Image

യുകെയില്‍ ആദ്യ ബാച്ച് വാക്‌സിന്‍ എത്തി

Published on 04 December, 2020
 യുകെയില്‍ ആദ്യ ബാച്ച് വാക്‌സിന്‍ എത്തി



ലണ്ടന്‍: ഫൈസര്‍ ~ ബയോണ്‍ടെക് വാക്‌സിന് അനുമതി ലഭിച്ചതോടെ ആദ്യ ബാച്ച് പ്രതിരോധ മരുന്നുകള്‍ യുകെയില്‍ എത്തിച്ചു. അജ്ഞാത കേന്ദ്രത്തിലാണ് ഇതു സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്താകമാനമുള്ള ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ഇതെത്തിക്കും.

നാല്‍പ്പതു മില്യന്‍ വാക്‌സിന്‍ ഡോസുകളാണ് യുകെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതുപയോഗിച്ച് 20 മില്യണ്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാം.

ആദ്യ സെറ്റ് വാക്‌സിനേഷന്‍ വഴി തന്നെ 99 ശതമാനം ആശുപത്രി അഡ്മിഷനുകളും മരണവും ഒഴിവാക്കാമെന്നാണ് രാജ്യത്തെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ കണക്കാക്കുന്നത്.

21 ദിവസത്തെ ഇടവേളയില്‍ ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സികളാണ് ലഭിക്കുന്നത്. ആദ്യ ഡോസ് ലഭിച്ച് 12 ദിവസത്തിനകം സ്വീകരിച്ചയാളിന്റെ ശരീരം വൈറസ് ഇമ്മ്യൂണിറ്റി വീണ്ടെടുക്കുകയും
21-ാം ദിവസം രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ലഭിക്കുന്നതോടുകൂടി വൈറസിനെതിരേ പൂര്‍ണമായും പ്രതിരോധശേഷി ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. രണ്ടുഡോസ് കുത്തിവെയ്പ്പിലൂടെ 21 ദിവസം കൊണ്ടാണ് ഒരാളില്‍ പൂര്‍ണമായും ബയോണ്‍ടെക് ഫിസര്‍ വാക്‌സീന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ വാക്‌സിന്‍ വിതരണത്തിനായി 30,000 വോളന്റിയര്‍മാരെ നിയമിക്കും. ഇതിനായി 50 ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സിന്‍ ഹബുകളാക്കിയാണ് വിതരണപ്രകിയ നടത്തുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നത് മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക