Image

മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി തേടി

Published on 30 November, 2020
മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി തേടി
വാഷിംഗ്ടൺ, ഡിസി. മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി തേടിയതായി തിങ്കളാഴ്ച കമ്പനി അറിയിച്ചു. ഇതോടെ രണ്ട് മരുന്നുകൾ ഉടൻ  ലഭ്യമാകുമെന്ന പ്രതീക്ഷ കനക്കുന്നു. ഫൈസറും ബയോ എൻ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഈ മാസം ആദ്യം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ ) മുന്നിൽ സമർപ്പിച്ചിരുന്നു. 

അവസാന ഘട്ട പരീക്ഷണത്തിൽ വാക്സിന്  94.1 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതോടെയാണ് മോഡേണ അവരുടെ നീക്കം പ്രഖ്യാപിച്ചത്. പാർശ്വഫലങ്ങളോ  ഗുരുതരമായ സുരക്ഷ ആശങ്കകളോ  പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ഫൈസർ വാക്സിന്റെ ഫലപ്രാപ്തി 95 ശതമാനമാണ്. എഫ് ഡി എ യുടെ വാക്സിൻ ഉപദേശക സമിതി ഡിസംബർ 17 നു ചേരുന്ന യോഗത്തിൽ മൂന്നാം ഘട്ട പഠനത്തിൽ നിന്നുള്ള വിവരങ്ങൾ അവലോകനം ചെയ്യുമെന്നാണ് കരുതുന്നത്. 

'മഹാമാരിയെ നേരിടുന്നതിനായുള്ള നൂതനവും അതിശക്തവുമായ ഉപകാരണമാണ് മോഡേണ  വാക്സിൻ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഗുരുതര രോഗാവസ്ഥ, ആശുപത്രി വാസം, കോവിഡ് മരണങ്ങൾ എന്നിവ വാക്സിനിലൂടെ തടയാൻ കഴിയും,' മോഡേണ സി ഇ ഒ സ്റ്റെഫാനെ ബൻസൽ പ്രസ്താവിച്ചു.

മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേണ കമ്പനി ഈ വർഷം അവസാനത്തോടെ 20 മില്യൺ ഡോസ് വാക്സിൻ യു എസിൽ വിതരണം ചെയ്യാനാകുമെന്ന് പറയുമ്പോൾ മാൻഹാട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസർ ആഗോളതലത്തിൽ 50 ദശലക്ഷം ഡോസ് തയ്യാറാക്കിയെന്ന് പറയുന്നു. 35 ദശലക്ഷം ആളുകൾക്ക് രണ്ടു ഡോസ് വീതം  നൽകാൻ ഇത്രയും പര്യാപ്തമാണ്. 

യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മൊഡേണ വാക്സീൻ യുഎസിൽ 30,000ലേറെ പേരിലാണു പരീക്ഷിക്കുന്നത്. സാധാരണയുണ്ടാകുന്ന പാർശ്വഫലങ്ങല്ലാതെ ഗുരുതരമായ സുരക്ഷാ ആശങ്കകളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണു കമ്പനി പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക