള്ളേരല്ലേ ?
വർഷങ്ങളൊക്കെ എത്ര വേഗത്തിലാണു പോയതെന്ന് ജോർജി ഓർത്തു. ഒറ്റമുറി അപ്പാർട്ടുമെന്റിൽ തുടങ്ങിയ ജീവിതം. ജോർജിയുടെയും ഷൈലയുടെയും ഷിഫ്റ്റുകൾ മാറ്റിയെടുത്തും അഡ്ജസ്റ്റു ചെയ്തും ബേബി സിറ്റിങ് ഒഴിവാക്കാൻ ശ്രമിച്ച വർഷങ്ങൾ. അന്നൊക്കെ നാലുപേരും ഒരുമിച്ചു കാണുന്നത് വല്ലപ്പോഴുമായിരുന്നു. അമലയും സുനിലയും ചെറുതായിരുന്നപ്പോൾ ഷൈല എത്തുന്നതിനു മുമ്പേ ചില ദിവസങ്ങളിൽ ജോർജിക്കു ജോലിക്കു പോകേണ്ടിവരും. രണ്ടു മണിക്കൂർ നേരത്തേക്ക് ഏഴും അഞ്ചും വയസ്സുള്ള കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തിയിട്ടു പോകുമ്പോൾ ജോർജിയ്ക്ക് ഉള്ളിൽ ഭയമായിരുന്നു.
അപ്പാർട്ടുമെന്റിൽ തീ പിടിച്ചാൽ, ആരെങ്കിലും വാതിൽ തല്ലിപ്പൊളിച്ച് അകത്തു കയറിയാൽ , കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ... അതൊക്കെ കേൾക്കുമ്പോൾ ഷൈലയ്ക്കു ചിരി വരും. ഫയർ ബെല്ലടിച്ചാൽ കോണിയിറങ്ങി പോകാൻ അവർക്കറിയാം. അഞ്ചാം വയസ്സിൽ നമ്മളൊക്കെ ഒറ്റയ്ക്ക് ഒന്നാം ക്ലാസ്സിൽ പോയിട്ടില്ലേ പിന്നെ രണ്ടു മണിക്കൂറുകൊണ്ട് ഹാർട്ട് അറ്റാക്കൊന്നും കൊച്ചു കുട്ടികൾക്കു വരാൻ പോകുന്നില്ല. ഏതെങ്കിലും ടി.വി ഷോ കണ്ട് അവർ ഇരുന്നു കൊള്ളും. ആരു മുട്ടിയാലും വാതിൽ തുറക്കരുതെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. എന്നിട്ടും എപ്പോഴും ജോർജി എന്തൊക്കെയോ ഭയപ്പെട്ടുകൊണ്ടിരുന്നു.
മഞ്ഞുകാലത്ത് കോട്ടും ഹാറ്റും സ്കാർഫും ബൂട്ട്സുമിട്ട് ചന്ദ്രയാത്രയ്ക്ക് ഒരുങ്ങിയതു പോലെ നിന്നിരുന്ന കുട്ടികളെ അയാൾ ഓർത്തു. സുനിലയ്ക്കു ചുവന്ന കോട്ടു വേണമെന്നു നിർബന്ധം പിടിച്ചതും ജോർജിയായിരുന്നു. ദൂരത്തുനിന്നേ കാണാൻ പറ്റുന്ന നിറം.
കഴിഞ്ഞ പത്തുപന്ത്രണ്ടു വർഷങ്ങൾ കൊണ്ട് മക്കൾ എത്ര മാറിപ്പോയിരിക്കുന്നു. പിന്നെയൊരിക്കലും സ്റ്റേജിൽ പ്രോഗ്രാമിന് ജോർജി കുട്ടികളെ അനുവദിച്ചില്ല. പുറത്തു പോകുമ്പോഴും വരുമ്പോഴും അയാൾ അവരെ ശ്രദ്ധിച്ചു. അവർക്കു വാങ്ങുന്ന ഉടുപ്പുകൾ ശ്രദ്ധിച്ചു. ജീൻസു വേണ്ട അയഞ്ഞ പാന്റു മതി. പാവാട വേണ്ട. ഇറക്കം കുറഞ്ഞ ടോപ്പുവേണ്ട. അയാൾ നിർദ്ദേശങ്ങൾകൊണ്ട് അവർക്കു വേലിയും മതിലും താഴും താക്കോലും പണിതെടുത്തു.
ചൈനീസ് ചോക്കു കൊണ്ട് മക്കൾക്കു ചുറ്റും വൃത്തം വരച്ചു. അതിനു പുറത്തുകടക്കരുത്. ആൺകുട്ടികളോടു മിണ്ടരുത്. ചങ്ങാത്തങ്ങളൊന്നും വേണ്ട. സമയം വരുമ്പോൾ അപ്പനും അമ്മയും തീരുമാനിക്കാം ആരെ കല്യാണം കഴിക്കണം എന്ന്.
                                     തുടരും ..
പാമ്പും കോണിയും - നിർമ്മല - നോവൽ - 23പാമ്പും കോണിയും - നിർമ്മല - നോവൽ - 23
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക